Viswanathan Cvn

Viswanathan Cvn Orthopaedic surgeon, Rationalist

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രതികരണങ്ങൾ :. .. "ഡോക്ടർ വേലുക്കുട്ടിയും കവി ബാലചന്ദ്രനും" എന്ന എന്റെ വീഡിയോ പ്രിയ കവി കണ്...
15/03/2024

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രതികരണങ്ങൾ :. ..
"ഡോക്ടർ വേലുക്കുട്ടിയും കവി ബാലചന്ദ്രനും" എന്ന എന്റെ വീഡിയോ പ്രിയ കവി കണ്ടു, വീഡിയോവിനടിയിൽ മിനിയാന്നും ഇന്നുമായി രണ്ടു പ്രതികരണങ്ങളും എഴുതി. വളരെ സന്തോഷമുള്ള കാര്യം. അധികമാരുമറിയാത്ത എന്നെപ്പോലെ ഒരാൾ ഉന്നയിക്കുന്ന വിമർശനങ്ങൾക്ക് ചെവി കൊടുക്കാനും മറുപടി പറയാനും തയാറായത് അദ്ദേഹത്തിന്റെ നല്ല മനസ്സ്.
യൂ ട്യൂബിന്റെ എന്തോ സാങ്കേതികത കൊണ്ട് ആദ്യത്തെ കമന്റ് എനിക്കു കാണാൻ കഴിഞ്ഞിരുന്നില്ല. ഒരു സ്ക്രീൻ ഷോട്ട് പ്രശാന്ത് അപ്പുൽ ഷെയർ ചെയ്തത് കണ്ടിരുന്നു. പക്ഷേ, കമന്റുകളിൽ കാണുന്നുണ്ടായിരുന്നില്ല. ഒരു പക്ഷേ, ബാലചന്ദ്രൻ തന്നെ പിന്നീട് delete ചെയ്തതാവാം എന്നു കരുതി.
ഇന്ന്, ബാലചന്ദ്രൻ വീണ്ടും ഒരു കമന്റ് ഇട്ടപ്പോൾ അതും കണ്ടു, പഴയ കമന്റും കണ്ടു. തിരക്കിട്ട് ചില മറുപടികളും എഴുതി.
യൂ ട്യൂബിലെ കമന്റ് സെക്ഷനിൽ ഇങ്ങനെ ഒരു സാങ്കേതിക പ്രശ്നം കാണുന്നതുകൊണ്ട്, ആ രണ്ടു പ്രതികരണങ്ങളും , എന്റെ മറുപടികളും ഇവിടെ കോപ്പി പേസ്റ്റ് ചെയ്യുന്നു. താൽപര്യമുള്ളവർ വായിക്കുക:

പ്രിയ കവി ഇന്ന് പോസ്റ്റ് ചെയ്ത പ്രതികരണം:


3 hours ago (edited)
"ആദിശങ്കരനും കുമാരനാശാനും.
_______________________

"ജഗദ്ഗുരുക്കന്മാരെന്ന് അഭിമാനിക്കുവാൻ ഹിന്ദുക്കളുടെ മതാചാര്യന്മാരിൽ പലരും ഉണ്ടെങ്കിലും അത്ഭുതകരമായ അദ്വൈതസിദ്ധാന്തത്തെ വിജയപൂർവ്വം സ്ഥാപിച്ചു പ്രചാരപ്പെടുത്തി അന്നുമിന്നും ലോകം മുഴുവനുമുള്ള പണ്ഡിതന്മാരുടെ ഭക്തിബഹുമാനങ്ങൾക്കു പാത്രമായിത്തീർന്നിട്ടുള്ളത് സാക്ഷാൽ ശങ്കരാചാര്യർ ഒരാൾ തന്നെ ആകുന്നു. കേരളത്തിന് അദ്ദേഹത്തിന്റെ ജന്മഭൂമി എന്നുള്ളതിനേക്കാൾ അഭിമാനജനകമായ ഒരു മാഹാത്മ്യം ഉണ്ടായിട്ടില്ലെന്നു തീർച്ചതന്നെ."

-കുമാരനാശാൻ.

Page 296, കുമാരനാശാന്റെ ഗദ്യലേഖനങ്ങൾ വാല്യം 2. (1982.
നാഷണൽ ബുക് സ്റ്റാൾ, കോട്ടയം.)

കുമാരനാശാനാണ് ഈവിധം ആദിശങ്കരനെ പ്രകീർത്തിച്ചത്. ആശാൻകവിതയെയും അദ്വൈതസിദ്ധാന്തത്തെയും കുറിച്ച് സംസാരിച്ചപ്പോൾ ആശാൻ പ്രകീർത്തിച്ച ശങ്കരന്റെ കാര്യംകൂടി ഞാൻ പറഞ്ഞു എന്നേയുള്ളു. എന്തായാലും ഞാൻ അദ്വൈതിയല്ല. നാരായണ ഗുരുവിനെപ്പോലെയോ കുമാരനാശാനെപ്പോലെയോ കവിതകളിലൂടെ അദൈതവേദാന്തം പ്രചരിപ്പിച്ച കവിയുമല്ല.
മേലാൽ നാരായണഗുരുവിനെക്കുറിച്ചോ കുമാരനാശാനെക്കുറിച്ചോ ഞാൻ യാതൊന്നും പറയാനും പോകുന്നില്ല. അവരുടെ സ്വന്തം കൃതികൾ വായിച്ച് അതിൽ ഹിന്ദുത്വം ഉണ്ടോ എന്ന് ജനം വിലയിരുത്തട്ടെ. ഞാൻ എന്തിനു പഴി കേൾക്കണം.

ഡോക്ടറോട് ഒരഭ്യർത്ഥന. നാരായണഗുരുവിന്റെ യും കുമാരനാശാന്റെ യും കൃതികളിൽ ഹിന്ദുത്വം ഉണ്ടോ എന്നു പരിശോധിക്കുക. ഉണ്ടെങ്കിൽ അക്കാര്യം ഒളിച്ചുവെച്ച് അവരെ വെള്ളപൂശാതിരിക്കുക. അവരുടെ അദ്വൈതസിദ്ധാന്തം തെറ്റാണെങ്കിൽ അക്കാര്യം ജനങ്ങളോടു വിശദീകരിക്കുക. അവരെ വിമർശിക്കുക. അല്പജ്ഞനായ എന്നെ മാത്രം വിമർശിച്ചിട്ട് എന്തു കാര്യം?"
എന്റെ മറുപടി:
"പ്രിയ ബാലചന്ദ്രൻ,
എൻ്റെ പ്രസംഗസാഹസത്തെ ഗൗരവമായെടുത്തതിലും ഇങ്ങനെയൊരു പ്രതികരണം എഴുതിയതിനും ആദരപൂർവമായ നന്ദി. കുമാരനാശാനോ നാരായണഗുരുവോ ശങ്കരനെയും അദ്വൈതത്തെയും വാഴ്ത്തിയില്ല എന്നല്ല എൻ്റെ നിലപാട്. തീർച്ചയായും അവർ അതു ചെയ്തിട്ടുണ്ട്. അവർ വാഴ്ത്തി എന്നതുകൊണ്ട് അദ്വൈതവേദാന്തം അയഥാർത്ഥമായൊരു ഭാവനാ വ്യായാമം അല്ലാതാകുന്നില്ല, ആദിശങ്കരൻ ബ്രാഹ്മണ്യപ്രവാചകൻ അല്ലാതെയുമാകുന്നില്ല.
"ഉമി പോലെ അന്ത:സാരശൂന്യം" ആണ് വേദങ്ങളും ശാസ്ത്രങ്ങളും എന്ന് നാഗസേനൻ തിരിച്ചറിയുന്നുണ്ട്, രണ്ടായിരം വർഷങ്ങൾക്കു മുമ്പുതന്നെ. അമൂല്യ ജ്ഞാന ഭണ്ഡാഗാരങ്ങളാണവ എന്ന പെരും നുണ പിന്നെയും രണ്ടായിരം കൊല്ലം ദ്വിജന്മാർ പ്രചരിപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിലടക്കം ആൾക്കാരെയത് വിശ്വസിപ്പിക്കുന്നതിൽ അവർ വിജയിക്കയും ചെയ്തു.
ഇതൊക്കെ അസംബന്ധഭാവനയാണ് നിഷ്പ്രയോജനമാണ്, വലിച്ചെറിയേണ്ടതാണ് , തകർക്കപ്പെടേണ്ടതാണ് എന്ന് തിരിച്ചറിഞ്ഞ ഒരു കീഴാള ധാരയുണ്ട് - മഹാത്മാ ഫൂലെ , അംബേദ്കർ, പെരിയാർ, അയ്യപ്പൻ ഒക്കെ പ്രതിനിധീകരിക്കുന്ന കീഴാളധാര. അതാണ് മുന്നോട്ടു കൊണ്ടുപോവേണ്ടത് . ആ വഴിക്കാണ് ഞാൻ നടക്കാൻ ശ്രമിക്കുന്നതും.
പരുഷമായോ സുജനമര്യാദാ വിരുദ്ധമായോ ഉള്ള വാക്കുകൾ എൻ്റെ പ്രസംഗത്തിൽ ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കുക.
ഈ പ്രതികരണത്തിൻ്റെ അവസാനഭാഗത്തെക്കുറിച്ച് പ്രത്യേകം:
എന്തുകൊണ്ട് ആശാനെയോ നാരായണഗുരുവിനെയോ നേരിട്ടു വിമർശിക്കാതെ ബാലചന്ദ്രനെ വിമർശിക്കുന്നു എന്നതാണല്ലോ ചോദിച്ചത്.
ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളിൽ പറഞ്ഞ ആശയങ്ങളിൽ, ആ കാലത്ത് അവർക്കാർജിക്കാൻ കഴിഞ്ഞ വിജ്ഞാനത്തിൻ്റെ പരിമിതികൾ ഉണ്ട്. ആ ആനുകൂല്യം അവർ അർഹിക്കുന്നു. പക്ഷേ, ഇന്ന് ആ വീക്ഷണങ്ങളെ നമ്മൾ പരിശോധിക്കുമ്പോൾ, ഇന്നത്തെ നമ്മുടെ അറിവിൻ്റെയും ധാർമിക തിരിച്ചറിവുകളുടെയും അടിസ്ഥാനത്തിൽ വിമർശനാത്മകമായിത്തന്നെ വേണം ആ പരിശോധന എന്നതാണ് എൻ്റെ നിലപാട്. (എൻ്റെ രണ്ടു പ്രസംഗങ്ങളിലെങ്കിലും "ആത്മാവ്" എന്നതിനെക്കുറിച്ചുള്ള ആശാൻ്റെ കാഴ്ചപ്പാടിനെ ഞാൻ വിമർശനപൂർവം അവതരിപ്പിച്ചിട്ടുണ്ട്.)
നാരായണഗുരുവിനോ ആശാനോ നൽകുന്ന ആ ഇളവ്, അവർ പറഞ്ഞ -ഇന്നേക്ക് കാലഹരണപ്പെട്ട - ആശയങ്ങളെ വിമർശനരഹിതമായി, അവതരിപ്പിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിൻ്റെ മൂന്നാം ദശാബ്ദത്തിലെയൊരു പ്രഭാഷകന് ബാധകമല്ല ! We should know better!!
എന്നെപ്പോലെ പരിമിത വിഭവനായ ഒരാൾ വിമർശിച്ചു എന്നതുകൊണ്ട് ഇനി കുമാരനാശാനെക്കുറിച്ചോ നാരായണ ഗുരുവിനെക്കുറിച്ചോ ഒന്നും സംസാരിക്കില്ല എന്നു തീരുമാനിക്കുന്നത് കഷ്ടമാണ്. എന്നെ താങ്കൾ ഒരു എതിരാളി ആയിക്കാണുന്നു, ഞാൻ താങ്കളോട് എന്തോ തെറ്റു ചെയ്തു എന്നു താങ്കൾ കരുതുന്നു എന്നാണ് ഞാൻ ഇതിൽ നിന്ന് ഊഹിക്കുന്നത്.
ഞാൻ യാതൊരു തെറ്റും ചെയ്തിട്ടില്ല എന്നതാണ് എൻ്റെ ബോധ്യം. പൊതു സമൂഹത്തിലേക്ക് പ്രക്ഷേപിക്കപ്പെടുന്ന ആശയങ്ങൾ വിമർശിക്കപ്പെടും. അങ്ങിനെ വിമർശിക്കാനുള്ള അവകാശം ഏതൊരാൾക്കുമുണ്ട്. എല്ലായ്പ്പോഴും അതൊരു adversarial position ആണെന്ന് കരുതുന്നത് ശരിയല്ല."I may be wrong and you may be right, and by an effort, we may get nearer to the truth," എന്ന സ്പിരിറ്റിലാണ് ഞാൻ ഇത്തരം ഇടപെടലുകളെ കാണുന്നത്."

കേവലം നാല് മിനിറ്റ് മുൻപ് , ( ഈ പോസ്റ്റ് ഞാൻ എഴുതി തുടങ്ങിയ ശേഷം) പ്രിയ കവി എഴുതിയ തുടർ പ്രതികരണം:
"അയ്യോ. ദയവായി അങ്ങനെ വിചാരിക്കരുത്. എന്നെ ആരു വിമർശിച്ചാലും ഒരു പ്രശ്നവുമില്ല. ഞാൻ ഡോക്ടറെ എതിരാളിയായി കാണാത്തതുകൊണ്ടല്ലേ അങ്ങയോടു സംസാരിക്കുന്നത്. എത്രയോ കാലമായി എത്രയോ എത്രയോപേരാൽ വിമർശിക്കപ്പെടുന്നു. വിമർശനം മാത്രമല്ല, അപവാദം, അവഹേളനം, വ്യക്തിഹത്യ, സൈബർ ആക്രമണം, എല്ലാം എത്രയോ കാലമായി സഹിക്കുന്നു. അതു പ്രശ്നമേയല്ല.

ഇന്നത്തെ അറിവുകളുടെ വെളിച്ചത്തിൽ വേണമായിരുന്നു ആശാനെയും നാരായണഗുരുവിനേയുമൊക്കെ ഞാൻ വിലയിരുത്തേണ്ടിയിരുന്നത് എന്നു ഡോക്ടർ പറഞ്ഞത് ശരിയാണ്.
അത് എന്റെ ഭാഗത്തുനിന്നുണ്ടായ കുറവാണ്.അതു ഞാൻ സമ്മതിക്കുന്നു.

'പ്രരോദന' ത്തിന്റെ നൂറാം വാർഷികത്തിൽ
അതിനെക്കുറിച്ച് സംസാരിക്കാൻ പലരും എന്നെ വിളിച്ചപ്പോൾ ഞാൻ പോയി എനിക്കറിയാവുന്ന കാര്യങ്ങൾ പറഞ്ഞു എന്നേയുള്ളു. ആ കൃതിയുമായി ബന്ധപ്പെട്ട് ഞാൻ പഠിച്ച കാര്യങ്ങളാണു പറഞ്ഞത്.

അതിനു ഞാൻ മാത്രമല്ല,സ്വന്തം കൃതികളിൽ അദ്വൈതവേദാന്തം ഉൾക്കൊള്ളിച്ച നാരായണഗുരുവും ആശാനും ഉത്തരവാദികളാണ് എന്ന കാര്യം ഡോക്ടർ പറഞ്ഞില്ല എന്നേയുള്ളു എന്റെ പരാതി.

ഡോക്ടറുടെ വിമർശനത്തിന്റെ വെളിച്ചത്തിൽ ആലോചിച്ചപ്പോൾ നാരായണഗുരുവിനെയും ആശാനെയും അവരുടെ കൃതികളെയും ഞാൻ ആർക്കും വിശദീകരിച്ചുകൊടുക്കേണ്ട ആവശ്യമില്ല എന്നെനിക്കു തോന്നി. ആ പണി ആരെങ്കിലും ചെയ്തോട്ടെ. ഞാൻ പണ്ഡിതനോ വിമർശകനോ പ്രഭാഷകനോ ഒന്നുമല്ല.ആകാനാഗ്രഹിക്കുന്നുമില്ല. സുഹൃത്തുക്കളുടെ നിർബ്ബന്ധം കൊണ്ട് ചിലപ്പോൾ ഈ പണി ചെയ്യേണ്ടിവരുന്നതാണ്.
ഞാൻ സംസാരിക്കുന്നത് യൂട്യൂബിലിട്ടു പ്രചരിപ്പിക്കുന്നതു ഞാനല്ല. എന്റെ അറിവോടെയുമല്ല.

എന്തായാലും നാരായണഗുരുവിന്റെയും ആശാന്റെയും കൃതികൾ ജനം വായിച്ചു തീരുമാനിച്ചോട്ടെ. എന്റെ വിലപ്പെട്ട സമയം ഇനി മറ്റു കവികൾക്കുവേണ്ടി പാഴാക്കേണ്ടതില്ല എന്നു ഞാൻ തീരുമാനിച്ചു.

ഇനിമേൽ സ്വന്തം കവിതയുടെപേരിൽ മാത്രം പഴി കേട്ടാൽ മതി എന്നും തീരുമാനിച്ചു.

എന്തായാലും ഒരു വീണ്ടുവിചാരത്തിനു പ്രേരിപ്പിച്ച ഡോക്ടറോടു കൃതജ്ഞത മാത്രമേയുള്ളു."

ഇതിന് ഞാൻ ഇപ്പോൾ പോസ്റ്റ് ചെയ്ത മറുപടി:

"വളരെ വളരെ സന്തോഷം എന്നല്ലാതെ മറ്റ് വാക്കുകൾ ഒന്നും കിട്ടുന്നില്ല.
"അതിനു ഞാൻ മാത്രമല്ല,സ്വന്തം കൃതികളിൽ അദ്വൈതവേദാന്തം ഉൾക്കൊള്ളിച്ച നാരായണഗുരുവും ആശാനും ഉത്തരവാദികളാണ് എന്ന കാര്യം ഡോക്ടർ പറഞ്ഞില്ല എന്നേയുള്ളു എന്റെ പരാതി."
പൂർണമായും അംഗീകരിക്കുന്നു. പ്രസംഗാരംഭത്തിൽ പറഞ്ഞതുപോലെ, പ്രരോദനം എന്ന കൃതിയിൽ ആശാൻ ഉന്നയിക്കുന്ന തത്ത്വശാസ്ത്ര വിഷയങ്ങളെ ജ്നാനോദയപക്ഷത്തു നിന്നുകൊണ്ട് വിമർശനാത്മകമായി വീക്ഷിക്കാൻ ഉദ്ദേശം ഉണ്ടെങ്കിലും , സമയപരിമിതി മൂലം അതിനു ഞാൻ അന്നേ ദിവസം ശ്രമിച്ചില്ല എന്നതാണ് ഇക്കാര്യത്തിൽ സംഭവിച്ചത്. ( കഴിഞ്ഞ വര്ഷം ചെയ്ത "മരണം - വിശ്വാസവും സയൻസും" എന്ന പ്രസംഗത്തിൽ, പ്രരോദനത്തിലെ ഒരു ശ്ലോകം ഉദ്ധരിച്ചുകൊണ്ടു തന്നെ ഈ വിഷയം ഒന്ന് സൂചിപ്പിച്ചുപോയിട്ടുണ്ട്) ആശാനെ ബാലചന്ദ്രൻ വായിച്ചതിലോ വ്യാഖ്യാനിച്ചതിലോ പിശകി , യഥാർത്ഥത്തിൽ അദ്വൈതമല്ല ആശാൻ പറയുന്നത് എന്നു ഞാൻ ഉദ്ദേശിക്കയോ സൂചിപ്പിക്കയോ ഉണ്ടായില്ല. ആ വിധത്തിൽ ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായെങ്കിൽ ക്ഷമിക്കുക"

കവിയുടെ മിനിയാന്നത്തെ പ്രതികരണവും അതിനു ഞാൻ ഇന്ന് നല്കിയ മറുപടിയും ഇനി അത്ര പ്രസക്തമല്ല . എങ്കിലും, for the sake of completion, ഇവിടെ ചേർക്കുന്നു:
ഇതാണ് അദ്ദേഹം മിനിയാന്ന് എഴുതിയ പ്രതികരണം:
"വിജ്ഞാനപ്രദമായ

വിമർശനത്തിന് വളരെ നന്ദി.

വിദ്യാർത്ഥിയായിരുന്ന കാലത്ത്
നായണഗുരുവിന്റെ അദൈതദീപിക, ആത്മോപദേശശതകം, ദർശനമാല എന്നീ കൃതികൾ മനസ്സിലാക്കാൻ ഞാൻ ആശ്രയിച്ചത് നാരായണഗുരുവിന്റെ ശിഷ്യന്മാരായിരുന്ന കോട്ടുക്കോയിക്കൽ വേലായുധൻമാഷ്, പി. ആർ. ശാസ്ത്രികൾ എന്നിവരെയാണ്. ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണകൃതികൾക്ക്(ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് )പ്രൊ.ജി. ബാലകൃഷ്ണൻനായർ എഴുതിയ വ്യാഖ്യാനവും എന്നെ സഹായിച്ചിട്ടുണ്ട്. പ്രഭാഷണത്തിൽ പേരുകൾ ഞാൻ പറഞ്ഞില്ലെന്നേയുള്ളു.

'പ്രരോദനം' എന്ന കൃതിയെ മനസ്സിലാക്കാൻ ഞാൻ ആശ്രയിച്ചത് സംസ്കൃതപണ്ഡിതനായിരുന്ന ഡോ.ടി. ഭാസ്കരനെയാണ്. 'പ്രരോദന'ത്തിന് അദ്ദേഹം എഴുതിയ വ്യാഖ്യാനവും എന്നെ സഹായിച്ചിട്ടുണ്ട്.

യജുർവേദത്തിലെ
ഈശാവാസ്യോപനിഷത്ത് പരിഭാഷപ്പെടുത്തിയ നാരായണഗുരുവിന്റെ പ്രമാണം ഉപനിഷത്ജ്ഞാനമാണെന്ന് എനിക്കു പറഞ്ഞുതന്നത് പി. ആർ. ശാസ്ത്രികളാണ്.

1982-1983 ൽ വർക്കലയിൽ താമസിക്കുന്ന കാലത്ത് ശിവഗിരിയിൽ ശ്രീനാരായണദർശനത്തെക്കുറിച്ച് പ്രൊ.ജി. ബാലകൃഷ്ണൻനായർ നടത്തിയ പ്രഭാഷണങ്ങൾ ഞാൻ കേട്ടിരുന്നു. ഉപനിഷത്തുക്കളിലെഅദ്വൈതവേദാന്തംതന്നെയാണ് ശങ്കരാചാര്യരുടെയും ശ്രീനാരായണഗുരുവിന്റെയും അദ്വൈതം എന്ന് ആ പ്രഭാഷണങ്ങളിൽ നിന്നുമാണ് ഞാൻ മനസ്സിലാക്കിയത്.

ഇങ്ങനെ പലരിൽനിന്നും പല വഴിക്കും അറിഞ്ഞ കാര്യങ്ങളാണ് ഞാൻ പറഞ്ഞത്. അതുകൊണ്ടാണ് എന്റെ സ്വന്തമായി ഒന്നും പറയാനില്ല എന്നു ഞാൻ പറഞ്ഞത്.

ഈ വിഷയങ്ങളിൽ ആ ഗുരുക്കന്മാരേക്കാൾ എനിക്ക് അറിവു തീരെ കുറവാണ് എന്നതുകൊണ്ടാണ് ഞാൻ അവരോടു വിധേയത്വവും വിനയവും കാണിച്ചത്. അവർ സർവ്വജ്ഞരായിട്ടല്ല.

വേദങ്ങളോ ഉപനിഷത്തുകളോ എന്റെ പ്രമാണമല്ല. എന്റെ പ്രമാണം പ്രത്യക്ഷവും അനുമാനവുമാണ്. ഞാൻ ദൈവവിശ്വാസിയല്ല. സന്ദേഹിയോ അജ്ഞേയവാദിയോ ആണ്.

പ്രരോദനം എന്ന കാവ്യത്തെക്കുച്ചും നാരായണഗുരുവിന്റെ ദാർശനികരചനകളെക്കുറിച്ചും ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ തെറ്റാണെങ്കിൽ, ശരി എന്തെന്നറിയാൻ എനിക്കാഗ്രഹമുണ്ട്. ഞാൻ എവിടെവേണമെങ്കിലും വരാം. ആശാൻകവിതയും ഗുരുദേവകൃതികളും എന്നെ പഠിപ്പിച്ചുതരാമോ? അതെനിക്കു വലിയ സഹായമായിരിക്കും.
എന്റെ ഫോൺ നമ്പർ:#########x

കുറച്ചു മനസ്സ് കലങ്ങി, അതിനു ഞാൻ എഴുതിയ ചെറിയ മറുപടി:
പ്രിയ ബാലചന്ദ്രൻ,
ഏതോ സാങ്കേതിക കാരണങ്ങൾ കാരണമാവാം, ഈ പ്രതികരണം ഇപ്പോഴേ ഇവിടെ കാണാൻ കഴിഞ്ഞുള്ളൂ. അതിനു മുൻപായി ഇതിൻ്റെ സ്ക്രീൻ ഷോട്ട് ഫേസ്ബുക്കിൽ ഒരു സുഹൃത്ത് ഇട്ടത് വായിച്ചു.
സ്നേഹപൂർവം ക്ഷണിച്ചിരുത്തി വിഭവസമൃദ്ധമായ സദ്യ വിളമ്പിയ ശേഷം ഇലയിലേക്ക് കാർക്കിച്ചൊരു തുപ്പ് തുപ്പുന്നതുപോലെയാണ് താങ്കളുടെ പ്രതികരണത്തിലെ അവസാനഖണ്ഡിക എനിക്ക് അനുഭവപ്പെട്ടത് എന്ന് ഖേദത്തോടെ പറയട്ടെ.
ആശാനെക്കുറിച്ചോ പ്രരോദനത്തെക്കുറിച്ചോ നാരായണഗുരുവിനെക്കുറിച്ചോ ഒന്നും താങ്കളോളം അറിവുള്ള ആളാണ് ഞാൻ എന്ന വിചാരമേ എനിക്കില്ല. ആ വിധത്തിൽ ഒരു അവകാശവാദം ഞാൻ ഉന്നയിച്ചിട്ടുമില്ല. താങ്കൾ പറഞ്ഞത് ,സാങ്കേതികാർത്ഥത്തിൽ "തെറ്റ്" ആണെന്ന വാദവുമില്ല. പഴകിയതും ഇന്നത്തെ നിലയിൽ ഉപദ്രവകരവുമായ ഒരു ആഖ്യാനമാണ് താങ്കൾ അവതരിപ്പിക്കുന്നത് എന്നതാണ് എൻ്റെ വാദം. ഒരിക്കൽക്കൂടി ആവർത്തിക്കട്ടെ, താങ്കൾ ബോധപൂർവം പ്രതിലോമ രാഷ്ട്രീയം പ്രചരിപ്പിക്കുന്നു എന്നൊരു ആക്ഷേപമേ എനിക്കില്ല. പക്ഷേ, “സ്വർഗത്തിൽ നിന്നു അഗ്നി കൊണ്ട് വന്നു മനുഷ്യർക്ക് കൊടുത്ത പ്രൊമിത്യൂസിനെപ്പോലെ, വൈദിക ജ്നാനം അദ്ദേഹം ഈ ഏറ്റവും താഴെ തട്ടിലിരുന്ന മനുഷ്യരിലേക്ക് എത്തിച്ചു” എന്നും മറ്റും വിശ്വസിക്കുന്നതും പറയുന്നതും ഒരു നിലക്കല്ല, പല നിലക്ക്, അപലപനീയമാണെന്നു പറയാതെ വയ്യ. അക്കാര്യം എനിക്കാവുംപടിയൊക്കെ ഞാൻ പ്രസംഗത്തിൽ വിവരിച്ചിട്ടുമുണ്ട്.

Reductio ടീം ചെയ്ത  ഒരു ലൈവ് പ്രോഗ്രാമിന്റെ റിക്കാഡിങ് കാണുകയായിരുന്നു. ഇസ്ലാമോഫോബിയ ആണ് പ്രധാന വിഷയം. ഈ വിഷയത്തിൽ ലളിതവ...
26/02/2024

Reductio ടീം ചെയ്ത ഒരു ലൈവ് പ്രോഗ്രാമിന്റെ റിക്കാഡിങ് കാണുകയായിരുന്നു. ഇസ്ലാമോഫോബിയ ആണ് പ്രധാന വിഷയം. ഈ വിഷയത്തിൽ ലളിതവും അബദ്ധജടിലവും ആയ ഒരു കുടില ആഖ്യാനം സവർക്കറൈറ്റ് നാസ്തികർ കേരള സ്വതന്ത്രചിന്താമണ്ഡലത്തിൽ പ്രചരിപ്പിച്ചുവെച്ചിട്ടുണ്ട്. എനിക്കു സാധ്യമായ വിധത്തിൽ അതിനെ തുറന്നു കാട്ടാനും എതിർക്കാനും ഞാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, അത് ഏറെക്കുറെ ഒരു ഏകാന്ത വനരോദനം ആയാണ് എനിക്ക് സ്വയം അനുഭവപ്പെട്ടത്.

ഇന്ന് Reductio ടീം ഈ വിഷയത്തിൽ സംസാരിക്കുന്നത് കേട്ടപ്പോൾ, വലിയ ഒരു ആശ്വാസം തോന്നി. അടിസ്ഥാനരഹിതവും വിദ്വേഷപ്രേരിതവുമായ ആ നടപ്പ് വ്യാഖ്യാനത്തെ കൃത്യതയും സൂക്ഷ്മതയും പുലർത്തിക്കൊണ്ട് വിമർശിക്കാൻ അവർ ശ്രദ്ധിക്കുന്നു.

കേരള സ്വതന്ത്ര ചിന്താമണ്ഡലത്തിന്റെ നാളെയെക്കുറിച്ച് എനിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല

മതമുക്ത യൂറോപ്പും സ്വതന്ത്രചിന്തകരും............................... ............കഴിഞ്ഞ കുറേ നാളുകളായി യൂ ട്യൂബ് ചാനലിൽ വ...
23/02/2024

മതമുക്ത യൂറോപ്പും സ്വതന്ത്രചിന്തകരും............................... ............
കഴിഞ്ഞ കുറേ നാളുകളായി യൂ ട്യൂബ് ചാനലിൽ വീഡിയോകൾ ഒന്നും പോസ്റ്റ് ചെയ്തിരുന്നില്ല. പ്രസംഗങ്ങൾ മൂന്നെണ്ണം അതിനിടയിൽ നടന്നെങ്കിലും രണ്ടെണ്ണം റിക്കാഡ് ചെയ്യപ്പെട്ടില്ല. ഫെബ്രുവരി 4 ന് ഒറ്റപ്പാലത്ത്, യുക്തിവാദി സംഘം നടത്തിയ പരിപാടിയിൽ ചെയ്ത പ്രസംഗത്തിൻ്റെ വീഡിയോ ആണിത്.
സമൂഹം സാമ്പത്തികമായി മുന്നേറുമ്പോൾ മതവിമുക്തി 'സ്വാഭാവികമായി ' സംഭവിക്കും, യുക്തിവാദ പ്രവർത്തനം അനാവശ്യമാണ് എന്നൊരു വാദമുണ്ട്. യൂറോപ്പിൽ സംഭവിച്ചത് അതാണ് എന്നും പറയാറുണ്ട്. ചരിത്രപരമായും സാമൂഹ്യ ശാസ്ത്രപരമായും ഈ വാദത്തെ പരിശോധിക്കാനുള്ള ഒരു ശ്രമമാണ് ഈ പ്രസംഗം.
കാണുക. അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
ലിങ്ക് ആദ്യകമൻ്റിൽ .
വീഡിയോ: പ്രിയ സുഹൃത്ത്, ബാൻശ്രീ

പുതിയ വീഡിയോ - നേതൃത്വവും നേതാക്കളും . .........രാഷ്ട്രീയത്തിലാവട്ടെ, തൊഴിലിടങ്ങളിലാവട്ടെ, സംഘടനകളിലാവട്ടെ, സകല ഇടങ്ങളില...
15/10/2023

പുതിയ വീഡിയോ - നേതൃത്വവും നേതാക്കളും . .........
രാഷ്ട്രീയത്തിലാവട്ടെ, തൊഴിലിടങ്ങളിലാവട്ടെ, സംഘടനകളിലാവട്ടെ, സകല ഇടങ്ങളിലും നേതൃസ്ഥാനങ്ങളിൽ ഉള്ളവരിൽ വളരെപ്പേർ ടോക്സിക്ക് വ്യക്തികളാണ് എന്നു കാണാം. സൈക്കോപ്പതിക്ക് പ്രവണതയുള്ള ഇത്തരം വ്യക്തികൾ (" Dark triad" വ്യക്തിത്വങ്ങൾ) എന്തുകൊണ്ട് അധികാരസ്ഥാനങ്ങളിൽ കൂടുതലായി എത്തുന്നു ? നമ്മൾ സാധാരണക്കാർ - അനുയായികൾ / നയിക്കപ്പെടുന്നവർ - എന്തുകൊണ്ട് ഇത്തരം വ്യക്തിത്വങ്ങളെ അധികാരസ്ഥാനങ്ങളിൽ എത്തിക്കുന്നു , അഥവാ നമ്മുടെ ഏതൊരു ദൗർബ്ബല്യത്തെ ചൂഷണം ചെയ്താണിവർ അധികാരികളാവുന്നത് ?
ഈ വിഷയങ്ങളെക്കുറിച്ചുള്ള സാമൂഹ്യമന:ശാസ്ത്രപരമായ ഒരന്വേഷണമാണ് ശ്രമിച്ചിട്ടുള്ളത്.
എല്ലാവരും കാണുക, അഭിപ്രായം പറയുക !

വീഡിയോ ലിങ്ക് ആദ്യ കമന്റിൽ !

Address

Hindolam
Ottapalam
679101

Website

Alerts

Be the first to know and let us send you an email when Viswanathan Cvn posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram