09/07/2019
*കേരള സംസ്ഥാന മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ അവർകൾക്കുള്ള തുറന്നകത്ത്*
ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
അങ്ങയുടെ അധികാരത്തിനു കീഴിലുള്ള കേരളത്തിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി നിലനിൽക്കുന്ന മലങ്കര സഭാ പ്രശ്നം സുപ്രീം കോടതി വിധിയെ തുടർന്ന് അതിന്റെ നിർണായക വഴിത്തിരിവിൽ എത്തി നിൽക്കുകയാണല്ലോ.
കോടതി വിധി നടപ്പിലാക്കുവാൻ ഉള്ള ഭരണഘടനാ ബാധ്യത അങ്ങേയ്ക്കുളളപ്പോൾ തന്നേ, ഒരു വിഭാഗം ജനങ്ങൾക്കർഹതപ്പെട്ട സ്വാഭാവിക നീതിയോടൊപ്പം മൗലികവും മാനുഷികവുമായ അവകാശങ്ങളുടെ ലംഘനങ്ങൾ വിധിനടത്തിപ്പു മൂലം ഉണ്ടാകുന്നില്ല എന്നുള്ള ഉറപ്പും അങ്ങേയ്ക്കു പാലിക്കേണ്ടതുണ്ടല്ലോ.
യഥാർത്ഥത്തിൽ മലങ്കര സഭയിൽ മാത്രം അല്ല കേരളത്തിൽ ഉള്ള എല്ലാ ക്രൈസ്തവ സഭകളിലും ഇന്ന് അനീതി നടമാടിക്കൊണ്ടിരിക്കുന്നു. ഇതിൽ കാരണം, വിശ്വാസികളുടെ പൊതുമുതൽ ഫ്യൂഡൽ സ്വഭാവം ഉള്ള മതനേതൃത്വത്തിന്റെ കരങ്ങളിൽ ബന്ധിക്കപ്പെട്ടിരിക്കുന്നതിനാൽ ആകുന്നു. ഈ സ്വത്തുക്കളുടെ മറവിലുള്ള അധർമ്മത്തിന്റെ വളർച്ചയാണ് ഇന്ന് കേരളത്തിൽ പൊതു സമൂഹത്തിനുപോലും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധത്തിലുള്ള സംഘർഷങ്ങളായി രൂപാന്തിരപ്പെട്ടിരിക്കുന്നതു.
ഞാൻ ഒരു കമ്മ്യൂണിസ്റ്റ് അല്ല. എങ്കിലും കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ചിലത് വായിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന മാവോയുടെ ഒരു പ്രസ്താവന ഇവിടെ കുറിച്ചു കൊള്ളട്ടെ, "പാർട്ടിക്കു പുറത്തുള്ളവർ അവരുടെ അഭിപ്രായം പറയുകയും, കമ്യൂണിസ്റ്റുകാർ ആ ആളുകളുടെ വീക്ഷണങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും വേണം. അവർ പറയുന്നത് ശരിയാണെങ്കിൽ, നമ്മൾ അതിനെ സ്വാഗതം ചെയ്യണം, അവരുടെ ശക്തമായ പോയിന്റുകളിൽ നിന്ന് നാം പഠിക്കണം; അത് തെറ്റാണെങ്കിൽ, അവർ പറയുന്നത് പൂർത്തിയാക്കാൻ നമ്മൾ അവരെ അനുവദിക്കുകയും തുടർന്ന് കാര്യങ്ങൾ ക്ഷമയോടെ വിശദീകരിക്കുകയും വേണം." അങ്ങയുടെ കമ്മ്യൂണിസ്റ്റ് ധാർമ്മികത സാധാരണ ക്രൈസ്തവ വിശ്വാസികളുടെ ഒരു പ്രതിനിധി എന്ന നിലയിൽ ബലഹീനനായ എന്നേ കേൾക്കുമെന്ന് ഞാൻ കരുതട്ടെ.
സഖാവേ,
ആരാണ് ക്രൈസ്തവ സഭയുടെ പൊതു സ്വത്തുക്കളുടെ ഉടമസ്ഥർ, അത് പുരോഹിത വർഗ്ഗമോ അതോ അൽമായ വർഗ്ഗമോ. സകലതും ഉപേക്ഷിച്ചു കുരിശ് എടുത്ത് കൊണ്ട് ക്രിസ്തുവിനെ അനുഗമിക്കുകയും, വിശ്വാസികളുടെ ഇടയനായിരിക്കുമ്പോൾ തന്നേ അവരുടെ പാദം കഴുകുവാൻ തക്ക വിധത്തിൽ ദാസമനോഭാവം ഉണ്ടായിരിക്കുകയും വേണ്ടവരാണ് ഞാൻ ഉൾപ്പെടുന്ന ക്രിസ്തീയ പുരോഹിത വർഗ്ഗം. എന്നാൽ ന്യൂനപക്ഷമായ ഞങ്ങൾ ഭൂരിപക്ഷം വിശ്വാസികളെയും ഞങ്ങളുടെ മുതലാളിത്ത വ്യവസ്ഥിതിയിൽ തളച്ചിട്ടിരിക്കുകയാണ്. ഇത് മൂലം ഞങ്ങളുടെ പക്കൽ കുമിഞ്ഞു കൂടുന്ന മൂലധനം പങ്കു വയ്ക്കുന്നതിലുള്ള വിഭാഗീയതയാണ് ഞങ്ങളിലൂടെ സംഘർഷമായി വിശ്വാസികളിൽ എത്തുന്നത്.
ഇതിനു ഒരു പരിഹാരം ഇല്ലേ. ഉണ്ട് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അങ്ങയുടെ പാർട്ടിയുടെയും മുന്നണിയുടെയും നിർദേശങ്ങൾ പ്രകാരം ജസ്റ്റിസ് V.R കൃഷ്ണയ്യർ അദ്ധ്യക്ഷൻ ആയിരുന്ന നിയമ പരിഷ്കാര കമ്മീഷൻ 2009 ൽ ഇടതുപക്ഷ സർക്കാർ മുൻപാകെ സമർപ്പിച്ച " കേരള ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് & ഇൻസ്റ്റിറ്റ്യൂഷൻ ട്രസ്റ്റ് ആക്ട്" ന്റെ കരട് ബില്ല് അങ്ങ് നിയമം ആക്കിയാൽ ഇപ്പോഴുള്ള സംഘർഷങ്ങൾക്കു പരിഹാരം ആകും.
പൗരോഹിത്യത്തിന്റെ യാതൊരു അവകാശങ്ങളെയും ഹനിക്കാതെ തന്നേ ക്രൈസ്തവ സഭാ വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുവാനും "എപ്പിസ്‌കോപ്പൽ ഫ്യൂഡലിസം" ഒരു പരിധി വരെ അവസാനിപ്പിക്കുവാനും കഴിയും.
ആയതിനാൽ, അങ്ങയോടു വിനീതപൂർവ്വം അഭ്യർത്ഥിക്കുന്നു. ചർച്ച് ബില്ല് 2009 പാസ്സാക്കിക്കൊണ്ട് ക്രിസ്തീയ സഭാ വിശ്വാസികളെ സംഘർഷങ്ങളിൽ നിന്നും മോചിപ്പിക്കുവാനുള്ള നടപടികൾ സമക്ഷത്തു നിന്നും ഉണ്ടാകണമേ.
വിനയപൂർവ്വം,
ബാർ യൂഹാനോൻ റമ്പാൻ
പിറമാടം ദയറാ
09 ജൂലൈ 2019