05/10/2022
ശാന്തിഗിരിയിൽ സന്ന്യാസദീക്ഷാ വാർഷികം ; ഗുരുസ്ഥാനീയ ശിഷ്യപൂജിതയിൽ നിന്ന് ദീക്ഷ സ്വീകരിച്ച് ഇരുപത് പേർ
പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിലെ മുപ്പത്തിയെട്ടാമത് സന്ന്യാസദീക്ഷ വാർഷികത്തോടനുബന്ധിച്ച് ഗുരുസ്ഥാനീയ ശിഷ്യപൂജിതയിൽ നിന്നും ഇരുപത് ബ്രഹ്മചാരികൾ ദീക്ഷ സ്വീകരിച്ചു. രാവിലെ 5 മണിയുടെ ആരാധനയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. പ്രാർത്ഥനാമുഖരിതമായ അന്തരീക്ഷത്തിൽ സഹകരണമന്ദിരത്തിൽ രാവിലെ ഏഴിന് ദീക്ഷ ചടങ്ങുകൾ ആരംഭിച്ചു. ബ്രഹ്മചാരിമാരിൽ ഓരോരുത്തരായി ശിഷ്യപൂജിതയ്ക്ക് മുന്നിൽ താമരപ്പൂവും തെളിയിച്ച വെള്ളിവിളക്കും വച്ച തട്ടം സമർപ്പിച്ച് ഗുരുപാദവന്ദനം നടത്തി. പ്രത്യേകം സജ്ജീകരിച്ച പീഠത്തിൽ ഗുരുസങ്കൽപ്പത്തോടെ ഹാരം ചാർത്തി ആരാധന നടത്തിയതിനുശേഷം ഓരോരുത്തരും ശിഷ്യപൂജിതയിൽ നിന്നും വസ്ത്രവും പുതിയനാമവും സ്വീകരിച്ചു. ശുഭ്രവസ്ത്രധരികളായ ബ്രഹ്മചാരിമാർ ദീക്ഷ സ്വീകരിച്ച ശേഷം പീതവസ്ത്രധാരികളായി മാറി. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പുതിയ അംഗങ്ങളെ സഹകരണമന്ദിരത്തിലേക്ക് ആനയിച്ചു. ഗുരുകല്പനപ്രകാരം പുതിയ അംഗങ്ങളുടെ ദീക്ഷാനാമം ജനറൽ സെക്രട്ടറി വിളംബരം ചെയ്തു. ജർമ്മൻ സ്വദേശിയായ സ്റ്റെഫാൻ ഇനിമുതൽ സ്വാമി സത്യവ്രതൻ ജ്ഞാന തപസ്വി എന്നറിയപ്പെടും. പോലീസ് സേനയിൽ അംഗമായിരുന്ന മനോജ്കുമാർ. സി.പിക്ക് സ്വാമി ജഗദ്രൂപൻ ജ്ഞാന തപസ്വി എന്നാണ് പുതിയപേര്. ബ്രഹ്മചാരിമാരായിരുന്ന നിബു. വി.എസ്- സ്വാമി ജ്യോതിർപ്രഭ, ഹരികൃഷ്ണൻ.ജി- സ്വാമി സത്യചിത്ത്, ഇ.ഒ.ബാബു- സ്വാമി മംഗളാനന്ദൻ, ശ്രീജിത്ത്.എം.വി - സ്വാമി ശ്രീജിത്ത്, രാജീവൻ. പി.എസ്- സ്വാമി പ്രകാശരൂപ, അനൂപ്. ടി.പി- സ്വാമി ആത്മധർമ്മൻ, ഗിരീഷ്.ഇ- സ്വാമി ആത്മബോധ, രാജീവൻ.ഒ.പി - സ്വാമി കാരുണ്യാനന്ദൻ, ബിനീഷ്. എം - സ്വാമി നിത്യപ്രകാശ, ബിജുമോൻ.പി.എം- സ്വാമി ആത്മചിത്തൻ, മനോജ്കുമാർ. കെ.പി - സ്വാമി ചിത്തപ്രകാശ, മധുസൂദനൻ. പി.പി- സ്വാമി ജനപ്രഭ, ഗോപീകൃഷ്ണൻ.യു.പി- സ്വാമി അശോകതീർത്ഥൻ, ജയചന്ദ്രൻ.വി.എസ് - സ്വാമി ചന്ദ്രതീർത്ഥൻ, വിനോദ്കുമാർ.പി.ആർ- സ്വാമി വിവേക്, ജയചന്ദ്രൻ.എൻ .പി - സ്വാമി ജയപ്രഭ, ബിജു. കെ - സ്വാമി പദ്‌മഗിരി, മഹേഷ് .പി.പി- സ്വാമി നിത്യചൈതന്യൻ എന്നീ പേരുകളിലാകും ഇനി അറിയപ്പെടുക. പേരിനോടൊപ്പം 'ജ്ഞാന തപസ്വി' എന്നും ചേർക്കപ്പെടും. 36 യുവാക്കളും 24 യുവതികളുമടക്കം അറുപത് പേരാണ് ദീക്ഷാവാർഷികദിനത്തിൽ ബ്രഹ്മചാരി സംഘത്തിലേക്ക് ചേർന്നത് . ഇതിൽ അഞ്ചു പേർ കേരളത്തിന് പുറത്തുനിന്നുള്ളവരാണ്.
പ്രാർത്ഥനാസങ്കൽപ്പങ്ങളുടെ ഭാഗമായി 11 മണിക്ക് സ്പിരിച്വൽ സോണിലെ ഗുരുവിന്റെ ഉദ്യാനത്തിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര നടന്നു. ഗുരുധർമ്മപ്രകാശസഭയിലെ മുഴുവൻ അംഗങ്ങളും ഘോഷയാത്രയിൽ പങ്കെടുത്തു. പുതുതായി 20 പേർ കൂടി ചേർന്നതോടേ 86 പേരടങ്ങുന്ന ആശ്രമത്തിന്റെ സന്ന്യാസ സംഘത്തിൽ 106 അംഗങ്ങളായി. ഉച്ചയ്ക്ക് 12 മണിയുടെ ആരാധനയ്ക്ക് ശേഷം താമരപ്പർണ്ണശാലയിൽ സന്ന്യാസസംഘത്തിന്റെയും രക്ഷകർത്തൃസമിതിയുടേയും വിവിധ സമർപ്പണങ്ങൾ നടന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി ആയിരകണക്കിന് ഗുരുഭക്തരും ആത്മീയ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖരും ചടങ്ങുകളിൽ സംബന്ധിച്ചു. വൈകുന്നേരം 6 ന് ആരാധനയ്ക്ക് ശേഷം പുഷ്പസമർപ്പണവും തുടർന്ന് ദീപപ്രദക്ഷിണവും നടന്നു.