22/06/2020
തലമുറകളായി കൈമാറി വരുന്ന ഒരു തെറ്റിദ്ധാരണയാണു പല്ല് ക്ലീൻ ചെയ്താൽ പുളിപ്പു വരും എന്നത് !!
സത്യത്തിൽ പല്ല് ക്ലീൻ ചെയ്യുന്നതാണോ പുളിപ്പിനു കാരണം ??
ഏതൊരു അസുഖവും തടയാൻ പറ്റുന്ന, അല്ലെങ്കിൽ ചികിൽസിച്ച് ഭേദമാക്കാവുന്ന ഒരു ഘട്ടത്തിലൂടെ കടന്ന് പോകും,
ആ സമയം മനസിലാക്കി വേണ്ട ചികിൽസ നൽകിയാൽ തടയാൻ പറ്റുന്നതാണു മിക്ക രോഗങ്ങളും!!
മോണരോഗമായാലും, പല്ലു വേദനയായാലും എത്ര നേരത്തെ ചികിൽസിക്കുന്നുവോ അത്രയും നല്ലത് !!
പലപ്പോഴും ചികിൽസ വൈകുന്നത് പല തെറ്റിദ്ധാരണകളുടെയും പേരിലാണു,
മോണരോഗത്തിന്റെ കാര്യത്തിൽ രോഗിയേക്കാൾ ഏറെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടവർ, അവർക്ക് ചുറ്റും നിന്ന് തെറ്റായ അഭിപ്രായങ്ങൾ അല്ലെങ്കിൽ നിർദ്ദേശങ്ങൾ നൽകുന്നവരാണ് .
അതിൽ പ്രധാനമായി പറയുന്നൊന്നാണ് പല്ല് ക്ലീൻ ചെയ്താൽ ഇനാമൽ (Enamel )പോകും, പുളിപ്പു വരുമെന്നുള്ള ഒരു കേട്ടറിവ് !!
അതു കണ്ണടച്ച് വിശ്വസിച്ച് പലരും വേണ്ട സമയത്ത് ചികിൽസിക്കാതെ ആ ഒരു ഘട്ടം അവഗണിക്കുകയും ചെറിയ പ്രായത്തിൽ തന്നെ മോണരോഗം വന്ന് പല്ലിനു ഇളക്കം വരെ സംഭവിക്കുന്ന അവസ്ഥയിലെത്തുകയും ചെയ്യുന്നു....
ആദ്യം പല്ല് ക്ലീൻ(scaling) ചെയ്യാനുള്ള സാഹചര്യം എങ്ങനെ വരുന്നു എന്ന് നോക്കാം..
പലരുടെയും പല്ലിൽ അഴുക്ക് കട്ടപിടിച്ച് നിൽക്കുന്നത് ശ്രദ്ധിക്കുമ്പോഴാണു ക്ലീൻ ചെയ്യണം എന്ന തോന്നൽ വരാറു..
പല്ലിനും മോണയ്ക്കുമിടയിൽ(എത്തിൾ/കക്ക) അഴുക്കടിയുന്നതിനു പല കാരണങ്ങൾ ഉണ്ടെങ്കിലും .... ദന്തശുചിത്വം പാലിക്കാത്തതാണു പ്രധാന കാരണം..
അതെങ്ങനെ ശെരിയാകും?
നമ്മളു പല്ല് തേക്കുന്നുണ്ടല്ലോ.. കുറഞ്ഞത് ദിവസം ഒരു നേരമെങ്കിലും പല്ല് തേക്കുന്നവരാണു മലയാളികൾ,ഒരു പരിധി വരെ മിക്കവരും രണ്ട് നേരവും ബ്രഷ് ചെയ്യുന്നുണ്ട്..
പക്ഷെ ശെരിയായ രീതിയിലാണോ ബ്രഷ് ചെയ്യുന്നത് ??
തെറ്റായ രീതിയിൽ എത്ര തവണ തേച്ചാലും അത് ഫലം ചെയ്യില്ല ,
എത്രത്തോളം തെറ്റായാണു ബ്രഷ് ചെയ്യുന്നതെന്ന് മനസിലാക്കാൻ യൂട്യൂബിൽ കയറി Brushing technique എന്നൊന്ന് സെർച്ച് ചെയ്താൽ മതി..
അതിനെവിടെ സമയം.. അല്ലെ..?? ഇതൊക്കെ ഇപ്പൊ ആര് ശ്രദ്ധിക്കാൻ...
തെറ്റായ ബ്രഷിംഗ് രീതി പിന്തുടരുന്നത് മൂലം ബ്രഷിംഗിന്റെ ഫലം കിട്ടാതെ പല്ലിനും മോണയ്ക്കും ഇടയിൽ പ്ലാക്ക് ( വെള്ള നിറത്തിലുള്ള കട്ടി കുറഞ്ഞ അഴുക്ക് ) രൂപപെടുകയും അത് കാലക്രമേണ കാൽകുലസ് (കക്ക /എത്തിൾ )ആയി മാറുകയും ചെയ്യുന്നു.
(കക്ക -calculus രൂപപെടുന്നതിന്റെ ഒരു കാരണം മാത്രമാണണിത്, വേറെയും പല കാരണങ്ങളുണ്ട് )
ബ്രഷ് ചെയ്യുമ്പോൾ രക്തം വരുന്നു എന്നത് മോണരോഗത്തിന്റെ പ്രാരംഭ ലക്ഷണമാണ് .
ഈ സമയത്ത് തന്നെ ചികിൽസ തേടിയാൽ മോണരോഗവ്യാപനം തടഞ്ഞ് മോണയുടെ ആരോഗ്യം നിലനിർത്താൻ സാധിക്കും.
എന്നാൽ അവിടെയാണു ചില അഭിപ്രായങ്ങൾ വരുന്നത്..
ഡെന്റിസ്റ്റിനെ കാണിക്കുന്നതിനു പകരം ആരെങ്കിലും പറയുന്നതും കേട്ട് ചികിൽസ നടത്താതിരിക്കും !!
പലരും ബ്രഷ് ചെയ്യുമ്പൊ രക്തം വരുന്നതിനു പരിഹാരം നിർദ്ദേശിക്കുന്നത് ബ്രഷ് ഒഴിവാക്കി വിരലുപയോഗിച്ച് പല്ല് തേക്കുക എന്നതാണെത്രെ....!!
അങ്ങനെ ഒരു പ്രയാസവുമില്ലാതെ ക്ലീൻ ചെയ്ത് കാര്യങ്ങൾ മാറ്റാവുന്ന സമയം അവഗണിച്ച് മോണരോഗം അടുത്ത ഘട്ടത്തിലേക്ക് കൊണ്ട് പോകുന്നു..
മോണക്കും പല്ലിനുമിടയിൽ കൂടുതൽ കക്ക(calculus) അടിയുന്ന അവസ്ഥയിൽ എത്തുന്ന ഘട്ടം ആവുമ്പോഴാണ് മിക്കവരും ശ്രദ്ധിക്കുക .
എത്രയാണോ അഴുക്ക്/കക്കയടിഞ്ഞോ അത്രയോളം പല്ലിനു ചുറ്റുമുള്ള മോണയും, എല്ലും നഷ്ടമായി എന്ന് വേണം മനസിലാക്കാൻ..
പല്ലിനു പുറമേ അടിഞ്ഞ് കൂടുന്ന കാൽകുലസ് ശ്രദ്ധിക്കാത്തവർ ആ കാൽകുലസിനു താഴെ നടക്കുന്ന നശീകരണ പ്രവർത്തനങ്ങളെ പറ്റിയും വ്യാകുലരല്ല..
ക്ലീൻ ചെയ്യാൻ താമസിക്കുന്നതിനനുസരിച്ചു കട്ടപിടിച്ചിരിക്കുന്ന അഴുക്കിനു താഴെയുള്ള എല്ലും മോണയും നഷ്ടമായികൊണ്ടിരിക്കും .
ഒരു പല്ലിനോളം വലുപ്പത്തിൽ വളർന്നു അടർന്ന് വീഴുന്ന കാൽകുലസ് കണ്ട് അത് പല്ല് പൊട്ടി വരുന്നതാണെന്ന് കരുതിയാണു മിക്കവരും ചികിൽസ തേടാറുള്ളത്.
അത്തരം സമയമാകുമ്പോഴേക്കും അടിഞ്ഞ് കിടക്കുന്ന കാൽക്കുലസിനുള്ളിലെ പല്ലിന്റെ മുകൾ ഭാഗത്തെ മോണയും എല്ലും നഷ്ടമായി പല്ലിന്റെ വേരിന്റെ ഭാഗത്തേക്ക് മോണ ഇറങ്ങിയിട്ടുണ്ടാകും ,എന്നാൽ അഴുക്ക് കട്ടപിടിച്ച് നിൽക്കുന്നതിനാൽ രോഗി ഇത് തിരിച്ചറിയാതെ പോകും,
ഈ അഴുക്ക് ഒരു മറയായി നിൽക്കുന്നത് കാരണം വേരിന്റെ പ്രതലത്തിൽ വെള്ളം തട്ടാറില്ല എന്നത് കൊണ്ട് തന്നെ പുളിപ്പോ മറ്റ് പ്രശ്നങ്ങളോ രോഗി അനുഭവിക്കാറുണ്ടാവില്ല..!!
പല്ല് ക്ലീൻ ചെയ്യുമ്പോൾ കട്ട പിടിച്ച അഴുക്ക് പല്ലിൽ നിന്നും വേർ പെട്ട് പോവുകയും,മോണ ഇറങ്ങിയതും ,എല്ലും മോണയും നശിച്ച് പോയതും തിരിച്ചറിയപെടുകയും ചെയ്യുന്നു..
വേരിന്റെ പ്രതലത്തിൽ വെള്ളം തട്ടുമ്പോൾ അനുഭവപെടുന്ന പുളിപ്പാണു എല്ലാവരും പരാതിയായി പറയുന്ന പുളിപ്പ്..നേരത്തെ കണ്ടെത്തി ചികിൽസ തേടുന്നവർക്ക് പുളിപ്പ് പെട്ടെന്ന് തന്നെ മാറി എല്ലാം പഴയപടി ആവുകയും ചെയ്യും,അല്ലാത്തവർക്ക് ആന്റി സെൻസിറ്റിവിറ്റി ടൂത്ത് പേസ്റ്റ് (പുളിപ്പ് കുറക്കുന്നതിനുള്ള പേസ്റ്റ് ) ഉപയോഗിച്ച് പരിഹാരം കാണാവുന്നതാണ് .
എത്ര നേരത്തെ ക്ലീൻ ചെയ്യുന്നോ അത്രയും പെട്ടെന്ന് മോണ തിരികെ യഥാസ്ഥാനത്തേക്ക് വരാൻ സഹയിക്കുന്നു..
അതുകൊണ്ട് തന്നെ പുളിപ്പ് എന്ന അനുഭവവും കുറച്ചു നാളത്തേക്ക് മാത്രമാണ് ഉണ്ടാവുക...
പുളിപ്പ് പേടിച്ച് ചികിത്സ അവഗണിച്ച് മുന്നോട്ട് പോകുന്നവർക് പല്ലുകൾക്ക് ഇളക്കം സംഭവിക്കുകയും വൈകാതെ പല്ല് നഷ്ടമാവുകയും ചെയ്യും.
ക്ലീൻ ചെയ്യാതെ കൊണ്ട് നടക്കുന്നതാണു മോണരോഗത്തിനു കാരണമാകുന്നത്.. പാരമ്പര്യമായി മോണരോഗമുള്ളവർ,പ്രമേഹമുള്ളവർ,പുകവലിക്കുന്നവർ എന്നിവരിൽ മോണരോഗത്തിന്റെ വ്യാപനം വളരെ വേഗത്തിലാണു സംഭവിക്കുക എന്നതിനാൽ അവർ വളരെ ഏറെ ജാഗ്രത കാണിക്കേണ്ടതുണ്ട്.
ഡോക്ടർമാർ നിർദ്ദേശിക്കുന്നത് 6മാസത്തിൽ ഒരിക്കൽ ക്ലീനിങ് നിർബന്ധമായും ചെയ്യണം എന്നാണ്.. ഇത് പ്രമേഹം (Diabetes), എല്ലുതേയ്മാനം (osteoporosis) പോലുള്ള രോഗാവസ്ഥകൾ ഉള്ളവർക്കു 3-4 മാസം കൂടുമ്പോൾ ചെയ്യുന്നതാണ് നല്ലത്....
കൃത്യമായി 6മാസത്തിൽ ഒരിക്കൽ ക്ലീൻ ചെയ്യുന്ന വ്യക്തിയുടെ മോണയും, പല്ലും ദൃഢമായിരിക്കും.. അവർക്ക് പുളിപ് ഉണ്ടാവാറില്ല എന്നതാണ് സത്യം...
പല്ല് തേക്കുമ്പോൾ രക്തം വരുന്നത് ഡെന്റിസ്റ്റ്നെ കാണാൻ ഉള്ള സമയമായി എന്നുള്ള ഓർമ്മപെടുത്തലായി കണക്കാക്കി ചികിൽസ തേടുക...
ഡോ. അഖിൽ മഠത്തിൽ.
Please Like & Follow this page for more Updates...