21/01/2025
ബ്രെയിൻ ട്യൂമറുകൾക്കായുള്ള ശസ്ത്രക്രിയ കൂടാതെയുള്ള ചികിത്സാ രീതി: സ്റ്റീരിയോട്ടാക്ടിക് റേഡിയോ സർജറി (SRS)
സ്റ്റീരിയോട്ടാക്ടിക് റേഡിയോ സർജറി (SRS) ബ്രെയിൻ ട്യൂമറുകൾക്ക് വേണ്ടിയുള്ള ഒരു നൂതന ചികിത്സാ രീതിയാണ്. പേരിൽ നിന്ന് വിഭിന്നമായി ഈ ചികിത്സയിൽ ശസ്ത്രക്രിയയില്ല. എന്നാൽ, ശസ്ത്രക്രിയയ്ക്കു സമാനമായ ഗുണങ്ങൾ ലഭിക്കുന്ന ഒന്നാണിത്. ശസ്ത്രക്രിയ എന്ന പേര് നൽകിയിരുന്നെങ്കിലും പരമ്പരാഗത ശസ്ത്രക്രിയയുടെ ഭാഗമായി ഇതിനെ കണക്കാക്കാനാവില്ല എന്ന് മാത്രമല്ല, ശരീരത്തിൽ മുറിവുണ്ടാക്കുകയോ, കുത്തിവയ്പ്പുകൾ നൽകുകയോ, ബോധം കെടുത്തുകയോ, ചികിത്സയ്ക്കായി രോഗിയെ അഡ്മിറ്റ് ചെയ്യുകയോ വേണ്ട. സർജിക്കൽ ബ്ലേഡിന് പകരം എക്സ്-റേ പോലുള്ള റേഡിയേഷൻ കിരണങ്ങളാണ് ഇവിടെ ട്യൂമറിന് ഇലാതാക്കാൻ ഉപയോഗിക്കുന്നത്. SRS ചികിത്സയിൽ റേഡിയേഷൻ ഉപയോഗിച്ച് സി. ടി. സ്കാൻ, എം. ആർ. ഐ സ്കാൻ തുടങ്ങിയവയിൽ കാണുന്ന മുഴകൾ കംപ്യൂട്ടറുകളുടെ സഹായത്തോടെ കിറുകൃത്യമായി ലക്ഷ്യം വച്ചു നശിപ്പിക്കുകയാണ് ചെയ്യുന്നത്. മറ്റവയവങ്ങളിൽ നിന്ന് തലച്ചോറിലേക്ക് കാൻസർ വ്യാപിക്കുമ്പോൾ, ഗ്ലിയോമ ഇനത്തിൽ പെട്ട ട്യൂമറുകൾ, മെനിൻജിയോമ, അകൗസ്റ്റിക് ന്യൂറോമ എന്നിങ്ങനെ വിവിധ ബ്രെയിൻ ട്യൂമറുകളെ നിയന്ത്രിക്കാൻ ഈ ചികിത്സ ഫലപ്രദമാണ്.
SRS ചികിത്സയിൽ തലച്ചോറിനുള്ളിലെ ട്യൂമറിലേയ്ക്ക് അതിസൂക്ഷ്മമായി (ട്യൂമറിന് പുറത്തേയ്ക്കു ഒരു മില്ലിമീറ്ററിൽ കൂടുതൽ ഭാഗത്തേയ്ക്ക് റേഡിയേഷൻ പതിയാനുള്ള സാധ്യത വളരെ കുറവ്) റേഡിയേഷൻ കിരണങ്ങൾ പതിപ്പിച്ച് തൊട്ടടുത്തുള്ള ആരോഗ്യമുള്ള തലച്ചോറിന്റെ ഭാഗങ്ങളെ പരമാവധി സംരക്ഷിക്കുന്നു. കൃത്യത ഉറപ്പു വരുത്തുന്നതിനായി വലിയ അളവിലുള്ള റേഡിയേഷൻ കുറഞ്ഞ സമയത്തിനുള്ളിൽ/ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ നൽകാൻ സാധിക്കുന്നു. ഇത്തരത്തിൽ അതിസൂക്ഷ്മതയോടെ ചികിത്സ നൽകാൻ സാധിക്കുന്നതിനാൽ ഈ ചികിത്സ ഉപയോഗിക്കുമ്പോൾ രോഗിയ്ക്കുന്നവയേക്കാവുന്ന ബുദ്ധിമുട്ടുകൾ/ പാർശ്വഫലങ്ങൾ ഗണ്യമായി കുറയുകയും ഫലപ്രാപ്തി സാധാരണയിൽ കൂടുതൽ വർധിപ്പിക്കുകയും ചെയ്യുന്നു. ഒന്ന് മുതൽ അഞ്ചു ദിവസങ്ങൾ വരെ മാത്രമേ ചികിത്സയ്ക്കായി വേണ്ടിവരികയുള്ളൂ. ലീനിയർ ആക്സിലറേറ്റർ (LINAC), ഗാമാ നൈഫ്, സൈബർ നൈഫ് തുടങ്ങിയ ഉപകാരങ്ങൾ ഉപയോഗിച്ചാണ് SRS ചികിത്സ നടപ്പാക്കുന്നത്.
ചകിത്സയുടെ മേന്മകൾ:
1. ചികിത്സ അതിവേഗത്തിൽ, ഏകദേശം ഒരു മുതൽ അഞ്ച് സെഷനുകൾക്കുള്ളിൽ പൂർത്തിയാക്കാവുന്നതാണ്
2. ആശുപത്രിയിൽ പ്രവേശനത്തിനാവശ്യമില്ല.
3. രോഗിക്ക് ഒരു ദിവസത്തിനകം തന്നെ സാധാരണ പ്രവർത്തനങ്ങളിലേക്ക് മടങ്ങാൻ സാധിക്കുന്നു.
4. ശത്രക്രിയയുടേതായ മറ്റു ബുദ്ധിമുട്ടുകളില്ല.
5. ശസ്ത്രക്രിയയ്ക്കു യോഗ്യരല്ലാത്തവരായി കണക്കാക്കപ്പെടുന്നവർക്കും (പ്രായം, അനാരോഗ്യങ്ങൾ തുടങ്ങിയവ മൂലം) തലയ്ക്കുള്ളിൽ ട്യൂമർ സ്ഥിതിചെയ്യുന്ന സ്ഥലം സങ്കീർണമാണെങ്കിലും SRS ചികിത്സ പ്രയോജനകരമാണ്.
SRS ചികിത്സ ന്യൂറോ-ഓങ്കോളജിയിൽ വിപ്ലവകരമായ ഒരു മുന്നേറ്റമാണ്. ട്യൂമറുകളുടെ വളർച്ച നിയന്ത്രിക്കാനും രോഗ ലക്ഷണങ്ങൾ കുറയ്ക്കാനും രോഗികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും SRS സഹായിക്കുന്നു. സാഗേതിക വിദ്യകൾ ഇനിയും മുന്നോട്ട് പോകുമ്പോൾ SRS ബ്രെയിൻ ട്യൂമർ ചികിത്സാ രംഗത്തെ കൂടുതൽ എളുപ്പവും ഫലപ്രദവും ആക്കും.