
09/01/2025
സ്ട്രോക്ക് ബാധിതരായ രോഗികളും ബന്ധുക്കളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ
1. തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങളിൽ ഏറ്റവും സാധാരണയായി കണ്ടുവരുന്ന അസുഖമാണ് സ്ട്രോക്ക്. തലച്ചോറിലെ രക്തധമനികളിൽ വരുന്ന ബ്ലോക്ക്, അതല്ലെങ്കിൽ അമിത രക്തസമ്മർദ്ദം കാരണം തലയോട്ടിക്കകത്തെ രക്ത ധമനികൾ പൊട്ടി ഉണ്ടാകുന്ന ബ്ലീഡ് കാരണമോ ആണ് സ്ട്രോക്ക് / അഥവാ ബ്രെയിൻ അറ്റാക്ക് സംഭവിക്കുന്നത്. ഇത് ഏത് പ്രായക്കാരിലും വരാം.
2. തലച്ചോറിന്റെ വിവിധ ഭാഗങ്ങളിൽ സംഭവിക്കുന്ന സ്ട്രോക്കുകൾക്ക് വ്യത്യസ്ത ലക്ഷണങ്ങൾ ആയിരിക്കും. അതുകൊണ്ടുതന്നെ സ്ട്രോക്ക് വന്നതിനുശേഷം ഉള്ള തളർച്ച (പരാലിസിസ്), കൈകാലുകളുടെ വിരലുകൾക്കടക്കമുള്ള പൊതു ചലന വ്യതിയാനങ്ങൾ, ബാലൻസ് നഷ്ടപ്പെടൽ, നടക്കാനുള്ള പ്രയാസം, സംവേദനം അഥവാ സെൻസേഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ശരീരഭാഗങ്ങളിലെ തരിപ്പ് എന്നിങ്ങനെയുള്ള വിവിധ ലക്ഷണങ്ങൾ ഓരോ രോഗികളിലും വ്യത്യസ്തമായിരിക്കും. ഒരിക്കലും മറ്റൊരു രോഗിയിലെ ലക്ഷണങ്ങൾ തങ്ങളുടേതുമായി താരതമ്യം ചെയ്യരുത്.
3. ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സാരീതികളിലൂടെ സ്ട്രോക്ക് ബാധിതനായ ഒരു രോഗി തൻ്റെ പ്രയാസങ്ങൾ മെച്ചപ്പെടുത്തി വരുന്നത് ഓരോ തരത്തിൽ ആയിരിക്കും. ചിലരിൽ മാറ്റങ്ങൾ വളരെ പെട്ടെന്ന് തന്നെ കാണാം. തലച്ചോറിൽ ശരീര ചലന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ അത്രതന്നെ പ്രധാനമല്ലാത്ത ഒരു ഭാഗത്ത് സ്ട്രോക്ക് വന്നാൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് രോഗികൾക്ക് ഇരിക്കാനും നിൽക്കാനും നടക്കാനും ആകും. എന്നാൽ, ശരീരചലനങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിന്റെ പ്രധാനപ്പെട്ട കോശങ്ങളിൽ ചെറിയ ഒരു ബ്ലോക്ക് വന്നാൽ പോലും ശരീരത്തിൻറെ ഒരു ഭാഗം പൂർണമായും തളർന്നേക്കാം. ഈ അവസ്ഥയിൽ ഒരുപാട് നാളത്തെ ചികിത്സ ആവശ്യമാണ്.
4. സ്ട്രോക്ക് വന്ന് ആദ്യ ആഴ്ചകളിൽ ഫിസിയോതെറാപ്പിയിലൂടെ വളരെ പെട്ടെന്ന് രോഗികളിൽ പുരോഗതി കാണാറുണ്ട്. എന്നാൽ, മാസങ്ങൾ കഴിയുംതോറും രോഗികളിൽ വരുന്ന മാറ്റങ്ങളുടെ വേഗത കുറഞ്ഞു വരാറുണ്ട്. സംഭവിച്ച ആഘാതങ്ങളിൽ നിന്നും ബ്രെയിൻ സ്വയം പ്രവർത്തനക്ഷമമാവാൻ ശ്രമിക്കുന്ന ന്യൂറൽ പ്ലാസ്റ്റിസിറ്റിയിൽ വരുന്ന മാറ്റങ്ങളാണ് ഇതിന് ഒരു കാരണം. സന്ധികളുടെയും, മസിലുകളുടെയും വഴക്കകുറവ്, പ്രായം, മറ്റ് അസുഖങ്ങൾ, മെന്റൽ ബ്ലോക്ക്, വിഷാദം, ആർത്രൈറ്റിസ് എന്നീ കാരണങ്ങൾ കൊണ്ടും സ്ട്രോക്കിൽ നിന്നുള്ള പുരോഗതി തടസ്സപ്പെടുത്താറുണ്ട്.
5. സ്ട്രോക്ക് ബാധിതർക്കുള്ള പുനരധിവാസ ചികിത്സയിൽ ആദ്യത്തെ ആറുമാസം തൊട്ട് ഒരു വർഷം വരെ ലഭിക്കുന്ന പുരോഗതിക്കുശേഷം ശേഷിക്കുന്ന വൈകല്യങ്ങളോട് ഒരുപക്ഷേ രോഗിക്ക് പൊരുത്തപ്പെട്ട് ജീവിക്കേണ്ടി വന്നേക്കാം. എന്നിരുന്നാലും, മസിലുകളുടെയും സന്ധികളുടെയും വഴക്കവും ശക്തിയും കഴിയുന്നത്ര നിലനിർത്താൻ വീടുകളിൽ കൃത്യമായ തെറാപ്യൂട്ടിക് വ്യായാമങ്ങൾ ചെയ്തുകൊണ്ടേയിരിക്കണം. അല്ലാത്തപക്ഷം, വൈകല്യങ്ങളുടെ തോത് വർദ്ധിച്ചു വരാൻ സാധ്യതയുണ്ട്.
6. വൈകല്യങ്ങളുമായി പൊരുത്തപ്പെട്ട് ജീവിക്കുന്ന സാഹചര്യത്തിൽ പലപ്പോഴും ശരീരഘടനയെ സപ്പോർട്ട് ചെയ്യാനും, പുതിയ വൈകല്യങ്ങളെ ചെറുക്കാനും സ്പ്ലിൻറുകൾ, ബ്രേസുകൾ, ചലനസഹായ ഉപകരണങ്ങൾ, ബോട്ടോക്സ് ഇൻജക്ഷൻ മുതലായവ വേണ്ടി വന്നേക്കാം. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങളുടെ ഫിസിയോതെറാപ്പിസ്റ്റുമായി സംസാരിക്കുക.
7. റീഹാബിലിറ്റേഷൻ ചികിത്സകൾ പൂർണ്ണമാകുന്നത് ഒരാൾ തങ്ങളുടെ പ്രായത്തിനും, കഴിവിനും, വ്യക്തിത്വത്തിനും അനുസരിച്ചുള്ള കുടുംബ - സാമൂഹിക ഇടപെടലുകൾ നടത്തി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതോടെയാണ്. ഫിസിയോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി അടക്കമുള്ള ചികിത്സ രീതികളുടെ ഉദ്ദേശവും ഇതുതന്നെ. മേജർ സ്ട്രോക്കിന് ശേഷം ഏതാനും ചില വൈകല്യങ്ങൾ വർഷങ്ങളോളം നിലനിന്നേക്കാം. ഇവ നിയന്ത്രിക്കാനുള്ള പ്രയത്നങ്ങൾ തുടരുന്നതോടൊപ്പം തന്നെ സ്വയം പര്യാപ്തത കൈവരിച്ച് മെച്ചപ്പെട്ട ഒരു സാമൂഹിക ജീവിതം ആസ്വദിക്കാൻ രോഗിയും, ബന്ധുക്കളും തങ്ങളുടെതായ രീതികളിൽ ശ്രദ്ധിക്കണം എന്നു ഉണർത്തുന്നു.
Dr. റാഷിജ് എം. MPT (Neuro), Ph.D
ഫിസിയോതെറാപിസ്റ്റ് (HG)
ഗവ. മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, മഞ്ചേരി