14/07/2025
പ്രീ-എക്ലാംസിയയും അനസ്തേഷ്യയും: ഗർഭകാലത്തിലെ ആ വെല്ലുവിളി… ഇതിൽ നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
ഈ ചോദ്യങ്ങൾ പലപ്പോഴും ഗർഭിണികളിൽ നിന്നും അല്ലെങ്കിൽ ഗർഭധാരണത്തിന് തയ്യാറെടുക്കുന്നവരിൽ നിന്നും കേൾക്കാറുണ്ട്: “ഡോക്ടർ, എനിക്ക് ഹൈ ബി.പി.യുണ്ട്. പ്രീ-എക്ലാംസിയയാണ്. എന്നെ പോലുള്ളവർക്കെങ്ങനെ അനസ്തേഷ്യ എങ്ങനെ നൽകും?”
ഇത് വളരെ ഗൗരവപൂർണ്ണമായി കാണേണ്ട ഒരു വിഷയമാണ്.
പ്രീ-എക്ലാംസിയയുള്ള ഗർഭിണികൾക്ക് അനസ്തേഷ്യ നൽകുമ്പോൾ, സാധാരണ ഗർഭിണികളേക്കാൾ കൂടുതൽ ശ്രദ്ധയും സൗക്ഷ്മ്യവും അനിവാര്യമാണ്.
പ്രീ-എക്ലാംസിയ ഒരു ഗർഭകാല അവസ്ഥയാണ്, പ്രത്യേകിച്ച് 20 ആഴ്ചയ്ക്കുശേഷം രക്തസമ്മർദ്ദം കൂടുകയും, മൂത്രത്തിൽ പ്രോട്ടീൻ കാണപ്പെടുകയും, തലവേദന, കാഴ്ചയിലെ മാറ്റം, വയറുവേദന, ലിവർ ഫംഗ്ഷൻ തകരാറുകൾ, പ്ലേറ്റ്ലെറ്റ് കുറവ് എന്നിവ ഉണ്ടായേക്കാവുന്നതാണ്. ഗുരുതരമായാൽ അപസ്മാരത്തിലേക്കും (എക്ലാംസിയ), HELLP സിന്ഡ്രോമിലേക്കും നയിച്ചേക്കാം.
അനസ്തേഷ്യ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഘടകങ്ങള്‍ പലതുമുണ്ട് – രക്തസമ്മർദ്ദം നിയന്ത്രിക്കുക, പ്ലേറ്റ്ലെറ്റ് കുറവുള്ളതിനെ അടിസ്ഥാനമാക്കിയുള്ള ബ്ലീഡിംഗ് സാധ്യത കണക്കാക്കുക, അവയവങ്ങളുടെ പ്രവർത്തനം വിലയിരുത്തുക, വായയിലോ ശ്വാസനാളത്തിലോ നീർ അടിഞ്ഞിട്ടുണ്ടെങ്കിൽ ട്യൂബിംഗ് ഇടാൻ ബുദ്ധിമുട്ടാകാനുള്ള സാധ്യത ഉണ്ട് . ജനറൽ അനസ്തേഷ്യ തരുകയാണെങ്കിൽ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കാതിരിക്കാനും നമുക്ക് ശ്രദ്ധിക്കേണ്ടതുണ്ട്.
ഈ സാഹചര്യങ്ങളിൽ പലപ്പോഴും സ്പൈനൽ അല്ലെങ്കിൽ എപ്പിഡ്യൂറൽ അനസ്തേഷ്യയാണ് ഏറ്റവും അനുയോജ്യമായത്, പ്രത്യേകിച്ച് പ്ലേറ്റ്ലെറ്റ് 75,000 µL-നു മുകളിലായാൽ. മരുന്ന് സ്ലോ ആയി നൽകാൻ കഴിയുന്നത് വലിയ ഗുണമാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ ജനറൽ അനസ്തേഷ്യ (മൊത്തം മയക്കം) നൽകാറുള്ളു – ഉദാഹരണത്തിന് അപസ്മാരം, രക്തം കട്ടപിടിക്കുന്നതിൽ തടസ്സം, മറ്റ് life-threatening അവസ്ഥകൾ.
ഞങ്ങൾ ശ്രദ്ധിക്കുന്ന മറ്റു പ്രധാന കാര്യങ്ങളിൽ ലാബെറ്റലോൾ, ഹൈഡ്രാലസിൻ, നിഫെഡിപൈൻ പോലുള്ള മരുന്നുകൾ ഉപയോഗിച്ച് രക്തസമ്മർദ്ദം നിയന്ത്രിക്കൽ, മാഗ്നീഷ്യം സൾഫേറ്റ് അപസ്മാരം തടയാൻ ഉപയോഗിച്ചേക്കാം , ശരിയായ തോതിൽ മാത്രം ഐ.വി ഫ്ലൂയിഡ് നൽകൽ, Arterial line വഴി invasive BP, output നിരീക്ഷണം, പ്രസവശേഷമുള്ള ജാഗ്രതകൾ എന്നിവ ഉൾപ്പെടുന്നു.
എന്റെ അനുഭവത്തിൽ, പ്രീ-എക്ലാംസിയ ഉള്ള ഒരു രോഗിക്ക് സുരക്ഷിതമായ അനസ്തേഷ്യ നൽകുന്നത് ഒരു ടീംവർക്കാണ് – Obstetrician, Anaesthesiologist, Neonatologist എന്നിവരടങ്ങിയ ടീം ചേർന്നാണ് സുരക്ഷിതമായ പ്രസവാനുഭവം നൽകുന്നത്.
അനസ്തേഷ്യ ഒരു മയക്കലല്ല, അതൊരു ജീവൻ രക്ഷിക്കുന്ന ശാസ്ത്രം കൂടിയാണ്.
പ്രീ-എക്ലാംസിയ പോലെയുള്ള അവസ്ഥകളിൽ, അനുഭവസമ്പന്നരായ അനസ്തേഷ്യ ടീമിൻ്റെ പങ്ക് നിർണ്ണായകമാണ്.
നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഈ വിഷയം അറിവായിട്ടുണ്ടാകട്ടെ. സംശയങ്ങളുണ്ടെങ്കിൽ കമന്റായി ചേർക്കൂ, ഞാൻ മറുപടി നൽകാം.
—
Dr. Bipin Mathew MBBS, MD
Consultant Anaesthesiologist
#ആരോഗ്യം #ഗർഭകാലം #അനസ്തേഷ്യ #പ്രസവസുരക്ഷ
fans