03/07/2025
How to reduce your cancer risk - Lifestyle and prevention strategies.
ഡയബറ്റിസ്, അമിത രക്തസമ്മർദ്ദം ഹൃദ്രോഗം എന്നീ അസുഖങ്ങളെപ്പോലെ ക്യാൻസറും ഇന്നൊരു ജീവിതശൈലി രോഗമായി കണക്കാക്കപ്പെട്ടിരിക്കുന്നു.
പുകവലി, മദ്യപാനം, മുറുക്ക് പോലുള്ള ലഹരികളും, റെഡ് മീറ്റ്, പ്രോസസ്ഡ് ഫുഡ്( ടിൻ ഫുഡ്സ്) എന്നിങ്ങനെയുള്ള ഭക്ഷണ ശീലങ്ങളും അർബുദം വരാനുള്ള സാധ്യത കൂട്ടുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.
ലഹരിപദാർത്ഥങ്ങളിൽ നിന്നും, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളിൽ നിന്നും മാറി നിൽക്കുന്നത് വഴി ഒരു പരിധി വരെ നമുക്ക് ക്യാൻസറിനെ അകറ്റിനിർത്താം.
പുകയില ഉപയോഗം ശ്വാസകോശ അർബുദത്തിനും, അമിതവണ്ണം, ശാരീരിക നിഷ്ക്രിയത്വം, അധിക കൊഴുപ്പ് എന്നിവ സ്തനം വൻകുടൽ ഗർഭാശയം എന്നിവയെ ബാധിക്കുന്ന അർബുദങ്ങൾക്കും കാരണമാകുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ടുബാക്കോയിൽ എഴുപതോളം കാർസിനോജനിക് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട് എന്നാണ് കണക്കുകൾ. ഇത് വായ, അന്നനാളം, ആമാശയം പാൻക്രിയാസ്, വൃക്കകൾ, മൂത്രസഞ്ചി എന്നിവയെ ബാധിക്കുന്ന അർബുദങ്ങൾക്ക് കാരണമാകുന്നു. പുകയില ഉപയോഗം പോലെ തന്നെ അപകടകാരിയാണ് വെറ്റില മുറുക്ക് അല്ലെങ്കിൽ പാൻമസാല ഉപയോഗം. ഇതിൽ ഉപയോഗിക്കുന്ന അടക്ക വായിലെ അർബുദത്തിന് കാരണമാകുന്നു.
പുകവലിക്കുന്നതിന് പകരം പുകയില വായ്ക്കുള്ളിൽ വയ്ക്കുന്ന രീതി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമാണ്. ഇത് ഖൈനി(khaini), ഗുഡ്ക(gudka), തമ്പാക്ക്(tambaku), സർദ (zarda) എന്നീ പേരുകളിൽ അറിയപ്പെടുന്നു. പൊതുവായി സ്മോക് ലെസ്സ് ടുബാക്കോ വിഭാഗത്തിലാണ് ഇതെല്ലാം വരുന്നത്.
മദ്യപാനം പ്രധാനമായി കരളിനെ ബാധിക്കുന്ന (ഹെപ്പറ്റോ സെല്ലുലർ കാർസിനോമ) ക്യാൻസറിനും, അന്നനാളം, ആമാശയം, പാൻക്രിയാസ്, സ്തനങ്ങൾ എന്നീ അവയവങ്ങളെ ബാധിക്കുന്ന ക്യാൻസറിനും കാരണമാകുന്നു.
അമിതവണ്ണം ഇൻസുലിൻ പ്രതിരോധത്തിലേക്കും (Insulin resistance) പിന്നീട് മെറ്റബോളിക് സിൻഡ്രം എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. അമിതവണ്ണം ഉള്ളവരിൽ ഗർഭാശയം, സ്തനങ്ങൾ, പാൻക്രിയാസ്, വൻകുടൽ എന്നിവയിലെ ക്യാൻസറുകൾ കൂടുതലായി കാണപ്പെടുന്നു.
അമിതമായി റെഡ്മീറ്റ്( ബീഫ്, മട്ടൻ, പോർക്ക്) കഴിക്കുന്നവരിൽ പ്രത്യേകിച്ച് ചെറുപ്പക്കാരിൽ പോലും വൻകുടൽ, മലാശയ ക്യാൻസറുകൾക്കുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പ്രോസസ്സ്ഡ് ഫുഡ് (Sausage, Hot dog, Bacon, Ham) വൻകുടലിലെ ക്യാൻസറിന് കാരണമാകുന്നു.
ചെറുപ്പക്കാരുടെ പ്രിയഭക്ഷണമായ ഗ്രിൽഡ് ചിക്കൻ, അല്ഫാം എന്നിവ നേരിട്ട് കനലിൽ വേവിച്ചെടുക്കുമ്പോൾ അതിലെ കൊഴുപ്പ് ഉരുകുകയും അതിൽ നിന്നും ഉണ്ടാകുന്ന പുക ഇറച്ചിയിൽ പറ്റിപ്പിടിക്കുകയും ചെയ്യുന്നു. ഇത് PAH ( Polycyclic aromatic hydrocarbons) എന്ന ക്യാൻസറിന് കാരണമാകുന്ന കാർസിനോജനിക് ഘടകങ്ങൾ ഉണ്ടാക്കുകയും ദീർഘകാലമുള്ള ഉപയോഗം മൂലം വൻകുടൽ ക്യാൻസറിന് കാരണമാവുകയും ചെയ്യുന്നു.
ഇത്തരം അർബുദ സാധ്യതകൾ ഇല്ലാതാക്കാൻ നമുക്ക് ജീവിതശൈലിയിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്ന് പരിശോധിക്കാം.
പ്രധാനമായി നാരുകൾ അടങ്ങിയ ഭക്ഷണങ്ങളും, പഴങ്ങളും പച്ചക്കറികളും ശീലമാക്കുക. അരിയാഹാരങ്ങൾ ഉൾപ്പെടെ കാർബോഹൈഡ്രെറ്റ് അടങ്ങിയ ഭക്ഷണങ്ങൾ മിതമായ തോതിൽ കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. ദിവസം അരമണിക്കൂർ എങ്കിലും വ്യായാമത്തിനായി മാറ്റിവയ്ക്കുക. അതിലൂടെ അമിതവണ്ണം ഒഴിവാക്കാനും, ഡയബറ്റിക്സ്, അമിത രക്തസമ്മർദ്ദം, ഹൃദ്രോഗം, ക്യാൻസർ എന്നിവ ഒരു പരിധിവരെ അകറ്റിനിർത്താനും നമുക്ക് കഴിയും. പുകവലി മദ്യപാനം മുറുക്ക് എന്നിവ പൂർണമായും ഒഴിവാക്കുക. മാംസാഹാരങ്ങൾ കഴിവതും കറിയായി വേവിച്ച് മിതമായി ഉപയോഗിക്കാം.