08/04/2025
സന്തോഷവും (Happiness) ആനന്ദവും (Pleasure).
പുറമേക്ക് ഒന്നാണെന്നു തോന്നുമെങ്കിലും, ഇവ തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട്.
ഒരു കുളിർമഴ പോലെ മനസ്സിനെ തലോടുന്ന അനുഭൂതിയാണ് സന്തോഷം, എന്നാൽ പെട്ടെന്നുള്ള മിന്നൽ പോലെ ഉണർത്തി അപ്രത്യക്ഷമാകുന്ന ഒന്നാണ് ആനന്ദം.
നമ്മൾ സന്തോഷം ഉണ്ടാകാനും ഉണ്ടാക്കാനുമാണ് ശ്രമിക്കേണ്ടത്. ആനന്ദത്തിന്റെ പിറകെ പോകുന്നത് നിരാശയും വിഷാദവും സമ്മാനിക്കും.
ഇത് രണ്ടിനെയും നിയന്ത്രിക്കുന്നത് Neurotransmitters എന്ന നമ്മുടെ ശരീരത്തിന്റെ അത്ഭുതകരമായ രാസവിനിമയങ്ങളാണ്.
സന്തോഷത്തെ പ്രധാനമായും നിയന്ത്രിക്കുന്നത് Serotonin എന്ന രാസ പദാർഥവും ആനന്ദത്തെ നിയന്ത്രിക്കുന്നത് Dopamine എന്ന രാസ പദാർഥവും ആണ്. സെറോടോണിൻ ഒരു നീണ്ട ശാന്തതയാണ്, പക്ഷേ ഡോപമൈൻ ഒരു ക്ഷണികമായ മിന്നൽ പോലെയും.
സിറോട്ടോണിന്റെ നിയന്ത്രണത്തിലുള്ള സന്തോഷം ശാന്തമായി ഒഴുകുന്ന ഒരു പുഴ പോലെയാണ്. നിനച്ചിരിക്കാതെ വരുന്നതല്ല, പതിയെ ഒഴുകി, മനസ്സിന്റെ കരകളെ തഴുകി, ഒരു ശാന്തത പടർത്തുന്നതാണ്. പഴയ ഒരു ഓർമയുടെ മധുരത്തിൽ നിന്നോ, അല്ലെങ്കിൽ പ്രകൃതിയുടെ മൗനത്തിൽ നിന്നോ അത് ഉടലെടുക്കാം.
വീടിന്റെ മുറ്റത്ത്, മഴയ്ക്കു ശേഷം മണ്ണിന്റെ ഗന്ധം ആസ്വദിക്കുമ്പോൾ മനസ്സിൽ പടരുന്ന ഒരു ഒരു സുഖമില്ലേ—അതാണ് സന്തോഷം. ഇതിനെ നിയന്ത്രിക്കുന്നത് സെറോടോണിൻ മാത്രമല്ല; ഓക്സിടോസിൻ എന്ന "സ്നേഹത്തിന്റെ രാസപദാർത്ഥവും" ഇതിൽ പങ്കാളിയാകുന്നുണ്ട്.
സുഹൃത്തുക്കളുടെ സാമീപ്യം, ഒരു യാത്ര, തുടങ്ങിയ കൊച്ചു കൊച്ചു കാര്യങ്ങളിൽ സെറോടോണിൻ ഉണരുകയും മനസ്സിന് സന്തോഷത്തിന്റെ തണൽ നൽകുകയും ചെയ്യും.
ആനന്ദം അഥവാ Pleasure വേറൊന്നാണ്—അത് ഒരു മിന്നലാണ്. പെട്ടെന്ന് വന്ന്, ശക്തിയോടെ ആഞ്ഞടിച്ച്, പിന്നെ മായുന്ന ഒന്ന്. ആനന്ദത്തിനു പിന്നിൽ പ്രവർത്തിക്കുന്നത് Dopamine ആണ്. തലച്ചോറിന്റെ "പ്രതിഫല സംവിധാനത്തെ" (reward system) ഉത്തേജിപ്പിക്കുന്ന ഡോപമൈൻ, നമ്മെ ആനന്ദത്തിന്റെ കൊടുമുടിയിലേക്ക് കൊണ്ടുപോയേക്കാം. ചിലപ്പോൾ, എൻഡോർഫിൻ എന്ന രാസപദാർത്ഥവും ഈ ആനന്ദത്തിൽ പങ്കുചേരാം.
നമ്മൾ ശ്രദ്ധിക്കേണ്ടത്, ആനന്ദത്തിനു വേണ്ടിയല്ല, മറിച്ചു സന്തോഷത്തിനു വേണ്ടിയാണ് നാം ശ്രമിക്കേണ്ടത്. സന്തോഷമാണ് ആരോഗ്യം. അമിതമായ ആനന്ദത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ ഒരു രോഗാവസ്ഥയാണ് എന്ന് നാം തിരിച്ചറിയണം.
ആനന്ദത്തിൻറെ തിളക്കം ക്ഷണികമാണ്—അത് മങ്ങുമ്പോൾ, മനസ്സ് വീണ്ടും ഒരു പുതിയ ആനന്ദത്തിനായി കൊതിക്കുന്നു. ഡോപമൈന്റെ ഒഴുക്ക് കുറയുന്നതോടെ, ആനന്ദവും മങ്ങുന്നു.
മുമ്പ് ചെറിയ കാര്യങ്ങളിൽ ആനന്ദം കണ്ടെത്തിയവർക്കു പിന്നീട് അത്തരം കാര്യങ്ങളിൽ ആനന്ദം കണ്ടെത്താൻ കഴിയില്ല.
ആദ്യമൊക്കെ, ഒരു ചെറിയ കാര്യം പോലും ഡോപമൈന്റെ ഒഴുക്കിനെ ഉണർത്തും. പക്ഷേ, ആവർത്തനം കൂടുമ്പോൾ, തലച്ചോറ് അതിനോട് "പരിചയപ്പെടുന്നു". ഡോപമൈന്റെ പ്രതികരണം കുറയുന്നു, ആനന്ദം മങ്ങുന്നു. ഒരേ പലഹാരം വീണ്ടും വീണ്ടും കഴിക്കുമ്പോൾ അതിന്റെ രുചി മനസ്സിനെ തൊടാതാകുന്നതു പോലെ. ഇതിനെ മനഃശാസ്ത്രത്തിൽ "hedonic adaptation" എന്ന് വിളിക്കുന്നു. മുമ്പ് ആനന്ദം നൽകിയിരുന്ന കാര്യങ്ങൾ ഇപ്പോൾ ആനന്ദം നൽകാതെ ആകുന്നു.
അപ്പോൾ ആനന്ദത്തിന്റെ അളവ് കൂട്ടാൻ മനുഷ്യൻ ചിലപ്പോൾ പുതിയ വഴികൾ തേടുന്നു.
പക്ഷേ, ഇവിടെ ഒരു കെണിയുണ്ട്.
ഡോപമൈൻ കൂടുതൽ കൂടുതൽ വേണമെന്ന് മനസ്സ് ആവശ്യപ്പെടും. ഇതാണ് "അഡിക്ഷൻ" എന്ന അവസ്ഥയുടെ മർമം—ഡോപമൈന്റെ അടിമത്തം.
ഉദാഹരണമായി മദ്യത്തിന്റെ ഒരു സിപ്പിൽ ഒരാൾ ആനന്ദം കണ്ടെത്തുമ്പോൾ അവന്റെ തലച്ചോറ് ആ അനുഭവത്തെ ഒരു "പ്രതിഫലമായി" (“Reward”) രേഖപ്പെടുത്തുന്നു. പക്ഷേ, കാലം കഴിയുന്തോറും, അതേ ആനന്ദത്തിന് കൂടുതൽ മദ്യം വേണ്ടിവരുന്നു. ഡോപമൈൻ റിസപ്റ്ററുകൾ (receptors) ക്ഷയിക്കുന്നു, മനസ്സ് ഒരു അനന്തമായ ചക്രത്തിൽ കുടുങ്ങുന്നു—കൂടുതൽ തേടുന്നു, പക്ഷേ കണ്ടെത്തുന്നില്ല.
അത് പോലെ ഒരു സൈക്കിൾ സ്വന്തമാക്കുമ്പോൾ ഒരു കുട്ടിയിൽ ഡോപാമൈൻ ഉണ്ടാവുകയും അത് ആ കുട്ടിയിൽ വർധിച്ച ആനന്ദം ഉണ്ടാക്കുകയും ചെയ്യുന്നു. പിന്നീട് അതേ ആനന്ദം ആ വ്യക്തിയിൽ ഉണ്ടാകണമെങ്കിൽ പിന്നീട് ബൈക്കോ, അത് കഴിഞ്ഞ് കാറോ അതും കഴിഞ്ഞു വിലകൂടിയ കാറോ സ്വന്തമാക്കേണ്ടി വരും.
അതായത് ആനന്ദത്തിനു പിറകേ നിങ്ങൾ പോയാൽ പിന്നീട് ഒന്നിനും നിങ്ങളെ ആനന്ദിപ്പിക്കാൻ കഴിയാതെ വരും.
ആനന്ദത്തിൻറെ മായയിൽ കുടുങ്ങിയ ഒരാൾ, ഡോപമൈന്റെ അനന്തമായ ചക്രത്തിൽ അകപ്പെട്ടിരിക്കുന്നു.
പക്ഷേ, ആനന്ദത്തിനു പകരം സന്തോഷത്തിന്റെ വഴി തേടിയാൽ മനസ്സ് ഡോപമൈന്റെ അടിമത്തത്തിൽ നിന്ന് മോചിതമാകും. സെറോടോണിന്റെ ശാന്തത അഡിക്ഷന്റെ ആവർത്തന ചക്രത്തെ ഭേദിക്കും.
ഇവിടെയാണ് നമ്മൾ depression നെ മനസ്സിലാക്കേണ്ടത്.
എന്താണ് Depression:-
മനസ്സിന്റെ ഇരുൾ മൂടിയ അവസ്ഥയാണ് ഡിപ്രെഷൻ. ഒരു ഭാരമായ മൗനം, ഒരു നിഴലായ തളർച്ച. ഡിപ്രെഷൻ എന്നത് മനസ്സിന്റെ ഒരു അവസ്ഥ മാത്രമല്ല; അത് ശരീരത്തിന്റെ രാസവിനിമയങ്ങളിലെ അസന്തുലിതാവസ്ഥ കൂടിയാണ്.
ഡിപ്രെഷനിൽ, സെറോടോണിൻറെ അളവ് കുറയുയുകയും മനസ്സിൽ ഇരുൾ നിറയുകയുകയും ചെയ്യുന്നു. അപ്പോൾ മനസ്സ് ഒരു വെളിച്ചത്തിനായി കൊതിക്കുന്നു. ഇതിൽ നിന്നു രക്ഷപ്പെടാൻ ചിലപ്പോൾ മനുഷ്യൻ ആനന്ദത്തിന്റെ തീപ്പൊരികൾ തേടും- മദ്യത്തിന്റേയോ മറ്റോ ക്ഷണികമായ വഴികൾ. ഇത് ഡോപമൈന്റെ ഒഴുക്കിനെ ഉണർത്തി ചുരുങ്ങിയ സമയത്തേക്ക് മനസ്സിന് ഒരു വെളിച്ചം നൽകിയേക്കാം.
പക്ഷേ, ഈ വെളിച്ചം ഒരു മിന്നലാണ്—വന്നപോലെ മങ്ങും. ആ തീപ്പൊരി മങ്ങുമ്പോൾ, മനസ്സ് കൂടുൽ ഇരുട്ടിലാവുന്നു.
ഡോപമൈൻ, തലച്ചോറിന്റെ "പ്രതിഫല സംവിധാനത്തെ" ഉത്തേജിപ്പിക്കുമ്പോൾ, അത് ക്ഷണികമായ ഒരു ആനന്ദം മാത്രമേ നൽകൂ. ഡിപ്രെഷനിൽ, ആനന്ദത്തിന്റെ വഴികൾ തേടിയാൽ മനസ്സ് ഒരു ചുഴിയിൽ വീണു പോകും. പിന്നെ ഈ ചുഴിയിൽ നിന്നും കരകയറാൻ ബുദ്ധിമുട്ടാകും.
ചുരുക്കി പറഞ്ഞാൽ, ഡോപമൈൻ ഒരു ക്ഷണികമായ തീയാണ്, അതേ സമയം സെറോടോണിൻ ഒരു നീണ്ട ശാന്തതയാണ്.
ഡോപമൈന്റെ തീവ്രതകൊണ്ടല്ല, സെറോടോണിന്റെ ശാന്തത കൊണ്ടാണ് മനസ്സിൻറെ ഇരുട്ടിലേക്ക് വെളിച്ചം വീശേണ്ടത്.
സന്തോഷത്തിൻറെ (Happiness) വഴികളാണ് നാം തേടേണ്ടത്.
സെറോടോണിന്റെ സന്തുലനം തിരികെ കൊണ്ടുവരികയാണ് ചെയ്യേണ്ടത്.
ആനന്ദത്തിന്റെ മിന്നലിനെ പിന്തുടരുന്നതിനു പകരം, സന്തോഷത്തിന്റെ പുഴയിലേക്ക് നടക്കണം. അപ്പോൾ മനസ്സ് പതിയെ ശാന്തമാകും. ഈ ശാന്തത കൈവരിക്കാൻ ചില വഴികൾ നമുക്ക് മുന്നിലുണ്ട്:
1. നന്ദി (Gratitude): ഒരു നിമിഷം നിന്ന്, നമുക്കുള്ള അനുഗ്രഹങ്ങളെ ഓർക്കുക. ചെറിയ ചെറിയ കാര്യങ്ങളിൽ സന്തോഷം (Happiness) കണ്ടെത്തുക- ഒരു ചിരി, ഒരു കാറ്റ്, ഒരു സൂര്യോദയം, ഒരു യാത്ര. ഇത് സെറോടോണിന്റെ ഒഴുക്കിനെ പതിയെ ഉണർത്തും. ക്രമേണ മനസ്സ് ശാന്തമാകും.
2. പ്രകൃതിയോട് അടുക്കുക: ഒരു മരത്തിന്റെ ചുവട്ടിൽ ഇരിക്കുക, പുഴയുടെ ഒഴുക്ക് കാണുക. പ്രകൃതി മനസ്സിന് സമാധാനം നൽകും. സെറോടോണിന്റെ സന്തുലനം തിരികെ കൊണ്ടുവരും.
3. ബന്ധങ്ങൾ: ഒറ്റപ്പെടലാണ് ഡിപ്രെഷന്റെ ഇന്ധനം. പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കുക. ഓക്സിടോസിൻ എന്ന "സ്നേഹത്തിന്റെ രാസവസ്തു" മനസ്സിനെ തലോടും.
4. ശ്രദ്ധയോടെ ജീവിക്കുക (Mindfulness): എന്തൊക്കയോ വെട്ടിപ്പിടിക്കാൻ ഓടുന്ന ഈ ലോകത്ത് ഒരു നിമിഷം നിന്ന്, ശ്വാസം ശ്രദ്ധിക്കുക. ഉള്ളതിൽ സന്തോഷം കണ്ടെത്തുക. ഇത് മനസ്സിനെ ആനന്ദത്തിന്റെ അന്ധമായ പിന്തുടർച്ചയിൽ നിന്ന് മോചിപ്പിക്കും.
5. ജീവിതത്തിൽ അടുക്കും ചിട്ടയും കൊണ്ട് വരിക.
സന്തോഷവും ആനന്ദവും മനസ്സിൻറെ രണ്ട വ്യത്യസ്തങ്ങളായ അവസ്ഥകളാണ്. ആനന്ദം തേടുമ്പോൾ അതിന്റെ നഷ്ടത്തിനായി തയ്യാറാവുക. രണ്ടിനും അതിന്റേതായ സമയവും സ്ഥാനവുമുണ്ട്—ഒരു പുഴയും മിന്നലും പോലെ.
"You can’t stop the waves, but you can learn to surf."
Dr. Jaleel. K. K, MD(Hom)
Former Asst Professor.
NB:- ഇത് copy right ഉള്ള ലേഖനം ആണ്. Share ചെയ്യുന്നതിന് തടസ്സമില്ല.