22/05/2026
പരുമല ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'പരുമല ഓങ്കോഇൻസൈറ്റ് 2026 3.0' (PARUMALA ONCOINSIGHT 2026 3.0) മെഡിക്കൽ കോൺഫറൻസ് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം നിർവഹിച്ചു.
പരുമല ആശുപത്രി സി.ഇ.ഒ ഫാ. എം. സി പൗലോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുംബൈ ടാറ്റാ മെമ്മോറിയൽ സെന്ററിലെ റേഡിയോ ഡയഗ്നോസിസ് വിഭാഗം മേധാവിയും അക്കാദമിക് ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ. സുയാഷ് കുൽക്കർണി മുഖ്യപ്രഭാഷണം നടത്തി. കോൺഫറൻസിനോടനുബന്ധിച്ച് പരുമല ആശുപത്രിയിലെ പുതിയ ജെറിയാട്രിക് ഓങ്കോളജി വിഭാഗത്തിന്റെ ഉദ്ഘാടനവും ഡോ. സുയാഷ് കുൽക്കർണി നിർവഹിച്ചു.
പരുമല സെമിനാരി മാനേജർ റവ. ഫാ. എൽദോസ് ഏലിയാസ്,
മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. മാത്യൂസ് ജോസ്, റേഡിയേഷൻ ഓങ്കോളജി വിഭാഗം മേധാവി ഡോ. ആന്റോ ബേബി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
'ജെറിയാട്രിക് ഓങ്കോളജി ആൻഡ് നോൺ-സ്മോൾ സെൽ ലങ് ക്യാൻസർ' (Geriatric Oncology & Non-Small Cell Lung Cancer - NSCLC) എന്ന കാലികപ്രസക്തമായ വിഷയത്തിലായിരുന്നു ഈ വർഷത്തെ കോൺഫറൻസ് ശ്രദ്ധ കേന്ദ്രീകരിച്ചത്. വയോജനങ്ങളിലെ ക്യാൻസർ ചികിത്സയുടെ ഇന്ത്യയിലെ നിലവിലെ അവസ്ഥയും ഭാവിയിലെ സാധ്യതകളും എന്ന വിഷയത്തിൽ വിശദമായ ചർച്ചകൾ നടന്നു.
സമഗ്രമായ ജെറിയാട്രിക് വിലയിരുത്തൽ (Comprehensive Geriatric Assessment - CGA) ക്യാൻസർ രോഗികളുടെ ചികിത്സയിൽ ഉണ്ടാക്കുന്ന ഗുണപരമായ മാറ്റങ്ങളെക്കുറിച്ച് വിദഗ്ധർ ക്ലാസുകൾ നയിച്ചു. തുടർന്ന് ജെറിയാട്രിക്സ് വിഭാഗത്തിൽ നടന്ന കേസ് അധിഷ്ഠിതമായ പാനൽ ചർച്ചയ്ക്ക് ഡോ. വരുൺ രാജൻ, ഡോ. പ്രേം നരസിംഹൻ തുടങ്ങിയ പ്രമുഖർ നേതൃത്വം നൽകി.
ശ്വാസകോശ കാൻസർ (NSCLC) ചികിത്സയിലെ ആധുനിക സങ്കേതങ്ങളായ ഇമ്മ്യൂണോതെറാപ്പി, പ്രിസിഷൻ ഓങ്കോളജി, സമഗ്ര ജീനോമിക് പ്രൊഫൈലിംഗ് എന്നിവയെക്കുറിച്ചുള്ള വിപുലമായ പഠന ക്ലാസുകളും ഉച്ചതിരിഞ്ഞ് കോൺഫറൻസിന്റെ ഭാഗമായി നടന്നു. റേഡിയോളജി, ഇൻ്റർവെൻഷണൽ പൾമണോളജി, സർജിക്കൽ ഓങ്കോളജി എന്നീ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ശ്വാസകോശ കാൻസർ നിർണ്ണയവും (Mediastinal Evaluation) നൂതന ചികിത്സാ രീതികളും വിദഗ്ധർ ചർച്ച ചെയ്തു.
കേരളത്തിനകത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പ്രമുഖ ഓങ്കോളജിസ്റ്റുകൾ, ഫിസിഷ്യന്മാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർ ഈ അക്കാദമിക് സമ്മേളനത്തിൽ പങ്കെടുക്കുകയും ക്യാൻസർ ചികിത്സാ രംഗത്തെ പുതിയ കാൽവെപ്പുകൾ പങ്കുവെക്കുകയും ചെയ്തു.