
01/03/2025
പ്രിയപ്പെട്ടവരേ
ഫെബ്രുവരി 23ന് മലയാള മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു വാർത്തയാണ് ഈ കുറിപ്പിനാധാരം. തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലുള്ള തിരുവനന്തപുരം സ്വദേശികളായ അമ്മയും മകനും ചികിത്സാ സഹായം തേടുന്നുവെന്നതായിരുന്നു വാർത്ത. എന്നാൽ ഈ വാർത്തയിൽ പറയുന്ന അമ്മയും മകനും ആർസിസിയിലെ രോഗികളല്ല. ചികിത്സാ സഹായം തേടുന്നതിന് അവർ നൽകിയിരിക്കുന്ന റിപ്പോർട്ടുകളത്രയും വ്യാജമായി ചമച്ചതാണ്. പ്രസ്തുത വാർത്തയിലൂടെ അവർ നിരവധിപേരിൽ നിന്നും പണംകൈപ്പറ്റിയെന്നാണ് അറിയാൻ കഴിഞ്ഞത്. ആശുപത്രിയിലേക്ക് നേരിട്ടും വാർത്തയുടെ നിജസ്ഥിതി അന്വേഷിച്ച് നിരവധി കോളുകളാണ് വരുന്നത്. പ്രമുഖ മാധ്യമ സ്ഥാപനമായിട്ടു കൂടി ഇത്തരമൊരു കാര്യത്തിൽ വേണ്ടത്ര ജാഗ്രത പുലർത്താനായില്ല എന്നത് നിർഭാഗ്യകരമാണ്. യഥാർത്ഥത്തിൽ സഹായമാവശ്യമുള്ളവരോട് പോലും പൊതുജനം മുഖം തിരിക്കാൻ ഇത്തരം പ്രവർത്തികൾ കാരണമാകും. പതിനെട്ട് വയസ്സിൽ താഴെയുള്ളവർക്ക് സംസ്ഥാന സർക്കാരിന്റെ ആരോഗ്യകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ ചികിത്സയാണ് ആർസിസിയിൽ നൽകിവരുന്നത്. ഇത് സംബന്ധിച്ച് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ആർസിസിയിലെ രോഗികളുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ നൽകുന്നതിന് മുൻപ് ആർസിസിയുമായി ബന്ധപ്പെടുകയോ ചികിത്സാ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
(കുറിപ്പിനാധാരമായ വാർത്ത ഒപ്പം ചേർക്കുന്നു)