05/07/2022
◼️ എന്താണ് സ്‌ട്രോക്ക് അഥവാ പക്ഷാഘാതം..??
തലച്ചോറിലേക്കുള്ള ഒന്നോ, അതിലധികമോ രക്ത ധമനികള്‍ക്കുണ്ടാകുന്ന തകരാറിന്റെ ഫലമായി തലച്ചോറിന് ഉണ്ടാകുന്ന ആഘാതമാണ് സ്‌ട്രോക്ക് അഥവാ പക്ഷാഘാതം. ലോകത്ത് ഏറ്റവും അധികം മനുഷ്യർ മരിക്കുന്നത് ഹൃദ്-രോഗം മൂലവും, രണ്ടാമതായി ക്യാൻസർ മൂലവും , മൂന്നാമതായി പക്ഷാഘാതം (സ്ട്രോക്ക്) മൂലവുമാണ്. ഇവയിൽ , സ്ട്രോക്ക് മൂന്നാമനാണെങ്കിലും, ഒരു വ്യക്തിയെ മരണത്തേക്കാൾ രൂക്ഷമായ അവസ്ഥയിലെത്തിക്കാൻ സ്ട്രോക്കിനാവും..!!
പ്രധാനമായും രണ്ടു രീതിയിലാണ് സ്‌ട്രോക്കുണ്ടാകുന്നത്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിലുള്ള അടവ് കാരണം ഉണ്ടാകുന്ന സ്‌ട്രോക്കാണ് "ഇഷ്‌കീമിക് സ്‌ട്രോക്ക് ". തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ പൊട്ടുന്നതിന്റെ ഫലമായി ഉണ്ടാകുന്ന സ്‌ട്രോക്കാണ് "ഹെമറാജിക് സ്‌ട്രോക്ക് ". 85 മുതല്‍ 90% വരെയുള്ള സ്‌ട്രോക്കും രക്തക്കുഴലുകള്‍ക്ക് അടവുണ്ടാകുന്ന ഇഷ്‌കീമിക് സ്‌ട്രോക്കാണ്.
◼️ സ്‌ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങള്‍ എന്താണ്..??
ശരീരത്തിന്റെ ഒരുവശം പെട്ടെന്ന് സ്തംഭിക്കുക, വായ് കോടിപ്പോകുക, പെട്ടെന്ന് സംസാരശേഷി നഷ്ടപ്പെടുക, ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുക, പെട്ടെന്ന് കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടുക, ശരീരത്തിന്റെ ഒരുവശം മരവിച്ചു പോകുക എന്നിവയാണ് പ്രധാനമായും സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍. ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടായാല്‍ അത് സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ ആണെന്ന് മനസ്സിലാക്കി എത്രയുംപെട്ടന്ന് സ്‌ട്രോക്ക് ചികിത്സിക്കുന്ന "സ്‌ട്രോക്ക് സെന്ററുകളില്‍" ചികിത്സ തേടേണ്ടതാണ്.
◼️ എന്താണ് സമയത്തിന്റെ പ്രാധാന്യം..??
സ്ട്രോക്ക് ഉണ്ടായി കഴിഞ്ഞുളള സമയം ഏറ്റവും പരമ പ്രധാനമാണ്. കാരണം, തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ചു കഴിഞ്ഞാല്‍ ഓരോ മിനിറ്റിലും തലച്ചോറിലെ ഒന്നര ലക്ഷം നാഡീകോശങ്ങളാണ് നശിച്ചുപോകുന്നത്. അതിനാല്‍ പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു മിനിറ്റ് പോലും വൈകാതെ ചികിത്സ തേടണം.
◼️ പക്ഷാഘാതത്തിനുള്ള കാരണങ്ങള്‍..??
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരിലാണ് പക്ഷാഘാതം കൂടുതലായി കണ്ടുവരുന്നത്. പ്രായം കൂടിയവരിലാണ് പ്രധാനമായും പക്ഷാഘാതം കാണുന്നത്. "ജീവിതശൈലീ രോഗങ്ങളായ" പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവ രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിയുന്നതിനും ബ്ലോക്ക് ഉണ്ടാകുന്നതിനുമുള്ള കാരണങ്ങളാണ്. പുകവലി, അമിതമദ്യപാനം, ശരിയായ വ്യായാമമില്ലായ്മ, മാനസികസമ്മര്‍ദം എന്നിവയെല്ലാം പക്ഷാഘാതത്തിനുളള കാരണങ്ങളാണ്. ഇപ്പോഴുള്ള ഫാസ്റ്റ്ഫുഡ് സംസ്‌കാരം, ജീവിതശൈലി രോഗങ്ങളിലേക്കും അതുവഴി പക്ഷാഘാതത്തിലേക്കും വഴിതെളിക്കുന്നു.
"തെറ്റായ ജീവിതരീതി" കൊണ്ട് സ്വയം വരുത്തി വയ്ക്കുന്ന രോഗങ്ങളെയാണ് ജീവിത ശൈലീ രോഗങ്ങൾ എന്ന് പറയുന്നത്.
◼️ പ്രായം കുറഞ്ഞവരില്‍ പക്ഷാഘാതം
ഉണ്ടാകാറുണ്ടോ..? കാരണങ്ങള്‍..?
45-വയസിന് താഴെയുള്ള വ്യക്തികളിലുണ്ടാകുന്ന ബ്ലോക്കിനെയാണ് "സ്‌ട്രോക്ക്" എന്ന് അറിയപ്പെടുന്നത്. ചെറുപ്പക്കാരില്‍ ജീവിതശൈലീ രോഗങ്ങള്‍ ധാരാളമായി കണ്ടുവരുന്നുണ്ട്. ഇത് ചെറുപ്രായത്തില്‍ തന്നെ പക്ഷാഘാതം ഉണ്ടാകുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഹൃദയത്തിനുണ്ടാകുന്ന തകരാറിന്റെ ഭാഗമായി രക്തം കട്ടപിടിക്കുകയും ഈ രക്തക്കട്ടകള്‍ തലച്ചോറിലെ രക്തക്കുഴലുകള്‍ക്ക് അടവ് ഉണ്ടാക്കുകയും ചെയ്യുന്ന പക്ഷാഘാതമാണ് "കാര്‍ഡിയോ എംബോളിക് സ്‌ട്രോക്ക്" എന്നറിയപ്പെടുന്നത്.
◼️ പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍
കണ്ടാല്‍ എന്തു ചെയ്യണം..??
പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു മിനിറ്റുപോലും വൈകാതെ എത്രയും പെട്ടെന്ന് രോഗിയെ അടുത്തുള്ള സ്‌ട്രോക്ക് സെന്ററില്‍ എത്തിക്കണം. മൂന്നു മണിക്കൂറിനുള്ളില്‍ എത്തിക്കുകയാണെങ്കില്‍ രക്തക്കട്ട അലിയിച്ചു കളയുന്നതിനുള്ള ഇന്‍ജക്ഷന്‍ സാധാരണ രക്തധമനികളിലൂടെ നല്‍കി രോഗിയെ ചികിത്സിക്കാന്‍ സാധിക്കും. ചില പ്രത്യേക സ്‌ട്രോക്കുകളില്‍ ആറ് മണിക്കൂര്‍ മുതല്‍ 24-മണിക്കൂര്‍ വരെ കത്തീറ്റര്‍ ഉപയോഗിച്ച് കാത്ത്‌ലാബിന്റെ സഹായത്തോടെ തുടയിലെ രക്തക്കുഴലുകളിലൂടെ രക്തക്കട്ട നീക്കം ചെയ്യാന്‍ സാധിക്കും. ഇതിനെയാണ് "മെക്കാനിക്കല്‍ ത്രോംബെക്ടമി" എന്നു പറയുന്നത്. സ്ട്രോക്ക് ഉണ്ടാവുമ്പോൾ സമയയം വളരെ പ്രധാനമാണ്. അതിനാല്‍ പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയുംവേഗം രോഗിയുടെ രക്തക്കട്ട അലിയിച്ചു കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് രക്തചംക്രമണം പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്.
◼️ എന്താണ് സ്‌ട്രോക്ക് സെന്റര്‍, സ്‌ട്രോക്ക് യൂണിറ്റ്, സ്‌ട്രോക്ക് ടീം..??
സ്‌ട്രോക്ക് ചികിത്സിക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളുമുള്ള ആശുപത്രികളെയാണ് സ്‌ട്രോക്ക് സെന്ററുകള്‍ എന്നുപറയുന്നത്. ഇതിനായി 24-മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, സിടി സ്‌കാന്‍, എം.ആര്‍.ഐ സ്‌കാന്‍ എന്നിവ ആവശ്യമാണ്. ന്യൂറോളജിസ്റ്റ്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റ്, ന്യൂറോസര്‍ജന്‍, സ്‌ട്രോക്കില്‍ വിദഗ്ധ പരിശീലനം നേടിയ നേഴ്‌സ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരടങ്ങുന്ന സംഘമാണ് സ്‌ട്രോക്ക് ടീം. പക്ഷാഘാതം വന്ന രോഗികളെ മാത്രം ചികിത്സിക്കുന്ന വിദഗ്ധ പരിശീലനം നേടിയ ഡോക്ടര്‍മാരും നേഴ്‌സുമാരുമുള്ള ഐ.സി.യു ആണ് സ്‌ട്രോക്ക് യൂണിറ്റ്. സ്‌ട്രോക്ക് യൂണിറ്റില്‍ ചികിത്സിക്കുന്ന രോഗികള്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നു എന്നതാണ് ലോകത്തിലെ പലഗവേഷണങ്ങളിലും കണ്ടെ ത്തിയിട്ടുള്ളത്.
◼️ എന്താണ് സ്‌ട്രോക്ക് റിഹാബിലിറ്റേഷന്‍..?
പക്ഷാഘാതമുണ്ടായ രോഗിക്കുണ്ടാകുന്ന വിഷമതകള്‍ ഫിസിയോതെറാപ്പി, ഒക്കുപ്പേഷണല്‍ തെറാപ്പി , സൈക്കോളജിക്കല്‍ കൗണ്‍സലിംങ് , ഭക്ഷണസാധങ്ങളും വെള്ളവും കഴിക്കുന്നതിനാവശ്യമായ സോളോവിംങ് തെറാപ്പി എന്നിവ ഉള്‍പ്പെടുന്നതാണ് സ്‌ട്രോക്ക് റിഹാബിലിറ്റേഷന്‍. പക്ഷാഘാതമുണ്ടായാല്‍ എത്രയും പെട്ടെന്ന് റിഹാബിലിറ്റേഷന്‍ തെറാപ്പി ആരംഭിക്കേണ്ടത് അത്യാവശ്യമാണ്.
◼️ വേള്‍ഡ് സ്‌ട്രോക്ക് ഡേ..??
എല്ലാവര്‍ഷവും ഒക്ടോബര്‍ 29-ന് ആണ് ലോക പക്ഷാഘാത ദിനമായി ആചരിക്കുന്നത്. പക്ഷാഘാതത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനും ശരിയായ ചികിത്സാ രീതി ജനങ്ങളിലേക്കെത്തിക്കുന്നതിനും വേണ്ടിയാണ് ലോക പക്ഷാഘാത ദിനം ആചരിക്കുന്നത്.
പക്ഷാഘാതം ഒരു വ്യക്തിയെ മാത്രമല്ല, ഒരു കുടുംബത്തെയാണ് ബാധിക്കുന്നത്. ശരിയായ ചികിത്സലഭിക്കാതിരുന്നാല്‍ പക്ഷാഘാതത്തിന്റെ ഫലമായുണ്ടാകുന്ന വൈകല്യങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതം തന്നെ തകര്‍ത്തുകളയും. "സമയം പരമ പ്രധാനമാണ് " എന്ന് എപ്പോഴും ഓര്‍മ്മിച്ചിരിക്കുകയും പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു നിമിഷം പോലും പാഴാക്കാതെ എത്രെയും പെട്ടന്ന് സ്‌ട്രോക്ക് സെന്ററില്‍ ചികിത്സ തേടേണ്ടതും അത്യാവശ്യമാണ്.
Chethipuzha Hospital