02/02/2025
ആരോഗ്യം ആനന്ദം- അകറ്റാം അര്‍ബുദം. കാന്‍സറുകളെ പ്രതിരോധിക്കുന്നതിനുള്ള സംസ്ഥാന ക്യാമ്പയിന്‍
എന്തുകൊണ്ട് ഇങ്ങനെയൊരു ക്യാമ്പയിന്‍?
മനുഷ്യരെ അവശതകളിലേക്കും, മരണത്തിലേക്കും, വളരെ ഉയര്‍ന്ന ചികിത്സാ ചെലവിലേക്കും അതിലൂടെ ദാരിദ്ര്യത്തിലേക്കുമൊക്കെ തള്ളിവിടുന്ന രോഗങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം കാന്‍സറുകള്‍ക്കാണ്. ജീവിതദൈര്‍ഘ്യം വര്‍ധിക്കുന്നതനുസരിച്ച് പൊതുവില്‍ അര്‍ബുദ സാധ്യതയും വര്‍ധിച്ചുകൊണ്ടിരിക്കും. മാത്രമല്ല രോഗനിര്‍ണയ സംവിധാനങ്ങളുടെ ലഭ്യതയും ക്യാന്‍സറുകളുടെ റിപ്പോര്‍ട്ടിങ് വര്‍ധിപ്പും അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന ചുറ്റുപാടുകള്‍, പാരമ്പര്യഘടകങ്ങള്‍, അണുബാധകള്‍, ശീലങ്ങള്‍, മറ്റ് ജീവിതശൈലി രോഗങ്ങള്‍ എന്നിവയുമുണ്ട്. വികസിത രാജ്യങ്ങളുടെ കാര്യമെടുത്താല്‍ ഇപ്പോള്‍ തന്നെ കാന്‍സര്‍ മരണങ്ങളാണ് മറ്റു കാരണങ്ങള്‍ കൊണ്ടുള്ള മരണങ്ങളേക്കാള്‍ അവിടങ്ങളില്‍ കൂടുതല്‍. വികസ്വര രാജ്യങ്ങളിലും അത് ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ ഇനി ഏതാനും വര്‍ഷങ്ങള്‍ കൂടി മതി എന്നാണ് വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അപകട സാധ്യത ഘടകങ്ങളെ നിയന്ത്രിച്ചുകൊണ്ട് കഴിയുന്നത്ര അര്‍ബുദബാധകള്‍ തന്നെ തടയുക, അഥവാ ഉണ്ടായാല്‍ അവ എത്രയും വേഗം കണ്ടെത്തുക, കണ്ടെത്തിക്കഴിഞ്ഞാല്‍ എത്രയും വേഗം ശാസ്ത്രീയമായ ചികിത്സ നല്‍കുക എന്ന മൂന്ന് ഘട്ടങ്ങളിലൂടെ മാത്രമേ നമുക്ക് ഈ നിശബ്ദ മഹാമാരിയെ പ്രതിരോധിച്ചു നിര്‍ത്താന്‍ കഴിയുകയുള്ളൂ.
ഒട്ടേറെ അര്‍ബുദ ബാധകള്‍ രോഗമാവാതെതന്നെ തടയാന്‍ കഴിയും എന്നതിനാല്‍ അവയുടെ സാധ്യത ഘടകങ്ങളെ പറ്റി ഉച്ചത്തില്‍ സംസാരിച്ചു തുടങ്ങേണ്ട സമയമായി. ആരംഭഘട്ടത്തില്‍ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാവുന്ന രോഗമാണ് എന്നു മാത്രമല്ല ശിഷ്ടകാലം പൂര്‍ണമായ ശാരീരിക മാനസിക സൗഖ്യത്തോടെ കൂടി ജീവിക്കാന്‍ കഴിയുന്ന രോഗം കൂടിയാണ് അര്‍ബുദ ബാധകള്‍. അതിനാല്‍ അവ നേരത്തെ കണ്ടെത്തുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ നാം ഒരുക്കുകയും രോഗസാധ്യതയുള്ള ആളുകളെ ആ സംവിധാനത്തിലേക്ക് എത്തിക്കുകയും വേണം. അര്‍ബുദത്തെ അകറ്റിനിര്‍ത്തി ആരോഗ്യത്തിലൂടെ ആനന്ദകരമായ ജീവിതം എന്ന ലക്ഷ്യമാണ് ക്യാമ്പയിന്‍ മുന്നോട്ട് വയ്ക്കുന്നത്.
ജനസംഖ്യയില്‍ വയോജനങ്ങളുടെ വര്‍ദ്ധിച്ച സാന്നിധ്യം, അര്‍ബുദ ബാധകള്‍ കണ്ടെത്താനുള്ള സംവിധാനങ്ങളുടെ ലഭ്യത തുടങ്ങിയ ഘടകങ്ങള്‍ നമ്മുടെ നാട്ടില്‍ കാന്‍സറുകളുടെ എണ്ണം കൂടുതല്‍ കണ്ടെത്തപ്പെടുന്നതിന് കാരണമായിട്ടുണ്ട്. അര്‍ബുദത്തിലേക്ക് നയിക്കുന്ന ശീലങ്ങള്‍ ആയ വെറ്റില മുറുക്ക്, പുകലയില കലര്‍ന്ന വസ്തുക്കളുടെ ഉപയോഗം, പുകവലി എന്നിവ നമ്മുടെ സംസ്ഥാനത്ത് കുറഞ്ഞു വരികയാണെങ്കിലും ഭക്ഷണത്തിലെ കൊഴുപ്പ് കുറയ്ക്കുക, വ്യായാമം ചെയ്യുക, മദ്യപാനം കുറയ്ക്കുക, പഴങ്ങള്‍ പച്ചക്കറികള്‍ എന്നിവ വളരെ കൂടുതല്‍ കഴിക്കുക, അപകടസാധ്യതകള്‍ തിരിച്ചറിയുക, സ്‌ക്രീനിങ്ങിന് വിധേയരാവുക തുടങ്ങിയ ശീലങ്ങളുടെ കാര്യത്തില്‍ നാം ഇനിയും വളരെ മുന്നോട്ടുപോകേണ്ടിയിരിക്കുന്നു. അര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്ന, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങളുടെ കാര്യത്തിലും നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ത്തന്നെ ജീവിതശൈലീരോഗനിയന്ത്രണ പരിപാടിയിലൂടെ മേല്‍പ്പറഞ്ഞ എല്ലാ കാര്യങ്ങളിലും ഇടപെടുന്നുണ്ട്.
വളരെ ഉയര്‍ന്ന ചെലവാണ് പലപ്പോഴും അര്‍ബുദ ചികിത്സയ്ക്ക് വിഘാതമായി നില്‍ക്കുന്നത്. രോഗം നേരത്തെ കണ്ടെത്തുന്നതിലൂടെ തന്നെ രോഗ ചികിത്സയ്ക്കുള്ള ചെലവ് ഗണ്യമായി കുറയ്ക്കാനാകും. മിക്ക അര്‍ബുദകളും ആദ്യം തന്നെ കണ്ടെത്തിയാല്‍ സാധാരണ ഒരു ശസ്ത്രക്രിയയ്ക്ക് വരുന്ന ചെലവ് മാത്രമേ ചികിത്സക്ക് ആവശ്യമായി വരികയുള്ളു. ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നിലവില്‍ത്തന്നെ നല്‍കിവരുന്ന പരിരക്ഷാ പദ്ധതികിലൂടെ അത് ചെയ്‌തെടുക്കാന്‍ കഴിയും. രോഗപ്രതിരോധത്തിനായി പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനും, അപകടസാധ്യത സ്വയം തിരിച്ചറിയുന്നതിനും, സ്‌ക്രീനിങ്ങിന് സന്നദ്ധരാകുന്നതിനും, അത് നടത്തിയെടുക്കുന്നതിനും, രോഗം കണ്ടെത്തിയാല്‍ ചികില്‍സിക്കുന്നതിനും സര്‍ക്കാറിനോടൊപ്പം സ്വകാര്യ ആശുപത്രികളും, ലാബുകളും, സന്നദ്ധസംഘങ്ങളും, യുവജന പ്രസ്ഥാനങ്ങളുളുമൊക്കെ കൈകോര്‍ക്കുന്നുണ്ട്.
അര്‍ബുദരോഗ പ്രതിരോധത്തിന്റെ ലിംഗനീതിയാണ് നാം ചര്‍ച്ച ചെയ്യേണ്ട മറ്റൊരു വിഷയം. കേരളത്തില്‍ സ്ത്രീകളില്‍ കാണുന്ന അര്‍ബുദബാധകളില്‍ ഒന്നാം സ്ഥാനമാണ് സ്തനാര്‍ബുദത്തിനുള്ളത്. സ്തനാര്‍ബുദത്തിന്റെ നിരക്ക് പരിശോധിച്ചാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഒരു എപ്പിഡമിക് എന്ന് പറയാവുന്ന രീതിയില്‍ അത് കേരളത്തില്‍ വര്‍ധിച്ചിരിക്കുന്നു. ചിലര്‍ക്ക് ബ്രസ്റ്റ് കാന്‍സര്‍ സാധ്യത കൂടുതലാണ്. അവരെ അത് നേരത്തെ അവരെ അറിയിക്കുന്നതിനും ആവശ്യമായ മുന്‍കരുതല്‍ എടുക്കുന്നതിനും ഉള്ള സംവിധാനം രൂപപ്പെടുത്തേണ്ടതുണ്ട്. വളരെ നേരത്തെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ചെറിയ മുഴ മാത്രം നീക്കം ചെയ്തുകൊണ്ട് പൂര്‍ണമായും സുഖപ്പെടുത്താവുന്ന രോഗമാണ് മിക്ക ബ്രസ്റ്റ് കാന്‍സറുകളും. എന്നാല്‍ അവ വളരെ ചെറിയ വലിപ്പമുള്ളപ്പോള്‍ തന്നെ കണ്ടെത്താന്‍ മിക്ക സ്ത്രീകള്‍ക്കും സ്വയം കഴിയാറില്ല. പരിശീലനം സിദ്ധിച്ച മറ്റൊരാളുടെ സഹായം ഉണ്ടെങ്കില്‍ അത് വേഗം സാധ്യമാകും. ഓരോരുത്തരുടെയും അടുത്തുള്ള ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവര്‍ത്തകരെ സര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്. നേരത്തെ തന്നെയുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിന് പുറമെ ബി എസ് സി നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ മിഡില്‍ ലെവല്‍ സേവനദാതാക്കളുമുണ്ട്. സമൂഹത്തില്‍ കടന്നെത്താന്‍ ആശാപ്രവര്‍ത്തകരും അംഗന്‍വാടി ടീച്ചര്‍മാരുമുണ്ട്.
അതുപോലെ നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാവുന്നതും എന്നാല്‍ വൈകിയാല്‍ ജീവന് തന്നെ അപകടം സംഭവിക്കാവുന്നതുമായ മറ്റൊരു പ്രധാന കാന്‍സറാണ് ഗര്‍ഭാശയമുഖ കാന്‍സര്‍ അല്ലെങ്കില്‍ സര്‍വ്യക്കല്‍ കാന്‍സര്‍ എന്നത്. ഗര്‍ഭാശയത്തിന്റെ താഴെ ഭാഗമാണ് സര്‍ക്കിക്‌സ്. രോഗമുള്ളവര്‍ക്ക് അവിടെ ധാരാളമായി കാന്‍സര്‍ കോശങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ആഭാഗത്തുനിന്ന് വേദനയോ ബുദ്ധിമുട്ടോ ഇല്ലാതെ കാന്‍സര്‍ കോശങ്ങളെ സ്വീകരിച്ച് രോഗനിര്‍ണയം നടത്താന്‍ കഴിയും. രോഗിയുടെ സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് സാമ്പിള്‍ ശേഖരിക്കാന്‍ ഒരു സംവിധാനം ഉണ്ടാകണം എന്ന് മാത്രം. പരിശോധനയിലൂടെ സര്‍വിയ്ക്കല്‍ കാന്‍സറുകള്‍ വേഗത്തില്‍ കണ്ടെത്താന്‍ കഴിയും എന്നതും നേരത്തെ കണ്ടെത്താന്‍ കഴിയും എന്നതും ചികിത്സിച്ചു പൂര്‍ണമായും ഭേദമാക്കാന്‍ കഴിയും എന്നതും ഇതിനകം തന്നെ കൃത്യമായി തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. അപകടം സ്വഭാവം വര്‍ദ്ധിക്കുന്ന രീതിയിലേക്ക് രോഗബാധ നീങ്ങിയതിനുശേഷം ആയിരിക്കും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമാവുക. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ പോലും അത് മറ്റുള്ളവരെ അറിയിക്കുന്നതിന് നമ്മുടെ സ്ത്രീകള്‍ക്ക് വ്യക്തിപരവും സാമൂഹ്യമായ പല കടമ്പകളും കടക്കേണ്ടതായി വരുന്നു. അതുകൊണ്ടുതന്നെ അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള ഒരു സമഗ്ര പരിപാടിയുടെ ആദ്യഘട്ടത്തില്‍ സ്ത്രീകളുടെ അര്‍ബുദത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ ആണ് ശ്രമിക്കുന്നത്.
അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യമം, അര്‍ബുദ രോഗങ്ങളുടെ എണ്ണവും അതുണ്ടാക്കുന്ന ആരോഗ്യ സാമൂഹ്യ പ്രത്യാഘാതങ്ങളും നാളെ വളരെ വലുതായിരിക്കും എന്ന് തിരിച്ചറിവില്‍ നിന്നും ഉണ്ടായിട്ടുള്ളതാണ്. ഈ പശ്ചാത്തലത്തില്‍ നമ്മുടെ സംസ്ഥാനത്ത് രൂപപ്പെടുന്ന സംവിധാനങ്ങള്‍ വളരെ വലിയ അളവില്‍ നാളെ നാം നേരിടാന്‍ പോകുന്ന വലിയ ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ നമ്മെ സഹായിക്കും. ബഹുജനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സംഘടനകളുടെയും ഒക്കെ സഹകരണത്തോടും സഹായത്തോടും കൂടി മാത്രമേ സര്‍ക്കാരിന് ഇത്ര ബൃഹത്തായ ഒരു പദ്ധതി നടപ്പിലാക്കാന്‍ കഴിയുകയുള്ളൂ. 'ആരോഗ്യം ആനന്ദം -അകറ്റാം അര്‍ബുദം' എന്നാണ് ഈ ക്യാമ്പയിന് പേര് നല്‍കിയിട്ടുള്ളത്. ഈ ക്യാമ്പയിന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഫെബ്രുവരി നാലാം തീയതി ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അങ്ങോട്ടുള്ള ദിവസങ്ങളില്‍ നമുക്കെല്ലാവര്‍ക്കും ചേര്‍ന്നു കേരളം അഭിമുഖീകരിക്കാന്‍ പോകുന്ന ഒരു വലിയ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് തുടക്കം കുറിക്കാം.