08/01/2025
HMPV പുതിയ വൈറസ് അല്ല.
നേരത്തേ തന്നെ കണ്ടെത്തി ലിസ്റ്റ് ചെയ്ത "Human Meta Pneumo Virus"(ഹ്യൂമൻ മെറ്റാ ന്യൂമോ വൈറസ് ) . ചൈനയിൽ ഡിസംബർ 16 ന് ശേഷം ഇൻഫ്ലുവൻസ കേസുകൾ കൂടിയിരുന്നു. കുട്ടികളിൽ ന്യൂമോണിയ കേസുകളും കൂടുതൽ ഉണ്ടായി. അതിന്റെ കൂട്ടത്തിൽ HMPV യും കൂടുതൽ കണ്ടെത്തി.
ഇത് പുതിയ വൈറസ് ഒന്നും അല്ല. 2001 ൽ നെതർലാൻഡിൽ തിരിച്ചറിഞ്ഞു എങ്കിലും ഏതാണ്ട് 50 വർഷമായി ഇത് ലോകത്ത് സഞ്ചരിക്കുന്നുണ്ട്. തണുപ്പ് കാലത്ത് കുട്ടികളിൽ ജലദോഷം വരുത്തുന്ന ഒരിനം RNA വൈറസ് ആണ് HMPV.
5 വയസ്സിൽ താഴെയുള്ള കുട്ടികളിലും പ്രായമായവരിലും പ്രതിരോധശക്തി കുറഞ്ഞവരിലും HMPV ബാധിക്കാൻ സാധ്യത കൂടുതലാണ്.
ഇൻഫ്ലുവൻസ വൈറസ് ബാധ പോലെ മൂക്കിലും തൊണ്ടയിലും ഇൻഫെക്ഷൻ വരുത്തുന്ന വൈറസാണിത് . ശരീരത്തിൽ കടന്നാൽ 2-5 ദിവസത്തിൽ തുമ്മലും, തൊണ്ടവേദനയും പനിയുമായി അസുഖം തുടങ്ങും. ഒരാഴ്ച്ച കൊണ്ട് തനിയെ മാറും. തനിയേ അവസാനിക്കുന്ന വൈറസ് (Self limiting virus ) ആണ് HMPV.
മിക്കവാറും ഇത് മൂക്കിലും തൊണ്ടയിലും ഉള്ള കോശങ്ങളെ ആണ് ബാധിക്കുക ( Upper Respiratory Tract Infection ). ചിലപ്പോൾ ശ്വാസകോശങ്ങളെയും ബാധിച്ചു ന്യൂമോണിയ പോലുള്ള കഠിനമായ അവസ്ഥയിലും ( Lower Respiratory Tract Infection ) എത്തിയേക്കാം.
കോവിഡുമായി HMPV യെ താരതമ്യം ചെയ്യേണ്ട കാര്യമില്ല. മഞ്ഞുകാലത്ത് വിവിധ ജലദോഷ വൈറസുകൾ സജീവമാകുന്ന കൂട്ടത്തിൽ HMPV യും ചിലയിടത്ത് സജീവമായി പടരും. 2011,12 വർഷങ്ങളിൽ US, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിൽ HMPV കേസുകൾ കൂടിയിരുന്നു. ഇപ്പോൾ ചൈനയിൽ കുറേ കൂടുതൽ കേസുകൾ ഉണ്ടെങ്കിലും ഒരു പാൻഡെമിക് ആയി പടർന്നു പിടിച്ചിട്ടില്ല.
ജലദോഷം പകരുന്ന പോലെയാണ് HMPV യും പകരുന്നത്. രോഗമുള്ള വ്യക്തിയുടെ തുമ്മൽ, ചുമ എന്നിവയിലെ കണങ്ങളിൽ കൂടി വൈറസ് അടുത്ത് ഇടപെടുന്ന ആളിൽ എത്തും ( Fomite born infection ). പ്രതലങ്ങളിൽ വീഴുന്ന കണങ്ങളിൽ വൈറസ് ഉണ്ടെങ്കിൽ അത് സ്പർശിച്ച കൈകൊണ്ട് മൂക്കിലും മുഖത്തും സ്പർശിച്ചാലും രോഗം പകരാം.
ജനുവരി മുതൽ മാർച്ച് വരെ മാസങ്ങൾ ജലദോഷത്തിന്റെയും ഫ്ലൂവിന്റെയും മാസങ്ങളാണ്. Seasonal infection ആണ് ഇത് രണ്ടും. ചൂടും തണുപ്പും ഇടവിട്ട കാലാവസ്ഥയിൽ ജലദോഷ വൈറസുകൾ സജീവമാകും. മാസ്കും കൈ കഴുകലും എല്ലാ ജലദോഷ വൈറസുകളെയും പോലെ HMPV യേയും അകറ്റും. ജലദോഷ മാസങ്ങളിൽ ആൾകൂട്ടത്തിൽ മാസ്ക് നല്ലതാണ്.
വാട്സ് ആപ്പിൽ വരുന്ന വൈറസ് കഥകളെ ശ്രദ്ധിക്കേണ്ടതില്ല. HMPV മറ്റൊരു കോവിഡ് അല്ല. കോവിഡ് പോലെ പെട്ടെന്ന് ഉണ്ടായ, അതിവേഗം പടരുന്ന , തിരിച്ചറിയാൻ വൈകിയ, വൈറസും അല്ല. ഇത് നേരത്തേ തന്നെ ലിസ്റ്റ് ചെയ്യപ്പെട്ട വൈറസ് ആണ്.
കോവിഡ് ചൈനയിൽ നിന്നും വന്നത് കൊണ്ടാണ് HMPV ചൈനയിൽ കൂടിയത് വാർത്തയായത്. 2012 ൽ അമേരിക്കയിലും യൂറോപ്പിലും ഇത് കൂടിയിരുന്നു.
മഞ്ഞുകാലം തുടങ്ങിയതോടെ ചൈനയിൽ കുട്ടികളിൽ ന്യൂമോണിയ കേസുകൾ ധാരാളം കൂടി. ഇൻഫ്ലുവൻസയുടെ ഭാഗമായി വന്നതാണ്. "White Lung" എന്ന് അവിടെ പറയും. അതിന്റെ കൂടെ കൂടുതൽ HMPV യും ഉണ്ടായി. HMPV, ന്യൂമോണിയക്ക് കാരണമാകുന്നത് കൊണ്ട് അത് കൂടുതൽ പടരാതിരിക്കാനുള്ള ജാഗ്രതയിലാണ് ചൈന.
RT - PCR ടെസ്റ്റ് വഴി HMPV യെ തിരിച്ചറിയാം.
Copied