06/12/2022
ഡിസംബർ - 3
International Day of Person's with Disabilities 😍
എല്ലാ വർഷവും ആ ദിവസം കുട്ടികളുടെ കലാപരിപാടികളും മറ്റുമായാണ് ആഘോഷിക്കാറുള്ളത്..
മറിച്ചു അവരുടെ സന്തോഷത്തിനായി എന്തു ചെയ്യണമെന്ന് ആലോചിക്കുമ്പോഴാണ് അവരോടൊപ്പം ഒരു യാത്രയെ കുറിച്ച് ഓർക്കുന്നത്..
ഒരുപാട് പ്രതിസന്ധികൾ മുന്നിലുണ്ടായിരുന്നു.. എങ്കിലും യാത്ര പോകുന്നതിനെ കുറിച്ച് തൃക്കടീരി പഞ്ചായത്ത് പ്രസിഡന്റ് ലതിക ചേച്ചിയോട് ഈ കാര്യം പറഞ്ഞപ്പോൾ ഒന്നിനെ കുറിച്ചും വേവലാതിപ്പെടാതെ.. " ദിനാചരണം വെറും ചടങ്ങ് മാത്രമല്ലേ.. ടൂറിസ്റ്റ് ബസ്സിൽ പാട്ടൊക്കെ വച്ച്, നല്ല ഭക്ഷണമൊക്കെ കഴിച്ച്, സന്തോഷിക്കാൻ പറ്റിയൊരു യാത്ര.. അതല്ലേ അവർക്കു വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന വല്ല്യ കാര്യം " എന്നു പറഞ്ഞു യാത്രയുടെ അവസാനം വരെ കൂടെ ഉണ്ടായിരുന്നു പ്രിയപ്പെട്ട പ്രസിഡന്റ് ലതിക ചേച്ചി..
മുന്നിലുണ്ടായിരുന്ന വലിയ പ്രതിസന്ധി യാത്രക്കാവശ്യമായ തുകയായിരുന്നു.. പ്രിയപ്പെട്ട മെമ്പർമാരെ ഈ കാര്യവുമായി സമീപിച്ചപ്പോൾ പേര് പറയാൻ ആഗ്രഹിക്കാത്ത ചില നല്ല മനസ്സിനുടമകളുടെ സഹായത്തോടെ യാത്രക്കുള്ള തുക ലഭിച്ചു..
എങ്ങോട്ട് പോകും..??
ഒരു ദിവസം കൊണ്ട് തിരിച്ചു വരാനും കുട്ടികൾക്ക് ആസ്വദിക്കാനും കഴിയണം ..
അവസാനം കോഴിക്കോട് പോകാമെന്നു തീരുമാനിച്ചു..
പ്ലാനറ്റോറിയത്തിലും, ബീച്ചിലും പോകാം എന്നതായിരുന്നു മനസ്സിൽ..
വേറെ എവിടെ പോകാം എന്നു ആലോചിച്ചപ്പോഴാണ്.. കരിപ്പൂർ വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന പ്രിയ സുഹൃത്തിനെ ഓർമ്മ വന്നത്.. ആവശ്യം അറിയിച്ചപ്പോൾ തന്നെ ഒരു മടിയും കൂടാതെ അവിടെ സന്ദർശിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി തന്നു..
പേപ്പർ വർക്കുകൾ കഴിഞ്ഞപ്പോൾ മനസ്സിലുണ്ടായ സന്തോഷം ചെറുതൊന്നുമായിരുന്നില്ല.. എന്റെ കുട്ടികൾ വിമാനം പറന്നുയരുന്നത് കാണുന്ന ദൃശ്യം മനസ്സിൽ നിറഞ്ഞു നിൽക്കുകയായിരുന്നു..
ആ ഒരു സമയത്തിനായി കാത്തിരിക്കുകയായിരുന്നു..
ബീച്ചിൽ പോയിട്ട് വെള്ളത്തിൽ കളിക്കുന്നതിനോടൊപ്പം അവരെ വേറെ ഇങ്ങനെ സന്തോഷിപ്പിക്കാം എന്നു ആലോചിച്ചപ്പോഴാണ്... ഫാറൂഖ് കോളേജിലെ NSS - കോർഡിനേറ്റർ മൻസൂർ മാഷിനെ വിളിക്കാനിടയായത്..
അദ്ദേഹം കുട്ടികളെ സ്വീകരിക്കുന്നതിനും, അവരുമായി പാട്ടുകളും, കളികളുമായി കൂടുന്നതിനുമുള്ള സൗകര്യം ഒരുക്കി തന്നു..
ഇത്രയും ആയപ്പോൾ തന്നെ വല്ലാത്തൊരു സന്തോഷം തോന്നിയിരുന്നു..
അങ്ങനെ ആ ദിവസം വന്നെത്തി..
മനസ്സിൽ ഒരുപാട് ആശങ്കകളും, സന്തോഷവുമായി യാത്ര ആരംഭിച്ചു..
കുട്ടികൾ, രക്ഷിതാക്കൾ, പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മറ്റു മെമ്പർമാർ എല്ലാരും ചേർന്ന് 8:30 നോട് കൂടി യാത്ര ആരംഭിച്ചു..
ആദ്യമായി ടൂറിസ്റ്റ് ബസിൽ യാത്ര ചെയ്യുന്നവരും,
കടൽ കാണാത്തവരുമുണ്ടായിരുന്നു ആ കൂട്ടത്തിൽ..
ബസ്സിൽ പാട്ടും, ഡാൻസുമൊക്കെയായി കുഞ്ഞുങ്ങൾ ആഘോഷം തുടങ്ങി..
10: 45 നോട് കൂടി എയർപോർട്ടിന്റെ മുൻവശത്തെത്തി..
ടെർമിനൽ മാനേജർ ഞങ്ങളെ സന്ദർശക ഗാലറിയിലേക്ക് കൊണ്ടു പോയി.. കയറിയ ഉടനെ ഒരു വിമാനം പോകുന്ന ശബ്ദം കേട്ടു.... കുറച്ചു വൈകി എത്തിയതു കൊണ്ട് തന്നെ ആ ശബ്ദം,ഇനി വിമാനം കാണാൻ പറ്റില്ലേ എന്ന ആശങ്ക ഉണ്ടാക്കി...
എന്നാൽ..
ഒരു ഫ്ലൈറ്റ് കൂടി പോകാൻ ഉണ്ടെന്നു അവർ അറിയിച്ചു.
വല്ലാത്തൊരുഅനുഭവം..
എല്ലാവരുടേം കണ്ണുകൾ റൺവേയിൽ.... വിമാനത്തെ നോക്കി... അത് പറക്കുന്നതും കാത്ത്...... ഒരിക്കലെങ്കിലും മക്കൾക്ക് അത് കാണാൻ കഴിഞ്ഞതിലുള്ള ആനന്ദം....
അവരുടെ ചിരികൾ....
വാക്കുകളിൽ പറഞ്ഞറിക്കാൻ പറ്റാത്ത ഒരു സന്ദർഭം... ശേഷം ടെർമിനൽ മാനേജരുടെ കൂടെ ഒരു ഫോട്ടോയും എടുത്ത് തിരിച്ചു വണ്ടിയിലേക്ക്.... അടുത്ത സ്ഥലം ലക്ഷ്യമാക്കിയുള്ള യാത്ര....
1 മണിയോടെ പ്ലാനറ്റോറിയം..
ഉച്ചഭക്ഷണം അവിടെ നിന്നു കഴിച്ച് 2:30 ന്റെ പ്ലാനറ്റോറിയം ഷോയ്ക്ക് കയറി.. ആകാശകാഴ്ചകൾ.... അവരെ വിസ്മയിപ്പിച്ചു..
പിന്നീട് ബീച്ചിലേക്ക്....കാലിക്കറ്റ് ഭട്ട് റോഡ് ബീച്ചിൽ 3 മണിയോടെ എത്തി ഞങ്ങളെ കാത്ത് നിൽക്കുന്ന എൻ എസ് എസ് കൂട്ടുകാർ.... ബലൂൺ നൽകി ഓരോരുത്തരെയും അവർ സ്വീകരിച്ചു.... തണലുള്ള സ്ഥലങ്ങളിൽ അവരെ ഇരുത്തി... പാട്ടും കളികളുമൊക്കെയായി കുറച്ചധികം സമയം.... സഹതാപത്തോടെ നോക്കുന്ന കണ്ണുകളെക്കാൾ സ്നേഹത്തോടെ ചേർത്തുപിടിച്ച, അവരുടെ ഇഷ്ടങ്ങൾക്കൊപ്പം നിന്ന പ്രിയപ്പെട്ടവർ....
അവർക്കൊപ്പം കടലിൽ തിരമാലയുടെ കൂടെ കളിക്കുന്ന കുഞ്ഞുങ്ങൾ സന്തോഷത്തിന്റെ എക്സ്ട്രീം ലെവൽ എന്നൊക്കെ പറയില്ലേ ആ ഒരു അവസ്ഥ...തിരിച്ചു വീടെത്തണം എന്നുള്ളത് കൊണ്ട് മാത്രം എല്ലാരും മനസില്ലാ മനസ്സോടെ ബസ്സിലേക്ക്....
എൻ എസ് എസ് കൂട്ടുകാർക്ക് ഹോക്കിങ്സ് ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ ചെറിയൊരു മൊമെന്റോയും വലിയൊരു നന്ദിയും അറിയിച്ച് എല്ലാരും വണ്ടിയിൽ കയറി...
ഒരു കാര്യം നടത്തണമെന്ന് നമ്മൾ വല്ലാതെ ആഗ്രഹിച്ചാൽ നടക്കുമെന്ന് തോന്നിയ നിമിഷങ്ങൾ..
കുഞ്ഞുങ്ങളുടെ കണ്ണിൽ വിരിഞ്ഞ സന്തോഷത്തിന്റെ പൂത്തിരികൾ..
മറക്കാനാവാത്ത ഒരു ദിനം ഇങ്ങനെ സാക്ഷ്യപ്പെടുത്തട്ടെ....
ഒരിക്കൽ കൂടി നന്ദി, സ്നേഹം എല്ലാവരോടും..💙