29/11/2020
ആധുനിക വൈദ്യ ശാസ്ത്രം ഇല്ലാതാകുമോ ❓
-----------------------------------------------------------------
ഡോ .പി .റ്റി.സക്കറിയ .
സംസ്ഥാന പ്രസിഡന്റ് .
ഐ എം.എ.
ഭാരതത്തിൽ ഒരു പത്തോ, പതിനഞ്ചോ വർഷങ്ങൾ കഴിയുമ്പോൾ ആധുനിക വൈദ്യശാസ്ത്രം തന്നെ ഇല്ലാതാകുമോ എന്ന് കടുത്ത ആശങ്ക .
അതുമൂലം ഭാരതീയർക്ക് ശാസ്ത്രീയ ചികിൽസ അപ്രാപ്യമാകുമെന്നുള്ളത് വസ്തുതയാണ്.
ഈ വിഷയത്തെ അപഗ്രഥിക്കുന്ന പലരും ഈ ആശങ്ക പ്രകടിപ്പിക്കുന്നു.. ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ ചെയ്യാനുള്ള അനുവാദം നൽകുന്നുവെന്ന് വിഷയത്തെ ആസ്പദമാക്കിയാണ് ഇപ്പോൾ ചർച്ചകൾ പൊന്തിവരുന്നുവെങ്കിലും അതിനുമൊക്കെ ആപ്പുറം ഭാരതത്തിലെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ദിശ തന്നെ മാറ്റി മറിക്കുന്ന ചില നടപടികൾ ഉണ്ടാകുന്നുവെന്നാണ് നാം കാണേണ്ടതാണ്.
എന്താണ് ആ ദിശാ മാറ്റം.
ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഇപ്പോൾ നിലവിൽ ഇല്ല. മുൻ കാലങ്ങളിൽ ഇന്ത്യൻ മെഡിക്കൽ കൗണ്സിൽ ആക്ടാണ് ഭാരത്തിലെ ഡോക്ടർമാരുടെ ലൈസൻസ് ഉൾപ്പെടെ, മെഡിക്കൽ വിദ്യാഭ്യാസ നിലവാരത്തിന്റെ അസസ്മെന്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിയത്രണം ഏർപ്പെടുത്താൻ അധികാരമുള്ള സ്വതന്ത്ര ബോഡിയായി പ്രവർത്തിച്ചിരുന്നത്.
ഇപ്പോൾ ഇന്ത്യൻ മെഡിക്കൽ കൗൺസിലിനെ റദ്ദാക്കിക്കൊണ്ട് നാഷണൽ മെഡിക്കൽ കമ്മീഷൻ എന്ന പുതിയ സംവിധാനം നിലവിൽ വന്നു. ഈ പുതിയ സംവിധാനം വരുവാനുള്ള കാരണങ്ങൾ പലതാണ്. ഇന്ത്യൻ മെഡിക്കൽ കൗൺസിലുമായി ബന്ധപ്പെട്ട ചിലരെ കുറിച്ചുള്ള അഴിമതി ആരോപണങ്ങളാണ് ഇതിലേക്ക് നയിച്ചതെന്ന് പറയുന്നു. വ്യക്തികൾ നടത്തിയ അഴിമതിക്ക് വളരെ ഫലവത്തായി നടത്തി വന്ന ഒരു സിസ്റ്റത്തെ തന്നെ എടുത്ത് മാറ്റിയത് നന്നായില്ലയെന്ന ആഭിപ്രായമാണ് ഭാരതത്തിലെ വൈദ്യ ശാസ്ത്ര മേഖലയിലെ ബഹുഭൂരിപക്ഷം പേർക്കും ഉള്ളത്
പുതുതായി നിലവിൽ വന്ന എൻഎംസിയിൽ നാമനിർദ്ദേശം ചെയ്ത അംഗങ്ങൾക്കാണ് അധികാരം എന്നതാണ് ആദ്യത്തെ തെറ്റ്. ഇന്ത്യൻ മെഡിക്കൽ കൗൺസിലിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കായിരുന്നു അധികാരം.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ തനിമ നിലനിർത്തിയിരുന്ന ഐഎംസി ആക്ടിന് പകരം വന്ന പുതിയ നിയമാവലി ആദ്യമേ തന്നെ വിഭാവനം ചെയതത് "മെഡിക്കൽ പ്ളുരലിസം" അതായത് സംങ്കര വൈദ്യത്തിന്റെ പുതിയ നാമത്തിലുള്ള പുതിയ ചികിത്സ രീതിയാണ്. 2030 തോടെ കൂടി ഒറ്റ ഇന്ത്യ, ഒറ്റ ചികിത്സ എന്നത് വളരെ ആകർഷണീയമായി തോന്നുമെങ്കിലും അതിനെ കൂടുതൽ അപഗ്രഥിക്കുമ്പോഴാണ് അപകടക്കെണി പുറത്ത് വരിക.
ആയൂർവേദ ഡോക്ടർമാർക്ക് ശസത്രക്രിയ അനുമതി എന്ന വിവാദ വിഷയത്തിലേക്ക് കടക്കുമുൻപ് ചില നയങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്.
കേരളത്തിലെ, ഭാരതത്തിലെ നിലവിലുള്ള ചികിത്സ സംവിധാനങ്ങളിൽ ആയുർവേദ വൈദ്യ ശാസ്ത്രത്തിന് അതിന്റേതായ പ്രാധാന്യം ഉണ്ട്താനും. അതു കൊണ്ട് തന്നെ ആയുർവേദ ചികിത്സ ശാഖയുടെ തനിമ നിലനിർത്തുകയും അതുമായി ബന്ധപ്പെട്ട ചികിത്സ രീതികളിൽ, മാർഗങ്ങളിൽ പരീക്ഷണ നിരീക്ഷണങ്ങളും ഗവേഷണങ്ങളും നടക്കേണ്ടതായിട്ടുണ്ട്.
ആയുർവേദത്തിനെ അതിന്റെ തനിമയോട് നിലനിർത്തുകയും, ആധുനിക വൈദ്യശാസ്ത്രത്തെ അതിന്റെ രീതികളിൽ നിലനിർത്തുകയും രണ്ടിലും ഗവേഷണങ്ങൾ ഉണ്ടാകുകയുമാണ് അഭികാമ്യം. എൻഎംസി വിഭാവനം ചെയ്യുന്ന സങ്കര വൈദ്യത്തിലൂടെ എല്ലാ വൈദ്യ ചികിത്സ മേഖലകളേയും ഒന്നിപ്പിച്ച് കൊണ്ട് ഒരു കുടക്കീഴിൽ എന്ന അപ്രായോഗിക സ്വപ്നത്തിലാണ് നയ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന പലരും.
ഒറ്റയടിക്ക് ഈ നിലപാട് വളരെ ആകർഷണീയമായി തോന്നുമെങ്കിലും ഇതിലെ അപകടക്കെണികളും അപാകതകളും , ദീർഘവീക്ഷണമില്ലാത്ത കാൽവെയ്പുകളും, നാം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ലോകത്ത് ഒരു രാജ്യത്തും ഇത്തരം ഒരു സങ്കര ചികിത്സയില്ല എന്ന് നാം മനസിലാക്കണം. ലോകത്ത് ഒരു രാജ്യവും ഇത്തരം ഒരു സങ്കര ചികിത്സ ഭാവിയിലേക്ക് വിഭാവന ചെയ്യുന്നത് കൂടിയുമില്ല. ആധുനിക വൈദ്യശാസ്ത്രത്തിന് ഏറ്റവും കൂടുതൽ പ്രചോദനവും പ്രോത്സാഹവും നൽകുമ്പോൾ മറ്റ് വൈദ്യ ശാസ്ത്ര വിഭാഗങ്ങളിൽ കഴമ്പ് ഉള്ളതിനെ മാത്രം പ്രോത്സാഹിപ്പിക്കുന്ന രീതിയാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ മറ്റെല്ലാ രാജ്യങ്ങളിലും നടപ്പാക്കുന്നത്.
അടിസ്ഥാന തത്വങ്ങളിൽ വിഭിന്നമായ വൈദ്യശാസ്ത്ര ശാഖകൾ ഒരിക്കലും യോചിക്കുകയില്ലയെന്ന പച്ച പരമാർത്ഥം മനസിലാക്കിയേ കഴിയുള്ളൂ.
രോഗാണു ഇല്ല എന്ന് വിഭാവനം ചെയ്യുന്ന ശാസ്ത്രശാഖകൾക്ക് ഒരിക്കലും ആധുനിക വൈദ്യശാസ്ത്രവുമായി ചേർന്നുള്ള ചികിത്സയും ഗവേണ നിരീക്ഷണങ്ങൾ നടത്താൻ കഴിയില്ലയെന്നുള്ളതാണ് സത്യം.
അടിസ്ഥാന തത്വങ്ങളിൽ ആധുനിക വൈദ്യശാസ്ത്രവും മറ്റ് ചികിത്സ രീതികളും തമ്മിൽ അജഗജാന്തരമുണ്ടെന്ന് നാം മറക്കാൻ പാടില്ല. അത് കൊണ്ട് തന്നെ ഇതിനെ സമന്വയിപ്പിക്കുന്ന നിലപാടുകളെല്ലാം ആരോഗ്യ മേഖലയെ പിന്നോട്ട് വലിക്കും.
ഇനി ആയുർവേദ സർജറിയെക്കുറിച്ച്
ഒരു മെഡിക്കൽ വിദ്യാർത്ഥിക്ക് എംബിബിഎസിന് അഡ്മിഷൻ ലഭിക്കണം എന്നുണ്ടെങ്കിൽ പ്ലസ്ടു വിദ്യാഭ്യാസത്തിന്ശേഷം കുറഞ്ഞത് ഒരു വർഷംമെങ്കിലും എൻട്രൻസ് പരിശീലനത്തിന് പോകേണ്ടതായിട്ട് വരും, അപൂർവ്വം വിദ്യാർത്ഥികൾക്ക് മാത്രമാണ് ആദ്യ ചാൻസിൽ തന്നെ നല്ല കോളേജുകളിൽ എംബിബിഎസ് അഡ്മിഷൻ ലഭിക്കുക. അത് കഴിഞ്ഞ് അഞ്ചര കൊല്ലത്തെ കോഴ്സും പൂർത്തിയാക്കി വീണ്ടും ഒന്നോ രണ്ടോ കൊല്ലം പോസ്റ്റ്ഗ്രാജുവേറ്റ് എൻട്രസിന് പഠിച്ച ശേഷം സർജറി വിഭാഗങ്ങളിൽ പരിശീലനത്തിന് ശേഷം ഒരു പക്ഷേ റൂറൽ സേവനം കഴിഞ്ഞ് പുറത്ത് വരുന്ന ഒരു ഡോക്ടർ ഒരു 12 മുതൽ 15 വരെ വർഷങ്ങളിലെ മെഡിക്കൽ വിദ്യാഭ്യസവും, ശസ്ത്രക്രിയ പരിശീലനവും കഴിഞ്ഞവരാകും, ഈ അവസരത്തിലാണ് ആയുർവേദ ഡോക്ടർമാർക്ക് സർജറി വിഭാഗത്തിൽ ട്രെയിനിംഗ് നൽകുക എന്ന ഒരു നിർദ്ദേശം ഉയർന്ന് വന്നത്. അണ്ടർ ഗ്രാജുവേറ്റ് ലെവലിൽ പോലും സർജറികളെക്കുറിച്ച് കൃത്യമായ പരിശീലനം ലഭിക്കാതെ പോകുന്ന ഇവർക്ക് പോസ്റ്റ് ഗ്രാജുവേഷൻ തലത്തിൽ പെട്ടെന്ന് ഓപ്പറേഷൻ ചെയ്യാനുള്ള പരിശീലനം നൽകാൻ സാധ്യമല്ല എന്നത് വളരെ വ്യക്തവുമാണ്.
അതു മാത്രമല്ല അവർക്ക് ഈ ആധുനിക വൈദ്യശാസ്ത്രം പഠിക്കാൻ കൊടുക്കുന്ന സമയം ആയുർവേദം പഠിക്കുന്നത് തന്നെയാകും കൂടുതൽ ഉചിതം .
ഇല്ലെങ്കിൽ ആധുനിക വൈദ്യശാസ്ത്രം ഇല്ലാതാകുന്നതോടൊപ്പം ആയുർവേദവും തനിമ നഷ്ടപെട്ട മറ്റൊരു ചികിൽസയായി മാറും
ഏതാണ്ട് 15 വർഷത്തെ പഠനം കഴിഞ്ഞ് പുറത്ത് വരുന്ന സർജൻമാർ പോലും എല്ലാ ശസ്ത്രക്രിയകളും ചെയ്യാറില്ല. ശസ്ത്രക്രിയ ചെയ്യുന്നതിന് മുൻപ് സ്വന്തം രോഗികളെ തിരഞ്ഞെടുക്കുക എന്ന മാർഗം അവരുടെ മുന്നിൽ ലു ണ്ടുതാനും. ശസ്ത്രക്രിയ ഉപകരങ്ങളുടെ ലഭ്യത, , മുൻപരിചയം, സപ്പോർട്ട് സ്റ്റാഫുകളുടെ പിൻതുണ ഇവയെല്ലാം ഉറപ്പിച്ചാൽ മാത്രമേ ഒരു സർജൻ ഓപ്പറേഷന് മുതിരുകയുള്ളൂ. അല്ലാത്ത പക്ഷം അതിന് സൗകര്യങ്ങൾ ലഭ്യമായ സ്ഥലത്തേക്ക് രോഗികളെ പറഞ്ഞയക്കുയാണ് മിക്ക ഡോക്ടമാർമാരും ചെയ്യുന്നത്. അങ്ങനെയുള്ള സാഹചര്യത്തിൽ വളരെ ചുരുങ്ങിയ സമയത്തിൽ ശസ്ത്രക്രിയക്ക് പരിശീലനം നൽകി അവരേയും സർജൻമാരാക്കാം എന്ന നിലപാട് തെറ്റാണ്. എതിർക്കപ്പെടേണ്ടതാണ്.
എന്ത് കൊണ്ട് എതിർക്കപ്പെടണമെന്നുള്ളത് വളരെ സുവ്യക്തമാണ്.
ഇത് എതിർക്കേണ്ടത് ആധുനിക വൈദ്യ ശാസ്ത്രത്തിലെ ഡോക്ടർമാരല്ല. ചികിത്സ മേഖലയോട് താൽപര്യം പ്രകടിപ്പിക്കുന്ന ഉത്തരവാദിത്ത ബോധമുള്ള സാമൂഹിക നേതാക്കൽ , ബുദ്ധി ജീവികൾ , പത്രമാധ്യമ പ്രവർത്തകർ , മറ്റ് വിവിധ ശ്രേണിയിലുള്ള ആൾക്കാർ ,ഒറ്റവാക്കിൽ ഭാരതത്തിന്റെ പൊതു സമൂഹം ഇതിനെ കുറിച്ച് വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു.
എന്ത് കൊണ്ട് ഇത് എതിർക്കപ്പെടണം എന്ന് വ്യക്തമാണ്. 10, വർഷം കഴിയുമ്പോൽ ആധുനിക വൈദ്യ ശാസ്ത്രം അപ്രത്യക്ഷമാകുകയും അതിന് പകരം മറ്റ് പല വിഭാഗങ്ങളും കൂട്ടിച്ചേർത്ത ഒരു കിച്ചടി ചികിത്സ ഭാരതത്തിന് മാത്രമായി ഉണ്ടാക്കിയെടുക്കാമെന്നതാണ് ചിലരെങ്കിലും കരുതുന്നത്. അബദ്ധ ജലിടമായ ഇത്തരം വ്യാമോഹങ്ങൾ ഭാരതത്തിന് കേരളത്തിന് ഒരിക്കലും ഉപയുക്തമാകില്ല.
പകരം ഭാരതത്തിന് ആയുർവേദത്തിന്റെ തനിമ നിലനിർത്തുന്ന ഗവേഷണ നിരീക്ഷണങ്ങൾ കൂടുതൽ ഉണ്ടാക്കുകയും , അത് അവരുടേതായ രീതിയിൽ പ്രോത്സാഹിപ്പുക്കുയും വേണം. ആയുർവേദക്കാർ അവരുടേതായ രീതിയിലുള് ചികിത്സകൾ നടത്തി അതിന്റെ ഗുണങ്ങൾ ജനങ്ങൾക്ക് ലഭിക്കട്ടെ. ആധുനിക ചികിത്സയെ അതിന്റെ വഴിയേയും വിടുക, പരസ്പരം കൂട്ടിച്ചേക്കുന്നത് എല്ലാത്തിന്റേയു ഗുണങ്ങൾ നശിക്കുമെന്ന് മാത്രമല്ല കേരളത്തിന്റെ ആരോഗ്യമേഖലക്കും , ഭാരത്തിലെ ആരോഗ്യ മേഖലക്കും ആധുനിക വൈദ്യശാസ്ത്രം നൽകിയ വലിയ തിരിച്ചടിയാകും
ഇതിന്റെ തിരിച്ചടി , ഇന്നോ നാളയെ ആകില്ല എന്ന് മാത്രം.
പത്തോ, പതിനഞ്ചോ വർഷം കഴിയുമ്പോൾ മാത്രമാകും തിരിച്ചടി നാം നേരിടേണ്ടി വരുക.
ഒരു വാൽക്കൽഷണം കൂടി
ആയുർവേദം ഭാരത്തിന്റെ സ്വന്തം ചികിത്സ ശാസ്ത്രം ആകുമ്പോൾ ആധുനിക വൈദ്യത ശാസ്ത്ര വിഭാഗത്തിത്തിനും ഭാരതം നൽകിയ സംഭാവനകൾ ലോക ചികിത്സ ശാസ്ത്ര ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതപ്പെട്ടിരിക്കുന്നു.
ട്യൂബിർക്കുലോസിസിനും, മലേറിയയിലും, തുടങ്ങി പോളിയോ നിർമ്മാജനം വരെയുള്ള വിവിധ മേഖലകളിൽ എന്തിന് ഏറെ കൊവിഡ് 19 ചികിത്സയിൽ പ്പോലും ഭാരതം മികച്ച പ്രകടനം കാണിച്ചത് ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ സഹായം ഒന്ന് കൊണ്ട് മാത്രമാണ്. ഭാരതത്തിലെ ഡോക്ടർമാർ ലോകത്തിലെ മികച്ച ഡോക്ടർമാരായി പ്രവർത്തിക്കുകയും വിവിധ ആരോഗ്യ സംഘടനകളുടേയും, ഇൻസ്റ്റിറ്റ്യൂട്ടുകളുടേയും തലവൻമാരായി പ്രവർത്തിക്കുകയും ചെയ്യുന്നത് നാം കാണാതിരുന്നൂകൂടാ. ഏതാണ്ട് 400 മെഡിക്കൽ കോളേജുകളിൽ നിന്നും 85000 ഡോക്ടമർമാർ മതിയാകും ഡോക്ടർ ക്ഷാമം ഇല്ലാതാക്കുവാൻ . ഡോക്ടർമാർക്ക് ക്ഷാമം ഉള്ളത് കേരളത്തിലല്ല എന്ന് നാം ഓർക്കണം. 1000 പേർക്ക് 1 ഡോക്ടർ മതി യെന്ന് ലോക ആരോഗ്യ സംഘടന പറയുമ്പോൾ കേരളത്തിൽ 200 ഉം 300 ഉം പേർക്ക് ഒരു ഡോക്ടർ വെച്ച് ഉണ്ട്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ അങ്ങനെയല്ല. അവിടത്തെ ഡോക്ടമാർമാരുടെ കുറവ് നികത്തുന്നതിന് ഈ വളഞ്ഞ വഴി ഒരിക്കലും നല്ലതല്ല. 85000 മെഡിക്കൽ വിദ്യാർത്ഥികൾ പുറത്ത് വരുന്ന ഈ സംവിധാനത്തിലൂടെ നമുക്ക് ഏതാനും വർഷം കൊണ്ട് ഡോക്ടർമാരുടെ ക്ഷാമം ഭാരത്തിൽ ഇല്ലാതാക്കാൻ കഴിയും, അതിന് പകരം എല്ലാ വൈദ്യവും കൂട്ടിക്കലർത്തി സങ്കരവൈദ്യമെന്ന പുതിയ വൈദ്യവിഭാഗത്തെ സൃഷ്ടിക്കുവാനുളള തീരുമാനം വൻ തിരിച്ചടിയുമാകും, പൊതു ജനാരോഗ്യത്തോടുള്ള വെല്ലുവിളിയും ആകും,
ഭാരതത്തിൻറെ പൊതുസമൂഹം ഏറ്റെടുക്കേണ്ട വിഷയം തന്നെയാണിത്.
ഡോ പി റ്റി സക്കറിയ
സംസ്ഥാന പ്രസിഡന്റ്
ഐ.എം.എ.