06/07/2025
പനി
Q: പനി എന്നാൽ എന്താണ്?
A: നമ്മുടെ ശരീരത്തിൽ രോഗാണു(ക്കൾ) പ്രവേശിക്കുമ്പോൾ, അവയെ പുറന്തള്ളാൻ വേണ്ടി ശരീരം താപനില ഉയർത്തുന്നു. ഈ ഉയരുന്ന താപനില ആണ് നമുക്ക് പനി ആയി അനുഭവപ്പെടുന്നത്.
Q: ശരീരത്തിന്റെ താപനില എത്ര ആവുമ്പോൾ ആണ് പനി ആയി കണക്കാക്കുന്നത്?
A: 36.6-37.2 ഡിഗ്രി സെൽഷ്യസ് (Celsius) അഥവാ 97-99 ഡിഗ്രി ഫറൻഹീറ്റ് (Fahrenheit) ആണ് ശരീരത്തിന്റെ സാധാരണ താപനില. ഇതിലും ഉയരുമ്പോൾ ആണ് പനി ആയി കണക്കാക്കുന്നത്.
Q: പനി അളക്കുന്ന ഉപകരണം ഏതാണ്?
A: തെർമോമീറ്റർ (Thermometer).
Q: എവിടെ പനി അളക്കുന്നതാണ് ഉത്തമം?
A: മലദ്വാരം, വായ, കക്ഷം എന്നിവിടെ ആണ് പണ്ട് തെർമോമീറ്റർ നേരിട്ട് വെച്ച് പനി നോക്കിയിരുന്നത്. ഇപ്പോൾ ശരീരവും ആയി നേരിട്ട് സമ്പർക്കം വേണ്ടാത്ത (no-contact) ഉപകരണങ്ങൾ ഉപയോഗിച്ച് നെറ്റി, ചെവി, കൈത്തണ്ട എന്നിവിടങ്ങളിൽ പനി അളക്കാൻ സാധിക്കും.
Q: സാധാരണ തെർമോമീറ്റർ ആണോ അതോ ഡിജിറ്റൽ ആണോ നല്ലത്?
A: വില അല്പം കൂടുതൽ ആണെങ്കിലും ഉപയോഗിക്കാൻ എളുപ്പവും ഈട് നിൽക്കുന്നതും സൂക്ഷിക്കാനും കൊണ്ടു നടക്കാനും എളുപ്പം ചെറിയ ഡിജിറ്റൽ ഉപകരണം ആണ്. കൂടുതൽ കൃത്യതയും ഇവ നല്കും.
Q: സെൽഷ്യസ് (Celsius) ആണോ ഫാരൻഹീറ്റ് (Fahrenheit) ആണോ പനി അളക്കാൻ നല്ലത്?
A: പൊതുവേ ഫാരൻഹീറ്റ് ആണ് പനി അളക്കാൻ എളുപ്പം. 97-99 വരെ സാധാരണ (normal) താപനില ആയി കണക്കാക്കുന്നു. അത് കൊണ്ട് ഏറ്റക്കുറച്ചിലുകൾ മനസ്സിലാക്കാൻ എളുപ്പം ആണ്.
Q: പനിയെ പേടിക്കണോ?
A: വേണ്ട. കാരണം, പനി അസുഖം അല്ല, രോഗലക്ഷണം മാത്രം ആണ്. അതിന്റെ കാരണം കണ്ടു പിടിച്ച് ചികിത്സ തേടണം.
Q: ചെറിയ കുട്ടികളിൽ പനി എന്ത് കൊണ്ട് ശ്രദ്ധിക്കണം?
A: 6മാസം മുതൽ 6വയസ്സ് വരെ പ്രായം ഉള്ള കുട്ടികളിൽ 10-15% വരെ പനി കൂടിയാൽ അപസ്മാരം വരാൻ ഉള്ള സാധ്യത ഉണ്ട്. അത് കൊണ്ട് ഈ പ്രായത്തിൽ വരുന്ന പനിക്ക് കൂടുതൽ കരുതൽ വേണം.
Q: എല്ലാ പനിക്കും ആന്റിബയോട്ടിക് (antibiotic) എടുക്കണോ?
A: വേണ്ട. ബാക്ടീരിയ (bacteria) അണുബാധ ആണെങ്കിൽ മാത്രമേ ആന്റിബയോട്ടിക് ആവശ്യം ഉള്ളൂ. മറ്റു അണുബാധ ഉള്ളപ്പോൾ ബാക്ടീരിയ കാരണം അനുബന്ധ അണുബാധ ഉണ്ടാവാൻ സാധ്യത ഉണ്ടെങ്കിലും ആന്റിബയോട്ടിക് കൊടുക്കേണ്ടി വന്നേക്കാം.
Q: പനി മാറിയാൽ ആന്റിബയോട്ടിക് (antibiotic) നിർത്താമോ?
A: പാടില്ല. ഓരോ മരുന്നിനും ഒരു ക്രമം (course) & അളവ് (dose) ഉണ്ടാവും. രണ്ടും കൃത്യമായി എടുത്താലെ പൂർണ ഗുണം ഉണ്ടാവുള്ളൂ.