Dr.Dhanya G.Nair

Dr.Dhanya G.Nair Qualified Homoeopathic practitioner.

ഒരു വ്യക്തി ( സ്ത്രീ / പുരുഷൻ ) മറ്റുള്ളവരുടെ ശാരീരിക മാനസിക വൈകാരിക ആരോഗ്യത്തെ ബാധിക്കുന്ന രീതിയിൽ നിരന്തരം പെരുമാറുമ്പ...
25/07/2025

ഒരു വ്യക്തി ( സ്ത്രീ / പുരുഷൻ ) മറ്റുള്ളവരുടെ ശാരീരിക മാനസിക വൈകാരിക ആരോഗ്യത്തെ ബാധിക്കുന്ന രീതിയിൽ നിരന്തരം പെരുമാറുമ്പോൾ ആ വ്യക്തിയെ ടോക്സിക് എന്നു പറയാം.👆🏻 മറ്റുള്ളവരെ കൺട്രോൾ ചെയ്യുക, നിരന്തരം വിമർശിക്കുക, എല്ലാ കുറ്റങ്ങളും മറ്റുള്ളവരുടെ തലയിൽ കെട്ടിവെയ്ക്കുക, മറ്റുള്ളവരെ താഴ്ത്തിക്കെട്ടി സംസാരിക്കുക, മറ്റുള്ളവരുടെ വികാരങ്ങളെ അവഗണിക്കുക എന്നിങ്ങനെയുള്ള സ്വഭാവ വിശേഷങ്ങളാകും ഇവർക്കുള്ളത്.

ടോക്സിക് എന്നു പറയുന്നത് ഒരു മെഡിക്കൽ diagnosis അല്ല. എന്നാൽ മനസ്സിന്റെ പല രോഗാവസ്ഥകളുടെയും ഫലമായി ഒരു വ്യക്തി ടോക്സിക് ആകാം. അല്ലാതെയും കുട്ടിക്കാല അനുഭവങ്ങൾ, മോശമായ പേരെന്റിംഗ്, അച്ചടക്കമില്ലാതെയുള്ള വളർച്ചാസാഹചര്യങ്ങൾ എന്നിങ്ങനെയുള്ള കാരണങ്ങൾ കൊണ്ട് ചില വ്യക്തികളിൽ ടോക്സിക് സ്വഭാവ രീതികൾ വളർന്നു വരുന്നു.
ഏതൊക്കെ മാനസിക രോഗാവസ്ഥകളിലാണ് മേൽപ്പറഞ്ഞ രീതിയിലുള്ള സ്വഭാവ വിശേഷങ്ങൾ കാണുന്നതെന്നു നോക്കാം :

✅1. Narcissistic Personality Disorder (NPD)
അഥവാ നാര്‍സിസിസ്റ്റിക് വ്യക്തിത്വ വൈകല്യം:
അവനവനു മാത്രം പ്രാധാന്യം നൽകുകയും മറ്റുള്ളവരെ അംഗീകരിക്കാതിരിക്കുകയും ചെയ്യുക, എപ്പോഴും മറ്റുള്ളവർ തന്നെ അംഗീകരിക്കണം എന്ന് ആഗ്രഹിക്കുക, മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്, സ്വന്തം ഭാഗത്തു തെറ്റുണ്ടെങ്കിൽ പോലും മറ്റുള്ളവരെ കുറ്റപ്പെടുത്തുക എന്നിങ്ങനെയുള്ള സ്വഭാവ സവിശേഷതകളാണ് ഇക്കൂട്ടർക്കുള്ളത്.

✅ 2. Borderline Personality Disorder (BPD)/ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ വൈകല്യം:
ബന്ധങ്ങളെ നിലനിർത്താൻ ബുദ്ധിമുട്ട്, വികാരങ്ങൾ അടിക്കടി മാറിക്കൊണ്ടിരിക്കുക, വികാര വിക്ഷോഭങ്ങൾ, ചിലരുമായി വിട്ടു പിരിയാൻ സാധിക്കാത്ത അടുപ്പം, ചിലർക്ക് കൂടുതൽ മഹത്വം കൊടുക്കുകയും മറ്റു ചിലരെ അവഗണിക്കുകയും ചെയ്യുക ഇതൊക്കെ കാണാറുണ്ട്.

✅ 3. Antisocial Personality Disorder (ASPD)/സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യം:
മറ്റുള്ളവരുടെ അവകാശങ്ങളും വികാരങ്ങളും കണക്കാക്കാതെയുള്ള സ്വാർത്ഥത, ചതി, ചട്ടങ്ങൾ ലംഘിക്കുക ഇവയൊക്കെ കാണുന്നു.

✅ 4. Histrionic Personality Disorder/ഹിസ്ട്രിയോണിക് വ്യക്തിത്വ വൈകല്യം:
ഇവർ ശ്രദ്ധ ആഗ്രഹിക്കുകയും അതിനായി നാടകീയമായ പെരുമാറ്റം കാണിക്കുകയും ചെയ്യുന്നു.

✅ 5. Passive-Aggressive Behaviour (Non-official diagnosis)/ പരോക്ഷമായ ആക്രോശം:
നേരിട്ട് പ്രതികരിക്കാതെ, പരോക്ഷമായി പ്രകടിപ്പിക്കുന്ന പെരുമാറ്റം. വഞ്ചനയും പ്രതികാരവും ഉപയോഗിക്കുന്ന പെരുമാറ്റം.

✅ 6. Obsessive Compulsive Personality Disorder (OCPD)/ ഓബ്സസ്സീവ് കംപള്‍സീവ് വ്യക്തിത്വ വൈകല്യം:
നിയന്ത്രണവും കർശനതയും മറ്റുള്ളവർക്കും ബാധകമാക്കി വിഷമിപ്പിക്കുന്ന പെരുമാറ്റം.

✅ 7. Substance Abuse Related Behaviour/ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുള്ള വിഷപരമായ പെരുമാറ്റം:
ലഹരി ഉപയോഗം മൂലമുള്ള കഠിനമായ മനോഭാവ വ്യതിയാനങ്ങൾ, അവ്യക്തമായ തിരസ്കാരപരമായ പെരുമാറ്റങ്ങൾ.


ഇതിൽ പലതും വിദഗ്ധർ (Psychologist / Psychiatrist) നിർണയിക്കേണ്ടതായുള്ള അവസ്ഥകളാണ്. ടോക്സിസിറ്റി രോഗം അല്ല, എന്നാൽ അതിന് പിന്നിൽ മേൽപ്പറഞ്ഞ പല രോഗാവസ്ഥകളും വൈകല്യങ്ങളും കാണാൻ സാധിക്കും.
Toxicity എന്നത് ഒരു പ്രത്യേക രോഗം അല്ലാത്തതിനാൽ, അതിന്റെ ചികിത്സ അതിൽ പ്രകടമാകുന്ന പേർസണാലിറ്റി, വൈകാരിക പ്രശ്നങ്ങൾ, വികൃതമായ ചിന്താശൈലി, അല്ലെങ്കിൽ മാനസിക ബുദ്ധിമുട്ടുകൾ എന്നിവയെ അടിസ്ഥാനമാക്കി നിശ്ചയിക്കപ്പെടുന്നു.

✅ 1. Psychotherapy (മനശ്ശാസ്ത്ര ചികിത്സ)

Cognitive Behavioral Therapy (CBT)
→ വിഷപരമായ ചിന്തകളും പെരുമാറ്റങ്ങളും തിരിച്ചറിയാനും മാറ്റാനും സഹായിക്കുന്നു.

Dialectical Behavioral Therapy (DBT)
→ Borderline personality disorder പോലുള്ള സാഹചര്യങ്ങളിൽ ഫലപ്രദം.

Schema Therapy / Trauma-focused Therapy
→ ദീർഘകാല മാനസിക പ്രശ്നങ്ങളും ബാല്യത്തിലെ അനുഭവങ്ങളും മനസ്സിലാക്കി മാറ്റങ്ങൾ കൊണ്ടുവരാൻ.

✅ 2. Medication (മരുന്ന് ചികിത്സ)

ചില അവസരങ്ങളിൽ മരുന്നുകൾ ആവശ്യമായി വരും. മനുഷ്യമനസ്സിനു പ്രാധാന്യം നൽകുന്ന ഒരു ചികിത്സാ രീതിയായതുകൊണ്ട് ഹോമിയോപ്പതി മരുന്നുകൾ ലക്ഷണങ്ങളെ കുറയ്ക്കാൻ ഫലപ്രദമായി കണ്ടുവരുന്നു.

✅ 3. Self-awareness & Insight-Oriented Therapy

Toxicity കുറയാൻ ഏറ്റവും പ്രധാനപ്പെട്ടത് സ്വയം ബോധം വളർത്തുകയാണ്.

ഉദാ: "നിങ്ങൾ നിരന്തരം മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് എങ്ങനെയാണ് നിങ്ങളുടെ ബന്ധങ്ങളെ ബാധിക്കുന്നത്?" എന്നിങ്ങനെയുള്ള ചോദ്യങ്ങൾ

✅ 4. Anger Management Therapy

ഭേദഗതിയില്ലാത്ത ആക്രോശം, കുറ്റപ്പെടുത്തൽ, നിരന്തരം വിമർശനം ഇതൊക്കെ Toxic behavior-ന്റെ ഭാഗം ആകാം. Anger മാനേജ്മെന്റ് തെറാപ്പി കൊണ്ട് ഈ സ്വഭാവത്തിൽ മാറ്റം കൊണ്ടുവരാം.

✅ 5. ഗ്രൂപ്പ്‌ തെറാപ്പി അല്ലെങ്കിൽ ഫാമിലി കൗൺസിലിങ്
ടോക്സിസിറ്റി ഏറ്റവും കൂടുതൽ ബാധിക്കുന്നത് അവരുടെ ഉറ്റ ബന്ധങ്ങളെയാണ്. അതിന് ഗ്രൂപ്പ്‌ തെറാപ്പി അല്ലെങ്കിൽ ഫാമിലി കൗൺസിലിങ് ഉപയോഗിക്കണം.
☺️ഓർമിക്കുക ടോക്സിക് വ്യക്തികൾ ഒരിക്കലും സ്വയമായി ചികിത്സക്ക് തയ്യാറാകില്ല. വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിൽ കൂടി അവരെ മനസ്സിലാക്കി വേണ്ട ചികിത്സ നൽക്കേണ്ടത് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കടമയാണ്. ☺️

ടോക്സിക് റിലേഷൻഷിപ്സിൽ എന്തുകൊണ്ടാണ് ഇര എത്രയൊക്കെ പീഡനങ്ങൾ സഹിച്ചാലും ടോക്സിക് വ്യക്തിയുടെ കൂടെ കഴിയുന്നതെന്ന് അറിയാമോ?...
25/07/2025

ടോക്സിക് റിലേഷൻഷിപ്സിൽ എന്തുകൊണ്ടാണ് ഇര എത്രയൊക്കെ പീഡനങ്ങൾ സഹിച്ചാലും ടോക്സിക് വ്യക്തിയുടെ കൂടെ കഴിയുന്നതെന്ന് അറിയാമോ?👆🏻 സമീപകാലത്തുണ്ടായ സ്ത്രീ പീഡന മരണ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയ ഒരു ലേഖനം :
ഇര ടോക്സിക് വ്യക്തിയിൽ അടിമപ്പെട്ടു പോകുന്ന ഒരു മാനസിക പ്രതിഭാസമാണ് ഇത്. സത്യം മനസ്സിലാക്കിയവർ ഇരയെ സഹായിക്കാൻ വേണ്ടി ടോക്സിക് വ്യക്തിയിൽ നിന്ന് വിട്ടുപോകാൻ പറയുമെങ്കിലും ഇതിൽ നിന്നും അത്ര എളുപ്പത്തിൽ വിട്ടു പോകാൻ ഇരയ്ക്ക് സാധിക്കാറില്ല. ഇത് എന്തുകൊണ്ടാണെന്നു നോക്കാം :

✅1. ട്രോമാ ബോണ്ടിംഗ് (Trauma Bonding):
ടോക്സിക് വ്യക്തിയും ഇരയും തമ്മിലുള്ള അത്യധികം ശക്തമായ ഒരു ബന്ധമാണ് ഇത്, പ്രത്യേകിച്ച് narsissistic അല്ലെങ്കിൽ abusive ബന്ധങ്ങളിൽ.
ഇരയെ ടോക്സിക് വ്യക്തി പീഡിപ്പിക്കുകയും, പിന്നെ താൽക്കാലികമായി സ്നേഹവും കരുതലും കാണിക്കുകയും ചെയ്യുന്നു. ഇരയുടെ മനസ്സിൽ 'അവൻ/അവൾ ഒരിക്കൽ തന്നെ സ്നേഹിച്ചിരുന്നു, പിന്നെയും ആ നിലയിലേക്കു തിരിച്ചു വരും’ എന്ന പ്രതീക്ഷ ഉണ്ടാകുന്നു.
പീഡനം കൂടുമ്പോൾ ആശ്വാസം ലഭിച്ചാൽ( താൽക്കാലികമായ സ്നേഹം) തലച്ചോറിൽ ഡോപമിൻ, ഓക്സിറ്റോസിൻ പോലുള്ള ന്യൂറോട്രാൻസ്മിറ്ററുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് അനുഭവാത്മക അടിമത്തം പോലെ ഇരയെ വീണ്ടും വീണ്ടും അതേ ബന്ധത്തിലേക്ക് വലിച്ചുകൊണ്ടിരിക്കും.

✅2. ഗ്യാസ്ലൈറ്റിംഗ് (Gaslighting):
ടോക്സിക് വ്യക്തി ഇരയുടെ യുക്തിപൂർണ്ണ ചിന്തകളേയും അനുഭവങ്ങളേയും തന്നെ സംശയപ്പെടുത്തുന്നു.
ഉദാഹരണം:
“ഇത് നിന്റെ തന്നെ തെറ്റാണ്.”
“ഇങ്ങനെ തോന്നുന്നത് നിന്റെ ഭ്രാന്താണ്.”
“ഞാൻ നിന്നെ ഇഷ്ടപ്പെട്ടില്ലെങ്കിൽ മറ്റാരും ഇഷ്ടപ്പെടില്ല.”
ഇങ്ങനെയുള്ള വാക്കുകൾ ടോക്സിക് വ്യക്തിയിൽ നിന്ന് തുടർച്ചയായി കേൾക്കുമ്പോൾ ഇരയ്ക്ക് സ്വയം കുറവുകളുള്ളവരായി തോന്നുകയും, ടോക്സിക് വ്യക്തിയോടുള്ള ആശ്രയം കൂടി വരുകയും ചെയ്യും. ടോക്സിക് വ്യക്തികൾ ഇരയുടെ അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടുമുള്ള ബന്ധങ്ങൾ വളരെ തന്ത്രപരമായി ഇല്ലാതാക്കാനും സാധ്യതയുണ്ട്.

✅3. ആത്മവിശ്വാസക്കുറവും തിരിച്ചറിവ് ഇല്ലായ്മയും:

നിത്യേന അപമാനവും നിരാകരണവും അനുഭവിക്കുന്ന ഒരാൾക്ക് "ഞാൻ മോശം ആയതുകൊണ്ടാണ് എന്നോട് ഇങ്ങനെ” എന്ന തെറ്റായ ബോധം വളരുന്നു. "ഞാനാണ് പ്രശ്നം" എന്ന ധാരണ വ്യക്തിയിൽ ആഴ്ന്നിറങ്ങുന്നു. ടോക്സിക് വ്യക്തിയുടെ പ്രവർത്തനം ഇരയുടെ സ്വതന്ത്ര ചിന്തപോലും ഇല്ലാതാക്കുന്നു.

✅4. കടുത്ത പേടികൾ – തനിച്ചാകൽ, നിരാകരണം:
"ഞാൻ തനിച്ചായാലോ?", "ഇവനെയോ ഇവളെയോ വിട്ടാൽ പിന്നെ ആരാണ് എനിക്ക് തുണ?” എന്നൊക്കെയുള്ള ചിന്തകൾ ഇരയുടെ മനസ്സിൽ സ്ഥിരമാകും.
ചിലർ വളർന്നുവന്നത് തന്നെ ഇങ്ങനെ ഒരു പീഡനപരമായ അന്തരീക്ഷത്തിലായിരിക്കാം — അതിനാൽ ടോക്സിക് ബന്ധങ്ങൾ തന്നെ “സാധാരണം” പോലെ തോന്നുന്നു. ഉദാ: ടോക്സിക് പേരെന്റ്റിംഗ്.

✅5. ടോക്സിക് വ്യക്തിയുടെ ഇരു മുഖത്വം:
അവൻ/അവൾ തന്ത്രപ്രധാനമായി കാട്ടിയ നല്ലകാ ര്യങ്ങൾ, ചില സമ്മാനങ്ങൾ, ക്ഷമാപണ ങ്ങൾ' — ഇതെല്ലാം താത്കാലികമായി ഇരയെ ആശ്വസിപ്പിക്കുന്നു. ഇരയ്ക്ക് "അവൻ/ അവൾ മാറും, അവളുടെ/ അവന്റെ ഉള്ളിൽ ഒരു നല്ലവനുണ്ട്/ നല്ലവളുണ്ട്" എന്ന പ്രതീക്ഷ ആഴത്തിൽ തന്നെ വളർന്നു തുടങ്ങുന്നു. ഏതെങ്കിലും ഒരു ഘട്ടത്തിൽ തന്റെ ഇര വിട്ടുപോകും എന്നു തോന്നിയാൽ ഈ വ്യക്തികൾ മറ്റുള്ളവർക്ക് വിശ്വസനീയമാകും വിധം ക്ഷമാപണവും സങ്കടവും അഭിനയിക്കാൻ വളരെ മിടുക്കരാണ്.

✅6. Dependency / സാമ്പത്തിക അല്ലെങ്കിൽ സാമൂഹിക ആശ്രയം:
ചിലപ്പോൾ ഇരയ്ക്ക് ആരെയും ആശ്രയിക്കാനില്ല എന്ന തോന്നലുണ്ടായേക്കാം."ഇവരെ വിട്ടാൽ ഞാൻ എവിടേക്ക് പോവും?" എന്ന ചിന്ത ചിലപ്പോഴൊക്കെ അവരെ പീഡനത്തിൽ തന്നെ തുടരാൻ നിർബന്ധിതരാക്കും.

ഒരു പീഡനപരമായ (toxic) ബന്ധത്തിൽ ഇരയായ വ്യക്തി അതിൽ തുടരുന്നത് മനപ്പൂർവ്വമല്ല, മറിച്ച് അതിക്രമ ഭീതി, മാനസിക നിയന്ത്രണം എന്നിവയുടെയൊക്കെ ഫലമാണ്. ഇത് മനസിനെ ബന്ധനത്തിലാക്കിയുള്ള ഒരു തടവറയാണ് — അവിടെ നിന്നും ഇറങ്ങാൻ ഒരാൾക്ക് സഹായം, ബോധവൽക്കരണം, ആത്മബലം, സമൂഹ പിന്തുണ എന്നിവ ആവശ്യമാണ്.👍🏻
ഓർക്കുക,പീഡനം സ്നേഹമല്ല.പീഡിപ്പിക്കുന്നവരെ
ഉപേക്ഷിക്കുന്നത് പാപമല്ല — മോചനം തന്നെയാണ്.👆🏻

സ്ത്രീകളിൽ പലരും ആർത്തവവേദനയും ആർത്തവത്തിനോടാനുബന്ധിച്ച ആസ്വസ്ഥതകളും അനുഭവിക്കുന്നവരാണ്. അതു ജീവിതത്തിന്റെ ഒരു ഭാഗമായി ക...
21/07/2025

സ്ത്രീകളിൽ പലരും ആർത്തവവേദനയും ആർത്തവത്തിനോടാനുബന്ധിച്ച ആസ്വസ്ഥതകളും അനുഭവിക്കുന്നവരാണ്. അതു ജീവിതത്തിന്റെ ഒരു ഭാഗമായി കണക്കിലെടുത്ത് വേണ്ടത്ര ചികിത്സയോ പരിചരണമോ എടുക്കാതെ മുന്നോട്ടു പോകുന്നവരാണ് മിക്ക സ്ത്രീകളും. എന്നാൽ ആരോഗ്യകരമായ ആർത്തവത്തിന് സഹിക്കാൻ കഴിയാത്ത വേദനയോ മറ്റ് അസ്വസ്ഥതകളോ ഉണ്ടാകാറില്ല. അങ്ങിനെ ഉണ്ടെങ്കിൽ എൻഡോമെട്രിയോസിസ് എന്ന രോഗാവസ്ഥയാകാം. മറ്റു പല രോഗാവസ്ഥകളിലും മേൽപ്പറഞ്ഞ രീതിയിലുള്ള അമിത ആർത്തവ വേദന ഉണ്ടാകാറുണ്ടെങ്കിലും ഇവിടെ എൻഡോമെട്രിയോസിസ് എന്ന അവസ്ഥയ്ക്ക് പ്രാധാന്യം നൽകാം.

എന്താണ് എന്‍ഡോമെട്രിയോസിസ്?

ഗർഭപാത്രത്തിന്റെ ആന്തരിക സ്തരത്തോട് സാമ്യമുള്ള കോശങ്ങൾ ഗർഭപാത്രത്തിന് പുറത്തുള്ള ഭാഗങ്ങളിൽ, അതായത് അണ്ഡാശയത്തിലോ ദഹനനാളത്തിലോ മറ്റു ഭാഗങ്ങലിലോ വളരുന്നതാണ് എന്‍ഡോമെട്രിയോസിസ് . ഇതുവഴി ആ ഭാഗങ്ങളിൽ നിരന്തരമായ അണുബാധ, വീക്കം, വേദന എന്നിവ ഉണ്ടാകുന്നു.

എന്‍ഡോമെട്രിയോസിസിന്റെ കാരണങ്ങൾ :

എന്‍ഡോമെട്രിയോസിസ് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്നതിന് വ്യക്തമായ കാരണങ്ങൾ ഇതുവരെ ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ല. എന്നാൽ ചില സിദ്ധാന്തങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്:

1. റട്രോഗ്രേഡ് മെൻസ്ട്രുവേഷൻ (Retrograde menstruation)
രക്തം യൂട്രസ് ഇൽ നിന്ന് പുറത്തേക്കു പോകുന്നതിനു പകരം fallopian tubes വഴി പിറകോട്ടു പോകുന്നു.

2. പെറിറ്റോണിയൽ സെൽ തിയറി (Peritoneal Cell Transformation Theory)
ചില ഹോർമോണുകൾ പെരി ടോണിയൽ സെല്ലുകളെ എൻഡോ മെട്രിയൽ സെല്ലുകളായി മാറ്റാം.

3. ഇമ്യൂൺ സിസ്റ്റം പ്രശ്നങ്ങൾ (Immune system dysfunction)

ശരീരത്തിന് ഈ അപ്രതിഷ്ഠിത സെല്ലുകൾ തിരിച്ചറിയാനോ നശിപ്പിക്കാനോ കഴിയാത്തതു മൂലം എൻഡോമെട്രിയൽ സെല്ലുകൾ വളരാം.

4. ലിംഫ് സിസ്റ്റം വഴി സെൽസ് പരക്കുന്നത് (Lymphatic spread)

ഗർഭപാത്ര സെല്ലുകൾ,രക്തം എന്നിവ ലിംഫ് വഴി ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്കു പരക്കാം.

5. ജന്മജാതമായ കാരണങ്ങൾ (Genetic factors)

അമ്മയ്ക്കോ സഹോദരിമാർക്കോ ഉണ്ടെങ്കിൽ എന്‍ഡോമെട്രിയോസിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതൽ.

6. ശസ്ത്രക്രിയകൾക്കു ശേഷം (Surgical scar implantation)

C-section പോലുള്ള ശസ്ത്രക്രിയകൾക്കുശേഷം, ആ ഭാഗത്തേക്ക് സെല്ലുകൾ മാറി വളരാൻ സാധ്യതയുണ്ട്.

സാധാരണ ആർത്തവ വേദനയും എന്‍ഡോമെട്രിയോസിസും തമ്മിൽ എങ്ങനെ തിരിച്ചറിയാം?

✅ആർത്തവ വേദന (പീരിയഡ് പെയിൻ )
പീരിയഡിന് 1–2 ദിവസം മുമ്പ് തുടങ്ങും

✅ പലപ്പോഴും വയറിലും നടുവ്‌ഭാഗത്തുമാണ് വേദന അനുഭവപ്പെടുക.

✅സാധാരണയായി 1–3 ദിവസത്തേക്ക് തുടരും

✅ശാന്തമായ വിശ്രമം, ചൂട് വെയ്ക്കുക, ചില വേദനാശമനികൾ ഇവകൊണ്ട് വേദന കുറയും

✅പെൺകുട്ടികളിലും യുവതികളിലുമാണ് സാധാരയായി കാണുന്നത്.

എന്‍ഡോമെട്രിയോസിസിന്റെ ലക്ഷണങ്ങൾ:

✅വേദന പീരിയഡിന് ദിവസങ്ങൾക്കു മുമ്പ് തന്നെ ആരംഭിക്കും, പീരിയഡ് തുടങ്ങിയാലും നീണ്ടുനിൽക്കും.

✅ ശക്തമായ വേദന

✅ ആർത്തവ സമയത്തുള്ള വേദന കൂടാതെ ലൈംഗികബന്ധത്തിലും, മലമൂത്ര വിസർജ്ജന സമയത്തും വേദന അനുഭവപ്പൊടാം

✅അനിയന്ത്രിതമായ രക്തസ്രാവം

✅ഗർഭിണിയാകാൻ ബുദ്ധിമുട്ട്

✅സാധാരണ വേദനാശമനികൾ കൊണ്ട് വേദന ശമനമാകാറില്ല.

എപ്പോൾ ഡോക്ടറെ കാണണം?

✅പീരിയഡ് പെയിൻ നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിൽ

✅കാലക്രമേണ വേദന വർധിച്ചുവരുകയാണെങ്കിൽ

✅ഒന്നിലധികം ലക്ഷണങ്ങൾ ഒരുമിച്ച് അനുഭവപ്പെടുകയാണെങ്കിൽ
(വേദന + അധിക രക്തസ്രാവം + ക്ഷീണം)

✅ഗർഭം ധരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിൽ

ഹോമിയോപ്പതി ചികിത്സ :
സ്ത്രീശരീരത്തിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി ഹോർമോണൽ വ്യതി യാനങ്ങൾ പരിഹരിച്ച് എന്‍ഡോമെട്രിയോസിസ് എന്ന അവസ്ഥയെ പൂർണ്ണമായും ചികിൽസിച്ചു ഭേദമാക്കാൻ ഹോമിയോപ്പത്തിക്കു സാധിക്കും.☺️ മരുന്നിനൊപ്പം വ്യായാമവും ഭക്ഷണ ക്രമീകരണങ്ങളും അത്യാവശ്യമാണ്. ☺️

കുട്ടിക്കാലം ഭൂരിപക്ഷം പേർക്കും സന്തോഷകരമാണ് അല്ലേ? എന്നും ഒരു കുട്ടിയായിരുന്നാൽ മതി എന്ന് നമ്മൾ എപ്പോഴെങ്കിലുമൊക്കെ ചിന...
19/07/2025

കുട്ടിക്കാലം ഭൂരിപക്ഷം പേർക്കും സന്തോഷകരമാണ് അല്ലേ? എന്നും ഒരു കുട്ടിയായിരുന്നാൽ മതി എന്ന് നമ്മൾ എപ്പോഴെങ്കിലുമൊക്കെ ചിന്തിച്ചിട്ടുണ്ടാകും. കുട്ടിക്കാലം നമ്മുടെ വ്യക്തിത്വത്തെ മാത്രമല്ല, നമ്മുടെ പ്രണയബന്ധങ്ങൾ, സ്നേഹബന്ധങ്ങൾ, സുഹൃത്തുക്കളുമായുള്ള ബന്ധങ്ങൾ എന്നിവയെയും ആഴത്തിൽ സ്വാധീനിക്കുന്നു. ഇത് കുട്ടിക്കാല അനുഭവങ്ങൾ ഭാവിബന്ധങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന വിഷയത്തിലുള്ള ഒരു ലേഖനമാണ്.

കുട്ടിക്കാല അനുഭവങ്ങളും ബന്ധങ്ങളും :

ആറ്റാച്മെന്റ് സ്റ്റൈൽ (ബന്ധം കൈകാര്യം ചെയ്യുന്ന ശൈലി)

സുരക്ഷിത ആറ്റാച്ച്മെന്റ്റ്-
കുട്ടിക്കാലത്തു പൂർണ്ണ സ്നേഹവും സുരക്ഷയും കിട്ടിയ വ്യക്തികൾക്ക് ഇത്തരം അറ്റാച്ച്മെന്റ്റ് ഉണ്ടാകുന്നു. ഇത്തരക്കാർക്ക് മറ്റുള്ളവരെ വിശ്വസിക്കാനും സ്നേഹിക്കാനും എളുപ്പമാണ്.

അസുരക്ഷിത ആറ്റാച്മെന്റ്-
ഉപേക്ഷ, നിരാകരണം എന്നിവ അനുഭവപ്പെട്ടവർക്ക്‌ ബന്ധങ്ങളിൽ ഭയം, അസ്വസ്ഥത, സംശയം എന്നിവ കാണാം.

ആത്മവിശ്വാസവും സ്വാഭിമാനവും:

കുട്ടിക്കാലത്തു പാരിതോഷികങ്ങൾ, അംഗീകാരം, സ്‌നേഹം ഇവ വേണ്ടവിധം കിട്ടിയാൽ വ്യക്തി ആത്മവിശ്വാസത്തോടെ വളരുന്നു.
നിരന്തരം വിമർശനം, അവഗണന
ഇവ അനുഭവിച്ചവർക്ക് സ്വയം മതിപ്പില്ലാത്തവരായി തോന്നാം — ഒപ്പം ബുദ്ധിമുട്ടുള്ള ബന്ധങ്ങൾ സ്വീകരിക്കാനും സാധ്യതയുണ്ട്.

ആത്മസംതൃപ്തിയും അതിരുകൾ സ്ഥാപിക്കാനുള്ള കഴിവും:

കുട്ടിക്കാലത്തു വ്യക്തിഗത അതിരുകൾ മാന്യമായാൽ അവർ വളരുമ്പോൾ വ്യക്തമായ അതിരുകൾ സ്ഥാപിക്കാൻ പഠിക്കുന്നു.
മറ്റുള്ളവർ അവരുടെ അതിരുകൾ ലംഘിക്കുന്ന സാഹചര്യങ്ങളിൽ വളർന്നവർക്ക്‌ pleasing behavior(മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ശ്രമം) toxic bonding ( മറ്റുള്ളവരുടെ വികാരങ്ങൾ manassilakkathirikkuka)തുടങ്ങിയവ കാണാം.

തർക്കങ്ങളും അവ കൈകാര്യം ചെയ്യലും:

മാതാപിതാക്കൾ ശാന്തമായി പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ടെങ്കിൽ
കുട്ടികളും പ്രശ്നപരിഹാരത്തിൽ ശാന്തത കാണിക്കുന്നു.കയ്യാങ്കളി, കയ്യേറ്റം, ശബ്ദം ഉയർത്തൽ എന്നിവ കണ്ടവർ ഭാവിയിൽ ഒന്നുകിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ അതീവ ജാഗ്രത പുലർത്തുന്നവരായി ഭവിക്കും അല്ലെങ്കിൽ പ്രശ്നങ്ങളിൽ അക്രമണ സ്വഭാവം പ്രകടിപ്പിക്കും.

വിശ്വാസം കെട്ടിപ്പെടുക്കൽ:

സ്ഥിരതയുള്ള സ്‌നേഹം ലഭിച്ചവർക്ക്‌ വിശ്വാസം ഒരു സ്വാഭാവിക ഗുണമാകും.
ഉപേക്ഷ, വാഗ്ദാന ലംഘനം എന്നിവ അനുഭവിച്ച കുട്ടികൾക്ക്‌ ആളുകളെ വിശ്വസിക്കാൻ ഭയം തോന്നും.

റോൾ മോഡലുകൾ:

കുട്ടികൾ മാതാപിതാക്കളുടെ ബന്ധം മാതൃകയാക്കുന്നു. നല്ല ബന്ധം കണ്ടവർ അതുപോലെയാകാൻ ശ്രമിക്കും. വിഷമകരമായ ബന്ധങ്ങൾ കണ്ടവർക്ക് അത് "സാധാരണ"യെന്ന് തോന്നാം.

കുട്ടിക്കാലം ഒരു വിരലടയാളം പോലെയാണ്.
അത് നമ്മുടേതായ ബന്ധങ്ങളുടെ മേലും,മറ്റുള്ളവരെ സ്നേഹിക്കുന്നതിന്റെ രീതിയിലും, സ്വയം സ്നേഹിക്കുന്നതിലും
ഒരുപാട് സ്വാധീനം ചെലുത്തുന്നു

Starting a new clinic at Daivampady, Changanacherry_ Karukachal Road.
15/07/2025

Starting a new clinic at Daivampady, Changanacherry_ Karukachal Road.

ഇന്നലെ ഒരു ഓർത്തോപ്പീഡിക് സർജൻ എല്ലുതേയ്മാനത്തെ ക്കുറിച്ച് സംസാരിക്കുന്നതു കേൾക്കാനിടയായി. പുരുഷന്മാരെ അപേക്ഷിച്ചു സ്ത്ര...
08/07/2025

ഇന്നലെ ഒരു ഓർത്തോപ്പീഡിക് സർജൻ എല്ലുതേയ്മാനത്തെ ക്കുറിച്ച് സംസാരിക്കുന്നതു കേൾക്കാനിടയായി. പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളിൽ എല്ലു തേയ്മാനം കൂടുതലായി കണ്ടുവരുന്നത്‌ അവരുടെ പ്രാരാബ്‌ധം മൂലമാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. അതു വളരെ ശെരിയായ ഒരു അഭിപ്രായമായും ഹോമിയോപ്പതി ചികിത്സാരീതിക്ക്‌ അനുകൂലമാകുന്ന ഒരു അഭിപ്രായമായും എനിക്ക് തോന്നി. അദ്ദേഹം പറഞ്ഞത് സ്ത്രീകൾ അവരുടെ ആരോഗ്യം ശ്രദ്ധിക്കാതെ കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടി പോരാടി ജീവിക്കുന്നവരായതുകൊണ്ട് അവർക്ക് രോഗസാധ്യത കൂടുതലാണ് എന്നാണ്.
ഒരു ഹോമിയോപ്പതി ഡോക്ടർ എന്ന നിലയിൽ ഞാൻ ഈ ഒരു വസ്തുതയെ ഹോമിയോപ്പതിയുടെ രീതിയിൽ ചിന്തിക്കുകയാണ്. പ്രാരാബ്‌ധം കാരണം സ്വന്തം ആവശ്യങ്ങൾക്ക് മുൻ‌തൂക്കം നൽകുന്നില്ല എന്നത് വസ്തുത, പക്ഷെ ഉള്ളിന്റെയുള്ളിൽ ചില നഷ്ട ബോധങ്ങൾ ഒരുപാട് സ്ത്രീകൾ അനുഭവിക്കുന്നു. സ്ത്രീകൾ അവരുടെ മാസ്‌തിഷ്കത്തിന്റെ ഘട്ടനാപരമായ പ്രത്യേകതകൾ കൊണ്ടും മാനസികമായ പ്രത്യേകതകൾ കൊണ്ടും പുരുഷന്മാരേക്കാൾ കൂടുതലായി അവരുടെ കുടുംബത്തിലെ ഉത്തര വാദിത്വങ്ങൾ ഏറ്റെടുക്കുകയും അതിൽ സന്തോഷിക്കുകയും ചെയ്യുന്നു. എന്നാൽ ഈ ഉത്തരവാദിത്വങ്ങൾ അമിതമാകുമ്പോൾ, അല്ലെങ്കിൽ അവമൂലം ശാരീരികവും മാനസികവുമായ സമ്മർദ്ദം ഉണ്ടാകുമ്പോൾ, പ്രത്യേകിച്ച് മാനസിക പിന്തുണകൾ ഒന്നും ലഭിക്കാത്ത ഒരു അവസ്ഥയിൽ ഈ ഉത്തരവാദിത്വങ്ങൾ പ്രാരാബ്ധം ആയി മാറുന്നു, അതിൽ നിന്നും രോഗങ്ങളും ഉത്ഭവിക്കുന്നു. വലിയ ഒരു ശതമാനം രോഗങ്ങളുടെ ഉറവിടം മനസ്സാണ്.ഇവിടെ സ്ത്രീകളുടെ രോഗങ്ങൾക്ക് പ്രാധാന്യം നൽകിയെങ്കിലും പുരുഷന്മാരിലും അങ്ങിനെ തന്നെയാണ്.

ഹോമിയോപ്പതി എന്ന ചികിത്സാശാസ്ത്രം മേൽപ്പറഞ്ഞ രീതിയിൽ ഉണ്ടാകുന്ന രോഗങ്ങൾക്ക് വളരെയേറെ പ്രയോജനം ചെയ്യും. ഒരു മനുഷ്യന്റെ ശാരീരിക മാനസിക വൈകാരിക തലങ്ങളെ നന്നായി പഠിച്ച് ചികിൽസിക്കുന്ന ഒരു രീതിയാണ് ഹോമിയോപ്പതി. കുടുംബത്തേക്കുറിച്ചും , കുട്ടികളുടെ ഭാവിയെക്കുറിച്ചുമുള്ള അമിത ചിന്ത, സാമ്പത്തിക പ്രശ്നങ്ങൾ, ഭാര്യാ ഭർതൃ ബന്ധത്തിലുണ്ടാകുന്ന ആസ്വാരസ്യങ്ങൾ , നിരന്തരമായ മാനസിക പീഡനങ്ങൾ, മാനസിക പിന്തുണയുടെ അഭാവം, സ്വന്തം സ്വപ്‌നങ്ങൾ കുടുംബ ഭാരം മൂലം സാക്ഷാൽകരിക്കാൻ പറ്റാത്ത അവസ്ഥ എന്നിങ്ങനെയുള്ള ഓരോ കാരണങ്ങളാൽ ഉണ്ടായ അസുഖങ്ങൾക്ക് പ്രത്യേകം പ്രത്യേകം മരുന്നുകൾ ഹോമിയോപ്പതിയിൽ ഉണ്ട്‌. ഇതിനായി ഡോക്ടറോട് തുറന്നു സംസാരിക്കുന്നത് അത്യാവശ്യമാണ്. ഇങ്ങനെയുള്ള പ്രശ്നങ്ങൾ മറച്ചുവെച്ചുകൊണ്ടുള്ള ഒരു ചികിത്സാരീതി ഒരിക്കലും ഫലപ്രദമാകില്ല.
തേയ്മാനം ഒരു ഉദാഹരണം മാത്രമായി പറഞ്ഞതാണ്. ഏതു രോഗമായാലും ചികിത്സ അങ്ങിനെ തന്നെയാണ് ഹോമിയോപ്പതിയിൽ. മനുഷ്യന്റെ മനസ്ശാസ്ത്രത്തിനു വളരെയേറെ പ്രാധാന്യം നൽകുന്ന ഒരു ചികിത്സാ രീതിയാണ് ഹോമിയോപ്പതി. രോഗിയെ മുഴുവനായി പഠിച്ച് കൃത്യമായ മരുന്നുകൾ നൽകിയാൽ മാത്രമേ രോഗ ചികിത്സ ഫലപ്രദമാകുകയുള്ളൂ. ഡോക്ടർക്ക് നൽകുന്ന വിവരങ്ങൾക്കനുസരിച്ചാണ് ചികിത്സ. മേൽപ്പറഞ്ഞ രീതിയിലുള്ള പ്രശ്നങ്ങൾ മറച്ചുവെച്ചു പറയുന്ന രോഗവിവരങ്ങൾ പൂർണ്ണവുമല്ല, അതുകൊണ്ട് രോഗം ഭേദമാകുകയുമില്ല.

Dr. ധന്യ. ജി. നായർ, BHMS, MD(Hom.), MSc(Couns.Psych.)

ശരീര കോശങ്ങളിലെ carbon dioxide നിറഞ്ഞ മലിന രക്തത്തെ ശുചീകരിച്ച് അതിനെ oxygen സമ്പുഷ്ടമാക്കാൻ വേണ്ടി ഹൃദയത്തിലേക്കു കൊണ്ട...
07/07/2025

ശരീര കോശങ്ങളിലെ carbon dioxide നിറഞ്ഞ മലിന രക്തത്തെ ശുചീകരിച്ച് അതിനെ oxygen സമ്പുഷ്ടമാക്കാൻ വേണ്ടി ഹൃദയത്തിലേക്കു കൊണ്ടുപോകുന്ന രക്തക്കുഴലുകളെയാണ് സിരകൾ അഥവാ വെയ്ൻസ് എന്ന് വിളിക്കുന്നത്. സിരകളിലെ രക്തത്തെ മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കുന്ന ധാരാളം സൂക്ഷ്മ വാൽവുകൾ സിരകൾക്കുള്ളിൽ ഉണ്ട്‌. ഈ വാൽവുകളുടെ പ്രവർത്തന തകരാറുമൂലം രക്തതിന്റെ ഒഴുക്ക് തടസ്സപ്പെടുകയും സിരകൾ വികസിക്കുകയും വളയുകയും ചെയ്യുന്ന അവസ്ഥയാണ് വേരിക്കോസ് വെയ്ൻസ്.
ഈ അവസ്ഥ മൂലം കാലുകളിൽ രക്തം കൂടുതലായി കെട്ടിക്കിടക്കാൻ സാധ്യതയുണ്ട്. അമിതവണ്ണമുള്ളവരിലും കൂടുതൽ നിൽക്കുന്നവരിലുമാണ് ഈ അവസ്ഥ കൂടുതലായി കാണുന്നത്.നീല അല്ലെങ്കിൽ purple നിറങ്ങളിൽ തടിച്ച സിരകൾ കാലുകളിൽ കാണാൻ സാധിക്കുന്നതാണ്. സ്ത്രീകളിൽ ഈ അവസ്ഥ ഉണ്ടാക്കുന്നതിൽ progesterone എന്ന ഹോർമോണിനു ഒരു പങ്കുണ്ട്. വളരെക്കാലം നീണ്ടു നിൽക്കുന്ന varicose vein കാലുകളിൽ നീര്, കഴപ്പ്, കരിയാൻ താമസമുള്ള വ്രണങ്ങൾ എന്നിവ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
സ്ത്രീകളിൽ കൂടുതലായി varicose വെയിൻ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്?

👆🏻1. ഹോർമോൺ മാറ്റങ്ങൾ:
ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ തുടങ്ങിയ സ്ത്രീഹോർമോണുകളുടെ പ്രഭാവം മൂലം സിരകളുടെ ഭിത്തികൾ അയയുകയും വാൽവുകളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു. ഗർഭനിരോധക ഗുളികകളും ഹോർമോൺ തെറാപ്പിയും ഇതിനുള്ള സാധ്യത കൂട്ടുന്നു.

👆🏻2. ഗർഭധാരണം:
ഗർഭകാലത്ത് സിരകളിലൂടെ ഒഴുകുന്ന രക്തത്തിന്റെ അളവ് കൂടുന്നു, കൂടാതെ കുട്ടിയുടെ ഭാരം സിരകളിൽ മർദ്ദം ഉണ്ടാക്കുന്നു. ഹോർമോണുകൾ രക്തക്കുഴൽ ഭിത്തികളെ കൂടുതൽ relax ചെയ്യിക്കും. ഒന്നിലധികം ഗർഭം ധരിച്ചവരിൽ കൂടുതൽ സാധ്യത.

👆🏻3. ജീനുകൾ (Genetics)
കുടുംബത്തിലെ മറ്റുവ്യക്തികൾക്ക് വെരിക്കൊസ് വെയിൻ ഉണ്ടായിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലായിരിക്കും.

👆🏻4. കൂടുതൽ സമയം നിൽക്കുകയോ ഇരിക്കുകയയോ ചെയ്യുന്നവർക്ക് കൂടുതൽ സാധ്യത. ഷോപ്പിൽ ജോലി ചെയ്യുന്നവർക്കും അധ്യാപികമാർക്കും നഴ്സുമാർക്കും കൂടുതലായി കണ്ടുവരുന്നു.

👆🏻5. അധിക ഭാരം (Obesity):
അധിക ഭാരമുള്ളവർക്കും വയറിന്റെ മർദ്ദം കാലുകളിലെ ശിരകളിൽ സമ്മർദ്ദം ഉണ്ടാക്കുന്നു.

👆🏻6. വ്യായാമത്തിന്റെ അഭാവം:
ചലനമില്ലായ്മയുടെ ഫലമായി രക്തം ശരിയായി ഒഴുകാതെ നിൽക്കുന്നത് വെരിക്കോസ്
വെയിനിലേക്ക് നയിക്കുന്നു.

👆🏻7. പ്രായം കൂടുമ്പോൾ:
ശിരകളിലെ വാൽവുകൾ (valves) പ്രായമേറുമ്പോൾ തകരാറിലാകുന്നു – സാധാരണയായി 40നു മുകളിലുള്ളവരിൽ കൂടുതലാണ്.

👆🏻8. ഇറുക്കമുള്ള വസ്ത്രങ്ങളും ഹൈ ഹീലുകളും
കാലുകളിലെ രക്തപ്രവാഹം തടസ്സപ്പെടുത്തുന്നു.

പെൽവിക് congestion സിന്ധ്രോം – ചെറുപ്പകാലത്തുണ്ടാകുന്ന ഈ അവസ്ഥയും വെരിക്കോസ് വെയ്നിനു കാരണമാണ്.

നിരന്തരമായ മലബന്ധവും വയറിന്റെ സമ്മർദ്ദം ഉയർത്തുന്നതിനാൽ varicose വെയ്നിനു കാരണമാണ്.

വെരിക്കോസ്
വെയിൻ ഒഴിവാക്കാൻ എന്തു ചെയ്യണം?

✅കാലുകൾ ഉയർത്തി വിശ്രമിക്കുക.

✅നീണ്ട സമയം ഒരേ നിലയിൽ ഇരിക്കുകയോ നിൽക്കുകയാ ചെയ്യാതിരിക്കുക.

✅നിത്യേന നടക്കുക/വ്യായാമം ചെയ്യുക. ചില യോഗാസന മുറകൾ ഈ അവസ്ഥക്ക് ഫലം നൽകുന്നു.

✅ശരീരഭാരം നിയന്ത്രിക്കുക

✅ഡോക്ടറുടെ ഉപദേശപ്രകാരം കമ്പ്രഷൻ സ്റ്റോക്കിങ്ങ് ഉപയോഗിക്കുക

സിരകളുടെ ദുർബലാവസ്ഥയും രോഗിയുടെ പ്രത്യേക ലക്ഷണങ്ങളും കണക്കിലെടുത്തുള്ള ഹോമിയോപ്പതി ചികിത്സ വളരെയേറെ ഫലം നൽകാറുണ്ട്. ഡോക്ടറുടെ നിർദേശപ്രകാരമുള്ള ചിട്ടയായ ഹോമിയോപ്പതി ചികിത്സ കൊണ്ട് രോഗം മൂലമുള്ള അസ്വസ്ഥതകളിൽ നിന്ന് രോഗിക്കാശ്വാസം ലഭിക്കുകയും സാധാരണ ജീവിതം സാധ്യമാക്കുകയും ചെയ്യുന്നു.

നമ്മളിൽ പലരും, പ്രത്യേകിച്ച് സ്ത്രീകൾ ഒരു സമയം പല കാര്യങ്ങൾ ചെയ്യാറുണ്ട്. സ്ത്രീകൾ കൂടുതലും അടുക്കളയിലാണ് ഇങ്ങനെ ഒരു പ്ര...
03/07/2025

നമ്മളിൽ പലരും, പ്രത്യേകിച്ച് സ്ത്രീകൾ ഒരു സമയം പല കാര്യങ്ങൾ ചെയ്യാറുണ്ട്. സ്ത്രീകൾ കൂടുതലും അടുക്കളയിലാണ് ഇങ്ങനെ ഒരു പ്രവർത്തിക്കു മുതിരുന്നത്. മിക്ക കുടുംബങ്ങളിലും സ്ത്രീകൾക്ക് കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏൽക്കേണ്ടി വരുന്നതുകൊണ്ട് കാലാകാലങ്ങളായി സ്ത്രീകൾ ഇതുതന്നെ തുടരുന്നു. ഇതിനെ multi tasking എന്നു പറയുന്നു .
സ്ത്രീകളുടെ മസ്‌തിഷ്കത്തിന് multi tasking ചെയ്യാനുള്ള ഒരു പ്രത്യേക കഴിവുണ്ട് എന്നു പറയപ്പെടുന്നു . ഇതുമായി ബന്ധപ്പെട്ട് 2013 ഇൽ നടത്തിയ ഒരു പഠനം PNAS(പ്രോസീഡിങ്‌സ് ഓഫ് ദി നാഷണൽ അക്കാഡമി ഓഫ് സയൻസസ് ) എന്ന സയൻടിഫിക് ജേർണൽ ഇൽ പബ്ലിഷ് ചെയ്തിട്ടുണ്ട്. ഇതിൽ പറഞ്ഞിരിക്കുന്നത് സ്ത്രീകളുടെ മാസ്തഷ്കത്തിന്റെ ഇരു cerebral hemispheres ഉം തമ്മിൽ കൂടുതൽ കണക്ഷൻസ് ഉണ്ട്‌ എന്നാണ്. ഇത് multi tasking, സാമൂഹിക ബോധം എന്നിവ സാധ്യമാക്കുന്നു. നേരെ മറിച്ച് പുരുഷന്മാരിൽ ഇരു hemispheres നുള്ളിൽ നടക്കുന്ന കണക്ഷൻസ് ആണ് കൂടുതൽ. ഇക്കാരണത്താൽ ഇവർക്ക് ബൌ ദ്ധിക സ്ഥാന ബോധവും ശാരീരിക ചലന ക്ഷമതയും കൂടുതലായിരിക്കും. സ്ത്രീകളുടെ പ്രധാനപ്പെട്ട ഹോർമോൺ ആയ estrogen നും ഈ കഴിവിനു പിന്നിൽ ചെറിയ ഒരു പങ്കുണ്ട് .
സ്ത്രീകൾക്ക് multi tasking അവരുടെ ശാരീരികമായ പ്രത്യേകതകൾ മൂലം ചെയ്യാൻ സാധിക്കും എന്ന് പഠനങ്ങൾ പറയുന്നുണ്ടെങ്കിൽ പോലും അമിതമായാൽ അമൃതും വിഷമാണല്ലോ. ഈ multitasking എങ്ങിനെ നമ്മുടെ മനസ്സിനെയും ശരീരത്തെയും ബാധിക്കുന്നു എന്ന് നോക്കാം :

1. മാനസിക ക്ഷീണം (Mental Fatigue):

സ്ത്രീകൾ പലപ്പോഴും ജോലി, വീട്ടുജോലി, കുട്ടികൾ, ബന്ധങ്ങൾ എന്നിവ ഒരേസമയം കൈകാര്യം ചെയ്യുന്നു. ഇത് അതിനുപരി മനസ്സിൽ കനത്ത ഭാരമുണ്ടാക്കി മനസ്സു തളരാൻ ഇടയാകുന്നു.

2. ആവേശം, ക്ഷോഭം, അലസത:

തുടർച്ചയായ ടാസ്ക് മാറലും ഏകദേശം ഒരേസമയം ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുള്ള ശ്രമവും മൂലം മേൽപ്പറഞ്ഞ പ്രശ്നങ്ങൾ വന്നേക്കാം.ചെറിയ കാര്യങ്ങൾക്കുപോലും അതിയായ ദുഖം അനുഭവപ്പെടാം.

3. ഉറക്ക പ്രശ്നങ്ങൾ (Sleep Issues)

മനസ്സിൽ ഒരുപാട് കാര്യങ്ങൾ ഒരേ സമയം ചിന്തിക്കുന്നത് നല്ല ഉറക്കം തടസ്സപ്പെടുത്തുന്നു

4. ബന്ധങ്ങളിൽ പ്രശ്നം (Relationship Strain)

തുടർച്ചയായ തിരക്ക്‌ കുടുംബത്തിനും ഭർത്താവിനുമൊപ്പം ഗുണനിലവാരമുള്ള സമയം കുറയ്ക്കുന്നു. പൂർണ്ണതയില്ലായ്മ നിറഞ്ഞ ബന്ധങ്ങളും മാനസിക അകലവും അതിന്റെയൊരു പ്രതിഫലനം മാത്രമാണ്.

5. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കുറയുന്നു:

ഒരേ സമയം പല കാര്യങ്ങൾ ചെയ്യുമ്പോൾ
ഒന്നിനും 100% ശ്രദ്ധ കൊടുക്കാൻ കഴിയില്ല. അതുമൂലം ചെയ്തതൊന്നും ശെരിയായില്ല എന്ന കുറ്റബോധം ഇവരെ അലട്ടുന്നു.

6. ആരോഗ്യപ്രശ്നങ്ങൾ:

കൃത്യസമയത്തു ഭക്ഷണം കഴിപ്പ്, വ്യായാമം ഇവയ് ക്കൊന്നും സമയം കിട്ടാത്തത് കാരണം അസുഖങ്ങൾ ഉണ്ടായേക്കാം. ഇതിനുപുറമേ ഹോർമോൺ അസന്തുലിതാവസ്ഥകളുടെ പ്രശ്നങ്ങൾ വേറെയും.

7. സ്വയം നഷ്ടപ്പെടുന്ന അനുഭവം (Loss of Self-Identity)
"ഞാനെന്നാൽ ആരാണ്?" എന്ന ചിന്ത ഉണ്ടാകുന്നു. പ്രിയപ്പെട്ട ഹോബികൾ, സ്വപ്നങ്ങൾ എന്നിവ മറക്കുന്നു. സ്വയം പരിപാലനം ഇല്ലാതാകുന്നു.

✅ പരിഹാര നിർദ്ദേശങ്ങൾ:

👍🏻ഓരോ ടാസ്കിനും സമയക്രമം നിശ്ചയിക്കുക

👍🏻ജോലി പങ്കുവെക്കാൻ ശ്രമിക്കുക. കുടുംബത്തെ ഒപ്പം കൂട്ടുക. കുട്ടികളെ ഇതിനു വേണ്ടി പരിശീലിപ്പിക്കുക.

👍🏻കുറച്ച് സമയമെങ്കിലും സ്വന്തം മനസ്സിനായി മാറ്റിവെക്കുക.

നമ്മുടെ സമൂഹത്തിലെ വലിയ ഒരു വിഭാഗം സ്ത്രീകൾ അനുഭവിക്കുന്ന യാഥാർദ്ധ്യമായ ഒരു പ്രശ്നമാണ് ഇത്. ശ്രദ്ധിക്കപ്പെടുന്നവ കുറവും. സ്ത്രീരോഗങ്ങൾ കൈകാര്യം ചെയ്യാറുള്ള ഒരു ഡോക്ടർ എന്ന നിലയിൽ ഇതെക്കുറിച്ച് ചിന്തിക്കുകയുണ്ടായി. അത് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. പുതിയ തലമുറയിലെ പെൺകുട്ടികൾ ഈ ഒരു സമ്പ്രദായത്തിൽ മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ടെങ്കിലും അമിത ജീവിത ഭാരം പേറിയ സ്ത്രീകളെ എന്നും ക്ലിനിക്കിൽ കാണുന്നുണ്ട്.

Dr. ധന്യ. ജി. നായർ, BHMS, MD(Hom.), MSc(Couns. Psych.)

01/07/2025

Your body language does not lie...

ഇത് ഡോ. ബി സി റോയ് ആണ്. ഇന്ത്യൻ ഡോക്ടേഴ്സ് ഡേയുടെ പിന്നിലുള്ള മഹാനായ വ്യക്തിയാണ് ഡോ. ബിധാൻ ചന്ദ്ര റോയ്. ( B C Roy) ഇന്ത്...
01/07/2025

ഇത് ഡോ. ബി സി റോയ് ആണ്. ഇന്ത്യൻ ഡോക്ടേഴ്സ് ഡേയുടെ പിന്നിലുള്ള മഹാനായ വ്യക്തിയാണ് ഡോ. ബിധാൻ ചന്ദ്ര റോയ്. ( B C Roy) ഇന്ത്യയിലെ പ്രഗത്ഭനായ ഡോക്ടറും സാമൂഹ്യപ്രവർത്തകനുമായിരുന്ന അദ്ദേഹം ജനിച്ചതും മരിച്ചതും ജൂലൈ 1-നാണ്. അതിനാലാണ് ജൂലൈ ഒന്നിന് നാഷണൽ ഡോക്ടേഴ്സ് ഡേ ആയി ആചരിക്കുന്നത്.
(അദ്ദേഹം തന്റെ 80-ആം പിറന്നാൾ ദിവസത്തിലാണ് മരണപ്പെടുന്നത്.
അദ്ദേഹത്തിന്റെ ജീവിത ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം :

ഡോ. റോയ് തന്റെ വൈദ്യപഠനം കൊൽക്കത്താ മെഡിക്കൽ കോളജിൽ തുടക്കം കുറിച്ചു. പിന്നീട് ഇംഗ്ലണ്ടിലെ പ്രശസ്തമായ St. Bartholomew's Hospital-ൽ നിന്ന് MRCP, FRCS എന്നിവ നേടിയതോടെ ലോകപ്രശസ്തനായ ഡോക്ടറായി മാറി.
ഇന്നത്തെ ഡോക്ടർമാരുടെയും ആശുപത്രികളുടെയും മാനദണ്ഡങ്ങൾക്ക് രൂപം നൽകിയത് അദ്ദേഹമാണ്. അദ്ദേഹം ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യക്കും ആധാരശിലകളിട്ടു.
അദ്ദേഹം അർഹരായ രോഗികൾക്ക് സൗജന്യ ചികിത്സ നൽകുകയും ചെയ്തിരുന്നു. സർവ്വസമ്മതനായ ഒരു ഡോക്ടർ ആയിരുന്നു അദ്ദേഹം. ഡോ. റോയ് ഒരു നിഷ്പക്ഷ ചികിത്സകനായിരുന്നു. പണം ഇല്ലാത്തവരെയും, അഴിമതിക്കെതിരെ പൊരുതിയവരെയും അദ്ദേഹം സൗജന്യമായി ചികിത്സിച്ചിരുന്നതായാണ് ചരിത്രം പറയുന്നത്.
ഒരു ദിവസം, ഒരു ദരിദ്രനായ കുട്ടിയെ അദ്ദേഹം പരിശോധിച്ചു. ആ കുട്ടിയുടെ അമ്മ അദ്ദേഹത്തോട്,
“സർ, ഞങ്ങൾക്ക് പണം തരാനില്ല. പക്ഷേ, നിങ്ങൾ അവനെ രക്ഷിക്കണം.”
ഡോ. റോയ് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു: “പണം ഇല്ലെങ്കിൽ ആരോഗ്യവും വേണ്ട എന്നാണോ? ഞാൻ ഡോക്ടറാണ് – കച്ചവടക്കാരൻ അല്ല!”
ഗാന്ധിജിയോടടുത്ത ആളായിരുന്നു ഡോ ബി സി റോയ്. മഹാത്മാഗാന്ധിയുടെ സ്വകാര്യ ഡോക്ടറായും, പിന്നീട് പശ്ചിമ ബംഗാളിന്റെ രണ്ടാം മുഖ്യമന്ത്രിയായും സേവനം അനുഷ്ഠിച്ചു (1948-1962).
കോൽക്കത്ത നഗരത്തിന്റെ വികസനത്തിന് അദ്ദേഹത്തിന് വലിയ പങ്കുണ്ട്. അദ്ദേഹം salt lake town, ചിത്തരഞ്ജൻ കാൻസർ ആശുപത്രി, വിക്ടോറിയ ഇൻസ്റ്റിട്യൂഷൻ തുടങ്ങിയവയുടെ തുടക്കം കുറിച്ചു.
1961-ൽ ഇന്ത്യയുടെ ഉന്നത ബഹുമതിയായ ഭാരതരത്ന അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു.
ഡോക്ടർമാരുടെ അത്യുത്കൃഷ്ട സേവനത്തിന് ആദരവ് അറിയിക്കാനാണ് ഡോക്ടർസ് ഡേയ് ആചരിക്കുന്നത്. ആരോഗ്യ രംഗത്തെ ബോധവൽക്കരണം, ഡോക്ടർമാരോടുള്ള കൃതജ്ഞത എന്നിവയും പ്രധാന ലക്ഷ്യങ്ങളാണ്.

“സ്വന്തം പിറന്നാൾ ദിനത്തിൽ മരണം” – ഒരു വിചിത്ര സമാപനം

ഡോ. ബിധാൻ ചന്ദ്ര റോയ് ജനിച്ചതും മരിച്ചതും ജൂലൈ 1-നാണ് – അതും 80 വർഷങ്ങൾക്കുശേഷം, അതേ ദിവസത്തിൽ.

1962-ലെ ജൂലൈ 1ന് രാവിലെ അദ്ദേഹം പതിവുപോലെ അദ്ദേഹത്തിന്റെ ജോലി ചെയ്തു. ആ ദിവസമത്രയും അദ്ദേഹം ക്ഷീണിതനായിരുന്നു. നരേന്ദ്രനാഥ് ചക്രവർത്തി എന്ന ശിഷ്യൻ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു:

“I have done all that I had to do. Now, I want to go."

അന്ന് വൈകിട്ട് അദ്ദേഹം താൻ ജനിച്ച അതേ ദിവസം, അതേ സമയത്തു തന്നെ ശാന്തമായി മരണത്തിന് കീഴടങ്ങി.

Wishing all,a Happy and Wonderful Doctors' Day☺️☺️☺️
01/07/2025

Wishing all,a Happy and Wonderful Doctors' Day☺️☺️☺️

ഇതു തമാശയല്ല.  സ്കോട്ട് ലണ്ടിലെ ജോയ് മിൽൺ എന്ന വനിതയ്ക്ക്  പാർകിൻസൺ രോഗം മണത്തറിയാൻ കഴിയും. അതും, രോഗം വരുന്നതിന് വർഷങ്ങ...
29/06/2025

ഇതു തമാശയല്ല. സ്കോട്ട് ലണ്ടിലെ ജോയ് മിൽൺ എന്ന വനിതയ്ക്ക് പാർകിൻസൺ രോഗം മണത്തറിയാൻ കഴിയും. അതും, രോഗം വരുന്നതിന് വർഷങ്ങൾക്ക് മുൻപേ!
ജോയിയുടെ ഭർത്താവ് ലെസിന് പാർകിൻസൺസ് രോഗം കണ്ടെത്തുന്നതിന് വർഷങ്ങൾ മുമ്പ് അയാളുടെ ശരീരത്തിൽ നിന്ന് ഒരു പ്രത്യേകതരം മുഷിപ്പുള്ള ഗന്ധം അനുഭവപ്പെടുന്നുണ്ടായിരുന്നു എന്നു ജോയി പറഞ്ഞിട്ടുണ്ട്.
പിന്നീട് അവർ കണ്ട പാർകിൻസൺ രോഗികളിലെല്ലാം അതേ മണം തന്നെ അവർ തിരിച്ചറിയുകയും ചെയ്തു.

ഈ വിഷയം ശാസ്ത്രീയമായി പരിശോധിക്കാൻ വേണ്ടി മാഞ്ചസ്റ്റർ സർവകലാശാലയിലെ ശാസ്ത്രജ്ഞർ ജോയിക്ക് വ്യത്യസ്ത ആളുകൾ ധരിച്ച ടി ഷർട്ടുകൾ നൽകി — ചിലർ പാർക്കിൻസൺസ് രോഗികളും മറ്റുള്ളവർ ആരോഗ്യമുള്ളവരും.
ജോയ് എല്ലാം ശരിയായി തിരിച്ചറിയുകയും, ആരോഗ്യമുള്ള ഒരാളെ രോഗിയാണെന്ന് പറയുകയും ചെയ്തു.
മാസങ്ങൾക്ക് ശേഷം ആ വ്യക്തിക്ക് പാർകിൻസൺസ് രോഗം സ്ഥിരീകരിച്ചു.

ഇതെപ്പറ്റി ശാസ്ത്രം എന്താണു പറയുന്നതെന്ന് നോക്കാം:
ത്വക്കിൽ നിന്നും പുറത്തുവരുന്ന സിബം എന്ന എണ്ണയിൽ അടങ്ങിയ രാസമാറ്റങ്ങളാണ് ഈ ഗന്ധം ഉണ്ടാക്കുന്നത്. ജോയിയുടെ ശ്വസനേന്ദ്രിയങ്ങൾ ഈ രാസമാറ്റങ്ങൾ തിരിച്ചറിയുകയായിരുന്നു.

ഈ കഥയുടെ പ്രാധാന്യം:

✅പാർകിൻസൺസ് രോഗം പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്താൻ സഹായിക്കും.
✅"ഗന്ധം അടിസ്ഥാനമാക്കിയ" പരിശോധനകൾക്കുള്ള വഴി തുറന്നു.
✅മനുഷ്യന്റെ ഗന്ധഗ്രാഹണ ശേഷി വൈദ്യശാസ്ത്രത്തിൽ എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ തെളിവ്.

ഒരു കൗതുകകരമായ കാര്യം എന്താണെന്ന് വെച്ചാൽ ജോയിക്ക് ഹൈപ്പറോസ്മിയ (hyperosmia) എന്ന അത്യാധിക ഗന്ധഗ്രാഹണ ശേഷിയുള്ള അവസ്ഥയുണ്ട്.

ഇപ്പോൾ ജോയിയുടെ കഴിവ് കാൻസർ, ആൽസൈമേഴ്സ് തുടങ്ങിയ രോഗങ്ങൾ കണ്ടെത്താനായി പഠനവിധേയമാക്കിക്കൊണ്ടിരിക്കുന്നു. അവർ ഇപ്പോഴും പാർകിൻസൺസ് റിസർച് പ്രോജക്ടുകൾക്കും മനുഷ്യശരീരത്തിലെ ഗന്ധം ഉപയോഗിച്ച് രോഗനിർണയം നടത്താനുള്ള ഗവേഷണങ്ങൾക്കുമായി പ്രവർത്തിക്കുന്നു.

Address

Doctor
Kottayam
686539

Opening Hours

Monday 10am - 1pm
3pm - 5pm
Tuesday 10am - 1pm
3pm - 5pm
Wednesday 10am - 1pm
3pm - 5pm
Thursday 10am - 1pm
3pm - 5pm
Friday 10am - 1pm
3pm - 5pm
Saturday 10am - 1pm
3pm - 5pm

Telephone

+917025364932

Website

Alerts

Be the first to know and let us send you an email when Dr.Dhanya G.Nair posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr.Dhanya G.Nair:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category