22/07/2024
In light of the unfortunate death of a patient at Neyyattinkara General Hospital due to anaphylaxis, revisiting my article on this topic that appeared in the April 2017 issue of 'Nammude Arogyam.'
അനാഫൈലാക്സിസ്
“കുത്തിവെപ്പ് എടുത്ത യുവാവ് മരിച്ചു; ആശുപത്രിയില്‍ സംഘര്‍ഷം.
പെൻസിലിൻ കുത്തിവെപ്പ് എടുത്ത യുവാവ് മരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷം അരങ്ങേറി. യുവാവിന് ഹൃദയവാൽവിന് തകരാറുള്ളതിനാല്‍ ഒരോ മാസവും കുത്തിവെപ്പ് നടത്താൻ ഡോക്ടർ നിര്‍ദ്ദേശിച്ചിരുന്നു. നേഴ്‌സ് മരുന്ന് കുത്തിവെച്ചതിനെതുടര്‍ന്ന് അസ്വസ്ഥത ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ആശുപത്രിയിലുണ്ടായിരുന്ന ഡോക്ടര്‍മാർ യുവാവിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിൽ തടിച്ച് കൂടി ബഹളം സൃഷ്ടിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരുവിധ പാകപ്പിഴവും ഉണ്ടായിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. കുത്തിവെപ്പിന് മുമ്പ് ടെസ്റ്റ് ഡോസ് നല്‍കിയിരുന്നതായും പിന്നീട് കുഴപ്പമൊന്നുമില്ലാത്തതിനെ തുടര്‍ന്നാണ് മരുന്ന് കുത്തിവെപ്പ് നടത്തിയതെന്നും ആശുപത്രി അധികൃതരും പറയുന്നു.”
നമ്മൾ പലപ്പോഴെങ്കിലും പത്രങ്ങളിൽ ഇത്തരം വാർത്തകൾ വായിക്കാറുണ്ടല്ലോ. എങ്ങിനെയാണ് കുത്തിവെയ്പ്പിനെത്തുടർന്നു രോഗികൾ അപ്രതീക്ഷിതമായി മരിക്കുന്നത്? അനാഫൈലാക്സിസ് എന്ന രോഗാവസ്ഥയാണ് ഇത്തരം മരണങ്ങളിലെ വില്ലൻ.
എന്താണ് അനാഫൈലാക്സിസ്?
ശരീരത്തിൽ വളരെ പെട്ടന്ന് ഉണ്ടാവുന്ന മാരകമായ ഒരു അലർജി പ്രക്രിയയെയാണ് അനാഫൈലാക്സിസ് (anaphylaxis) എന്ന് പറയുന്നത്. ഗ്രീക്ക് ഭാഷയിലെ ana (= എതിരായി), phylaxis (=പ്രതിരോധം) എന്നീ രണ്ടു വാക്കുകളിൽ നിന്നാണ് അനാഫൈലാക്സിസ് എന്ന വാക്ക് ഉണ്ടായത്. ചില ആളുകൾക്ക് അലർജി ഉള്ള വസ്തുക്കളുമായി സമ്പർക്കമുണ്ടാകുമ്പോൾ, ഉദാഹരണമായി പ്രാണികളുടെ കുത്തേൽക്കുന്നതിനേത്തുടർന്നോ, ഭക്ഷണമോ മരുന്നിനോടോ ഉള്ള സമ്പർക്കതെ തുടർന്നോ ഉണ്ടാവുന്ന ചൊറിച്ചിൽ, ചുവന്നു തടിക്കൽ, പിടലി വീക്കം, കുറഞ്ഞ രക്തസമ്മർദം, അബോധാവസ്ഥ മുതലവയാണ് അനാഫൈലക്സിൻറെ ലക്ഷണങ്ങൾ. ഞൊടിയിടയിൽ രക്തസമ്മർദ്ദം താഴുകയും ശ്വാസക്കുഴലുകൾക്കു ചുരുക്കമുണ്ടാകാനും പെട്ടെന്നു മരണം സംഭവിക്കാനും സാധ്യതയുണ്ട്. ഈ അവസ്ഥ അപകടകരമാണ്. ഉടൻ ചികിത്സ കിട്ടിയില്ലെങ്കിൽ അത് ഗുരുതരമായ സങ്കീർണതകൾക്കു കാരണമാകുന്നു.
അനാഫൈലാക്സിസ് എങ്ങിനെ ഉണ്ടാകുന്നു?
വെളുത്ത രക്താണുക്കളിൽ നിന്നും കോശജ്വലനകാരകങ്ങളായ രാസപദാർഥങ്ങൾ ഉൽപാദിപ്പിക്കപെടുന്നതാണ് അനാഫൈലാക്സിസിനു കാരണം. രണ്ടു രീതികളിലുള്ള അനാഫൈലാക്സിസ് കാണാവുന്നതാണ് :
• ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം കൊണ്ടുള്ള അനാഫൈലാക്സിസ്: ശരീരത്തിലേക്ക് കടന്നു കയറുന്ന ചില തന്മാത്രകളെ (Antigen) അപകടകാരിയാണെന്നു പ്രതിരോധവ്യവസ്ഥ തെറ്റിദ്ധരിക്കുന്നു. ഒരു പ്രത്യേക തന്മാത്ര/പ്രോട്ടീൻ നമ്മുടെ ശരീരത്തിലേക്കു പ്രവേശിക്കുമ്പോൾ രോഗപ്രതിരോധവ്യവസ്ഥ അതിനെ ശരീരത്തിലേക്കു കടന്നുകയറിയ ഒരു ശത്രുവായി കാണുകയും അതിനെ നിർവീര്യമാക്കാൻ ഒരു പ്രത്യേകതരം പ്രതിദ്രവ്യം (Antibody) ഉത്‌പാദിപ്പിക്കുകയും ചെയ്‌തേക്കാം. ഇങ്ങനെ ഉൽപ്പാദിപ്പിക്കപ്പെട്ട IgE പ്രതിദ്രവ്യം ചിലപ്പോൾ രോഗകാരിയായ തന്മാത്രയോട് ചേര്ന്നു ദ്രവ്യ-പ്രതിദ്രവ്യ സങ്കീർണ്ണ തന്മാത്ര (antigen-antibody complex) ഉണ്ടാവുന്നു. ഈ സങ്കീർണ്ണതന്മാത്ര മാസ്റ്റ് കോശത്തിലും ബസോഫിൽ കോശത്തിലും ഉള്ള ഹിസ്റ്റമിൻ പോലുള്ള രാസപദാർഥങളുടെ ഉത്പാദനത്തിന് കാരണമാകുന്നു. ഇവ ശ്വാസനാളത്തിലെ പേശികൾ ചുരുങ്ങുന്നതിനും, ധമനികൾ വികസിക്കുന്നതിനും, ഹൃദയ പേശികളെ തളർത്തുന്നതിനും, രക്തധമനികളിൽനിന്നും ജലം പുറത്തേക്കൊഴുകി വീക്കം വരുന്നതിനും കാരണമാകുന്നു.
• പ്രതിരോധേതര അനാഫൈലാക്സിസ്: മാസ്റ്റ് കോശങ്ങളെയും, ബസോഫിൽ കോശങ്ങളെയും നേരിട്ടു ഉദ്ദീപിച്ച് അവയില്നിന്നുള്ള ഹിസ്റ്റമിൻ പോലുള്ള രാസപദാർഥങളുടെ ഉത്പാദനത്തിന് കാരണമാകുന്നതാണ് പ്രതിരോധേതര അനാഫൈലക്സിസ്നു കാരണം. താപം, മോർഫീൻ, വാൻകോകൊമൈസിൻ എന്നിവ ഇതിന് കാരണമാകുന്നു.
കാരണങ്ങൾ
സൂര്യന് താഴെയുള്ള ഏതൊരു വസ്തുവും, സൂര്യനുൾപ്പെടെ, അനാഫൈലാക്സിസിനു കാരണമാകാം. സാധാരണയായി പ്രാണിവിഷം, ഭക്ഷണം, മരുന്ന് മുതലായവയാണ് അനാഫൈലാക്സിസിനു കാരണങ്ങൾ. വ്യായാമം, താപവ്യതിയാനങ്ങൾ മുതലായവയ്ക്കും അനാഫൈലാക്സിസ് ഉണ്ടാക്കാനുള്ള ശേഷി ഉണ്ട്. മരുന്നുകളിൽ ആൻറിബയോട്ടിക്കുകൾ, ലാറ്റെക്സ്, അനസ്തേഷ്യ മരുന്നുകൾ, ചില വേദനസംഹാരികൾ എന്നിവ അനാഫൈലക്സിസ് ഉണ്ടാക്കാൻ കെല്പുള്ളവയാണ്. 50% രോഗികളിലും അനാഫൈലാക്സിസിനുള്ള കാരണം കണ്ടുപിടിക്കപ്പെടാറില്ല. ഇവയെ ഇഡിയോപതിക് അനാഫൈലക്സിസ് എന്ന് വിളിക്കുന്നു. നിങ്ങളുടെ അനാഫൈലാക്സിസ് എന്താണുണ്ടാക്കുന്നതു എന്ന് ഉറപ്പില്ല എങ്കിൽ, നിങ്ങളുടെ ഡോക്ടർ അതിനു കാരണമാകുന്ന അലെർജനുകളെ കണ്ടുപിടിക്കാൻ ഒരു അലർജി പരിശോധന നടത്താം.
ഭക്ഷണം:- ഒരു രോഗി പറയുന്നത് ശ്രദ്ധിക്കൂ. “ഞാൻ കഴിച്ചുകൊണ്ടിരുന്ന ആഹാരം താഴെ വെച്ചു. എനിക്കു വല്ലാത്ത അസ്വസ്ഥത തോന്നിത്തുടങ്ങി. വായുടെ അകത്ത് ചൊറിച്ചിൽ അനുഭവപ്പെട്ടു, നാവിനു നീരു വെച്ചു. എനിക്കു തല കറങ്ങുന്നതുപോലെ തോന്നി, ശ്വാസം എടുക്കാൻ ഞാൻ പാടുപെട്ടു. കൈയിലും കഴുത്തിലും ഒക്കെ ചൊറിഞ്ഞുതടിക്കാനും തുടങ്ങി. സംഭ്രമം അടക്കാൻ ഞാൻ ശ്രമിച്ചു. പക്ഷേ എനിക്ക് എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തണമായിരുന്നു!” ഭക്ഷണം മൂലം അനാഫൈലാക്സിസ് ഉണ്ടാകുന്നതിന്റെ കൃത്യമായ വിവരണമാണിത്.
മിക്ക ആളുകൾക്കും ഭക്ഷണം കഴിക്കുന്നതു സന്തോഷകരമായ ഒരു അനുഭവമാണ്. പക്ഷേ ചിലർക്കൊക്കെ ചില ഭക്ഷണസാധനങ്ങളെ “ശത്രുക്കളെപ്പോലെ” കാണേണ്ടിവരുന്നു. ഏതെങ്കിലും പ്രത്യേക ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന അലർജി, ആ ഭക്ഷണത്തിലെ ഏതോ ഒരു പ്രോട്ടീനോടുള്ള പ്രതികരണമാണ്. ആ പ്രോട്ടീൻ അപകടകാരിയാണെന്നു പ്രതിരോധവ്യവസ്ഥ വെറുതെ തെറ്റിദ്ധരിക്കുന്നത് മൂലമാണീ ഭക്ഷണ അലർജി ഉണ്ടാകുന്നത്.
ഭക്ഷണ അലർജിയുണ്ടെങ്കിൽ ചൊറിച്ചിൽ, ചുവന്നുതടിക്കൽ, തൊണ്ടയിലെയും കണ്ണിലെയും നാവിലെയും വീക്കം, മനംപിരട്ടൽ, ഛർദി, വയറിളക്കം എന്നിവയുണ്ടായേക്കാം. ചില സാഹചര്യങ്ങളിൽ രക്തസമ്മർദത്തിലെ കുറവ്, മന്ദത, തലകറക്കം, ഹൃദയസ്‌തംഭനം എന്നിവപോലുമുണ്ടായേക്കാം. അനാഫൈലാക്‌സിസ് എന്ന സ്ഥിതിവിശേഷം പെട്ടെന്നു വഷളാകുകയും ഒരു വ്യക്തിയെ മരണത്തിൽ കൊണ്ടെത്തിക്കുകയും ചെയ്‌തേക്കാം.
സാധാരണയായി, ഏതു ഭക്ഷണവും അലർജിയുണ്ടാക്കാനുള്ള സാധ്യതയുണ്ട്. എങ്കിലും ഗുരുതരമായ ഭക്ഷണ അലർജിക്കു പ്രധാനമായും കാരണമാകുന്ന ചില ഭക്ഷണപദാർഥങ്ങൾ ഇവയാണ്: ഞണ്ട്, കൊഞ്ച്, ചെമ്മീൻ തുടങ്ങിയവയുടെ വർഗത്തിൽപ്പെട്ടവ, പാൽ, മുട്ട, മീൻ, നിലക്കടല, സോയാബീൻ, ചില കായ്‌കൾ (tree nuts), ഗോതമ്പ്. ഒരാൾക്ക് ഏതു പ്രായത്തിലും അലർജി തുടങ്ങാം. പാരമ്പര്യത്തിന് ഇതിൽ വലിയൊരു പങ്കുണ്ടെന്നു പഠനങ്ങൾ തെളിയിക്കുന്നു. മാതാപിതാക്കളിൽ രണ്ടു പേർക്കോ ഒരാൾക്കോ അലർജിയുണ്ടെങ്കിൽ കുട്ടിക്കും അതു വരാനുള്ള സാധ്യത കൂടുതലാണ്. കുട്ടികൾ വളരുമ്പോൾ ചിലപ്പോഴൊക്കെ അവരെ അലർജി വിട്ടുമാറാറുമുണ്ട്.
പ്രാണിവിഷം:- കടന്നലിന്റെയോ, തേനീച്ചയുടെയോ വണ്ടുകളുടേയോ കുത്ത് സംവേദനീയമായ ആളുകളിൽ അനാഫൈലാക്സിസ്നു ഒരു പ്രധാന കാരണമാണ്. കുത്തിയ സ്ഥലത്ത് ഉണ്ടാവുന്ന വീക്കമല്ലാതെ മറ്റെന്തു ശാരീരികസ്വസ്ഥതയും രോഗിക്ക് അനാഫൈലാക്സിസ്നോടുള്ള സംവേദനീയത സൂചിപ്പിക്കുന്നു. പ്രാണികുത്ത് സാധാരണയായി കുത്തേറ്റ ഭാഗത്തു വീക്കവും, ചുവപ്പുനിറവും, വേദനയും ഉണ്ടാക്കാം. അനാഫൈലാക്സിസ്നു സാധ്യതയുള്ള രോഗികളിൽ പക്ഷെ കുറച്ചുകൂടി കഠിനമായ രോഗലക്ഷണങ്ങൾ ഉണ്ടാകാം. ശരീരം മുഴുവനും വ്യാപിക്കുന്ന ചുവപ്പും നീരും മുതൽ ശ്വാസംമുട്ടലും ബോധക്ഷയവും ഉണ്ടാകാം. ഇത് തീർത്തും വളരെ ഗുരുതരമായ അവസ്ഥയാണ്. ഉടൻ ചികിത്സ കിട്ടിയില്ലെങ്കിൽ മരണം വരെ സംഭവിക്കാം.
മരുന്നുകൾ:- ഏതൊരു മരുന്നും അനാഫൈലാക്സിസ്നുള്ള കാരണമാകാം. ബീറ്റാലാക്ടാം ആൻറിബയോടിക്കുകൾ (പെനിസിലിൻ), ആസ്പിരിൻ, വേദനസംഹാരി മരുന്നുകൾ എന്നിവയാണ് സാധാരണ അനാഫൈലാക്സിസ്കാരികൾ ആയ മരുന്നുകൾ. വേദനാസംഹരികളോടുള്ള അലർജി നിശ്ചിതമാണ്. അതായത് ഒരു മരുന്നിനോടു അലർജി ഉള്ളയാൾക്ക് അതേ വർഗത്തിലെ മറ്റൊരു മരുന്ന് സ്വീകാര്യമായിരിക്കും. കീമോതെറാപ്പി, പ്രതിരോധ മരുന്നുകൾ, പ്രൊറ്റമിൻ, ആയുർവേദ മരുന്നുകൾ, വാൻകൊമൈസിൻ, മോർഫിൻ, കോണ്ട്രാസ്റ്റ് മരുന്നുകൾ മുതലായവയാണ് മറ്റുചില ഉദാഹരണങ്ങൾ.
പെൻസിലിൻ അലർജിയാണ് ഏറ്റവും സാധാരണയായി കണ്ടുവരാറുള്ള മരുന്ന് അലർജി. അഞ്ച് ശതമാനം രോഗികൾക്ക് പെൻസിലിന് അലർജി ഉണ്ടാകാം. ശരീരത്തു ചുവന്ന പാടുകൾ, നീർവീക്കം, പനി ഇവ സാധാരണ പെൻസിലിൻ അലർജിയുടെ ലക്ഷണങ്ങളാണ്. പതിനായിരം തവണ കൊടുക്കുമ്പോൾ ഒരു തവണ വീതം പെനിസിലിൻ മരുന്നുകൾ കാരണം അനാഫൈലാക്സിസ് ഉണ്ടാവുമെങ്കിലും അതിനാൽ ഉണ്ടാവുന്ന മരണം അൻപതിനായിരത്തിലോ ഒരു ലക്ഷത്തിലോ ഒന്ന് മാത്രമാണ്. പെൻസിലിൻ കുത്തിവെപ്പെടുക്കുമ്പോഴാണ് ഏറ്റവും സാധാരണയായി അനാഫൈലാക്സിസ് ഉണ്ടാകുന്നത്. പെൻസിലിൻ ഗുളികകളോ സിറപ്പുകളോ കഴിക്കുമ്പോൾ ഇത് വിരളമാണ്. പെനിസിലിനോടു അലർജി ഉള്ള ആളുകൾക്ക് സെഫാലോസ്പോറിൻ വർഗ മരുന്നുകളോട് അനാഫൈലക്സിസ് ഉണ്ടാവാൻ നേരിയ സാധ്യത ഉണ്ട്. വേദനഹാരികളും ആസ്പിരിനും വളരെ അപൂർവമായേ അനാഫൈലക്സിസ് ഉണ്ടാക്കുകയുള്ളൂ.
പെൻസിലിൻ അലർജിയുണ്ടോ എന്ന് പരിശോധിക്കുന്നത് വളരെ നേർപ്പിച്ച പെൻസിലിന്റെ ഒരു ചെറിയ ഡോസ് (ടെസ്റ്റ് ഡോസ്) ത്വക്കിനടിയിൽ ഒരു ചെറിയ സൂചി കൊണ്ട് കുത്തിവെച്ചിട്ടാണ്. കുത്തിവെയ്‌പ്പെടുത്ത ഭാഗം ചുവന്നു തടിച്ചു പൊങ്ങി വരികയാണെങ്കിൽ പെൻസിലിൻ അലർജി ഉണ്ടന്ന് അനുമാനിക്കാം. ടെസ്റ്റ് ഡോസിന് പ്രതികരണം ഒന്നും ഇല്ലെങ്കിൽ തന്നെയും ചിലപ്പോൾ മുഴുവൻ ഡോസ് കൊടുക്കുമ്പോൾ അനാഫൈലാക്സിസ് വരാം.
പൊതുവായ രോഗലക്ഷണങ്ങൾ
രോഗകാരികളായ വസ്തുക്കളുമായി സമ്പർക്കം വന്നതിനു മിനിട്ടുകളോ മണിക്കൂറുകളോ ശേഷം രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നതാണ്. ഈ കാലയളവ് കുത്തിവെപ്പെടുത്തതിനുശേഷമുള്ള പ്രതിപ്രവർത്തനമാണെങ്കിൽ 30 മിനിറ്റും ഉള്ളിൽ കഴിച്ചതോ ശ്വസിച്ചതോ ആണെങ്കിൽ 2 മണിക്കൂറും ആകാവുന്നതാണ്. രോഗലക്ഷണങ്ങൾ ചർമസംബന്ധിയായോ, ശ്വാസകോശസംബന്ധിയായോ, കുടൽസംബന്ധിയായോ, ഹൃദയസംബന്ധിയായോ ആകാം.
• ചർമലക്ഷണങ്ങൾ: ദേഹമാസകലം ഉള്ള ചൊറിച്ചിൽ, ചുവന്നു തടിക്കൽ, ചർമത്തിലേക്കുള്ള രക്തയോട്ടം കൂടി ചുവക്കുക, ചുണ്ട് തടിച്ചു വീർക്കുക, ദേഹം നീറൽ, നാവു തടിച്ചു വീർക്കൽ മുതലായവയാണ് സാധാരണയായി കണ്ടുവരുന്ന ചർമ്മലക്ഷണങ്ങൾ. മൂക്കൊലിപ്പും ചെങ്കണ്ണും ഇതിനോടനുംബന്ധിച്ചു ചിലരിൽ കാണാറുണ്ട്.
• ശ്വാസകോശലക്ഷണങ്ങൾ: ശ്വാസതടസ്സവും വലിവും ആണ് മുഖ്യലക്ഷണങ്ങൾ. ശ്വാസനാളത്തിലെ പേശികൾ ചുരുങ്ങുന്നതിനാലും തൊണ്ടവീക്കം മൂലവുമാണ് ശ്വാസതടസ്സം ഉണ്ടാവുന്നത്.
• ഹൃദയലക്ഷണങ്ങൾ: ഹൃദയത്തിലെ ചില കോശങ്ങൾ ഹിസ്റ്റമിൻ എന്ന രാസപദാർത്ഥം ഉത്പാദിപ്പിച്ചു അതുമൂലം ഹൃദയധമനികൾ ചുരുങ്ങുന്നതാണ് അനാഫൈലക്സിസ് കാരണമുള്ള ഹൃദയലക്ഷണങ്ങൾക്ക് ഉള്ള കാരണം. ഇത് മൂലം ഹൃദയാഘാതം, ഹൃദയതാളത്തിലുള്ള വ്യതിയാനങ്ങൾ, കുറഞ്ഞ രക്തസമ്മർദം മുതലായ ലക്ഷണങ്ങൾ കാണാവുന്നതാണ്.
• മറ്റു ലക്ഷണങ്ങൾ: വയറു വേദന, വയറിളക്കം. ഛർദ്ദി മുതലായ കുടൽസംബന്ധിയായ ലക്ഷണങ്ങൾ, മതിഭ്രമം, തലവേദന, ഉത്കണ്ഠ, ബോധക്ഷയം എന്നിവയാണ് മറ്റു ലക്ഷണങ്ങൾ.
അനാഫൈലക്ടിക് ഷോക്ക്: (Anaphylactic Shock) രക്തധമനീവികസനത്തോടുകൂടിയ അനാഫൈലക്സിസിൽ വളരെ പെട്ടന്ന് രക്തസമ്മർദ്ദം ഗുരുതരമായ നിലയിലേക്ക് താഴ്ന്നു പോകും. ഇത്തരത്തിലുള്ള അനാഫൈലക്സിസ്നെയാണ് അനാഫൈലക്ടിക് ഷോക്ക് എന്ന് വിളിക്കുന്നത്. ബൈഫേസിക് അനാഫൈലക്സിസ്: (Biphasic anaphylaxis) രോഗകാരിയായ വസ്തുവുമായി സമ്പർക്കം വരാതെതന്നെ 72 മണിക്കൂറുകൾക്കുള്ളിൽ രോഗലക്ഷണങ്ങൾ ആവർത്തിക്കുന്നതിനെയാണ് ബൈഫേസിക് അനാഫൈലക്സിസ് എന്ന് വിളിക്കുന്നത്.
രോഗനിർണ്ണയം
രോഗലക്ഷണാധിഷ്ഠിതമാണ് അനാഫൈലക്സിസ്ൻറെ രോഗനിർണ്ണയം. മേൽ വിവരിച്ച ലക്ഷണങ്ങളിൽ ഇതെങ്കിലും ഒരു ലക്ഷണം രോഗകാരിയായ വസ്തുവുമായി സമ്പർക്കത്തിനു മിനിറ്റുകളോ മണിക്കൂറുകളോ ശേഷം ഉണ്ടാവുകയാണെങ്കിൽ അനാഫൈലക്സിസ് ആകാൻ സാധ്യതയുണ്ട്.
രോഗപ്രക്രിയക്കിടയിൽ രക്തത്തിലുള്ള ട്രിപ്പ്‌റ്റെസ്(triptase)ന്റെയോ, ഹിസ്റ്റമിന്റെയൊ അളവ് രോഗനിർണ്ണയത്തെ സഹായിക്കും. എന്നാൽ ഇത് രോഗനിർണ്ണയത്തിന് വ്യാപകമായി ഉപയൊഗിക്കാറില്ല.
ചികിത്സ
അനാഫൈലാക്സിസ് ഒരു വൈദ്യശാസ്‌ത്ര അത്യാഹിതം (Medical emergency) ആണ്. ഉടനടി ചികിത്സ ചെയ്‌താൽ ഒരു ജീവൻ രക്ഷിക്കാം. അനാഫൈലാക്സിസ് ആയി വരുന്ന ഒരു രോഗിക്ക് ശ്വാസനാള നിയന്ത്രണം, ഓക്സിജൻ നൽകൽ, ധമനികളിലൂടെയുള്ള ലവണദാനം തുടങ്ങിയ പുനരുജ്ജീവന പ്രക്രീയകൾ വേണ്ടി വന്നേക്കാം. അനാഫൈലാക്സിസ് പ്രക്രിയ നിയന്ത്രിക്കുവാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം അഡ്രിനലിൻ (Adrenalin/Epinephrine) എന്ന മരുന്ന് ഉടനെ കുത്തിവെയ്ക്കുക എന്നതാണ്. ഹൃദയത്തിന്റെ പ്രവർത്തനത്തെ പുനരുജ്ജീവിപ്പിക്കാനും, അലർജിയുടെ കാഠിന്യം കുറയ്ക്കാനും അഡ്രിനലിൻ സഹായിക്കും. സ്റ്റിറോയിഡ്, ആന്റിഹിസ്റ്റമിൻ മുതലായ മരുന്നുകളാണ് അനാഫിലക്സിസ്ൻറെ ചികിത്സക്കുള്ള മറ്റു പ്രധാന മരുന്നുകൾ. വളരെ കാഠിന്യമുള്ള തൊണ്ടവീക്കമുണ്ടെങ്കിൽ ചിലപ്പോൾ തൊണ്ട കിഴിച്ചുള്ള ചികിത്സയോ വെന്റിലേറ്ററിന്റെ സഹായമോ ആവശ്യമായി വരാം. ബൈഫസിക് അനഫിലാക്സിസ്ൻറെ സാധ്യത ഉള്ളതിനാൽ രോഗിയെ 2-24 മണിക്കൂർ എങ്കിലും നിരീക്ഷണത്തിൽ വക്കേണ്ടതുണ്ട്.
മരുന്ന് മൂലമുള്ള അലർജി എങ്ങിനെ തടയാം.
• അലർജിയുണ്ടാക്കുന്ന മരുന്നുകള്‍ മാത്രമല്ല, അതേ വിഭാഗത്തില്‍പെട്ട മറ്റു മരുന്നുകളും അലർജിയുണ്ടാക്കാന്‍ സാധ്യതയുള്ളതിനാൽ അവ ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കുക.
• രോഗിയുടെ ഏറ്റവും അടുത്ത രക്‌തബന്ധത്തിൽ പെട്ടവര്ക്കും ഇതേ മരുന്നുകൾക്ക് അലർജിയുണ്ടാവാന്‍ സാധ്യതയേറെയാണ്.
• ഡോക്‌ടറുടെ നിര്ദേശമില്ലാതെ കൗണ്ടറുകളിൽ നിന്നു വാങ്ങുന്ന മരുന്നുകൾ കഴിവതും ഒഴിവാക്കുക.
• ത്വക്ക് രോഗത്തിനും നേത്രരോഗത്തിനും ഉപയോഗിക്കുന്ന ക്രീമുകളും തുള്ളിമരുന്നുകളും മറ്റും അലർജിയുണ്ടാക്കാമെന്ന കാര്യം മറക്കരുത്.
• പുതുതായി മാര്ക്കറ്റിലിറങ്ങിയ മരുന്നുകള്‍ വളരെ സൂക്ഷിക്കുക.
• മരുന്നുപയോഗിച്ച ശേഷം ഏതെങ്കിലും വിധത്തിലുള്ള പ്രതികൂല പ്രതികരണങ്ങള്‍-ശരീരത്തില്‍ ചൊറിച്ചിലോ തടിപ്പുകളോ മറ്റോ ഉണ്ടായാൽ നിസാരമായി കരുതാതെ മരുന്നുകള്‍ നിര്ത്തുകയും ഡോക്‌ടറെ കാണുകയും ചെയ്യുക.
• ഇംഗ്ലീഷ് മരുന്നുകൾക്കേ ദോഷഫലങ്ങളുണ്ടാവുകയുള്ളൂ, പച്ചമരുന്നുകളും മറ്റും അപകടരഹിതമാണ് എന്ന ധാരണ തീർത്തും ശരിയല്ല.
• ഏതെങ്കിലും അസുഖത്തിനു ഡോക്‌ടറെ കാണുമ്പോൾ മറ്റു മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവയുടെ വിവരങ്ങൾ നല്‍കുക.
• ഏതു മരുന്നിനും പ്രതികൂല പ്രതികരണമുണ്ടാകാം. എങ്കിലും ആസ്‌പിരിന്‍, വേദനസംഹാരികള്‍, സൾഫാ ചേര്ന്ന മരുന്നുകൾ, പെൻസിലിൻ എന്നിവയാണു ദോഷഫലങ്ങള്‍ ഉണ്ടാക്കുന്ന മരുന്നുകളിൽ പ്രധാനപ്പെട്ടവ. പെൻസിലിൻ കുത്തിവെപ്പെടുക്കുമ്പോൾ എടുത്തെന്നു ഉറപ്പു വരുത്തുക. ശരീരത്തില്‍ ചൊറിച്ചിലോ തടിപ്പുകളോ ശ്വാസംമുട്ടലോ അനുഭവപ്പെട്ടാല്‍ മരുന്നുകൾ നിര്ത്തി വച്ച് എത്രയും വേഗം ഡോക്‌ടറെ ബന്ധപ്പെടുക.
• ഡോക്‌ടറുടെ നിർദ്ദേശമില്ലാതെ മരുന്നുകൾ കഴിക്കരുത്.
• ഗുരുതരമായ അലർജി ഉണ്ടാകുന്നവർ ഒരു അടിയന്തിരസാഹചര്യത്തിൽ സ്വന്തം ശരീരത്തിൽ കുത്തിവയ്‌ക്കാൻ പാകത്തിൽ അഡ്രിനാലിൻ (എപ്പിനെഫ്രിൻ) കൈയിൽ കരുതാൻ വിദഗ്‌ധർ ശുപാർശ ചെയ്യുന്നു. അഡ്രിനാലിൻ നിറച്ച സിറിഞ്ചുകൾ എപിപെൻ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.
• അലർജിയുള്ള ആളുകൾ മറ്റുള്ളവർക്കു കാണാൻ കഴിയുന്ന വിധത്തിൽ അവരുടെ അലർജിയെക്കുറിച്ചുള്ള വിശദാംശങ്ങൾ കൈയിൽ കൊണ്ടു നടക്കുന്നതോ ശരീരത്തിൽ അണിയുന്നതോ നല്ലതായിരിക്കുമെന്നു ചില ആരോഗ്യവിദഗ്‌ധർ അഭിപ്രായപ്പെടുന്നു. കുട്ടികളെ സംബന്ധിച്ചിടത്തോളം ഇത് അവരുടെ അധ്യാപകർക്കോ അവരെ പരിപാലിക്കുന്നവർക്കോ ഒരു മുന്നറിയിപ്പായിരിക്കും.