18/01/2023
*ജലദോഷം*
_നിങ്ങൾക്ക് ജലദോഷത്തിനെ പറ്റി അറിയാമോ ?_
ജലദോഷം വൈറസ് മൂലമുണ്ടാകുന്ന ഒരു രോഗമാണ്. ശ്വാസനാളിയുടെ മുകൾ ഭാഗത്താണ് ഈ അസുഖം ലക്ഷണങ്ങൾ കാണിക്കുന്നത്.
ജലദോഷത്തെ വർഗ്ഗീകരിക്കുന്നത് രോഗബാധ ഉണ്ടാകുന്ന ശരീരഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ്. മൂക്കിനെയും തൊണ്ടയെയും ബാധിക്കുന്നതിനെ ഫാരിഞ്ചൈറ്റിസ് എന്നും, സൈനസുകളെ ബാധിക്കുന്നത് സൈനസൈറ്റിസ് എന്നും കണ്ണുകളെ ബാധിക്കുന്നതിനെ കൺജൻക്ടിവൈറ്റിസ് എന്നും വിളിക്കുന്നു. രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത് പ്രധാനമായും രോഗാണുവിനെതിരേ ശരീരത്തിലെ പ്രതിരോധം മൂലമാണ്.
ചികിത്സയില്ലെങ്കിലും ഏഴു മുതൽ പത്ത് ദിവസങ്ങൾ കൊണ്ട് തനിയെ മാറുന്നൊരു അസുഖമാണിത്, എന്നിരുന്നാലും ജലദോഷം വരുമ്പോൾ മറ്റസുഖങ്ങൾ പിടിപെടാനും അത് മരുന്നില്ലാതെ മാറാതിരിക്കാനും സാധ്യതയുണ്ട്. രോഗത്തിന്റെ ചില ലക്ഷണങ്ങൾ മൂന്നാഴ്ച്ചവരെ നീണ്ടുനിൽക്കാറുണ്ട്.
തുമ്മൽ, മൂക്കൊലിപ്പ്, മൂക്കടപ്പ്, ചുമ, തൊണ്ടയിലുണ്ടാകുന്ന അസ്വസ്ഥതകൾ, നേരിയ തലവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇതോടൊപ്പം പനി, കുറുങ്ങൽ, ശ്വാസംമുട്ട് എന്നീ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടേണ്ടതാണ്.
_ജലദോഷം ഇടവിട്ട് വരുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം_
ദുര്‍ബലമായ രോഗപ്രതിരോധ ശേഷിയുള്ളവര്‍ക്ക് ഇടയ്ക്കിടെ ജലദോഷം വരാം. മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പമേറുന്നതും തണുപ്പുകാലത്ത് ശരീരം പുതിയ കാലാവസ്ഥയുമായി പൊരുത്തപ്പെടാതെ വരുന്നതും രോഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നുണ്ട്. 200-ലധികം വൈറസുകൾ ജലദോഷത്തിനു കാരണമാകാറുണ്ടെങ്കിലും റൈനോവൈറസ് എന്നയിനമാണ് ഏറ്റവും കൂടുതലായി കണ്ടുവരുന്നത്. ഭൂരിഭാഗം ആൾക്കാരിലും ജലദോഷം വരുന്നത് മറ്റൊരാളിൽ നിന്ന് പകർന്നാണ്.
കൈകൾ കഴുകുന്നതാണ് രോഗം വരാതെ തടയാനുള്ള ഏറ്റവും പ്രധാനമാർഗ്ഗം. കെെ എപ്പോഴും സോപ്പിട്ട് കഴുകാൻ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രിയിൽ പോയി വന്നശേഷം, ബാത്ത്റൂമിൽ പോയ ശേഷം, രോഗബാധിതരെ തൊട്ടതിന് ശേഷം, വൃത്തി ഹീനമായ എന്തില്ലെങ്കിലും തൊട്ടതിന് ശേഷം, തുമ്മിയതിന് ശേഷം എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ കെെ കഴുകാൻ പ്രത്യേകം ശ്രദ്ധിക്കണം. ആവശ്യമുള്ള സമയത്ത് ഫേസ് മാസ്കുകൾ ഉപയോഗിക്കുന്നതും രോഗം തടയാൻ സഹായകമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുതകുന്ന ഭക്ഷ്യ വസ്തുക്കളുടെ ഉപയോഗം മൂലം ഒരു പരിധി വരെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.
ജലദോഷത്തിന് ഫലപ്രദമായ ചികിത്സകൾ ലഭ്യമല്ലെങ്കിലും രോഗലക്ഷണങ്ങൾ ചികിത്സിക്കാവുന്നതാണ്. മനുഷ്യരെ ഏറ്റവും കൂടുതൽ ബാധിക്കുന്ന അസുഖമാണിത്. സാധാരണഗതിയിൽ മുതിർന്ന ഒരാളെ ഒരു വർഷം രണ്ടോ മൂന്നോ തവണ ജലദോഷം ബാധിക്കും. കുട്ടികളെ വർഷം തോറും ആറുമുതൽ പന്ത്രണ്ടുവരെ തവണ ഈ അസുഖം ബാധിക്കാറൂണ്ട്.
ഈ മഴക്കാലത്ത് ആരോഗ്യം പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് കോവിഡ് 19 മഹാമാരി കടന്നുപോയിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഏതൊരു രോഗവും കാണിക്കുന്ന ലക്ഷണങ്ങൾ തീവ്രമായി ബാധിക്കുന്നത് കൊണ്ട് , ജീവിത ശൈലിയിലൂടെയും വ്യക്തി ശുചിത്വത്തിലൂടെയും നമുക്ക് ആരോഗ്യവും രോഗപ്രതിരോധശേഷിയും കൂട്ടാം.
Dr. Mufeeda
Heal homoeo clinic
Kandothukuni