27/03/2025
💚💚💚💚💚💚💚💚💚💚💚💚💚💚💚
കൊടുത്താലേ കിട്ടൂ..കൊടുത്താൽ കൊല്ലത്തും കിട്ടും.. പ്രത്യേകിച്ചും തെങ്ങിൽ നിന്നും...
പ്രമോദ് മാധവൻ
==================================
ഒരു തെങ്ങിൽ നിന്നും ഒരു കൊല്ലം കുറഞ്ഞത് നൂറ് തേങ്ങകൾ വിളവെടുക്കണം. അതാണ് നമ്മുടെ ലക്ഷ്യം...അത് ഒരു വാശിയാണ്.
പ്രിയങ്കരനായ ഡോക്ടർ അബ്ദുൽ കലാം പറഞ്ഞത് പോലെ "ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം, നമ്മുടെ ഉറക്കം കെടുത്തുന്നതാകണം സ്വപ്നം"എന്നാണല്ലോ.എന്നാൽ തെങ്ങിലെ അധിക വിളവ് സ്വപ്നം കണ്ട് തുടങ്ങിക്കോളൂ...
ശരിയായ തീറ്റ കൊടുത്താൽ ഓരോ മാസവും ഓരോ ഓല തെങ്ങിലുണ്ടാകും. ഓരോ ഓലയുടെയും ഇടയിൽ നിന്നും ഓരോ പൂങ്കുലയും.ഈ ഓരോ പൂങ്കുലയിലും കുറഞ്ഞത് പത്ത് തേങ്ങകൾ മ്മക്ക് കിട്ടണം.
തെങ്ങ് Monocot വിഭാഗത്തിൽ പെടുന്ന, തായ് വേര് പടലം ഇല്ലാത്ത, പക്കവേരുകൾ(Fibrous root system ) മാത്രമുള്ള ഒരു വൃക്ഷമാണ് എന്നതാണ് കർഷകൻ ആദ്യം മനസ്സിലാക്കേണ്ടത്. പൂർണവളർച്ചയെത്തിയാൽ ഏതാണ്ട് ഒന്നേകാൽ മീറ്റർ ആഴത്തിലും ഒന്നേമുക്കാൽ മുതൽ രണ്ട് മീറ്റർ വശങ്ങളിലേക്കും തെങ്ങിന്റെ വേരുകൾ പോയേക്കാം. അപൂർവ്വം ചില വേരുകൾ അതുക്കും മേലേ പോയിക്കൂടായ്കയില്ല.
ഈ പ്രത്യേകത മനസ്സിലാക്കിയാണ് നമ്മൾ തെങ്ങിന്റെ കുഴി എടുക്കുന്നത്.
ഒരു മീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴിയാണ് സാധാരണ മണ്ണിൽ നമ്മൾ തെങ്ങിൻ തൈ നടാൻ ശുപാർശ ചെയ്യുന്നത്. വെട്ടുകൽ മണ്ണാണ് (Laterite )എങ്കിൽ ഒന്നേകാൽ മീറ്റർ വരെ ആഴത്തിൽ കുഴി എടുക്കണം.നേരത്തെ തന്നേ കുഴിയെടുത്ത് അടിയിൽ കുറച്ച് കറിയുപ്പ് കൂടി ഇട്ടുകൊടുത്താൽ മണ്ണ് കുറച്ചുകൂടി ഇളക്കം ഉള്ളതാകും. ഇത്തരം മണ്ണുകളിൽ ആഴത്തിലേക്ക് പോകുന്തോറും മണ്ണിന്റെ അസിഡിറ്റി കൂടും. മേൽമണ്ണിലേക്കാൾ അമ്ലത അടിമണ്ണിൽ (sub soil )ഉണ്ടാകും.
ഈ അടിമണ്ണിന്റെ അസിഡിറ്റി (subsoil acidity ) യെ ആദ്യം മെരുക്കണം. അതിനായി കുഴി എടുത്ത ശേഷം മേൽമണ്ണും കുറച്ച് അടിമണ്ണും ഒരു അഞ്ച് കിലോ എങ്കിലും Phospho Gypsum (ഇത് ഫോസ്ഫറ്റിക് വളങ്ങൾ നിർമ്മിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഉപോത്പന്നമാണ്. ഓരോ കിലോ റോക്ക് ഫോസ്ഫേറ്റ് നിർമ്മിക്കുമ്പോഴും ഏതാണ്ട് അഞ്ച് കിലോയോളം Phospho Gypsum ഉണ്ടാകും. ഇത് സിമന്റ് നിർമ്മാണത്തിനും മറ്റും ഉപയോഗിക്കും.) Calcium Sulphate.2H2O എന്നതാണ് ഇതിന്റെ രാസനാമം. കട്ടി കൂടിയ മണ്ണിനെ ലൂസ് ആക്കാനും മണ്ണിന്റെ വായു സഞ്ചാരം കൂട്ടാനും കാൽസ്യം, സൾഫർ എന്നിവ മണ്ണിൽ ലഭ്യമാക്കാനും ഇത് വഴി സാധിക്കും. ഇത് കിട്ടിയില്ലെങ്കിൽ കുമ്മായപ്പൊടിയോ ഡോളോമൈറ്റോ ഉപയോഗിക്കാം.
മണ്ണും കുമ്മായവസ്തുക്കളും ചേർത്ത് നന്നായി കൂട്ടിക്കലർത്തി കുഴി പകുതി മൂടി രണ്ടാഴ്ച ചെറിയ ഈർപ്പത്തോടെ ഇട്ടേക്കാം. നേരത്തേ തന്നെ തെങ്ങിൻ കുഴി എടുത്തിടാൻ പറയുന്നത് അത് കൊണ്ടാണ്.
ഇങ്ങനെ പാകം വന്ന മണ്ണിലേക്കാണ് നമ്മൾ ലക്ഷണമൊത്ത ഒരു തെങ്ങിൻ തൈ നടേണ്ടത്.9-12 മാസം പ്രായമുള്ള 4-5 ഓലകൾ ഉള്ള കഴുത്തു വണ്ണം നാലിഞ്ച് എങ്കിലുമുള്ള ഒലക്കാലുകൾനേരത്തെ വിരിഞ്ഞു തുടങ്ങിയ തൈകൾ തെരെഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
തെങ്ങിൻ തൈ വച്ച് കഴിഞ്ഞാൽ ആ കുഴിയിലേക്ക് ഒരു കാരണവശാലും വലിയ അളവിൽ മഴവെള്ളം ഇറങ്ങാൻ അനുവദിക്കരുത്. അങ്ങനെ മഴവെള്ളം കെട്ടിനിന്നാൽ മണ്ട അഴുകൽ എപ്പോ വന്നു എന്ന് ചോദിച്ചാൽ മതി. "കാശ് കൊടുത്ത് കടിയ്ക്കുന്ന പട്ടിയെ മേടിയ്ക്കരുത് രമണാ"... കുഴി എടുത്തതിന് ശേഷമുള്ള അടിമണ്ണ് കൊണ്ട് തെങ്ങിൻ കുഴിയ്ക്ക് ചുറ്റുമായി ഒരു ചെറിയ ബണ്ട് ഉണ്ടാക്കി വച്ചാൽ കുഴിയിൽ വെള്ളം ഇറങ്ങാതെ സംരക്ഷിക്കാം.
തെക്ക് പടിഞ്ഞാറൻ വെയിലിന്റെ കാഠിന്യം കുറയ്ക്കാൻ അവിടെ ഓല കുത്തിചാരി നിർത്താം.
തെങ്ങിൻ തൈ വച്ച് കഴിഞ്ഞ് സ്യൂഡോമോണാസ് 20g/L ഡോസിൽ ഒഴിച്ച് കടഭാഗം കുതിർത്ത് കൊടുക്കാം. ഇത് ഓരോ മാസവും ആവർത്തിയ്ക്കാം.
ഇനി വളപ്രയോഗത്തിലേക്ക് വരാം.
തെങ്ങിന് പ്രധാനമായും വേണ്ടത്
1. കുമ്മായം /Dolomite
2. ജൈവ വളങ്ങൾ (അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, പച്ചില വളങ്ങൾ, തെങ്ങിന്റെ തന്നെ അവശിഷ്ടങ്ങൾ മുതലായവ
3 . NPK വളങ്ങൾ (യൂറിയ, റോക്ക് ഫോസ്ഫേറ്റ്, പൊട്ടാഷ് )
അല്ലെങ്കിൽ
Factomfos +Potash മിശ്രിതം
അല്ലെങ്കിൽ
10:5:20 എന്ന മിശ്രിത വളം
4. Magnesium Sulphate
5. ആവശ്യമെങ്കിൽ ബോറോൺ അടങ്ങിയ വളങ്ങൾ (Borax )
തൈ നട്ട് കഴിഞ്ഞാൽ മൂന്നാം മാസം മുതൽ വളപ്രയോഗം തുടങ്ങാം. മേടപ്പത്തിനാണ് തൈ നട്ടത് എങ്കിൽ ആ വർഷം ജൂലൈ മാസത്തിൽ ഒന്നാമത്തെ വളം കൊടുക്കാം.
വലിയ ഒരു തെങ്ങിന് കൊടുക്കേണ്ട വളത്തിന്റെ പത്തിലൊന്ന് വളം മാത്രം കുഞ്ഞിത്തെങ്ങിന് കൊടുക്കാം.
ഇനി അടുത്ത വളം കൊടുക്കേണ്ടത് അടുത്ത വർഷം ഏപ്രിൽ -മെയ് മാസത്തിലാണ്.
ആ സമയത്ത് വലിയ തെങ്ങിന് കൊടുക്കുന്നതിന്റെ മൂന്നിലൊന്ന് വളം കൊടുക്കണം. അത് രണ്ട് തവണകൾ ആക്കി കൊടുക്കാം. മൊത്തം വളത്തിന്റെ മൂന്നിലൊന്ന് ആ മാസവും ബാക്കി മൂന്നിൽ രണ്ട് ഭാഗം സെപ്റ്റംബർ -ഒക്ടോബർ മാസവും.
ഇനി തൊട്ടടുത്ത കൊല്ലമാണ് വളം കൊടുക്കേണ്ടത്. അപ്പോൾ വലിയ തെങ്ങിന് കൊടുക്കേണ്ട വളത്തിന്റെ മൂന്നിൽ രണ്ട് ഭാഗം കൊടുക്കണം. അതിന്റെ മൂന്നിലൊന്ന് ഏപ്രിൽ -മെയ് മാസത്തിലും മൂന്നിൽ രണ്ട് ഭാഗം സെപ്റ്റംബർ -ഒക്ടോബർ മാസത്തിലും കൊടുക്കാം. ഇപ്പോൾ തെങ്ങിന്റെ കൗമാര പ്രായമാണ്.
ഇനി മൂന്നാം കൊല്ലം. തെങ്ങ് യൗവനത്തിലേക്ക് കടക്കുന്നു. "തന്നോളമെത്തിയാൽ താനെന്നു വിളിക്കണം" എന്നാണല്ലോ. അപ്പോൾ പൂർണ വളർച്ചയെത്തിയ തെങ്ങായി പരിഗണിച്ചു വേണം വളം കൊടുക്കാൻ.
ആ വർഷത്തെ മൊത്തം വളത്തിന്റെ മൂന്നിലൊന്ന് ഏപ്രിൽ -മെയ് മാസത്തിലും മൂന്നിൽ രണ്ട് ഭാഗം സെപ്റ്റംബർ -ഒക്ടോബർ മാസത്തിലും കൊടുക്കാം.
ഇനി തെങ്ങിന് വളം കൊടുക്കേണ്ട സമീപനം എങ്ങനെ ആയിരിക്കണം എന്ന് നോക്കാം.
എല്ലാ തെങ്ങും ഒരേയിനത്തിൽപ്പെട്ടതോ, ഒരേ പ്രായമുള്ളതോ ഒരേ വിളവ് കിട്ടുന്നതോ അല്ല എന്ന് നമുക്കറിയാം. പശു വളർത്തലിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നന്നായി ഈ തത്വം അറിയാം. പശുവിന്റെ ഇനം, പ്രായം, കിട്ടുന്ന പാലിന്റെ അളവ്, കറവയുടെ ഏത് ഘട്ടം എന്നൊക്കെ നോക്കിയാണ് അതിനുള്ള തീറ്റക്രമം നിശ്ചയിക്കുക.
എന്നത് പോലെ തന്നെയാണ് തെങ്ങിനും വളം കൊടുക്കേണ്ടത്. വർഷത്തിൽ ശരാശരി വിളവ് (80 തേങ്ങാ ) കിട്ടുന്ന തെങ്ങിന് കൊടുക്കേണ്ടുന്ന വളം എന്തൊക്കെയാണ് എന്ന് നോക്കാം.
അതിന് മുൻപ് തെങ്ങിന്റെ ഉത്പാദന പ്രക്രിയയെ കുറിച്ച് കൂടി അറിയുന്നത് നന്നായിരിക്കും.
അതിനായി ഒരു ചെറിയ ഉദാഹരണം പറയാം. ഒരു തുകൽ ബാഗ് നിർമ്മിക്കുന്ന തൊഴിലാളിയുടെ ഒരു ദിവസത്തിലേക്ക് നമുക്കൊന്ന് നോക്കാം.
അദ്ദേഹത്തിന്റെ കൈവശം പത്ത് ബാഗുകൾ ഉണ്ടാക്കാനുള്ള തുകൽ ഉണ്ട്, എട്ട് ബാഗുകൾ ഉണ്ടാക്കാനുള്ള നൂലുണ്ട്, അഞ്ച് ബാഗുകളിൽ ഘടിപ്പിക്കാനുള്ള സിപ്പർ (Zipper ) ഉണ്ട്. അങ്ങനെയെങ്കിൽ ആ ദിവസം അയാൾക്ക് എത്ര ബാഗുകൾ തുന്നി വിൽപ്പനയ്ക്ക് വയ്ക്കാൻ സാധിക്കും?. തീർച്ചയായും ഉത്തരം പത്തെന്നോ എട്ടെന്നൊ അല്ല, അത് അഞ്ച് എന്നാണ്.
അതായത് ഒരുത്പാദനപ്രക്രിയയിൽ, വിവിധ ഘടകങ്ങൾ ചേർന്ന് ഒരുത്പന്നം ഉണ്ടാകുമ്പോൾ അവിടെ ഉത്പാദനം നിശ്ചയിക്കുന്നത് അവിടെ ഏറ്റവും കുറവുള്ള അസംസ്കൃതവസ്തുവായിരിക്കും.ഇതിനെയാണ് Limiting Factor എന്ന് പറയുന്നത്. തുകൽപണിക്കാരന്റെ കാര്യത്തിൽ അവിടെ ഏറ്റവും കുറവുള്ള സിപ്പർ ആണ് finished product ന്റെ എണ്ണം നിശ്ചയിച്ചത്.
ഇത് പോലെ തന്നെയാണ് തെങ്ങിനുള്ളിലെ ഉത്പാദനപ്രക്രിയയും. നിശ്ചിത എണ്ണം തേങ്ങകൾ ഉണ്ടാകാൻ ഒരു തെങ്ങ്, മണ്ണിൽ നിന്നും നിശ്ചിത അളവിൽ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, കാൽസ്യം, സൾഫർ, മഗ്നീഷ്യം, ബോറോൺ, ക്ളോറിൻ, സിങ്ക് എന്നിങ്ങനെ വിവിധ മൂലകങ്ങൾ വലിച്ചെടുക്കേണ്ടതുണ്ട്.
ഇതിൽ ഓരോ മൂലകത്തിനും ഓരോ ധർമ്മമായിരിക്കും ഉണ്ടാവുക. നൈട്രജൻ ഇലകളുടെ ഹരിതകത്തിന്റെ നില നിൽപ്പ് നോക്കും. മഗ്‌നീഷ്യം അതിനെ പിന്തുണയ്ക്കും. ഫോസ്ഫറസ് വേരുകളെ ബലപ്പെടുത്തി കൂടുതൽ വെള്ളവും വളവും വലിച്ചെടുക്കാൻ സഹായിക്കും. പൊട്ടാസ്യം രോഗ കീട പ്രതിരോധ ശേഷി കൂട്ടുകയും വരൾച്ചയെ നേരിടാൻ സഹായിക്കുകയും അന്നജ നിർമ്മാണം ത്വരിതപ്പെടുത്തി തേങ്ങയുടെ ഉൾക്കട്ടികൂട്ടുകയും ചെയ്യും. സൾഫർ അമിനോ ആസിഡുകളുടെ നിർമ്മാണത്തെ സഹായിച്ചു കൂടുതൽ പ്രോട്ടീനും കൊഴുപ്പും കൂടുതലായി ഉണ്ടാകാൻ സഹായിക്കും. ബോറോൺ ഇലകൾക്ക് ശരിയായ ആകൃതിയും പരാഗണവും ഉറപ്പ് വരുത്തും. സിങ്ക്, മംഗനീസ്, ക്ലോറിൻ എന്നിവയൊക്കെ വിവിധ എൻസ്യ്മുകളുടെ ഉത്പാദനം വഴി ചെടിയുടെ മെറ്റബോളിസത്തെ സഹായിക്കും.കാൽസ്യം കോശഭിത്തി ബലപ്പെടുത്തും.
ഇത്തരത്തിൽ തെങ്ങിന് ആവശ്യമായ പതിനേഴോളം മൂലകങ്ങൾ അതിന്റെ രണ്ട് മീറ്റർ വ്യാസാർദ്ധത്തിൽ തടത്തിൽ ലഭ്യമാകത്തക്ക തരത്തിൽ ആയിരിക്കണം തെങ്ങിന്റെ വളപ്രയോഗം.
അങ്ങനെയെങ്കിൽ, ഒരു വർഷം, മഴയെ മാത്രം ആശ്രയിച്ചു വളം ചെയ്യുന്ന രീതിയിൽ എന്തൊക്കെ വളങ്ങൾ മൂന്ന് കൊല്ലത്തിന് മേൽ പ്രായമുള്ള തെങ്ങിന് ചെയ്യണമെന്ന് നോക്കാം.
1. തെങ്ങിന് ചുറ്റുമായി ഒന്നേമുക്കാൽ മീറ്റർ വ്യാസാർദ്ധത്തിലും ഒരടി ആഴത്തിലും സ്ഥിരമായി ഒരു തടം എടുത്തിടുന്നത് നന്നായിരിക്കും. (ഓരോ വർഷവും തടം തുറക്കുന്നതിന്റെയും പിന്നെ അത് മൂടുന്നതിന്റെയും കൂലിചെലവ് ഒഴിവാക്കാം )
2. തെങ്ങിൽ നിന്നും രണ്ടടി അകലത്തിലുള്ള ഭാഗത്ത് വേരുകളുടെ ആഗിരണശേഷിയുള്ള അഗ്രഭാഗങ്ങൾ ഉണ്ടാകില്ല. അത് കൊണ്ട് വളങ്ങൾ കൊടുക്കുമ്പോൾ ആ ഭാഗം ഒഴിവാക്കാം. അതിനു ശേഷമുള്ള തടത്തിന്റെ ഭാഗത്ത് വേണം കുമ്മായവും വളവും ചേർത്ത് കൊടുക്കാൻ.
3. വർഷത്തിൽ മൂന്ന് തവണ എങ്കിലും കുമ്മായം /Dolomite ചേർത്ത് കൊടുക്കുന്നത് നല്ലതാണ്. ഏപ്രിൽ -മെയ്, സെപ്റ്റംബർ -ഒക്ടോബർ, ജനുവരി -ഫെബ്രുവരി. ഇത് ഒരു കിലോ മുതൽ രണ്ട് കിലോ വരെ ആകാം. കുമ്മായം ചേർക്കുമ്പോൾ ഒരു ചെറിയ ഈർപ്പം മണ്ണിൽ ഉറപ്പ് വരുത്തേണ്ടതുണ്ട്.
4. കുമ്മായപ്രയോഗവും മറ്റേത് വളപ്രയോഗവും തമ്മിൽ രണ്ടാഴ്ച ഇടവേള കൊടുക്കണം. ഇട്ട് കൊടുത്ത കുമ്മായത്തിന് മണ്ണിൽ പ്രതിപ്രവർത്തിക്കാനുള്ള സമയമാണത്.
5. കുമ്മായം നൽകി പതിനഞ്ച് ദിവസം കഴിഞ്ഞാൽ ജൈവ വളങ്ങൾ കൊടുക്കാൻ പറ്റിയ സമയമാണ്. 80 തേങ്ങയിൽ താഴെയാണ് വാർഷിക ഉത്പാദനമെങ്കിൽ 25 കിലോയും അതിന് മുകളിൽ തേങ്ങാ കിട്ടുന്നുവെങ്കിൽ 50 കിലോയിൽ കുറയാതെയും നൽകുന്നത് മണ്ണാരോഗ്യത്തെ (soil health ) സഹായിക്കും. മണ്ണിൽ വായുസഞ്ചാരം ഉണ്ടാകാനും മിത്രസൂക്ഷ്മാണുക്കൾ നിലനിൽക്കാനും ഇത് ഉപകരിക്കും. ജൈവവളങ്ങൾ എന്നത് കൊണ്ടുദ്ദേശിക്കുന്നത് അഴുകിപ്പൊടിഞ്ഞ ചാണകം, ചാരം, പച്ചിലകൾ, കരിയിലകൾ, കമ്പോസ്റ്റുകൾ, വിളയുടെ അവശിഷ്ടങ്ങൾ എന്നിവയാണ്. ഇവയ്ക്ക് പുറമെ നിമാവിരകളെയും വേര് തീനിപ്പുഴുക്കളെയും നിയന്ത്രിക്കാനുമായി 5 കിലോ ഗ്രാമിൽ കുറയാതെ വേപ്പിൻ പിണ്ണാക്കും നൽകണം. തെങ്ങിന്റെ മുഴുവൻ അവശിഷ്ടങ്ങളും (ഓല, മടൽ, ചൂട്ട്, കൊതുമ്പ്, ക് രാ ഞ്ഞിൽ, തോണ്ട്, ചകിരി, ചിരട്ട മുതലായവ)തെങ്ങിൻ തടത്തിൽ ത്തന്നെ കിടന്ന് ദ്രവിയ്ക്കാൻ അനുവദിക്കണം.
6. അടുത്തതായി NPK വളങ്ങളാണ്.തെങ്ങിന് 2:1:4 എന്ന അനുപാതത്തിലാണ് N:P:K കൊടുക്കേണ്ടത്. നൈട്രജന്റെ പകുതി ഫോസ്ഫറസ്, നൈട്രജന്റെ ഇരട്ടി പൊട്ടാസ്യം. യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയെറ്റ് ഓഫ് പൊട്ടാഷ് (MoP)രൂപത്തിൽ മിക്സ് ചെയ്ത് നൽകുന്നതാണ് കർഷകന് ലാഭകരം. ഒരു തെങ്ങിന് ഒരു വർഷം ഏതാണ്ട് 750 ഗ്രാം യൂറിയ, 850 ഗ്രാം റോക്ക് ഫോസ്ഫേറ്റ്,1150 ഗ്രാം പൊട്ടാഷ് എന്ന അളവ് രണ്ട് തവണകളായി കൊടുക്കണം. ഏപ്രിൽ -മെയ് മാസങ്ങളിൽഅതിന്റെ മൂന്നിലൊന്നും സെപ്റ്റംബർ ഒക്ടോബർ മാസത്തിൽ അതിന്റെ മൂന്നിൽ രണ്ടും എന്ന അളവിൽ.
7. മൊത്തം വളം 12 തുല്യതവണകളായി എല്ലാ മാസവും വേണമെങ്കിലും കൊടുക്കാം. കൂടുതൽ ഉത്പാദനമുള്ള തെങ്ങിന് കൂടുതൽ വളം കൊടുക്കണം. ജൈവ അവശിഷ്ടങ്ങൾ നന്നായി കൊടുക്കുന്നു എങ്കിൽ നൈട്രജൻ, റോക്ക് ഫോസ്ഫെറ്റ് എന്നിവ അധികമായി കൊടുക്കണമെന്നില്ല. പക്ഷേ പൊട്ടാഷ് ഇരട്ടിയാക്കി കൊടുക്കാം. അപ്പോൾ തേങ്ങയുടെ വലിപ്പവും ഉൾക്കട്ടിയും നന്നായി കൂടും.
8. കുമ്മായം, ജൈവ വളങ്ങൾ, NPK യുടെ മൂന്നിലൊന്ന് എന്നിവ കൊടുക്കുന്നതോടെ തെങ്ങിന്റെ ഒന്നാം വളം കഴിഞ്ഞു.
9. യൂറിയ, റോക്ക് ഫോസ്ഫെറ്റ്, പൊട്ടാഷ് എന്നിവയ്ക്ക് പകരമായി 10:5:20 എന്ന മിശ്രിത വളം ഏതാണ്ട് ഒന്നേകാൽ കിലോ ഒന്നാം വളമായി കൊടുക്കാം. ഇങ്ങനെ ചെയ്യുമ്പോൾ അല്പം വില കൂടും എന്നോർക്കുക.
10. ഇനി തുലാവർഷ മഴ തീരുന്നതിനു മുൻപ് (അതായത് സെപ്റ്റംബർ -ഒക്ടോബർ മാസത്തോടെ )തെങ്ങിന്റെ രണ്ടാം വളം നൽകാം.
11. നേർവള രൂപത്തിൽ ആണെങ്കിൽ 500 ഗ്രാം യൂറിയ, 550 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 800 ഗ്രാം പൊട്ടാഷ് എന്നിവ കൂട്ടിക്കലർത്തിയോ അല്ലെങ്കിൽ രണ്ടെകാൽ കിലോ 10:5:20 എന്ന മിശ്രിതവളം ചേർത്ത് കൊടുക്കുകയോ ആകാം.
12. ഒപ്പം അരക്കിലോ മഗ്‌നീഷ്യം സൾഫേറ്റ് നിർബന്ധമായും ചേർത്ത് കൊടുക്കണം. നിരന്തരമായ മഴ കൊണ്ട് മണ്ണിലെ മഗ്‌നീഷ്യം വേഗത്തിൽ ഒലിച്ചുപോകാൻ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോൾ ഓലകൾ വേഗത്തിൽ മഞ്ഞളിച്ചു ഉണങ്ങിപ്പോകും. ഓലകൾ പച്ചപ്പോട് കൂടി ദീർഘനാൾ നിൽക്കാൻ മഗ്‌നീഷ്യം സൾഫേറ്റ് പ്രയോഗം അനിവാര്യം.ഇതിലൂടെ തെങ്ങിന് ആവശ്യമായ സൾഫർ അഥവാ ഗന്ധകവും ലഭിക്കും.അത് തേങ്ങയുടെ കൊപ്ര യ്ക്ക് കൂടുതൽ കട്ടി നൽകും.
13. ഇനി ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന പ്രശ്നമാണ് അമിതമായ മച്ചിങ്ങ കൊഴിച്ചിൽ. അതിന് നിരവധി കാരണങ്ങളുണ്ട്. എങ്കിലും പ്രധാന കാരണം തെങ്ങിൻ തടത്തിലെ ബോറോൺ എന്ന സൂക്ഷ്മ മൂലകത്തിന്റെ കുറവാണ്. ശരിയായ ജൈവ വളപ്രയോഗത്തിലൂടെ അത് പരിഹൃതമാകും. ഇല്ലെങ്കിൽ Borax രൂപത്തിൽ നാല്പത് ഗ്രാം വിതം ഓരോ മൂന്ന് മാസം കൂടുമ്പോഴും നാല് തവണയായി ചേർത്ത് കൊടുക്കാവുന്നതാണ്.ഓലക്കാലുകൾ വിരിഞ്ഞു മാറാതെ നിൽക്കുക, പേട്ട് തേങ്ങ ഉണ്ടാകുക, തേങ്ങ വെടിച്ചു കീറുക, ക് രാഞ്ഞിലിൽ വലിയ തേങ്ങകൾക്കൊപ്പം വെള്ളയ്ക്ക കൊഴിഞ്ഞു പോകാതെ കാണപ്പെടുക(Hen &Chicken symptom) എന്നതൊക്കെ മണ്ണിൽ ബോറോ ൺ കുറയുന്നതിന്റെ ലക്ഷണങ്ങളാണ്.
14. രണ്ടാം വള പ്രയോഗത്തിനു ശേഷം കരിയിലകളും ജൈവ അവശിഷ്ടങ്ങളും ഇട്ട് തെങ്ങിൻ തടം പുതയിടാം. അല്ലെങ്കിൽ വട്ടക്കിളയൽ നടത്തി മഴവെള്ളം തടത്തിൽ സംഭരിക്കാം. "തെങ്ങിന് കാലവർഷം അകത്തും (തടത്തിനുള്ളിൽ ) തുലാവർഷം പുറത്തും" (തടത്തിലെ പുതയുടെ പുറത്ത് ) എന്നാണല്ലോ.
15. ഇനി ഡിസംബർ മുതൽ മെയ് മാസം വരെ നനയ്ക്കാൻ കഴിഞ്ഞാൽ വിളവ് ഇരട്ടിയാകും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അങ്ങനെയുള്ള തോട്ടങ്ങളിൽ NPK വളങ്ങൾ ഇരട്ടിയാക്കാം.ഡ്രിപ് ഇറിഗേഷൻ ആണ് ഏറ്റവും ഉചിതം. അങ്ങനെ എങ്കിൽ ഒരു ദിവസം ഒരു തെങ്ങിന് 40 ലിറ്റർ വെള്ളം മതിയാകും.
16. മണ്ണ് പരിശോധനയിൽ ഫോസ്ഫറസ് കൂടുതൽ ഉണ്ടെന്ന് തെളിഞ്ഞാൽ റോക്ക് ഫോസ്ഫേറ്റ് വളം ഒഴിവാക്കാവുന്നതാണ്. പകരം ഫോസ്‌ഫോബാക്റ്റീരിയ അടങ്ങിയ ജീവാണുവളം ജൈവ വളത്തിനൊപ്പം ചേർത്ത് കൊടുത്താൽ മതിയാകും.
17. പൊട്ടാസ്യം എന്ന മൂലകത്തിന്റെ പകുതി സോഡിയം എന്ന മൂലകം ആയാലും തെങ്ങിന് കുഴപ്പമില്ല എന്ന് തെളിഞ്ഞിട്ടുണ്ട്. ആയതിനാൽ പൊട്ടാഷ് വളത്തിന്റെ പകുതി കറിയുപ്പ് ചേർത്ത് കൊടുത്താലും തെങ്ങിന് സന്തോഷം തന്നെ. വലിയ തെങ്ങിന് കടൽ വെള്ളം കൊണ്ട് നനയ്ക്കുക പോലും ചെയ്യാം.കടൽ തീരത്ത് ഏറ്റവും നന്നായി വളരുന്ന വിളയും തേങ്ങാണല്ലോ. പക്ഷേ തൈത്തെങ്ങ് കടൽ വെള്ളം കൊണ്ടുള്ള നന സഹിയ്ക്കില്ല.
18. ഇടയ്ക്കിടെ തെങ്ങിന്റെ തടത്തിൽ വിതച്ച്, പൂക്കുമ്പോൾ പറിച്ച് അവിടെത്തന്നെ ഇട്ടു കൊടുക്കുന്നത് ഏറെ ഗുണം ചെയ്യും.
19. വേനൽക്കാലത്ത് തെങ്ങിൻ തടത്തിലോ ചുറ്റുമായോ ചീര നട്ട് നനച്ചു വളർത്തുന്നത് തെങ്ങിനും ഗുണം ചെയ്യും.
20. തെങ്ങിന്റെ തടത്തിന്റെ പുറം ബണ്ടിൽ ഇഞ്ചി, മഞ്ഞൾ, കുറ്റിപ്പയർ എന്നിവ വളർത്താം. അധിക വരുമാനം നേടാം.
21. തെങ്ങിനൊപ്പം ഇടവിളകൾ ചെയ്യുന്നത് തോട്ടത്തിലെ ജല സംരക്ഷണത്തിനും സൂക്ഷ്മജീവികളുടെ വളർച്ചയ്ക്കും വളരെ നല്ലതാണ്. പക്ഷേ അവർക്കുള്ള വളങ്ങൾ പ്രത്യേകമായി കൊടുക്കണം എന്ന് മാത്രം.
പോസ്റ്റ് അല്പം നീണ്ട് പോയി എന്നറിയാം. പക്ഷേ തെങ്ങിന് ശരിയായ വളപ്രയോഗം നടത്തേണ്ടതിൽ എത്രത്തോളം ശ്രദ്ധിക്കണം എന്ന് ഇതിനകം മനസ്സിലായിക്കാണുമല്ലോ?
വിപണിയിൽ വില കൂടുമ്പോൾ "എന്നാൽ കുറച്ച് വളം ചെയ്ത് കളയാം "എന്ന് വിചാരിച്ചാൽ, ഉടനെയൊന്നും വിളവ് കൂടില്ല രമണാ... തെങ്ങിന് ഒരു വളം കൊടുത്താൽ അതിന് ശേഷം 32-33 മാസം കഴിഞ്ഞു വിരിയുന്ന കൂമ്പിലായിരിക്കും അതിന്റെ സ്വാധീനം കാണുക. അതും കഴിഞ്ഞ് 9-10 മാസം കഴിഞ്ഞായിരിക്കും ആ തേങ്ങ വിളവെടുത്ത് നമ്മുടെ കയ്യിൽ കിട്ടുക. മറ്റൊരു തരത്തിൽ പറഞ്ഞാൽ നിങ്ങൾ ഇന്ന് വിളവെടുത്ത തേങ്ങാ, 42 മാസങ്ങൾക്ക് മുൻപ് നിങ്ങൾ കൊടുത്ത വെള്ളത്തിന്റെയും വളത്തിന്റെയും ഫലമാണ് എന്ന് പറയാം.
തെങ്ങ് നിത്യ ഗർഭിണിയാണ് (ഇതിന് കടപ്പാട് CPCRI യിലെ പ്രിൻസിപ്പൽ സയന്റിസ്റ് Dr. ഹാരിസ് സാറിനോട് ). എല്ലാ മാസവും തെങ്ങിനെ പൊന്ന് പോലെ നോക്കുക. ഓരോ ഒഴിയിലും അത് നിങ്ങൾക്ക് കൈ നിറയെ തേങ്ങകൾ തരും. അത് തെങ്ങ് നമുക്ക് തരുന്ന ഉറപ്പാണ്.
തെങ്ങ് ചതിയ്ക്കില്ല
ഓർക്കുക.. കൊടുത്താലേ കിട്ടൂ... കൊടുത്താൽ കൊല്ലത്തും കിട്ടും...
എന്നാൽ അങ്ങട്...
പ്രമോദ് മാധവൻ
💚💚💚💚💚💚💚💚💚💚💚💚💚💚💚
പടം കടം :ഗൂഗിൾ