16/04/2019
ഒഴിവുകാലമായി. കുട്ടികൾ പരീക്ഷാചൂടിന്റെയും ദിവസമുള്ള സ്കൂളിൽ പോക്കിന്റെയും തിരക്കിൽ നിന്ന് ഫ്രീ ആവുന്ന സമയം ആണ്. പൊതുവേ ബാക്കിയുള്ള ജീവിത പ്രാരാബ്ദങ്ങളിൽ മുഴുകിയുള്ള തിരക്ക് കാരണം ശ്രദ്ധ കൊടുക്കാതിരുന്ന കുട്ടികളുടെ പല്ലിന്‍റെ പ്രശ്നങ്ങളിലേക്ക് അച്ഛന്‍/അമ്മമാരും "എന്നാൽ ഒന്ന് നോക്കിക്കളയാം " എന്ന് കരുതുന്നതും ഈ vacation gap ൽ ആണ്.
"പല്ലിൽ കമ്പിയിടാൻ കുട്ടികൾക്ക് എത്ര വയസ്സാവണം??" എന്നതാണ് മിക്ക മാതാപിതാക്കളുടെയും ഉള്ളിലെ സംശയം. നാട്ടിലെ ഒരു നടപ്പ് രീതി അനുസരിച്ച് ഒരു 14- 15 അല്ലെങ്കില്‍ 18 വയസായാലേ കമ്പിയിടാവൂ എന്നൊരു തെറ്റിദ്ധാരണ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. കാരണം അവർ കാണുന്ന ഏതാണ്ട് എല്ലാ കുട്ടികളും ഈ വയസ്സുകളിൽ ആണ് പല്ലിൽ കമ്പിയിടൽ അഥവാ ഓർത്തോഡോണ്ടിക് ട്രീറ്റ്.മെന്‍റ് തുടങ്ങുന്നത് .
കുട്ടികളുടെ വളർച്ചയും മുഖ-ദന്ത വൈകല്യങ്ങളുടെ ചികിത്സയും തമ്മിലുള്ള ബന്ധം വളരെ പ്രധാനമാണ്.
കുഞ്ഞുങ്ങളുടെ ആദ്യകാലത്തെ വളർച്ച നമുക്ക് ഏറെ സന്തോഷം നൽകുന്ന കാഴ്ചയാണ്. കുഞ്ഞ് കമിഴ്ന്നു വീഴുന്നതും മുട്ടിൽ ഇഴയുന്നതും പിടിച്ചു നിൽക്കുന്നതും കണ്ടങ്ങനെ ആസ്വദിക്കാൻ എന്ത് രസമാണ്! അതിനിടയിൽ പല്ല് മുളയ്ക്കും. സ്കൂളിൽ പോയി തുടങ്ങിയതിനു ശേഷം പതിനഞ്ചു വയസ്സിനിടയിൽ പലപ്പോഴായി growth spurts അഥവാ വളർച്ചക്കുതിപ്പുകൾ ഉണ്ടാവാറുണ്ട്.വലിയ മാറ്റങ്ങൾ നമ്മൾ ശ്രദ്ധിക്കും. പല മാറ്റങ്ങളും നമ്മൾ കാണാതെ പോകും. നോക്കി നിൽക്കെ നമ്മുടെ മക്കൾ നമ്മളോളം വളരും.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വളർച്ചക്കുതിപ്പുകൾ വ്യത്യസ്ത സമയങ്ങളിലാണ്.ഈ സമയങ്ങളിൽ മറ്റെല്ലാ അവയവങ്ങളുടെയും പോലെ പല്ല്, മോണ , താടിയെല്ലുകൾ, ചുണ്ടുകൾ എന്നിവയുടെയെല്ലാം രൂപ,ഘടനകളിൽ മാറ്റങ്ങൾ വരും.
അപ്പോഴാണ് അച്ഛനെ പോലെ നീണ്ട മുഖം തന്നെ എന്നും അമ്മയുടെത് പോലെ ഭംഗിയുള്ള മൂക്ക് എന്നുമൊക്കെ കുടുംബക്കാരും ടീച്ചർമാരും പറഞ്ഞു തുടങ്ങുന്നത്. അച്ഛനോ അമ്മയ്ക്കോ അവരുടെ അച്ഛനമ്മമാർക്കോ ഉള്ള മുഖസൗന്ദര്യം കുട്ടികളിൽ ഉണ്ടാകുന്ന അതേ അനുപാതത്തിൽ തന്നെ അവരുടെ മുഖ വൈകല്യങ്ങൾ കുട്ടികളിൽ പ്രകടമാവാം .നിർഭാഗ്യവശാൽ പാരമ്പര്യം, താവഴി, പൈതൃകം തുടങ്ങി പല പദങ്ങൾ നിരത്തി മിക്കവരും മുഖവൈകല്യങ്ങളെ മുഖവിലക്കെടുക്കാറില്ല!
കുട്ടികളിൽ മുഖ,ദന്ത വൈകല്യങ്ങൾ ഉണ്ടാവുന്നതില്‍ വലിയൊരു പങ്ക് അവരുടെ "ചൊട്ടയിലെ ശീല"ങ്ങൾക്ക് ആണെന്ന് അറിയാമോ ?
കുട്ടികളിൽ പൊതുവെ കണ്ടു വരുന്ന സ്വഭാവവൈകല്യങ്ങളാണ് വിരൽ കുടി, വാ തുറന്നു ഉറങ്ങൽ, ചുണ്ടു കടി/വലിക്കൽ, നാക്ക് തള്ളി കൊണ്ട് സംസാരിക്കൽ/ഭക്ഷണം കഴിക്കൽ മുതലായവ. അവ കുട്ടികളിൽ "ശീലങ്ങൾ/പതിവ്" ആയി മാറുമ്പോഴാണ് മുഖ വൈകല്യങ്ങൾ ഉടലെടുക്കുന്നത്. ചുണ്ടുകളുടെ വലുപ്പ വ്യത്യാസം, താടിയെല്ലുകളുടെ വളർച്ച കുറവ്/അമിത വളർച്ച, സ്ഫുടതയില്ലാത്ത സംസാരം എന്നിവയൊക്കെ ഇവ കൊണ്ട് ഉണ്ടാകാം.
ഇത്തരം മോശം ശീലങ്ങൾ ഒന്നുമില്ലാതെയും മുഖവൈകല്യങ്ങൾ ഉണ്ടാവാം.പരമ്പരാഗതമായി നീണ്ട മുഖം , താടി ഒക്കെ ഉള്ള ഉപ്പുപ്പാന്റെ പേരക്കുട്ടിക്കും കീഴ്.ത്താടി നീണ്ടു വരാം. പക്ഷെ ഉപ്പാപ്പക്കുണ്ടായതിലേറെ അഭംഗി ചിലപ്പോൾ പേരക്കുട്ടിക്ക് ഉണ്ടാവാറുണ്ട്, പ്രത്യേകിച്ച് പെൺകുട്ടികൾ ആണെങ്കിൽ!
ഇതിനെയെല്ലാം തടയാൻ വിവിധ രൂപത്തിലുള്ള നിരവധി ചെറു ഉപകരണങ്ങൾ ഉണ്ട്. വികലശീലങ്ങളെ ഇല്ലാതാക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളെ Habit breaking Appliances എന്നാണ് വിളിക്കുന്നത്. അവയെല്ലാം തന്നെ 9 വയസ്സിനു മുന്നേ ഉപയോഗിക്കേണ്ടതാണ്. ചിലരിൽ അതിനും മുമ്പേ വികലശീലങ്ങൾ തലച്ചോറിൽ ആഴത്തിൽ പതിഞ്ഞു പോകുകയും അത് സാധാരണ സ്വഭാവത്തിന്റെ ഭാഗമായി തീരുകയും തിരുത്താൻ ബുദ്ധിമുട്ടാകുകയും ചെയ്യാറുണ്ട്. ചൊട്ടയിലെ ശീലം ചുടലവരെ എന്ന് പറഞ്ഞത് പോലെ.
ഉന്തിയതോ നിരതെറ്റിയതോ ആയ പല്ലുകൾ ഒരു സൗന്ദര്യപ്രശ്നമായി ഏതാണ്ട് എല്ലാ വ്യക്തികള്‍ക്കും തോന്നിത്തുടങ്ങുന്നത് കൗമാരപ്രായമാകുമ്പോഴാണ്.സുഹൃത്തുക്കളോ പ്രിയപ്പെട്ടവരോ പറയുമ്പോഴാണ് സ്വന്തം പല്ലുകളുടെ അഭംഗിയെ പറ്റി അവർ ചിന്തിച്ച് തുടങ്ങുന്നത്.
അപ്പോഴേക്കും പല ദന്തക്രമീകരണചികിത്സകളും തുടങ്ങുവാന്‍ ഏറ്റവും അനുയോജ്യമായിരുന്ന കാലം അതിക്രമിച്ചുകഴിഞ്ഞിരിക്കും. അല്പം പൊങ്ങിയതോ വിടവുള്ളതോ ആയ പല്ലുകളെ ഏതു പ്രായത്തിലും ചികിത്സിച്ചു നേരെയാക്കാമെന്നിരിക്കെ, താടിയെല്ലുകളുടെ വളർച്ചാവ്യതിയാനങ്ങളും മുഖ,ദന്തവൈകല്യങ്ങൾക്ക് കാരണമാകുന്ന അവസ്ഥകളില്‍ കുറച്ചു കൂടി നേരത്തെ പരിഹരിക്കുന്നത് ആണ് ഉത്തമം.
പെൺകുട്ടികളിൽ 10 മുതൽ 12 വയസ്സുവരെയും ആൺകുട്ടികളിൽ 11 മുതൽ 13 വയസ്സു വരെയുമാണ് താടിയെല്ലുകളുടെയും വളര്‍ച്ച ചില പ്രത്യേക ദന്തക്രമീകരണ ഉപകരണങ്ങള്‍ കൊണ്ട് നിയന്തിച്ച് അതുവഴി പല്ലുകളുടെയും പൊസിഷന്‍ ഏറ്റവും നന്നായി ക്രമീകരിക്കാനാവുക .താടിയെല്ലുകളുടെ വളര്ച്ച പൂര്‍ത്തിയായാല്‍ പിന്നെ കുട്ടികളിൽ ഒരു ദന്തക്രമീകരണവിദഗ്ധന്റെ സഹായതോടെ ദൈർഘ്യം കുറച്ചും എളുപ്പത്തിലും ചികിത്സ നടത്താവുന്ന അതേ മുഖ,ദന്ത വൈകല്യത്തെ ചികിത്സിക്കാന്‍ പലപ്പോഴും ശസ്ത്രക്രിയയുടെ സഹായം കൂടെ വേണ്ടിവരും .
സിമ്പിളായി പറഞ്ഞാല്‍ " എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട് ദാസാ.. "
അതിനാൽ ഏഴു വയസ്സ് കഴിഞ്ഞ് പത്തു വയസ്സിനു മുൻപേ ഒരിക്കലെങ്കിലും നിങ്ങളുടെ കുട്ടികളെ ഒരു ദന്തരോഗവിദഗ്ധനെ കാണിക്കുന്നത് നല്ലതാണ്.. രോഗാവസ്ഥകള്‍, സ്വഭാവവൈകല്യങ്ങള്‍ കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ തുടക്കത്തിലേ കണ്ടുപിടിക്കാനും ആവശ്യമെങ്കിൽ കുട്ടികളുടെ ദന്തരോഗവിദഗ്ധന്റെയും ദന്തക്രമീകരണവിദഗ്ദ്ധന്റെയും സഹായത്തോടെ താടിയെല്ലുകളുടെയും പല്ലുകളുടെയും വളർച്ചാവ്യതിയാനങ്ങൾ കൃത്യസമയത്ത് ചികിത്സിച്ചു ഭേദമാക്കാനും ഇത് ഉപകരിക്കും.
എന്നാൽ പല്ലുകളുടെ മാത്രം ക്രമത്തിലോ സ്ഥാനത്തിലോ മാറ്റങ്ങൾ വൈകിയാണെങ്കിലും തിരുത്താൻ എളുപ്പത്തിൽ കഴിയും. അതിന് വിവിധ തരത്തിലുള്ള ആധുനിക ദന്ത ക്രമീകരണ ഉപാധികള്‍ ഇന്ന് ലഭ്യമാണ്. അതിന് പ്രായം ഒരു പരിധി അല്ലെന്നു തന്നെ പറയാം. അറുപതുകളിൽ വരെ ദന്തക്രമീകരണം നടത്തി സുന്ദരികളും സുന്ദരന്മാരും ആകുന്ന ആളുകൾ നമ്മുടെ നാട്ടിൽ ഇന്ന് ധാരാളം ഉണ്ട്. അവ ചെയ്തു കൊടുക്കാൻ പ്രഗത്ഭരായ ദന്തക്രമീകരണവിദഗ്ധരും!.
എന്റെ കുഞ്ഞിന് എപ്പോൾ പല്ലിൽ കമ്പിയിടും..?
ചോദ്യം പിന്നേം ബാക്കി.
ആ ചോദ്യത്തിന് ഒറ്റ വാക്കിൽ ഉത്തരമില്ല. കുഞ്ഞിന്റെ ശാരീരികമായ വളർച്ചയും പ്രായവും ഒത്തു നോക്കി, അപ്പോഴുള്ള എല്ലാ അവസ്ഥയും പഠിച്ച ശേഷം ഡോക്ടറും രോഗിയും അച്ഛനമ്മമാരും ചേർന്ന് എടുക്കുന്ന ഒരു തീരുമാനമാണ് ചികിത്സ.
മേൽത്താടിയിൽ മുന്‍വരിയിലെ സ്ഥിരം പല്ലുകള്‍ മുളച്ചു തുടങ്ങുന്ന ഏഴ് വയസ്സ് മുതൽ ദന്തക്രമീകരണ ഇടപെടലുകൾ വേണ്ടി വന്നേക്കാം. അതിനു മുമ്പേ വേണ്ടി വന്നവരും ധാരാളം. അത് പല ഘട്ടങ്ങളിലൂടെ കടന്നു പോയി പതിനെട്ട് വയസ് വരെ നീണ്ടു പോയേക്കാവുന്ന പ്രക്രിയയാണ്. വളർച്ച എന്നത് ഡോക്ടറുടെയോ രോഗിയുടെയോ കയ്യിൽ കിടക്കുന്ന കാര്യമല്ല. നമുക്ക് അതിനെ തുടങ്ങാനോ അവസാനിപ്പിക്കാണോ വഴിയില്ല. എന്നാൽ അതിനെ പരിഷ്കരിക്കാനും രൂപാന്തരപ്പെടുത്താനും ധാരാളം വഴികൾ ഇന്നു ലഭ്യമാണ് താനും.
ഇതൊക്കെ ഒരു സാധാരണക്കാരൻ എങ്ങനെ അറിയും?
Eyes does not see what the mind does not know എന്നൊരു ചൊല്ലുണ്ട്.
എന്ന്വച്ചാൽ മനസ്സിന് അറിവില്ലാത്ത കാര്യങ്ങൾ കണ്ണുകൾക്ക് കാണുകയുമില്ല.
അത് രോഗിക്കും രോഗിയുടെ കൂടെയുള്ളവർക്കും ബാധകമാണ്. അറിവില്ലായ്മ മൂലം പലപ്പോഴും കുട്ടികളിൽ ഉണ്ടാവുന്ന മുഖം വൈകല്യങ്ങൾ തിരിച്ചറിയപ്പെടാതെ പോകാറുണ്ട്.ഈ ഒരു പോരായ്മ മറികടക്കുവാന്‍ എപ്പോഴും പറയാറുള്ളത് പോലെ ക്രിത്യമായ ഇടവേളകളിൽ കുട്ടികളെ ഡെന്റിസ്റ്റിനെ കാണിച്ചു പല്ല്, താടിയെല്ലുകൾ, ചുണ്ട് , മൂക്ക്, നാക്ക് ഇവയുടെ എല്ലാം വളർച്ച, മാറ്റങ്ങൾ, പ്രവർത്തനം എന്നിവ ക്രമത്തിൽ, ക്രിത്യമായി നടക്കുന്നു എന്ന് ഉറപ്പു വരുത്തുക. വളർച്ചയുടെ ഏതെങ്കിലും ഘട്ടത്തിൽ പുറത്ത് നിന്നും ഒരിടപെടലിന്റെ ആവശ്യം ഉണ്ടെന്നു ബോധ്യപ്പെട്ടാൽ അതിനു അമാന്തം വിചാരിക്കാതിരിക്കുക.
~@ തയ്യാറാക്കിയത് : ഡോ. സ്മിത റഹ്മാൻ , ഡോ. നീരജ. യു
~ ടീം മൈ ഡെന്റിസ്റ്റ്.
മുഖ, ദന്തവൈകല്യങ്ങൾ ഉണ്ടാക്കുന്ന കുട്ടികളിലെ വികൃതസ്വഭാവങ്ങൾ ഉടൻ അടുത്ത പോസ്റ്റിൽ.