17/06/2025
ഈയടുത്ത കാലത്തെങ്ങും ഇത്രയും ഉള്ളുലച്ച ഒരു കാഴ്ച കണ്ടിട്ടില്ല!!! 🥺
J. M & M. A Holistic Center Ayroor, ഒരുപാട് മനുഷ്യരുടെ ജീവിതത്തിൽ കൃത്യമായി ഇടപെട്ടിട്ടുള്ള ഒരു നിർണായക സ്വാധീനമാണ്. എന്നാൽ ഇത്ര വേദനിപ്പിച്ച ഒരു കാഴ്ച അടുത്ത നാളുകളിൽ ഉണ്ടായിട്ടില്ല. അധികാരികളുടെ അനാസ്ഥയെ കാണിക്കാനോ, സഹജീവികളുടെ കരുതലില്ലായ്മയെ കാണിക്കാനോ, ഞങ്ങൾ എന്തോ മേന്മ ചെയ്തു എന്ന് കാണിക്കാനോ അല്ല ഈ അനുഭവം പങ്കുവെക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ മാത്രം ഈ സഭയെ അറിയുന്ന... ചുറ്റുപാടുകളുടെ യാഥാർത്ഥ്യത്തെ തിരിച്ചറിയാതെ പോകുന്ന... ആരോരും ആശ്രയമില്ലാത്ത വിശക്കുന്ന മനുഷ്യർ ഇന്നും ചുറ്റും ഉണ്ടെന്ന് അറിയാതെ വളർന്നുവരുന്ന... മലങ്കര മാർത്തോമാ സുറിയാനി സഭയുടെ കരുതൽ കരങ്ങളെ മനസ്സിലാക്കാതെ പോകുന്ന ഇന്നിന്റെ തലമുറ മനസ്സിലാക്കുവാൻ വേണ്ടി മാത്രം ഈ അനുഭവം പങ്കുവെക്കട്ടെ.
ഒരു ഹൈന്ദവ സഹോദരൻ പങ്കുവെച്ച അറിവിന്റെ അടിസ്ഥാനത്തിൽ ഹോളിസ്റ്റിക് സെന്ററിന്റെ പാലിയേറ്റീവ് ടീമിനെ രണ്ട് ദിവസങ്ങൾക്കു മുമ്പ് ഞാനൊരു ഭവനത്തിലേക്ക് അയച്ചു. എന്നാൽ അവിടെ അങ്ങനെ ഒരു ഭവനം ഉണ്ട് എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ കാടുകയറിയ രണ്ട് ജീവിതങ്ങളെ ഞങ്ങൾ അവിടെ കണ്ടു. വാർഡ് മെമ്പർ സുബിൻ ഞങ്ങൾക്ക് കൂട്ടാളി ആയപ്പോൾ, തൊട്ടടുത്ത ദിവസം തന്നെ ഞങ്ങൾ ആ ഭവനത്തിലേക്ക് എത്തുന്ന കാഴ്ചയാണ് ഈ വീഡിയോ തുടക്കത്തിൽ നിങ്ങൾ കാണുന്നത്. മെയിൻ റോഡിനടുത്ത് കാടിനാൽ മൂടപ്പെട്ട ഒരു ഭവനം. അതിനുള്ളിൽ രണ്ട് മനുഷ്യരുണ്ട് എന്ന് വിശ്വസിക്കുക പാടായിരുന്നു. ഒരുകാലത്ത് ഏറെ പ്രതാപത്തോടെ നിന്ന ഒരു ഭവനത്തിന്റെ ഇന്നത്തെ അവസ്ഥ ഞെട്ടിച്ചുകളഞ്ഞു. മേൽക്കൂര പൊളിഞ്ഞ്, കാടുപിടിച്ച്, മരം പുരയ്ക്ക് മുകളിൽ വളർന്ന്, ഇരുട്ടു മൂടിയ, ഭയപ്പെടുത്തുന്ന ഭവന പരിസരം. മുൻവശത്തെ വാതിൽ തുറക്കുവാൻ സാധിക്കില്ല. അടുക്കള വഴി ഉള്ളിലേക്ക് കയറിയ എന്റെയും, മെമ്പറുടെയും, ഞങ്ങളുടെ വോളണ്ടിയേഴ്സിന്റെയും കണ്ണിന്റെ മുൻപിൽ കണ്ട കാഴ്ചയുടെ ഞെട്ടലും അങ്കലാപ്പും ഇനിയും ഞങ്ങളെ വിട്ടു മാറിയിട്ടില്ല. ആ അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കിയിട്ട് നാളുകളായി എന്ന് ആ കാഴ്ച വ്യക്തമാക്കുന്നു. അടച്ചിറപ്പില്ലാതെ ചെളി നിറഞ്ഞ ആ ഭാവനത്തിന്റെ ഉള്ളിൽ ഒരു മാതാവും, 40 ഓളം വയസ്സുള്ള മകനും (മാനസിക പ്രയാസമുണ്ട്) എങ്ങനെ ജീവിക്കുന്നു എന്നുള്ളതിന് തൃപ്തികരമായ ഉത്തരം ഇനിയും ലഭിച്ചിട്ടില്ല. നടുവിലത്തെ മുറിയിൽ ഒരു തുണി കെട്ടിയിട്ടിരിക്കുന്നത് കണ്ടു ഇതെന്ത് എന്ന് ആ അമ്മയോട് അന്വേഷിച്ചപ്പോൾ, നാലു മാസങ്ങൾക്ക് മുമ്പ് മകൻ ആത്മഹത്യ ചെയ്യുവാൻ കുരുക്കിയ തുണിയാണ് എന്നവർ പങ്കുവെച്ചു. തനിക്ക് കൈ ഉയർത്തി അത് അഴിച്ചു മാറ്റുവാൻ കഴിയാത്തതുകൊണ്ട്, ഒരു നിമിഷത്തെ അവന്റെ ഭ്രാന്തൻ ചിന്തകളുടെ ഓർമ്മയെന്നോണം ആ തുണിക്കുരുക്ക് അവിടെ അവശേഷിക്കുന്നു. ആരോ നാളുകൾക്കു മുമ്പ് നൽകിയ പുഴു പിടിച്ച ചില ഭക്ഷണസാധനങ്ങൾ, ശരിയായി ഉപയോഗിക്കാൻ സാധിക്കാത്ത ടോയ്ലറ്റുകൾ, മാറ്റിയുടുക്കാൻ ഒരു നല്ല വസ്ത്രം പോലും ഇല്ല, മുകളിൽ നിന്ന് വീഴുന്ന വെള്ളത്തിൽ ചെളി കൂമ്പാരമായി, നാറ്റം വമിക്കുന്ന ഇടത്തിൽ വിശപ്പുകൊണ്ട് കൂനിപ്പോയ ഈ ജീവിതങ്ങൾ എങ്ങനെ ഉറങ്ങുന്നു എന്ന് മനസ്സിലാകുന്നില്ല. ഭക്ഷണം കഴിച്ചോ എന്നുള്ള ചോദ്യത്തിന് പ്രസക്തിയില്ല എന്നറിഞ്ഞിട്ടും ഞങ്ങൾ ചോദിച്ചു. നാളുകളായി ചില ബന്ധുക്കളും സ്നേഹിതരും നൽകുന്ന കരുതലും, വല്ലപ്പോഴും വാങ്ങുന്ന ബണ്ണും മാത്രമാണ് നാളുകളായി ആഹാരമെന്ന് അറിഞ്ഞു.
എന്റെ സ്റ്റാഫിനെയും വോളണ്ടിയേഴ്സ്നേയും കുറിച്ച് എനിക്ക് വലിയ അഭിമാനമാണ്. മഴ വകവെക്കാതെ, രണ്ടുദിവസം മുഴുവൻ ആ ഭവനാങ്കണത്തിൽ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ ഉൾപ്പെടെ ചിലവഴിച്ചതും, വീഡിയോയിൽ കാണുന്ന ആ അവസ്ഥയിലേക്ക് അവരെ തിരിച്ചു കൊണ്ടുവരാൻ പ്രയത്നിച്ചതും ഈ കാഴ്ച അവരുടെ ഉള്ളിൽ നൽകിയ വേദന ഒന്നുതന്നെയാണ്.
ഇങ്ങനെയുള്ള ചിത്രീകരണങ്ങളോട് ഒരുപാട് മമത തോന്നിയിട്ടില്ല എങ്കിലും പലപ്പോഴും നേരിട്ടുള്ള ഒരു ചോദ്യമാണ് അച്ചൻ ആർക്കാണ് എഴുപതോളം പേർക്ക് എല്ലാദിവസവും "ഒരു നേരം അന്നത്തിലൂടെ"(ഹോളിസ്റ്റിക് സെന്ററിന്റെ ഒരു പ്രവർത്തന പദ്ധതി) ആഹാരം നൽകുന്നത്? ഇങ്ങനെയുള്ള മനുഷ്യർ നമ്മുടെ ചുറ്റിലും ഉണ്ടോ? ഇങ്ങനെയുള്ള ചില ജീവിതയാഥാർത്ഥ്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നതിനേക്കാൾ ഉത്തരം എന്നോണം ഇതിവിടെ പോസ്റ്റ് ചെയ്യുന്നു.
പ്രിയപ്പെട്ടവരെ, യാഥാർത്ഥ്യങ്ങൾക്ക് നേരെ കണ്ണടച്ച്, സോഷ്യൽ മീഡിയയിൽ കണ്ണ് നട്ടിരിക്കുന്ന ജീവിതങ്ങൾക്ക് ഒരു യാഥാർത്ഥ്യത്തിന്റെ കാഴ്ച സമ്മാനിക്കുന്നു. എന്റെ സഭ പ്രസംഗിക്കുന്നത്പോലെ പ്രവർത്തിക്കുന്ന സഭയാണ് എന്നതിൽ അഭിമാനിക്കുന്നു.
സ്നേഹത്തോടെ,
ജിതിനച്ചൻ 🥰🙏🏻
J.M & M.A MEMORIAL CENTRE FOR HOLISTIC DEVELOPMENT, AYROOR