02/06/2024
ഉടൻ പ്രസിദ്ധീകരിക്കുന്ന അലഞ്ഞു തിരിയാത്ത മനസ്സിന് ഒരു അനുബന്ധത്തിൽ നിന്ന്:
നമ്മുടെ ചുറ്റുപാടുകളിലെ ശബ്ദങ്ങളുമായി ഇടപഴകാൻ നമ്മെ സഹായിക്കുന്ന ഒരു പരിശീലനമാണ് ശബ്ദങ്ങൾ ശ്രദ്ധിക്കുക എന്നത്. നമുക്ക് ചുറ്റുമുള്ള ശബ്ദങ്ങൾ, അവ എന്തുമാകട്ടെ, - മുറിയിലുള്ള ഒരു റഫ്രിജറേറ്ററിന്റെ ശബ്ദം, അടുത്തോ അകളെയോ ഉള്ള പക്ഷികളുടെ ശബ്ദം, അകലെ നിന്നുമുള്ള വാഹനങ്ങളുടെ ശബ്ദങ്ങൾ, അങ്ങനെ എന്തും – മുൻവിധികളില്ലാതെ, കൗതുകത്തോടെ ഇവ ശ്രദ്ധിക്കുന്നത് നമ്മെ മസ്തിഷ്കപരമായി ശ്രദ്ധിക്കുന്ന ഒരു പരിശീലനമാണ്.
അൽപ്പനേരം സ്വസ്ഥമായി ഇരിക്കാനോ കിടക്കാനോ ആയി ഒരിടം കണ്ടെത്തുക. കണ്ണുകൾ അടച്ച് അൽപ്പനേരം ശ്വാസത്തിൽ ശ്രദ്ധിക്കുക. പതുക്കെ, ചുറ്റുപാടിലെ ശബ്ദങ്ങൾ ശ്രദ്ധിക്കാൻ ആരംഭിക്കുക. ആദ്യം അടുത്ത് നിന്നുമുള്ള ശബ്ദങ്ങൾ ശ്രദ്ധിക്കുക. പതുക്കെ ശ്രദ്ധ അകലെ നിന്നുമുള്ള ശബ്ദങ്ങളിലേക്ക് മാറ്റുക. നല്ലതെന്നോ ചീത്തയെന്നോ, ഉച്ചത്തിലുള്ളതെന്നോ മൃദുവായതെന്നോ മുദ്രകുത്താതെ, വെറുതെ ശബ്ദങ്ങളെ നിരീക്ഷിക്കുക. ശബ്ദങ്ങളുടെ മാത്ര, ദൂരം, ദൈർഘ്യം തുടങ്ങിയ സവിശേഷ ഗുണങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ഓരോ ശബ്ദവും കടന്നുവരാനും പോകാനും അനുവദിക്കുക. ഏതെങ്കിലും പ്രത്യേക ശബ്ദത്തെ മുറുകെപ്പിടിക്കുകയോ പ്രതിരോധിക്കുകയോ ചെയ്യാതെ തുറന്ന മനസ്സോടെ അവയെ അംഗീകരിച്ചുകൊണ്ട് ശ്രദ്ധിക്കുക എന്നതാണ് പ്രധാനം.
നമ്മുടെ മനസ്സിന്റെ നിരന്തരമായ സ്വകാര്യസംഭാഷണങ്ങളിൽ നിന്ന് നമ്മുടെ ശ്രദ്ധയെ വർത്തമാനകാല നിമിഷത്തിലേക്ക് കൊണ്ടുവരാൻ ഈ പരിശീലനത്തിന് സഹായിക്കാനാകും. ശബ്ദങ്ങളെക്കുറിച്ചുള്ള നമ്മുടെ അവബോധത്തെ മാനിക്കുന്നതിലൂടെ, നമ്മുടെ ഇന്ദ്രിയാനുഭവങ്ങളുടെ വൈവിദ്ധ്യതയെക്കുറിച്ച് ഒരു ധാരണ വളർത്തിയെടുക്കാനും ഇതിലൂടെ സാധിക്കും. ഈ പരിശീലനം ചെയ്യുമ്പോൾ നാം കണ്ടെത്തുന്ന ചില കാര്യങ്ങൾഉണ്ട്. നാം സാധാരണയായി അവഗണിക്കുകയോ നിസ്സാരമായി കാണുകയോ ചെയ്യുന്ന ശബ്ദങ്ങൾ കൂടുതൽ വ്യക്തവും രസകരവുമായിത്തീരുന്നു. നമ്മുടെ ശ്രദ്ധ എന്തൊക്കെയാണ് വിട്ടുകാളയുന്നത് എന്ന് നമുക്ക് കൂടുതൽ തിരിച്ചറിവ് ലഭിക്കുന്നു. പലതും മറക്കാനും ചിലതൊക്കെ ഓർക്കാനും ശബ്ദം ശക്തിയുള്ള ഒരു മാധ്യമമാണ്.
സമ്മർദ്ദവും ഉത്കണ്ഠയും കൈകാര്യം ചെയ്യുന്നതിനുള്ള ശക്തമായ മാർഗ്ഗമായും ഈ പരിശീലനം നമുക്ക് ഉപയോഗിക്കാം. ഉത്കണ്ഠാജനകമായ ചിന്തകളിലോ തീവ്രമായ വികാരങ്ങളിലോ കുരുങ്ങിപ്പോകുമ്പോൾ, ചുറ്റുമുള്ള ശബ്ദങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിടുന്നത് ആശ്വാസകരമായ ഒരനുഭവമാണ്. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലെ ഈ മാറ്റം ചിന്തകളുടെ അയവിറക്കൽ തടയാൻ സഹായിക്കുകയും മനസ്സിനെ കൂടുതൽ വ്യക്തതയുടെ ഒരവസ്ഥയിലേക്ക് തിരികെ കൊണ്ടുവരുകയും ചെയ്യും.
ദൈനംദിന ജീവിതത്തിൽ ശബ്ദങ്ങളുടെ ശ്രദ്ധ ഉൾപ്പെടുത്തുന്നതിന് നാം കൂടുതൽ സമയം കണ്ടെത്തേണ്ട ആവശ്യമില്ല. ദിവസം മുഴുവനും നാം ഒഴിവാക്കുന്ന ശബ്ദങ്ങൾ മാത്രം മതിയാകും ഈ പരിശീലനത്തിനായി. യാത്ര ചെയ്യുകയോ ജോലി ചെയ്യുകയോ വീട്ടിൽ വിശ്രമിക്കുകയോ എന്തു തന്നെ ചെയ്യുകയാണെങ്കിലും, ചുറ്റുമുള്ള ശബ്ദങ്ങളുമായി പൊരുത്തപ്പെടാൻ കുറച്ച് സമയങ്ങൾ നിങ്ങൾക്ക് കണ്ടെത്താനാകും. ലളിതമായ ഈ പരിശീലനം നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമബോധം വർദ്ധിപ്പിക്കുകയും നിലവിലെ നിമിഷവുമായും നിങ്ങൾക്ക് ചുറ്റുമുള്ള ലോകവുമായും ആഴത്തിലുള്ള ബന്ധം വളർത്തുകയും ചെയ്യും.
അലഞ്ഞു തിരിയാത്ത മനസ്സിന് ഒരനുബന്ധം
ഡോ. എസ്സ്. കൃഷ്ണൻ