30/03/2018
ഒറ്റക്കമ്പിയിട്ടാല് പല്ല് താഴൂല്ലേ ഡോക്ടറേ??!!
വെക്കേഷണ് ആയാൽ പല്ല് കമ്പി കെട്ടിക്കാന് വരുന്നവര് സ്ഥിരം എറിയുന്ന ഒരു ചോദ്യശരമാണിത്!
കമ്പിയിടണം എന്ന ആഗ്രഹവുമായി ഇഷ്ടം പോലെ കുട്ടികളും മുതിർന്നവരും വരാറുണ്ട്. എന്നാൽ പലർക്കും കമ്പി ചികിത്സയെ കുറിച്ച് ABCD അറിയില്ല. സുഹൃത്തുക്കളോ അയൽവാസികളോ ഗൂഗിൾ അങ്കിളോ ഒക്കെ പറഞ്ഞ വിവരങ്ങൾ തങ്ങളുടെ വായിലും നടക്കുമോ എന്ന സംശയവും ആയിട്ടാണ് മിക്കവരും വരുന്നത്.
കമ്പി കാര്യത്തിൽ ചെറിയ ചില ടിപ്സ്!
പൊന്തിയതോ നിര തെറ്റിയതോ അകന്നതോ കൂടിയിരിക്കുന്നതോ തിരിഞ്ഞിരിക്കുന്നതോ തലകുത്തിയിരിക്കുന്നതോ എന്തിന് മൂക്കിനകത്ത് ഇരിക്കുന്നതോ ആയ പല്ലുകളെ പോലും അനുസരണ പഠിപ്പിച്ച് സ്കൂൾ കുട്ടികൾ അസംബ്ലിയിലേക്ക് വരിയായി പോകുന്ന കണക്കെ അച്ചടക്കത്തോടെ വായ്ക്കകത്ത് ഇരിക്കാന് പഠിപ്പിക്കലാണ് Fixed Orthodontic Treatment അഥവാ സ്ഥിരീക്രത ദന്തക്രമീകരണം.
(എല്ലാവർക്കും മനസ്സിലായല്ലോ! ഒരു relaxation ആയി)
അത്യാധുനികമായ വിവിധയിനം കമ്പികൾ ഉപയോഗിച്ച് അതി വിദഗ്ധമായി ചെയ്യുന്ന യാന്ത്രികമായ ഒരു പ്രക്രിയയാണ് സത്യത്തിൽ ഈ "കമ്പിയിടൽ" ചടങ്ങ്. ഓരോ ഓരോ വ്യക്തിക്കും ദന്തക്രമീകരണത്തിന്റെ treatment plan മാറിയിരിക്കും. അത് അയാളുടെ പ്രായം, മുഖത്തിന്റെയും താടിയെല്ലുകളുടേയും വലിപ്പം, ആക്രതി, കണ്ണ്, ചുണ്ട്, മൂക്ക്, വായ്ക്കകത്തെ പല്ലുകളുടെ എണ്ണം, രൂപം, തുടങ്ങി അനേകം ലക്ഷണങ്ങളെ ആശ്രയിച്ച് ഇരിക്കും. "മുഖ ലക്ഷണ"ത്തിന് വലിയ കാര്യമുണ്ടെന്നറ്ഥം!
അതായത്, അയല്പക്കത്തെ കൊച്ചിന്റെ വായിൽ ഇട്ട കമ്പി ആവണമെന്നില്ല എന്റെ കൊച്ചിന്റെ വായിലിടുന്നത്. ഒരു വ്യക്തി ചിലപ്പോൾ പല്ലുകൾ ഒന്നും പറിക്കാതെയാണ് ചികിത്സ ചെയ്തത് എങ്കിൽ മറ്റൊരാൾ മൂന്നോ നാലോ പല്ല് പറിച്ചായിരിക്കും ചികിത്സ ചെയ്യുക.രോഗിയുടെ അവസ്ഥയും അയാളും അയാളുടെ ഡെന്റിസ്റ്റും പ്രതീക്ഷിക്കുന്ന ഉദ്ധിഷ്ഠ ഫലത്തിനും അനുസരിച്ച് ചികിത്സ രീതിയും സമയവും ഉപയോഗിക്കുന്ന സാധന സാമഗ്രികളും ഒക്കെ മാറിയെന്നിരിക്കും. അതിനനുസരിച്ച് ചിലവ് കൂടിയോ കുറഞ്ഞോ വരാനും സാധ്യതയുണ്ട്.
അതു പോലെ തന്നെയാണ് ഇക്കാര്യത്തിൽ ഡോക്ടറുടെ കഴിവും പ്രാഗല്ഭ്യവും. അതി സങ്കീർണ്ണമായ ദന്തക്രമീകരണം കൈ വഴക്കവും അനുഭവ സമ്പത്തും ഉള്ളവർക്കേ കഴിയൂ. മൂക്കിനു താഴെ ഒളിഞ്ഞു കിടക്കുന്ന ആണി പല്ലിനെ കമ്പികൾ വലിച്ച് കെട്ടി പതുക്കെ പതുക്കെ ഇറക്കി അതിന്റെ സ്ഥാനത്തേക്ക് എത്തിക്കുന്ന പണിയൊക്കെ ചെറിയ "പണി" ഒന്നുമല്ല! ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകുന്ന സ്വഭാവമുള്ള പല്ലുകളും ക്രിത്യമായി ഡെന്റിസ്റ്റിന്റെ അടുത്ത് ചെക്കപ്പിന് വരാത്ത രോഗിയും ആണെങ്കിൽ "പണി" പാളിയത് തന്നെ! ചികിത്സ നീണ്ട് നീണ്ട് പോകാൻ വേറെ ഒരു ബുദ്ധിമുട്ടും ഇല്ല.
ഒറ്റക്കമ്പിയാണ് താരം!
യഥാർത്ഥത്തിൽ ആളുകൾ അന്വേഷിച്ചു വരുന്ന "ആ കമ്പി" ഒറ്റക്കമ്പിയാണ്. ഒറ്റക്കമ്പി എന്നാൽ പല്ലിന് മുകളിലൂടെ ഒരൊറ്റ വയർ വളച്ച് വച്ച് അകത്ത് അക്രിലിക്കില് പ്ലേറ്റും ഉണ്ടാക്കി വയ്ക്കുന്ന ഒരു സിമ്പിൾ Removable Orthodontic Appliance. സത്യത്തിൽ ടിയാന് ദന്ത ക്രമീകരണ രംഗത്തെ പരമ സാധുവും ശുദ്ധനും ആയ ആളാണ്. ശുദ്ധന് ദുഷ്ടന്റെ ഫലം ചെയ്യും എന്ന് പറഞ്ഞ പോലെ ആണ് പുള്ളിക്കാരന്റെ കാര്യങ്ങൾ! പല്ലുകളെ സൂക്ഷ്മായും ക്രിത്യമായും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് വേരു സഹിതം നീക്കാൻ അങ്ങേരെ കൊണ്ട് കഴിയില്ല. എന്നാലും ആളുകളുടെ മനസ്സിൽ വലിയ മതിപ്പാണ് കക്ഷിയെ കുറിച്ച്. ഞങ്ങളാണെങ്കിലോ, മുത്ത് പതിപ്പിച്ച് പല്ല് കെട്ടലൊക്കെ കഴിഞ്ഞ് എല്ലാം കഴുകി വ്യത്തിയാക്കിയതിന് ശേഷം പല്ലുകൾ എല്ലാവരും ഇരുത്തിയിടത്ത് അടങ്ങിയിരിക്കുന്നു എന്ന് ഉറപ്പ് വരുത്താൻ മാത്രമേ ആളെ വിളിക്കാറുള്ളൂ. ഈ പരിപാടിക്ക് ഞങ്ങൾ പറയുക Retention എന്നാണ്.
ഇത്രയും ഒക്കെ പറഞ്ഞത് ഒറ്റക്കമ്പി ഇട്ടാൽ പല്ല് താഴില്ല എന്ന് പ്രത്യേകം പറയാനാണ്. പല്ല് താഴണമെങ്കില് സ്റ്റീലോ സിറാമിക്കോ ഉപയോഗിച്ച് നിർമ്മിക്കുന്ന മുത്തുകള് [കട്ടകള് അഥവാ brackets] പതിച്ച് അവയിലൂടെ കമ്പിയിട്ട് പല്ലുകളെ വലിക്കണം. ചിലപ്പോൾ പല്ലുകൾ പറിക്കേണ്ടിയും വരും. താഴ്ത്തുക മാത്രമല്ല മോണ രോഗം ബാധിക്കാത്ത ആരോഗ്യമുള്ള പല്ലുകൾ ആണെങ്കിൽ എങ്ങനെ ഇരിക്കുന്ന പല്ലുകൾ ആണെങ്കിലും നമുക്ക് അവയെ ശരിയാക്കി എടുക്കാം. ഏതു പ്രായത്തിലും!
ഉം.. പറ്റും.. ഞാനല്ലേ പറയുന്നത്! എല്ലാം ശരിയാക്കാമെന്നേ.
ദന്തക്രമീകരണം മുഖ സൗന്ദര്യ സംരക്ഷണത്തിന്റെയും smile designing ന്റെയും അവിഭാജ്യ ഘടകമാണ്.
Orthodontic treatment(ദന്ത ക്രമീകരണ ചികിത്സ) നെ കുറിച്ചുള്ള തെറ്റിദ്ധാരണകളും സംശയങ്ങളും എല്ലാം ഡെന്റിസ്റ്റിനോട് ചോദിച്ച് തിരുത്തൂ, അറിയൂ...
Tailpeice എന്നു വച്ചാ വാൽകഷ്ണം:
ഒരിക്കൽ ഒരു കുട്ടിയുടെ അച്ഛൻ എന്നോട് പറഞ്ഞു, ന്റെ ഡോക്ടറെ വീട്ടിൽ മെയിൻ വാർപ്പിന് കമ്പി അത്യാവശ്യം വന്നാ ഇതീന്ന് എടുക്കാവോ... ന്ന്!
കോമഡി! കോമഡി!
ഹു ഹു ഹൂൂ..
Dr.Smitha Rahman