09/03/2025
വാര്‍ധക്യത്തിലെ പ്രധാനഭീഷണികളിലൊന്ന്; വീഴ്ചകളെ പ്രതിരോധിക്കം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
വാര്‍ധക്യത്തില്‍ നേരിടേണ്ടിവരുന്ന പ്രധാന ഭീഷണികളിലൊന്നാണ് വീഴ്ചകള്‍. ഇത്തരം വീഴ്ച പലപ്പോഴും ഗുരുതരപരിക്കുകള്‍ക്കും ദീര്‍ഘകാല ചികിത്സയ്ക്കും കാരണമാകാറുണ്ട്.
ശരീരത്തിലെ പേശികളുടെ ബലക്കുറവാണ് വയോജനങ്ങളിലെ വീഴ്ചയ്ക്ക് പ്രധാന കാരണം. വീഴ്ചയോടെ അസ്ഥികള്‍ പൊട്ടുന്നത് തുടര്‍ജീവിതത്തെ സാരമായി ബാധിക്കാനും കൂടുതല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് തുടക്കംകുറിക്കാനും സാധ്യതയുണ്ട്.
65 വയസ്സിനുമുകളിലുള്ളവരില്‍ 25 ശതമാനത്തിലധികം ആളുകള്‍ ഓരോ വര്‍ഷവും വീഴുന്നുണ്ട്. വയോജനങ്ങളിലെ വീഴ്ചകളെ പ്രധാനമായും രണ്ടായി തരംതിരിക്കാം; അസുഖംമൂലം ഉണ്ടാകുന്നവ (Medical Falls), സാഹചര്യങ്ങളുടെ അപര്യാപ്തതയും അസൗകര്യവുംകൊണ്ട് ഉണ്ടാകുന്നവ (Situational and Mechanical).
വീഴുമോ എന്നഭയം പല മുതിര്‍ന്നവരെയും നടക്കുക, ഷോപ്പിങ്ങിന് പോവുക, സാമൂഹികപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകപോലുള്ള കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചേക്കാം. സജീവമായിരിക്കുകയാണ് ശരീരാരോഗ്യം നിലനിര്‍ത്താനും വീഴ്ച ഒഴിവാക്കാനും സഹായിക്കുന്ന ഏറ്റവുംപ്രധാനപ്പെട്ട കാര്യം. അതിനാല്‍, വീഴ്ചയെക്കുറിച്ചുള്ള ഭയം ഒഴിവാക്കണം.
വീഴ്ചകളുടെ പ്രധാന കാരണങ്ങള്‍
ശാരീരികക്ഷീണം, പേശികള്‍ ക്ഷയിക്കുകയും ബലംകുറയുകയും ചെയ്യുന്നത്, സന്ധികളിലെ വൈകല്യം, കൂടിയ പ്രതിഭാസപ്രതികരണ സമയം (reaction time), സാര്‍ക്കോപീനിയ(പേശിയുടെ അളവ്, ശക്തി, പ്രവര്‍ത്തനം ഇവ കുറയുന്ന അവസ്ഥ എന്നിവ വീഴ്ചയ്ക്കുള്ള പ്രധാന കാരണങ്ങളാണ്. എഴുന്നേല്‍ക്കുമ്പോള്‍ പെട്ടെന്ന് പ്രഷര്‍ കുറയുന്നത്, ഹൃദയമിടിപ്പിന് ഉണ്ടായേക്കാവുന്ന താളപ്പിഴ, തല അനക്കുമ്പോള്‍ ചുറ്റുപാടും കറങ്ങുന്നതായി തോന്നുക, നേത്രരോഗങ്ങള്‍, പ്രമേഹം, ഹൃദ്രോഗം, തൈറോയ്ഡ്, നാഡികള്‍, കാല്‍, രക്തക്കുഴല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, ബൗദ്ധികവൈകല്യമോ ഡിമെന്‍ഷ്യ പോലെയുള്ള രോഗങ്ങളോ വീഴ്ചയ്ക്ക് കാരണമാകാം.
മുന്‍കരുതലുകള്‍
പതിവായി വ്യായാമം ചെയ്യുക
വീട്ടില്‍വേണ്ട മാറ്റങ്ങള്‍ കൊണ്ടുവരുക. മിനുസമായ നിലങ്ങള്‍ ഒഴിവാക്കുക
കാഴ്ചയും ശ്രവണശക്തിയും പരിശോധിക്കുക. പുതിയ കണ്ണടകള്‍, കോണ്‍ടാക്ട് ലെന്‍സുകള്‍, ശരിയായ ഹിയറിങ് എയ്ഡുകള്‍ എന്നിവ ഉപയോഗിക്കുക
ഏതെങ്കിലും മരുന്നുകള്‍ തലകറക്കം ഉണ്ടാക്കുന്നുണ്ടെങ്കില്‍ ഡോക്ടറെ അറിയിക്കുക
അതിവേഗം എഴുന്നേല്‍ക്കുമ്പോള്‍ രക്തസമ്മര്‍ദംകുറഞ്ഞ് തളര്‍ച്ചവരാന്‍ സാധ്യതയുണ്ട്. കിടക്കയില്‍നിന്നും കസേരയില്‍നിന്നും പതുക്കെ എഴുന്നേല്‍ക്കുക
കെയിനുകളും വാക്കറുകളും ഉപയോഗിക്കുമ്പോള്‍ അത് ശരിയായ വലുപ്പത്തില്‍ ആണെന്ന് ഉറപ്പാക്കുക
കൈകള്‍ സ്വതന്ത്രമാക്കിവെക്കുക
ശരിയായ ചെരിപ്പ് തിരഞ്ഞെടുക്കുക
വീഴുകയാണെങ്കില്‍ എന്തുചെയ്യണം?
ശ്വാസോച്ഛ്വാസം നിയന്ത്രിച്ച് മനസ്സിനെ ശാന്തമാക്കാന്‍ ശ്രമിക്കുക. വീണ സ്ഥലത്ത് കുറച്ചുനേരം കിടക്കുക. ഇത് അപ്രതീക്ഷിതമായ വീഴ്ചയുടെ ഭയം കുറയ്ക്കും
നിങ്ങള്‍ക്ക് പരിക്കുണ്ടോയെന്ന് ആദ്യം പരിശോധിക്കുക അതിവേഗം എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നത് പരിക്കുകള്‍ കൂടുതല്‍ മോശമാക്കാന്‍ കാരണമാകാം
തനിക്ക് സ്വയം എഴുന്നേല്‍ക്കാന്‍ കഴിയും എന്നുവിശ്വസിക്കുന്നവര്‍, ഒരുവശത്തേക്ക് തിരിഞ്ഞു കിടക്കുക. രക്തസമ്മര്‍ദം സാധാരണനിലയിലെത്താന്‍ കുറച്ചുനേരം വിശ്രമിക്കുക. ശേഷം, ഉറപ്പുള്ള ഒരു കസേരയിലേക്ക് നീങ്ങുക
കസേരയുടെ ഇരിപ്പിടത്തില്‍ കൈകള്‍വെച്ച്, ഒരു കാല്‍ മുന്നോട്ടുവെച്ച് നിലത്തിരുത്തുക. മറ്റേ കാല്‍മുട്ട് നിലത്തുവെച്ച്, ശരീരം ഉയര്‍ത്തി, കസേരയില്‍ ഇരിക്കാന്‍ ശ്രമിക്കുക
എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ വീട്ടിലുള്ളവരോട് സഹായമഭ്യര്‍ഥിക്കുക
മുന്‍കരുതലായി എപ്പോഴും ചാര്‍ജുചെയ്ത ഒരു മൊബൈല്‍ ഫോണ്‍ കൈവശംവെക്കുക.
ഹെല്‍പ് അലര്‍ട്ട് സിസ്റ്റങ്ങള്‍ ഉപയോഗിക്കാം. നെക്ലെസോ ബ്രേസ്ലറ്റോ ബെല്‍റ്റോ ആയി ധരിക്കാവുന്ന അടിയന്തരസഹായ ബട്ടണുകള്‍, ചില സ്മാര്‍ട്ട് വാച്ചുകള്‍ എന്നിവ വിപണിയില്‍ ലഭ്യമാണ്
വീഴ്ചയുമായി ബന്ധപ്പെട്ട അസ്ഥിപൊട്ടലുകള്‍ ഒഴിവാക്കാന്‍ അസ്ഥികളെ ശക്തമാക്കുക. മതിയായ കാത്സ്യം, വിറ്റാമിന്‍ ഡി എന്നിവയുടെ ഉപയോഗം ഇതിനുസഹായിക്കും. പുകവലിയും മദ്യപാനവും ഒഴിവാക്കുക. ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക.
ഒടുവിലത്തെ മെഡിക്കല്‍പരിശോധനയ്ക്കുശേഷം വീണിട്ടുണ്ടോ എന്നത് ഡോക്ടറെ അറിയിക്കുക. നിങ്ങള്‍ക്ക് വേദന അനുഭവപ്പെട്ടില്ലെങ്കിലും അത് പുതിയ ആരോഗ്യപ്രശ്‌നങ്ങള്‍, മരുന്ന് പാര്‍ശ്വഫലങ്ങള്‍, കാഴ്ചപ്രശ്‌നങ്ങള്‍ എന്നിവയുടെ സൂചനയാകാം.
ഇതുപോലെയുള്ള അറിവുകൾക്ക് ചുവടെയുള്ള ലിങ്കിൽ ക്ലിക് ചെയ്തു Health Tips whatsapp ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/IvyIFAfLMAj7BiLbCN8WAx