11/08/2024
പച്ചിലകൾ തോരൻ വച്ച് കഴിച്ചാൽ മരണം സംഭവിക്കുമോ.
തുമ്പ തോരൻ വച്ച് കഴിച്ച് ആലപ്പുഴയിൽ ഒരു സ്ത്രീ മരിച്ചു എന്നുള്ള വാർത്തയിൽ നിന്ന് വന്ന ഒരു ചോദ്യമാണിത്.
തുമ്പ കഴിച്ചാലൊന്നും ആരും മരിക്കാൻ പോകുന്നില്ല എന്ന് നാട്ടുവൈദ്യം ചെയ്യുന്ന ഏതൊരു വൈദ്യനും, നമ്മുടെ മുത്തശ്ശിമാർക്കും അറിയാം. മരിച്ചസ്ത്രീ തുമ്പ കഴിച്ചിട്ടാണോ അല്ലാതെ ആണോ മരിച്ചത് എന്നുള്ളത് ശാസ്ത്രീയമായി തെളിയിക്കപ്പെടട്ടെ. മരണകാരണം അതല്ല എന്ന പോലീസ് റിപ്പോർട്ട് കൂടി വന്നിട്ടുണ്ടല്ലോ.
ഈ പശ്ചാത്തലത്തിൽ ഉയർന്നു വന്ന കുറച്ചു കാര്യങ്ങളാണ് ഞാൻ പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്നത്.
ആർക്കാണിവിടെ നാട്ടുരീതികളെയും ഗൃഹശീലങ്ങളെയും അപ്പാടെ തള്ളിക്കളയാൻ മാത്രമുള്ള പ്രചരണം നടത്തേണ്ട ആവശ്യകത എന്നു ചിന്തിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ആയുർവേദവും നാട്ടു വൈദ്യവും ഉൾപ്പെടുന്ന plant based മെഡിസിൻ ശാഖയേ ഒന്നാകെ അകം പുറം തല്ലാനുള്ള ഒരു ചൂലായി ചിലരിത് മുതലെടുക്കാൻ ശ്രമിക്കുന്നു എന്നു വേണം കരുതാൻ.
പാരസെറ്റമോൾ സ്ഥിരം കഴിച്ച് കരൾ രോഗികൾ ആയവരുടെ നാടാണിത് എന്നു കൂടി ഓർക്കണം. ആന്റിബയോട്ടിക്കുകൾ അത്ര നല്ലതല്ല എന്ന് ഇപ്പോൾ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന കാലമാണ് എന്നോർക്കണം. പണ്ടൊക്കെ പാരസെറ്റമോളും ആന്റിബയോട്ടിക്കുമില്ലാത്ത പനി ചികിത്സ ഇല്ലായിരുന്നല്ലോ. ഇതൊക്കെ മൂടി വച്ച് ഒരു പച്ചില കഴിച്ച് മരിച്ചു എന്നുള്ള പ്രചാരണങ്ങൾ പച്ചില നീരുകളും സംയോഗങ്ങളും ഉപയോഗിച്ചുള്ള ചികിത്സാ ശാഖകളുടെ നേർക്കുള്ള വാളോങ്ങലായി കണ്ടാൽ മതി. ആളുകളെ ഭയപ്പെടുത്തുക എന്നത് അല്ലാതെ ആരെയും സത്യാവസ്ഥ അറിയിക്കുക എന്നുള്ള ധർമ്മമൊന്നും ഇത്തരം വാർത്തകൾക്ക് പിന്നിലില്ല.
കുറച്ചു കാര്യങ്ങൾ കൂടി വ്യക്തമായി പറഞ്ഞു കൊള്ളട്ടെ, ഇത് സാമാന്യ ജനത്തിനെ പ്രകൃതിയുമായി ബന്ധപ്പെട്ടുള്ള ചില കാര്യങ്ങൾ മനസ്സിലാക്കിക്കുവാൻ വേണ്ടിയാണ്.
ഈ പ്രകൃതി വളരെ വൈവിധ്യങ്ങൾ നിറഞ്ഞതാണ്. എല്ലാ സൃഷ്ടികളും മനുഷ്യന് അടപടലം കഴിക്കാൻ വേണ്ടി ഉണ്ടായതല്ല.
ചിലത് പച്ചയ്ക്ക് കഴിക്കാം, ചിലത് വേവിച്ചു കഴിക്കാം, ചിലത് ശുദ്ധി ചെയ്തു വിഷാശം നീക്കി ഉപയോഗിക്കാം, ചിലത് കഴിക്കാനെ പാടില്ല, ചിലത് അളവ് വളരെ കുറച്ചു മാത്രം കഴിക്കാം.
മരുന്നായി ഉപയോഗിക്കുന്ന ചെടിയല്ലേ, പിന്നെ കഴിച്ചാൽ എന്താണ് പ്രശ്നമെന്നാവും അടുത്ത ചോദ്യം. മരുന്ന് ഉണ്ടാക്കുന്നവർ അതിന്റെ ശുദ്ധി ക്രമം എങ്ങനെ ആണ് ചെയ്യുന്നത് എന്ന് ആരോടെങ്കിലും പറയാറുണ്ടോ. അതല്ലെങ്കിൽ വിഷ സ്വഭാവത്തെ neutralise ചെയ്യാൻ എന്താണ് അതോടൊപ്പം ചേർക്കുന്നത് എന്ന് പറയാറുണ്ടോ.
മനസ്സിലാക്കേണ്ടത്, ഓരോ ദ്രവ്യത്തിനും അതിന്റെതായ ദ്രവ്യ ഗുണങ്ങളുണ്ട്. അത് ഉപയോഗിക്കേണ്ട രീതികളുണ്ട്.
ഏത് സ്ഥലത്ത് നിന്ന് മരുന്നുകൾ ശേഖരിക്കണമെന്നും എവിടെ നിന്നെല്ലാം അത് പാടില്ല എന്നും മരുന്ന് ശേഖരിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ആചാര്യന്മാർ എഴുതി വച്ചത് അത് കൃത്യമായി പഠിച്ചു പ്രയോഗിക്കാനാണ്.
അടുത്ത വസ്തുത, തുമ്പ എന്നല്ല, മുക്കുറ്റിയും പൂവാം കുരുന്നിലയും അടക്കമുള്ള, ഉള്ളിലേക്ക് പച്ചയായി പോലും പ്രയോഗിക്കുന്ന പല ചെടികളും രക്തത്തിൽ പഞ്ചസാരയുടെ അളവും രക്തസമ്മർദ്ധവും കുറയ്ക്കുന്നവ കൂടി ആണ്.
എന്നുകരുതി തുമ്പയോ മത്തൻ, കുമ്പളം തുടങ്ങിയവയുടെ ഇലയോ ഒക്കെ കഴിച്ചെന്നു കരുതി മരണത്തിനു കാരണമാകുന്നവയല്ല. അവയൊക്കെ പോഷകസമ്പുഷ്ടമാണ് താനും.
തുമ്പ നീര് കുട്ടികൾക്ക് കൃമിശല്യം മാറാൻ കൊടുക്കാറുണ്ട്. മറ്റു പല അവസ്ഥകളിലും നീരായി തന്നെ പ്രയോഗിക്കാറുമുണ്ട്. ആരും മരിച്ചിട്ടില്ല ഇന്നേ വരെ.
ചീര വർഗ്ഗങ്ങൾ ഉൾപ്പടെ ഒരുപാട് ഉണ്ടല്ലോ നമുക്ക് കഴിക്കാൻ പറ്റിയവ. പത്തിലകൾ നമുക്ക് തോരൻ വയ്ക്കാമല്ലോ. ശുദ്ധി ചെയ്‌താൽ ചൊറിയണം വരെ കഴിക്കാൻ പാകമാണ്.
ഓർമിപ്പിച്ചു എന്നു മാത്രം.
ഇത്തരം കൂടുതൽ വിവരങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഞാൻ മുന്നേ വൈദ്യായനം എന്ന പുസ്തകത്തിൽ വളരെ വിശദമായി പരാമർശിച്ചിട്ടുണ്ട്. പറ്റുമെങ്കിൽ ഒന്നു വായിക്കുക.
വന്ദേ ഗുരുപരമ്പരാം
വൈദ്യർ ഷൈൻ ഭാസ്കർ, നിലമ്പൂർ