25/10/2025
വിദ്യാര്‍ത്ഥികളിലെ സര്‍ഗ്ഗാത്മകത ഉണരാന്‍ ഭാരതീയ ജ്ഞാന പാരമ്പര്യം പഠിക്കണം- പത്മശ്രീ ഡോ.കിരണ്‍ സേഥ്.
ഋഷിപ്രോക്തമായ ഭാരതീയ ജ്ഞാന പാരമ്പര്യത്തെ അറിയാനും പഠിക്കാനും ശ്രമിച്ചാല്‍ മാത്രമെ വിദ്യാര്‍ത്ഥികളിലെ സര്‍ഗ്ഗാത്മകത ഉണരുകയുളളൂവെന്ന് പത്മശ്രീ ഡോ.കിരണ്‍ സേഥ്. ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ നടന്ന സംവാദ പരമ്പരയില്‍ ബി.എസ്.എം.എസ് വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിര്‍മ്മിതബുദ്ധി മനുഷ്യനെ ഭരിക്കുന്ന ആധുനിക കാലത്ത് കുട്ടികളുടെ മനസ്സ് കുരങ്ങിന്റേതുപോലെയായി മാറി വരികയാണ്. കൗൺസിലർമാരുടെയും സൈക്യാട്രിസ്റ്റുകളുടെയും സമീപിക്കാന്‍ രക്ഷിതാക്കള്‍ നിർബന്ധിതരാകുന്നു. ഇന്നത്തെ വിദ്യാർത്ഥിക്ക് സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ കാരണം തന്റെ പൂർണ്ണമായ സര്‍ഗ്ഗശേഷി പുറത്തുകൊണ്ടുവരാന്‍ കഴിയുന്നില്ല. കലയും സാഹിത്യവും സംസ്കാരവും അറിവും ഇഴചേര്‍ന്ന മനോഹരമായ സാങ്കേതിക വിദ്യയാണ് നമ്മുടെ പൈതൃകത്തിലുളളതെന്നും അതു തിരിച്ചറിയാനും വ്യാപിപ്പിക്കാനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ആര്‍. നീലാവതി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ശാന്തിഗിരി ഫൌണ്ടേഷന്‍ സി.ഇ.ഒ പി.സുദീപ്, സൊസൈറ്റി ഫോര്‍ ദി പ്രമോഷന്‍ ഓഫ് ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക് ആന്‍ഡ് കള്‍ച്ചര്‍ എമങ്ങ് യൂത്ത് ( SPIC-MACAY) സംസ്ഥാന കോര്‍ഡിനേറ്റര്‍മാരായ ഉണ്ണികൃഷ്ണ വാര്യര്‍, ശ്രീകാന്ത് പി കൃഷ്ണന്‍, ബ്രഹ്മപുത്രന്‍, സിദ്ധ മെഡിക്കല്‍ കോളേജ് അക്കാഡമിക് കോര്‍ഡിനേറ്റര്‍ പ്രൊഫ. ഡോ.ജി. മോഹനാംബിഗൈ, സ്റ്റുഡന്‍സ് യൂണിയന്‍ ചെയര്‍മാന്‍ ലോഗേശ്വരന്‍ എന്നിവര്‍ സംസാരിച്ചു.