07/07/2025
'Sir..Give me an opportunity and I will not disappoint you.. !'
ജൂൺ മാസം 28, 29 തീയതികളിലായി ആംമ്പോക്ക് (Ampok) എന്ന ഞങ്ങളുടെ സംഘടനയുടെ ആഭിമുഖ്യത്തിലാണ് തിരുവനന്തപുരത്ത് കേരള ക്യാൻസർ കോൺക്ലെവ് സംഘടിപ്പിച്ചത്.
ചടങ്ങിനിടയിൽ കോൺക്ലേവ് വളരെ ഭംഗിയായി നടത്താൻ കഴിഞ്ഞതിൽ പ്രൊഫസർ ടി കെ പത്മനാഭൻ സാർ എന്നെ അഭിനന്ദിക്കുകയും, അതിന്റെ വിശേഷങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. അങ്ങനെ പലതും സംസാരിച്ചതിന് ഇടയ്ക്കാണ് ഞാൻ പറഞ്ഞത്.
"Hope I haven't disappointed you"
സാറിന് പെട്ടെന്നത് മനസ്സിലായില്ല. കാരണം സാറത് ഓർക്കാനുള്ള സാധ്യതയില്ലായിരുന്നു. ഏകദേശം 20 വർഷങ്ങൾക്കു മുൻപ് ജീവിതത്തിലും പ്രൊഫഷനിലും വളരെ നിർണായകമായ ഒരു ഘട്ടത്തിൽ അദ്ദേഹമുൾപ്പെടുന്ന സീനിയർ ഡോക്ടർമാരുടെ ഇന്റർവ്യൂ പാനലിനോട് അവസാനം ഞാൻ പറഞ്ഞത് ഇപ്രകാരമായിരുന്നു..
''Sir...Give me an opportunity and I will not disappoint you. !''
പ്രൊഫസർ ടി കെ പത്മനാഭൻ സാർ എനിക്ക് അഭിവന്ദ്യനായ ഗുരുനാഥനാണ്. റേഡിയേഷൻ ഓൺകോളജി വിഭാഗം മേധാവിയാണെങ്കിലും ഒരു മെഡിക്കൽ ഓൺകോളജിസ്റ്റ് ആയ ഞാൻ ഗുരു തുല്യനായി കാണുന്നത് അദ്ദേഹത്തെയാണ്. ഓൺകോളജിയുടെ എല്ലാ ബാലപാഠങ്ങളും എനിക്ക് പകർന്നു തന്നത് പ്രൊ. ടി കെ പത്മനാഭൻ സാറാണ്.
85 വയസ്സോളം പ്രായമുള്ള അദ്ദേഹം പ്രായത്തിന്റെ പരിമിതികൾ മറന്ന് രണ്ട് ദിവസവും കോൺക്ലെവിന്റെ തുടക്കം മുതൽ ഒടുക്കം വരെ നിറസാന്നിധ്യമായി അവിടെ ഉണ്ടായിരുന്നു.
ഇനി കുറച്ച് പുറകിലേക്ക് പോകാം....
ഫെബ്രുവരി മാസം 2006.
ആ സമയത്താണ് ഡി.എൻ.ബി കോഴ്സിന് ജോയിൻ ചെയ്യുവാൻ ഞാൻ അമൃതയിൽ എത്തുന്നത്. അന്ന് ഡി.എൻ.ബിക്ക് ജോയിൻ ചെയ്യുവാൻ എൻട്രൻസ് എക്സാമിനേഷന്റെ ആവശ്യമില്ല. എം.ഡി മെഡിസിൻ കഴിഞ്ഞിട്ട് കോഴ്സുകൾ ഉള്ള സ്ഥലത്ത് റിട്ടൺ ടെസ്റ്റ് ഇന്റർവ്യൂ എന്നിവ കഴിഞ്ഞ് നമുക്ക് ജോയിൻ ചെയ്യാം.
2006 ലാണ് കേരളത്തിൽ ആദ്യമായി ഓങ്കോളജിക്ക് ട്രെയിനിങ് പ്രോഗ്രാം തുടങ്ങുന്നത്. തിരുവനന്തപുരം ആർസിസിയിലും, എറണാകുളം അമൃതയിലും ഓരോ സീറ്റുകൾ വീതം രണ്ട് സീറ്റാണ് അന്ന് ആകെ ഉണ്ടായിരുന്നത്. ആർ.സി.സിയിൽ എന്റെ സുഹൃത്ത് ഡോക്ടർ അബു എബ്രഹാം ജോയിൻ ചെയ്തിരുന്നു.
എം.ഡി മെഡിസിൻ കഴിഞ്ഞെങ്കിലും ഓങ്കോളജിയെ കുറിച്ച് എനിക്കന്ന് വലിയ ഗ്രാഹ്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സീറ്റ് കിട്ടുമെന്ന് യാതൊരു പ്രതീക്ഷയുമില്ല. എംഡി മെഡിസിന്റെ കരിക്കുലത്തിൽ വളരെ കുറച്ചു മാത്രമേ ക്യാൻസറിനെ കുറിച്ച് പഠിക്കുന്നുള്ളൂ. കൂടുതലും കാർഡിയോളജി ന്യൂറോളജി ഗ്യാസ്ട്രോ നെഫ്രോളജി മുതലായ വിഷയങ്ങളെക്കുറിച്ചായിരുന്നു പഠിച്ചുകൊണ്ടിരുന്നത്. ക്യാൻസർ ചികിത്സയും ഇന്നത്തെപ്പോലെ പ്രചാരം സിദ്ധിച്ചിട്ടില്ല.
ഒരു ഓൺകോളജിസ്റ്റ് ആകണമെന്ന ആഗ്രഹത്തിന്റെ പുറത്തായിരുന്നു ഞാനന്ന് ഇന്റർവ്യൂവിന് തയ്യാറെടുക്കുന്നത്. ഭാഗ്യവശാൽ അന്ന് അമൃതയിൽ ഇന്റർവ്യൂവിന് എത്തിയത് ഞാൻ മാത്രമായിരുന്നു. റിട്ടൺ ടെസ്റ്റിൽ എന്റെ പ്രകടനം അത്ര നല്ലതല്ലായിരുന്നു. അതിനുശേഷമാണ് വൈവ ആരംഭിക്കുന്നത്.
പ്രൊഫസർ ഗണേശൻ സാർ, പ്രൊഫസർ പത്മനാഭൻ സാർ, പവിത്രൻ സാർ വിജയകുമാർ സാർ, ദിനേശ് സാർ എന്നിവർക്ക് അഭിമുഖമായി വളരെ ഡീറ്റെയിൽ ആയിട്ടുള്ള വൈവയായിരുന്നു അത്. ഞാനന്ന് വളരെ റിലാക്സ്ഡ് ആയിരുന്നു. അത്ര റിലാക്സ്ഡ് ആയി അതിനു മുൻപ് ഒരു വൈവയോ ഇന്റർവ്യൂവോ ഞാൻ അഭിമുഖീകരിച്ചിട്ടുണ്ടായിരുന്നില്ല.
ഒന്നോ രണ്ടോ ചോദ്യങ്ങൾക്ക് മാത്രമാണ് ഞാൻ ഉത്തരം പറഞ്ഞത്. ഇന്റർവ്യൂവിന് ശേഷം ഗണേശൻ സാർ എന്നോട് ചോദിച്ചു
"Your performance has not been up to the mark. Why do you think we should give you a seat.?"
"Sir.. I know my performance is bad.
But if you give me an opportunity I will not disappoint you.!"
എന്ന് മാത്രമാണ് ഞാനന്ന് മറുപടിയായി പറഞ്ഞത്.
വിവാഹം കഴിഞ്ഞ് വെറും രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഞാൻ ഇന്റർവ്യൂവിന് പങ്കെടുക്കുന്നത്. മാർച്ച് 9 ഓടുകൂടി അമൃതയിൽ ജോയിൻ ചെയ്തു. അന്ന് ജോലി ചെയ്തുകൊണ്ടിരുന്ന കോഴഞ്ചേരിയിൽ നിന്ന് ജോലി റിസൈൻ ചെയ്താണ് അമൃതയിൽ എത്തുന്നത്. അന്ന് തുടങ്ങിയതാണ് എന്റെ ഓൺകോളജി യാത്ര.
അന്ന് ജൂനിയേഴ്സും സീനിയേഴ്സും ആയി ഇന്നത്തെ പോലെ അധികം പേരില്ല. അതുകൊണ്ടുതന്നെ ചുമലിൽ വലിയ ജോലിഭാരമായിരുന്നു. രാവിലെ ഏഴു മണിക്ക് ആശുപത്രിയിൽ വന്നാൽ വൈകിട്ട് 7 മണി വരെ രോഗികൾ, ഡിസ്ചാർജ്, വാർഡ് ജോലികൾ, മറ്റ് പ്രൊസീജിയറുകൾ ഒക്കെയായി വിശ്രമമില്ലാത്ത നാളുകൾ ആയിരുന്നു.
അന്ന് പഠിക്കാനുള്ള സമയം വളരെ പരിമിതമായിരുന്നു. പലപ്പോഴും ഡ്യൂട്ടി ഒക്കെ കഴിഞ്ഞ് തിരിച്ച് വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോൾ കാലിൽ നീര് വന്ന പ്രതീതിയാണ്. തിരിച്ച് കാർ ഓടിക്കുമ്പോൾ പലപ്പോഴും ഷൂസ് പോലും ധരിക്കാൻ കഴിഞ്ഞിരുന്നില്ല. തിയറി പഠനത്തിൽ ഇത്തിരി പുറകിൽ ആയിരുന്നെങ്കിലും വാർഡ് വർക്കിൽ അന്നും ഞാൻ ഒരു കോംപ്രമൈസും ചെയ്തിട്ടില്ല. എനിക്ക് അന്ന് ഒരു സീറ്റ് നൽകിയത് കൊണ്ട് ഗുരുനാഥന്മാർ നിരാശരാകരുതെന്ന് നിർബന്ധമുണ്ടായിരുന്നു.
അതിനുശേഷം ബോംബെയിലെ ടാറ്റാ മെമ്മോറിയൽ ആശുപത്രിയിലെ ഫെലോഷിപ്പും എന്നെ സംബന്ധിച്ചിടത്തോളം കഠിനമായ ഒരു യാത്രയായിരുന്നു. 36 മണിക്കൂർ വരെ ഒരേ സ്‌ട്രെച്ചിൽ ജോലി ചെയ്യേണ്ട സ്ഥിതിവിശേഷം ഉണ്ടായിട്ടുണ്ട്. ഇന്നത്തെപ്പോലെ ട്രെയിനിങ്ങിന് അധികം സ്റ്റുഡൻസ് ഉണ്ടായിരുന്നില്ല. അതിനുശേഷമാണ് 2010 ഇൽ തിരിച്ച് അമൃതയിൽ വന്ന് അസിസ്റ്റന്റ് പ്രൊഫസറായി ജോയിൻ ചെയ്യുകയും പിന്നീട് തിരുവനന്തപുരത്തും കോട്ടയത്തും പ്രാക്ടീസ് ചെയ്യുകയും ചെയ്തത്.
ഇക്കാലമത്രയുമുള്ള പ്രൊഫഷണൽ യാത്രയിൽ എന്റെ ഗുരുനാഥന്മാരെ ഒരിക്കൽപോലും നിരാശപ്പെടുത്തിയിട്ടില്ല എന്നത് എനിക്ക് വളരെ ആത്മവിശ്വാസവും സന്തോഷവും തരുന്ന കാര്യമാണ്. അത് ക്ലിനിക്കൽ പ്രാക്ടീസിലായാലും, ചുമതല ആവശ്യമുള്ള മറ്റ് സംരംഭങ്ങളുടെ ഭാഗമായാലും ഒരു വിട്ടുവീഴ്ചയുമില്ലാതെ പൂർണ്ണമായ ആത്മസമർപ്പണത്തോടെ ചെയ്തുതീർക്കാൻ ശ്രമിച്ചിട്ടുണ്ട് .
2025-ഇൽ കേരള ക്യാൻസർ കോൺക്ലേവിന്റെ ബാക്ഗ്രൗണ്ടിൽ നിന്നുകൊണ്ട് എനിക്ക് ആത്മവിശ്വാസത്തോടെ തന്നെ പറയുവാൻ സാധിക്കും..
I have not disappointed any of my teachers.!
ബോബൻ തോമസ്.