18/07/2024
ഫാര്‍മസി കോഴ്‌സ് എന്നാല്‍ മരുന്നെടുത്ത് കൊടുക്കല്‍ മാത്രമല്ല
ഫാര്‍മസിസ്റ്റ് എന്നാല്‍ ഡോക്ടറുടെ മരുന്നുകുറിപ്പ് നോക്കി മരുന്ന് എടുത്തുകൊടുക്കുക മാത്രമല്ല ജോലി. ഔഷധനിര്‍മാണ മേഖലയില്‍ ഫാര്‍മസിസ്റ്റുകളുടെ പങ്ക് വളരെ വലുതാണ്. മരുന്നുകളുടെ നിര്‍മാണം, ഗവേഷണം, അവയുടെ സുരക്ഷാപരിശോധന, ഗുണനിലവാര പരിശോധന തുടങ്ങീ രോഗികള്‍ക്ക് കൃത്യമായ അളവില്‍ മരുന്നുവിതരണം ചെയ്യുക, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച് വിലയിരുത്തുക എന്നിങ്ങനെ പല പ്രക്രിയകളിലും നിര്‍ണായക പങ്കുവഹിക്കുന്നവരാണ് അവര്‍.
തൊഴില്‍ സാധ്യതകള്‍
ഔഷധനിര്‍മാണ മേഖലകളിലും ഉത്പാദനരംഗത്തും ഫാര്‍മസി കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് വിപുലമായ തൊഴില്‍സാധ്യതകളുണ്ട്. ആശുപത്രികള്‍, ഫാര്‍മസികള്‍, ഔഷധഗവേഷണ സ്ഥാപനങ്ങള്‍, അധ്യാപനം തുടങ്ങിയ മേഖലകളില്‍ അവസരങ്ങളേറെ. മരുന്നുനിര്‍മാണവും വിതരണവും രജിസ്‌ട്രേഡ് ഫാര്‍മസിസ്റ്റിന്റെ മേല്‍നോട്ടത്തിലായിരിക്കണമെന്ന് നിയമമുണ്ട്. മെഡിക്കല്‍ ഉപകരണങ്ങള്‍, ആയുര്‍വേദ-ഹോമിയോ മരുന്നുകള്‍ തുടങ്ങിയവയുടെ ഉത്പാദനരംഗത്തും ഫാര്‍മസിസ്റ്റുകളുടെ ആവശ്യമുണ്ട്.
മാത്രമല്ല, മരുന്നിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന ജോലിയായ ക്വാളിറ്റി കണ്‍ട്രോള്‍ കെമിസ്റ്റ്, മരുന്ന് സാമ്പിളുകള്‍ സര്‍ക്കാര്‍ ലബോറട്ടറികളില്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നവരായ ഗവണ്‍മെന്റ് അനലിസ്റ്റ്, പുതിയ മരുന്നുകള്‍ കണ്ടെത്തുകയും പരീക്ഷണം നടത്തുകയും ചെയ്യുന്ന റിസര്‍ച്ച് അനലിസ്റ്റ്, ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍, ഡ്രഗ്സ് കണ്‍ട്രോളര്‍, ഹോസ്പിറ്റല്‍ ഫാര്‍മസിസ്റ്റ്, ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ്, മെഡിക്കല്‍ റെപ്രസെന്റേറ്റീവ് തുടങ്ങി അവസരങ്ങള്‍ നിരവധിയാണ്. സര്‍ക്കാര്‍മേഖലയിലും ജോലിസാധ്യതകളുണ്ട്.
കോഴ്‌സുകള്‍
ഡി.ഫാം, ബി.ഫാം, എം.ഫാം, ഫാം.ഡി എന്നിവയാണ് ഫാര്‍മസി വിഭാഗത്തിലെ പ്രധാന കോഴ്‌സുകള്‍. പ്ലസ്ടുവിന് സയന്‍സ് പ്രധാന വിഷയമായി പഠിക്കുന്നവര്‍ക്ക് ഫാര്‍മസി കോഴ്‌സുകള്‍ക്ക് ചേരാം.
ബി.ഫാം
നാലുവര്‍ഷം ദൈര്‍ഘ്യമുള്ള ബിരുദ കോഴ്‌സാണ് ബി.ഫാം. ബയോളജിക്ക് 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്‌സ്/ബയോടെക്‌നോളജി/കംപ്യൂട്ടര്‍ സയന്‍സ് വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയും പ്ലസ്ടു/തത്തുല്യപരീക്ഷ ജയിച്ചവര്‍ക്കും അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ഡി.ഫാം ജയിച്ചവര്‍ക്കും പ്രവേശനത്തിന് അപേക്ഷിക്കാം. കേരളത്തില്‍ ബി. ഫാം കോഴ്‌സിന് ചേരാന്‍ താത്പര്യമുള്ളവര്‍ കീം (KEAM) പരീക്ഷയിലെ പേപ്പര്‍ വണ്‍ എഴുതിയിരിക്കണം.
ബി.ഫാം കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഉന്നതപഠനത്തിനുള്ള അവസരങ്ങളേറെയാണ്. യോഗ്യത നേടുന്നവര്‍ക്ക് രണ്ടു വര്‍ഷത്തെ എം.ഫാം കോഴ്‌സിന് ചേരാം. എം.ടെക് (ബയോ ടെക്‌നോളജി/ബയോ ഇന്‍ഫര്‍മാറ്റിക്‌സ്), എം.ബി.എ. (ഫാര്‍മ മാര്‍ക്കറ്റിങ്) എന്നീ കോഴ്‌സുകള്‍ക്കും ബി.ഫാം ബിരുദക്കാര്‍ക്ക് പ്രവേശനം ലഭിക്കും.
ആലപ്പുഴ മെഡിക്കല്‍ കോളേജിന് കീഴിലുള്ള കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് (20), കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസിലുള്ള കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് (20), കോട്ടയം മെഡിക്കല്‍ കോളേജിലെ കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് (60), തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് (60) എന്നിവിടങ്ങളിലാണ് സര്‍ക്കാര്‍ തലത്തില്‍ ബി.ഫാം കോഴ്സ് നടക്കുന്നത്. ഇതിനുപുറമേ സ്വകാര്യ-സ്വാശ്രയമേഖലയിലും ബി.ഫാം കോഴ്സ് നടത്തുന്നുണ്ട്.