21/08/2018
*Eid Mubarak to you* *and to your family.*🕋🕌🌷🌷🌷
വിശുദ്ധ മിനയിൽ നിന്നാണ് ഇത് കുറിക്കുന്നത്. അറഫയുടെ ധന്യ നിമിഷങ്ങളിലും ഹജ്ജുമായി ബന്ധപ്പെട്ട വിശുദ്ധ വേളകളിലുമെല്ലാം കേരളമായിരുന്നു മനസിൽ.
കുടെപ്പിറപ്പുകളുടെ സമാനതകളില്ലാത്ത വേദനകളിൽ നീറുകയായിരുന്നു ഞങ്ങൾ. പ്രളയക്കെടുതികളൊടുങ്ങാനും പുതു ജീവിതത്തിന് കരുത്തുകിട്ടാനുമായിരുന്നു പ്രാർത്ഥനകളെല്ലാം.
ദുരിത ബാധിതർക്കും കഷ്ടപ്പെടുന്നവർക്കുമൊപ്പം നാം പ്രളയ ഭൂമിയിലുണ്ടായിരുന്നു.
സർക്കാർ ഏജൻസികൾക്കും ഔദ്യോഗിക സംവിധാനങ്ങൾക്കൊപ്പം നിന്ന്, ഒലിച്ചു പോകുമായിരുന്ന ജീവിതങ്ങളെ നാം കൈകുമ്പിളിൽ കോരിയെടുത്തു. പതിനായിരങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത് സന്നദ്ധ സേവകരുടെ ജീവൻ പണയം വെച്ചുള്ള സമർപ്പണമായിരുന്നു.
സമീപകാല മനുഷ്യനുഭവത്തിൽ സമാനതകളില്ലാത്ത ഈ ഒരുമയും കരുതലും ജീവിതത്തിലെ ഇനിയുള്ള നാളുകളിലും നമുക്കൊപ്പമുണ്ടാവണം. വേദനിക്കുന്നവരെ സഹായിക്കാനും പ്രയാസങ്ങളിൽ മുങ്ങിപ്പോകുന്നവരെ കൈപിടിച്ചുയർത്താനും ഈ പെരുന്നാൾ ദിനത്തിൽ നാം പ്രതിജ്ഞ ചെയ്യണം.
ചെളിയും ചേറും നിറഞ്ഞ് നിറം മങ്ങിയ ജീവിതങ്ങളാണ് പ്രളയാനന്തരം നമുക്കു മുന്നിലുള്ളത്. അവരുടെ മനസ്സുകളിൽ പ്രതീക്ഷയുടെ ചായങ്ങൾ നിറക്കണം നാം. അതിനുള്ള അസുലഭാവസരമാണ് ബലി പെരുന്നാൾ. ഒപ്പമുള്ളവരുടെ സന്തോഷത്തിലാണ് നമ്മുടെ പെരുന്നാളിന്റെ പൊലിമ.
ഇതു മനസ്സിലാക്കി, ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന സഹായ സംരംഭങ്ങൾ കൂടുതൽ ശക്തിയോടെ മുന്നോട്ടു കൊണ്ടു പോകാനും മാനസികമായും ശാരീരികമായും സാമ്പത്തികമായും തളർന്നവർക്ക് കരുത്തു പകരാനുമാവണം.
പ്രവാചക കുലപതി ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും സമർപ്പണത്തിന്റെ ഓർമകളിരമ്പുന്ന പുണ്യ ദിനങ്ങൾ, കേരളത്തിന് ഉയിർത്തെഴുന്നേൽപ്പിന്റേതു കൂടിയാവണം. ദുരിത പ്രളയത്തിൽ തരിച്ചു നിൽക്കാതെ നാം ഉജ്ജ്വലമായി തിരിച്ചു വരികയാണ്.
ഈദുൽ അക്ബർ നമുക്ക് പുനർ ജനിയുടെ ആഘോഷമാവുകയാണ്.
അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്.