Tabiea Ayurvedic Clinic-TAC

Tabiea Ayurvedic Clinic-TAC Ayurveda treatment

25/02/2019
Read a useful article
16/02/2019

Read a useful article

''കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം''
ലേഖന പരമ്പര - ഭാഗം 1

@ Info Drs Ayurveda Fb Page
is with Ist IAC ( ഇൻറർനാഷണൽ ആയുഷ് കോൺക്ലേവ് Feb 15- 18 @ കനകക്കുന്ന് തിരുവനന്തപുരം )

കുഞ്ഞുനാളു ചെറുപ്പത്തിലെന്തൊക്കെ
ചെയ്യണമെന്ന്, മാതാ പിതാക്കൾക്കെത്രയറിഞ്ഞാലും മതി വരാത്ത കാര്യമാണ്.

കുഞ്ഞുങ്ങളുടെ കുളിയും കളിയും ആഹാരവും ആരോഗവുമൊക്കെ വിശദീകരിക്കുന്ന ലേഖനങ്ങളാണ്,
ഇത്തവണ Info Drs Ayurveda Fb Page
'കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം' എന്ന പരമ്പരയിലൂടെ അവതരിപ്പിക്കുന്നത്.

1-കുഞ്ഞുങ്ങളുടെ ആഹാരം
'Dr Beena M
@ Info Drs Ayurveda Fb Page

ജനനം മുതൽ 4 വയസ്സ് വരെയുള്ള കുട്ടികളുടെ ആഹാരരീതിയാണ് പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നത്.

ജനിച്ച് ആറുമാസം വരെ കുഞ്ഞിന്റെ ശരിയായ വളർച്ചയ്ക്കും, രോഗപ്രതിരോധശേഷിയും ബുദ്ധിവികാസവും ഉണ്ടാകുന്നതിനും ഏറ്റവും ശ്രേഷ്ഠമായ ആഹാരം മുലപ്പാലാണ്. മുലപ്പാൽ അല്ലാതെ വേറൊരാഹാരവും ഈ സമയത്ത് നൽകാതിരിക്കുന്നതാണ് കുഞ്ഞ് ആരോഗ്യത്തോടെ വളർന്ന് വരുന്നതിന് ഏറ്റവും അഭികാമ്യം.

മുലപ്പാലിനെക്കുറിച്ച് ഈ പരമ്പരയിൽ പ്രത്യേക ലേഖനം ഉള്ളതിനാൽ 6 മാസം മുതലുള്ള ആഹാരരീതി പറയാം.

ആറ് മാസമായിക്കഴിഞ്ഞാൽ കുഞ്ഞിന് മുലപ്പാലിന് പുറമേ മറ്റ് ആഹാരങ്ങൾ കൂടി നൽകേണ്ടത് ശരിയായ വളർച്ചയ്ക്ക് ആവശ്യമാണ്‌.

ആറ് മാസം മുതൽ എന്താണ് കൊടുക്കുന്നത് എന്നത് ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ ആധാരശിലയാണ്.

കുഞ്ഞിന് നൽകുന്ന തെറ്റായ ആഹാരശീലങ്ങൾക്ക് ശ്വാസംമുട്ട്, ഇടയ്ക്കിടെ ഉണ്ടാകുന്ന പനി, മലബന്ധം, അമിതവണ്ണം എന്നിവ ഉണ്ടാകുന്നതിലും ഭാവിയിൽ ജീവിത ശൈലീ രോഗങ്ങൾ ഉണ്ടാകുന്നതിലും ഒരു പ്രധാന പങ്കുണ്ട്.

കുഞ്ഞുങ്ങളിലെ പ്രമേഹമൊക്കെ, ജീവിതശൈലീ രോഗപ്പട്ടികയിലെ പ്രധാന ഇനമായി മാറുന്ന സമകാലിക
സാഹചര്യത്തിൽ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

മുലപ്പാൽ മാത്രം കുടിച്ച് വളർന്നുകൊണ്ടിരിക്കുന്ന 6 മാസം തികഞ്ഞ കുഞ്ഞിന് വിറ്റാമിനുകളും ഇരുമ്പും ആഹാരത്തിലൂടെ ലഭിക്കേണ്ടതുണ്ട്.

അതിനായി ആദ്യമായി പഴവർഗ്ഗങ്ങൾ ആണ് കൊടുത്ത് തുടങ്ങേണ്ടത് എന്നാണ് ആയുർവേദ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നത്. ഇങ്ങനെ പഴവർഗ്ഗങ്ങൾ കൊടുക്കുന്ന രീതിക്ക് ഫലപ്രാശം എന്നാണ് ഗ്രന്ഥങ്ങളിൽ പറയുന്ന പേര്. ആറാം മാസം ഫലപ്രാശം തുടങ്ങാനാണ് ഗ്രന്ഥങ്ങളിൽ പറയുന്നത്.

ഫലപ്രാശം തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ഒരു സമയത്ത് ഏതെങ്കിലും ഒരു ഫലം മാത്രം ഒരാഴ്ച കൊടുക്കണം എന്നതാണ്.

*മുലപ്പാലിൽ നിന്ന് മാറി പുറത്തുള്ള ഒരു ആഹാരം ആദ്യമായി കഴിക്കുമ്പോൾ കുഞ്ഞിന് ചിലത് ശരീരത്തിന് ഹിതകരവും ചിലത് അലർജിയുണ്ടാക്കുന്നതും ആകാൻ സാദ്ധ്യതയുണ്ട്. അത് തിരിച്ചറിയണമെങ്കിൽ ഒരാഴ്ച ഒരേ ആഹാരം തന്നെ കൊടുക്കുകയും കുഞ്ഞിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ നിരീക്ഷിക്കുകയും വേണം* .

വ്യത്യസ്ത ആഹാരങ്ങൾ കൂട്ടിയോജിപ്പിച്ച് നൽകിയാൽ ഇതിൽ ഏതാണ് അലർജി ഉണ്ടാക്കുന്നത് എന്ന് തിരിച്ചറിയാൻ സാധിക്കില്ല.

*ഉദാഹരണമായി* ആദ്യമായി ഒരാഴ്ച ഓറഞ്ച് മാത്രം കൊടുക്കാം.

ആദ്യ ദിവസം ഓറഞ്ച് ഒരു അല്ലി പിഴിഞ്ഞ് തിളപ്പിച്ചാറ്റിയ വെള്ളം ചേർത്ത് നേർപ്പിച്ച് പഞ്ചസാരയോ കൽക്കണ്ടമോ ചേർത്ത് കൊടുക്കാം.

രണ്ടാം ദിവസം രണ്ട് അല്ലി, ഇങ്ങനെ ഒരാഴ്ച കൊണ്ട് അര ഓറഞ്ച് വരെ കൊടുക്കാം.

അടുത്ത ആഴ്ച ഇതുപോലെ ആപ്പിൾ തൊലി കളഞ്ഞ്, ഉടച്ച് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ കലക്കി, അരിച്ച് പഞ്ചസാരയോ, കല്ക്കണ്ടമോ ചേർത്ത് ഒരാഴ്ച കൊടുക്കാം.

കുഞ്ഞിന്റെ ദഹനശക്തി അനുസരിച്ച്, ദഹനക്കുറവുള്ള കുഞ്ഞാണെങ്കിൽ ആദ്യ ദിവസം ആപ്പിൾ വേവിച്ച് ഉടച്ച് വെള്ളത്തിൽ കലക്കി ദ്രവരൂപത്തിലാണ് കൊടുക്കേണ്ടത്.

രണ്ടാം ദിവസം മുതൽ വേവിക്കാതെ കൊടുക്കാവുന്നതാണ്.

വേവിക്കാതെ കൊടുക്കുന്നതും തുടക്കത്തിൽ ദ്രവരൂപത്തിൽ തന്നെ കൊടുക്കണം.

മുലപ്പാൽ മാത്രം കുടിച്ചു വന്ന കുഞ്ഞിന് പുറത്ത് നിന്ന് ആദ്യം നൽകുന്ന ആഹാരങ്ങൾ ദ്രവരൂപത്തിലുള്ളവ തന്നെ ആയിരിക്കണം.

അതിന് ശേഷം നേർത്ത കുറുക്ക് രൂപത്തിലുള്ളവ ഇങ്ങനെ പടിപടിയായി വേണം കട്ടിയുള്ള ആഹാരം നൽകാൻ തുടങ്ങേണ്ടത്.
ധാന്യങ്ങൾക്കൊപ്പം പയറു വർഗങ്ങളും Nuts പോലുള്ളവയും കൂട്ടിച്ചേർക്കാതിരിക്കുകയാണ് നല്ലത്.

കഫക്കെട്ടുള്ളപ്പോൾ ഇത്തരം കുറുക്കുകൾ ഒഴിവാക്കുകയും വേണം.
കഫക്കെട്ട് സമയത്ത് ദഹനശക്തി കുറഞ്ഞിരിക്കുമെന്ന് പ്രത്യേകം ഓർമ്മിക്കണം.

അളവിനെക്കുറിച്ച് സൂചിപ്പിക്കാനാണ് ഉദാഹരണമായി ഓറഞ്ചും ആപ്പിളും പറഞ്ഞത്.
ഓറഞ്ച്, ആപ്പിൾ എന്നിവയേക്കാൾ അതാത് സ്ഥലങ്ങളിൽ പിടിക്കുന്ന ഫലങ്ങൾ കൊടുക്കുന്നതാണ് കൂടുതൽ അഭികാമ്യം. അതിനാൽ കേരളത്തിലെ കുഞ്ഞുങ്ങൾക്ക് ഒരാഴ്ച പഴം, ഒരാഴ്ച പപ്പായ എന്ന രീതിയിലും കൊടുക്കാവുന്നതാണ്.

മാത്രമല്ല അതാത് സീസണിൽ ലഭിക്കുന്ന ഫലമാണ് കൊടുക്കേണ്ടത്. ഓറഞ്ചിന്റെ സീസൺ അല്ലെങ്കിൽ ഓറഞ്ച് കൊടുക്കരുത്. പുളിയുള്ള ഓറഞ്ചും കൊടുക്കരുത്.

കീടനാശിനികളുടെ സാന്നിദ്ധ്യം കൂടുതലായി കാണുന്നതിനാൽ മുന്തിരിങ്ങ, ഉണക്കമുന്തിരിങ്ങ എന്നിവ ഈ പ്രായത്തിൽ കൊടുക്കാതിരിക്കുന്നതാണ് നല്ലത്.

മാങ്ങ ദഹിക്കാൻ പ്രയാസമുള്ള ഫലമായതിനാൽ ഈ പ്രായത്തിൽ കൊടുക്കാതിരിക്കുന്നതാണ് നല്ലത്.

അടുത്ത ഒരാഴ്ച കണ്ണൻ കായ, (കുന്നൻ കായ) കദളിക്കായ, രസകദളിക്കായ ഇവയിലേതെങ്കിലും ( ആദ്യമാദ്യം പറഞ്ഞതാണ് കൂടുതൽ അഭികാമ്യം) അരിഞ്ഞ് ഉണക്കിപ്പൊടിച്ചത് വെള്ളം ചേർത്ത് കാച്ചി കല്ക്കണ്ടമോ, പനംകല്ക്കണ്ടമോ ചേർത്ത് കുറുക്ക് രൂപത്തിൽ നൽകാവുന്നതാണ്.

ഏത്തക്കാക്കുറുക്ക് നൽകുന്ന രീതി നമ്മുടെ നാട്ടിൽ നിലവിലുണ്ട്.

ഏറ്റവും ഗുരുത്വമുള്ള ഏത്തക്കാ കുറുക്ക് കുഞ്ഞിന് ദഹിപ്പിക്കാൻ സാധിക്കുന്ന ആഹാരമല്ല.

നല്ല ദഹനശേഷിയുള്ള കുഞ്ഞാണെങ്കിൽ മാത്രമേ ഏത്തക്കാക്കുറുക്ക് കൊടുക്കാൻ പാടുള്ളൂ.

ദഹനശേഷിയുള്ള കുഞ്ഞാണെങ്കിൽ പോലും, ഏത്തക്കാപ്പൊടി പാലും ചേർത്ത് കാച്ചിക്കൊടുത്താൽ കുഞ്ഞിന് ദഹിപ്പിക്കാൻ പ്രയാസമാകും.

ഏത്തക്കാ കുറുക്ക് കൊടുക്കുമ്പോൾ കുഞ്ഞിന് മലബന്ധം ഉണ്ടാകുന്നതായി പലപ്പോഴും അമ്മമാർ പരാതി പറയാറുണ്ട്: ദഹനം നന്നായി നടക്കാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

പാൽ ചേർക്കാതെ കുറുക്ക് കൊടുത്തിട്ട്, പാൽ വേറൊരു സമയത്ത് നേർപ്പിച്ച് കൊടുക്കുന്നതാണ് നല്ലത്.

കുറുക്കിന് രുചിയുണ്ടാകുന്നതിനും പോഷകഗുണം വർദ്ധിക്കുന്നതിനുമായി ഒരു ചെറിയ കഷണം നെല്ലിക്കയുടെ നീര് ചേർക്കാവുന്നതാണ്.

ഓരോ ആഴ്ചയിലും ഓരോ തരം ഫലം വീതം കൊടുത്തു തുടങ്ങിയാൽ 4 ആഴ്ച കൊണ്ട് 4 തരം ഫലം ശീലിപ്പിക്കാം.

ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ കാലയളവിൽ മുലപ്പാൽ നേരത്തേ കൊടുത്തു കൊണ്ടിരുന്ന അളവിൽ തന്നെ തുടർന്ന് കൊടുക്കണം എന്നതാണ്.

അതിന് ശേഷം ധാന്യക്കുറുക്ക് നൽകിത്തുടങ്ങാവുന്നതാണ്.

*ഏഴാം മാസം*

ആഹാരത്തിൽ ധാന്യങ്ങൾ ഉൾപ്പെടുത്തിത്തുടങ്ങാം.

ആദ്യം ദഹിക്കാൻ ഏറ്റവും എളുപ്പമുള്ള ധാന്യമാണ് തെരഞ്ഞെടുക്കേണ്ടത്.

ഏഴാം മാസത്തിൽ കൊടുക്കാവുന്ന ആഹാരങ്ങൾ

1. കൂവരക് കുറുക്ക് കല്ക്കണ്ടമോ, പഞ്ചസാരയോ ചേർത്തത്.

2. മലരിട്ട് വച്ച കഞ്ഞി

3. ചെറുപയറും, പൊടിയരിയും കൂടിയിട്ട് വച്ച കഞ്ഞി

4. കഞ്ഞിയോടൊപ്പം കുമ്പളം, മത്തൻ എന്നിവയിട്ട് വച്ച അവിയൽ നൽകാം.

പ്രിയാളമജ്ജാദിമോദകം, ശ്രീരത്നമോദകം എന്നിവ ഈ സമയത്ത് നൽകാവുന്ന പോഷകസമ്പുഷ്ടവും കുഞ്ഞിന് ദഹിപ്പിക്കാൻ സാധിക്കുന്നതുമായ ആഹാരമാണ്.

കുറുക്കും, മറ്റാഹാരങ്ങളും നൽകിയിട്ട് 2-3 സ്പൂൺ തിളപ്പിച്ചാറ്റിയ വെള്ളം കുടിപ്പിക്കുന്നത് നല്ലതാണ്. ഇതുകൊണ്ട് ശരീരത്തിന് ആവശ്യമുള്ള വെള്ളം ലഭിക്കുകയും അതിലുപരിയായി വായ് കഴുകാൻ സാധിക്കാത്ത കുഞ്ഞിന്റെ വായ് വൃത്തിയാക്കുവാനും സാധിക്കുന്നതാണ്.

*ആഹാരം തന്നെ ഔഷധമായി ഉപയോഗിക്കത്തക്കവിധത്തിൽ വിവിധ തരം ആഹാരങ്ങൾ രോഗത്തിനനുസരിച്ചും രോഗമില്ലാത്ത അവസ്ഥയിൽ ആരോഗ്യം മെച്ചപ്പെടുത്താനുമായി ആയുർവേദ ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്* .

പൊതുവേ കാർബോഹൈഡ്രേറ്റ് മാത്രം അടങ്ങിയ കുറുക്കുകളാണ് സാധാരണ കുഞ്ഞുങ്ങൾക്ക് നിലവിൽ കൊടുത്തു വരുന്നത്.

എന്നാൽ ആയുർവേദ ഗ്രന്ഥങ്ങളിൽ കുറുക്ക് രൂപത്തിൽ നൽകത്തക്കവിധത്തിൽ പറഞ്ഞിട്ടുള്ള മോദകങ്ങൾ കാർ ബോഹൈഡ്രേറ്റും, എളുപ്പം ദഹിക്കുന്ന ഒരു പ്രോട്ടീനും, ഒരു ഫലവും അടങ്ങിയിട്ടുള്ള സമീകൃതാഹാരങ്ങളാണ്.

ഉദാഹരണമായി ശ്രീരത്നമോദകത്തെ പരിചയപ്പെടാം.

*ശ്രീരത്നമോദകം*

ഇലിപ്പപ്പൂവ് - 80 ഗ്രാം
ഈന്തപ്പഴം - 80 ഗ്രാം
കദളിപ്പഴം - 80 ഗ്രാം
ചെറുപയർ - 80 ഗ്രാം
കറുവപ്പട്ട - 6 ഗ്രാം
പച്ചില - 6 ഗ്രാം
തിപ്പലി - 2 ഗ്രാം
ഏലക്ക - 2 ഗ്രാം
തേൻ - 10 മി.ലി.
കൽക്കണ്ടം
കൂവരക് പൊടിച്ചത്

ഈന്തപ്പഴം കുരുകളഞ്ഞ് കദളിപ്പഴവും ചേർത്ത് ആവിയിൽ വേവിച്ചെടുക്കുക. അതിനെ അരച്ച് അല്പം നെയ്യിൽ വറട്ടിയെടുക്കുക. ചെറുപയർ വറുത്ത് പൊടിക്കുക. കൂവപ്പൊടിയോ, കൂവരക് പൊടിയോ, മേൽപ്പറഞ്ഞവ ചേർത്ത് കാച്ചി, ആവശ്യത്തിന് കൽക്കണ്ടവും, കറുവപ്പട്ട, പച്ചില, തിപ്പലി, ഏലക്ക ഇവയുടെ പൊടിയും ചേർത്തിളക്കി, തണുക്കുമ്പോൾ തേനും ചേർത്ത് നൽകാം.

പ്രിയാള മജ്ജാദി മോദകത്തിൽ ദഹിക്കാൻ ഏറ്റവും എളുപ്പമുള്ള മലരാണ് കാർബോഹൈഡ്രേറ്റ് പ്രദാനം ചെയ്യുന്നത്.

പശുവിൻ പാലിൽ കുഞ്ഞിന് ദഹിപ്പിക്കാൻ സാധിക്കാത്ത രീതിയിൽ കൂടുതൽ അളവ് പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതിനാൽ പാൽ കൊടുക്കുകയാണെങ്കിൽ നേർപ്പിച്ച് മുത്തങ്ങയിട്ട് കാച്ചിക്കൊടുക്കണം.

*എട്ടാംമാസം*

എട്ടാം മാസം മുതൽ പല്ല് മുളയ്ക്കുകയും, കുഞ്ഞ് കയ്യിൽ കിട്ടുന്നതെല്ലാം കടിക്കുകയും ചെയ്യുന്നു. ആ സമയത്ത് കടിച്ച് ചവയ്ക്കത്തക്ക രീതിയിലുള്ള കട്ടിയുള്ള ആഹാരങ്ങൾ നൽകിയില്ലെങ്കിൽ പിന്നീട് കട്ടിയുള്ള ആഹാരങ്ങൾ കഴിക്കാൻ കുട്ടി മടി കാണിക്കും. ചോറ് മിക്സിയിൽ അടിക്കാതെ കൈ കൊണ്ട് ഉടച്ച് കൊടുക്കണം.

പച്ചക്കറികൾ ഇട്ട് വച്ച കറികളും നൽകാം.

കിഴങ്ങ് വർഗ്ഗങ്ങൾ ദഹിക്കാൻ പ്രയാസമാണ്. കുമ്പളം, മത്തൻ എന്നിവ ഇട്ട് വച്ച അവിയൽ എളുപ്പം ദഹിക്കുന്ന കറിയാണ്.

✅ കുഞ്ഞിനെ അമ്മയുടെ മടിയിൽ ഇരുത്തി ആഹാരം കൊടുക്കണം.

✅ സ്വയം ആഹാരം കഴിക്കാൻ പ്രോത്സാഹിപ്പിക്കണം.

✅ ഓരോ ആഴ്ച കൂടുമ്പോൾ ഓരോ പുതിയ ആഹാരം പരിചയപ്പെടുത്താം.

✅ മറ്റ് ആഹാരങ്ങൾ കൊടുക്കുന്നുണ്ടെങ്കിലും മുലപ്പാലും കൂടി നൽകേണ്ടതാണ്.

❌ ആഹാരം കഴിക്കാൻ കുഞ്ഞിനെ നിർബന്ധിക്കരുത്.

നിർബന്ധിച്ചാൽ ആഹാരം കഴിക്കുന്നതിനോട് വെറുപ്പ് ഉണ്ടാകും.

ഏതെങ്കിലും ഒരു ആഹാരം കുഞ്ഞിന് ഇഷ്ടപ്പെടുന്നില്ലെങ്കിൽ തൽക്കാലം അത് കൊടുക്കുന്നത് നിർത്തിവച്ചിട്ട് കുറേ നാളുകൾക്ക് ശേഷം വീണ്ടും കൊടുക്കാം.

*ഒൻപതാം മാസം*

🎈വീട്ടിൽ എല്ലാപേരും കഴിക്കുന്ന ആഹാരം നൽകുക.

🎈ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, പച്ചക്കറികൾ, മുട്ടയുടെ മഞ്ഞക്കരു, മത്സ്യം എന്നിവ നന്നായി പാകം ചെയ്ത് നൽകണം.

*പത്താം മാസം*

🎈പത്താം മാസത്തിൽ മാംസാഹാരം കൊടുത്തു തുടങ്ങാമെന്നാണ് ആയുർവേദ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നത്. ആദ്യമായി കൊടുത്തു തുടങ്ങുമ്പോൾ കാടക്കോഴി, കോഴി ഇവയിലേതെങ്കിലും ഒന്നിന്റെ മാംസവും, നന്നായി പാകം ചെയ്ത മറ്റ് കറികളും ചോറിൽ യോജിപ്പിച്ച് വിരൽ കൊണ്ട് ഉടച്ച്, മൂന്നോ അഞ്ചോ ഉരുള കൊടുക്കാം എന്നാണ് ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളത്. എങ്കിലും പതിവായി കൊടുക്കുന്നത് ഒരു വയസ്സിന് ശേഷമാകുന്നതാണ് നല്ലത്.

🎈പഴകിയ ചെന്നെല്ലരിയോ, ഞവരയരിയോ വറുത്ത്, കഴുകി അതുകൊണ്ട് കഞ്ഞിയുണ്ടാക്കി അല്പം നെയ്യും ഉപ്പും ചേർത്ത് കുട്ടികൾക്ക് കൊടുത്താൽ ശരീരം പുഷ്ടിപ്പെടും.

*ഒരു വയസ്സ് മുതൽ നാല് വയസ്സ് വരെ*

വീട്ടിൽ എല്ലാപേരും കഴിക്കുന്ന എല്ലാ ആഹാരങ്ങളും നൽകാം.

🎈ദിവസവും ആവശ്യമുള്ള എല്ലാ പോഷകങ്ങളും ഉള്ള സമീകൃതാഹാരമാണ് നൽകേണ്ടത്.

🎈ഓരോ തവണ കൊടുക്കുന്ന ആഹാരത്തിലും കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുലവണങ്ങൾ എന്നിവ ആവശ്യമായ അളവിൽ ഉണ്ടായിരിക്കണം.

കേരളത്തിൽ പരമ്പരാഗതമായി നിലനിന്നിരുന്ന ആഹാരരീതി സമീകൃതമാണ്.

ഉദാ: പുട്ടിനോടൊപ്പം ചെറുപയർ അല്ലെങ്കിൽ കടലക്കറി

ഇഡ്ഡലി - സാമ്പാർ
ദോശ - ചട്ട്ണി, അപ്പം - കടലക്കറി തുടങ്ങിയവ.

🎈പുട്ട് - പഴം, മാങ്ങ അപ്പം - പഞ്ചസാര എന്നിവ സമീകൃതാഹാരമല്ല.

🎈ആഹാരത്തിൽ പാൽ, പാലുല്പന്നങ്ങൾ, ധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ, പഴവർഗ്ഗങ്ങൾ, പച്ചക്കറി, മുട്ട, മീൻ, മാംസം എന്നിവ ഉൾപ്പെടുത്തണം.

🎈മുട്ടയുടെ വെള്ള ഒരു വയസ്സിന് ശേഷം നൽകിത്തുടങ്ങിയാൽ മതി.

🎈സസ്യാഹാരം മാത്രം കഴിക്കുന്നവർ പയർ വർഗ്ഗങ്ങൾ കൂടുതൽ കഴിക്കേണ്ടതാണ്.

🎈ആഹാരം കൃത്യമായ അളവിലായിരിക്കണം. വയറിന്റെ പകുതി ഭാഗം ആഹാരം, കാൽ ഭാഗം ദ്രവരൂപത്തിലുള്ളത് ബാക്കി കാൽ ഭാഗം ഒഴിച്ചിടുക . ഈ രീതിയിൽ ആഹാരം കഴിക്കുന്നതാണ് ശരിയായ ദഹനത്തിനും ആരോഗ്യത്തിനും ഉത്തമം.

🎈രാവിലെ മലമൂത്ര വിസർജ്ജനം കഴിഞ്ഞ് വിശപ്പുള്ളപ്പോൾ ആണ് ആഹാരം നൽകേണ്ടത്.

🎈ആഹാരം നിർബന്ധിച്ച് നൽകരുത്. വിശപ്പുണ്ടാകാനുള്ള അവസരം കൊടുക്കണം.

🎈ചോറും കറികളും കൂടി മിക്സിയിലടിച്ച്, വായിൽ തിരുകിക്കയറ്റി വെള്ളം കൂടി കുടിപ്പിച്ച് അകത്തേക്ക് വിടുന്ന പ്രവണത ശരിയല്ല.

🎈ആഹാരത്തിന്റെ രുചിയറിഞ്ഞ് കഴിക്കാനുള്ള അവസരം കുട്ടിക്ക് നൽകണം.

🎈രണ്ട് വയസ്സ് വരെ മറ്റ് ആഹാരങ്ങൾ നൽകുന്നുണ്ടെങ്കിലും മുലപ്പാൽ നൽകേണ്ടതാണ്.

"എല്ലാ ജീവികളുടെയും നില നിൽപ്പിന് കാരണം ആഹാരമാകുന്നു. ആഹാരത്തിന് തുല്യമായി ഒരൗഷധവുമില്ല. കേവലം ആഹാരം കൊണ്ട് മാത്രം മനുഷ്യന് രോഗമില്ലാത്തവനായിത്തീരുവാൻ കഴിയുന്നതായിരിക്കും. ഔഷധം സേവിക്കുമ്പോൾ പോലും ആഹാരം കൂടാതെ ജീവിക്കാൻ കഴിയുന്നതല്ല. അതു കൊണ്ട് ആഹാരം മഹൗഷധമാണെന്ന് പറയപ്പെടുന്നു." (കാശ്യപസംഹിത )

വിപണിയും പരസ്യങ്ങളുമല്ല; നമ്മുടെ കുഞ്ഞുങ്ങളുടെ ആഹാരമേതെന്ന് നിശ്ചയിക്കേണ്ടത്.
യഥാർത്ഥ ആരോഗ്യ അറിവുകളാലാണ് നാം ഭക്ഷണത്തെ തെരഞ്ഞെടുക്കേണ്ടത്.

Dr Beena M
Info Drs Ayurveda

Address

Mampad, Ippootingal
Mampad
676542

Opening Hours

Monday 10:35am - 6:30pm
Tuesday 10:35am - 6:30pm
Wednesday 10:35am - 6:30pm
Thursday 10:35am - 6:30pm
Friday 10:35am - 6:30pm
Saturday 10:35am - 6:30pm

Telephone

+91 70345 37822

Website

Alerts

Be the first to know and let us send you an email when Tabiea Ayurvedic Clinic-TAC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category