20/03/2024
Shara AS writes..
സ്പെഷൽ എഡ്യുക്കേറ്റർമാർ സർവ്വ വിജ്ഞാന കോശമൊ ?
അതോ കുറ്റവാളികളൊ ?
കഴിഞ്ഞ 20 വർഷങ്ങളായി സ്പെഷ്യൽ എഡ്യുക്കേറ്റർ എന്ന നിലയിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഇൻ്റർപ്രട്ടർ സേവനം കൊടുക്കുന്ന വ്യക്തി എന്ന നിലയിലുള്ള അഭിപ്രായം / വിഷമം / . ഉത്കണ്ഠ / ഫ്രസ്ട്രേഷൻ ഒന്നു കുറിക്കട്ടെ .
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ( mentally challenged, multiple disability, ) പരീക്ഷാ ദിനങ്ങൾ ഞങ്ങൾക്ക് ഭീതിജനകമാണ്. ഒരു ദിവസം 4 വിഷയങ്ങൾ വരെ ഒരേ സമയം കൈകാര്യം ചെയ്യേണ്ടിവരുന്നു. ചോദ്യങ്ങൾ വ്യാഖ്യാനിച്ച് നൽകുക മാത്രമാണ് വ്യാഖ്യാതാവിൻ്റെ പണി. താഴ്ന്നക്ലാസ്സിലെ സ്ക്രൈബ് കുട്ടികൾ ഭിന്നശേഷിക്കാർ പറയുന്ന ഉത്തരം കേട്ടെഴുതണം. അതിദയനീയമായ അവസ്ഥയാണിത് . മോഡറേറ്റ് / സിവിയർ വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്കെന്തറിയാം? ഇവിടെയാണ് വ്യാഖ്യാതാവ് എന്ന പേരിലുള്ളവർ ക്രൂശിക്കപ്പെടുന്നത്? ഭിന്ന ശേഷി കുട്ടികൾ തങ്ങളുടെ സ്കൂളിലെ കുട്ടികളല്ലാത്ത പോലുള്ള സ്കൂൾ മേലധികാരികൾ, ഇവരെ എന്തിനിങ്ങനെ ജയിപ്പിക്കുന്നു എന്ന ചോദ്യങ്ങളുമായി ചില ഇൻവിജിലേറ്റേഴ്സ് . പുറത്ത് കാത്ത് നിന്ന് "എൻ്റെ കുട്ടി ജയിക്കുമൊ ടീച്ചർ " എന്നു ചോദിക്കുന്ന രക്ഷിതാക്കൾ . അവരുടെ കുട്ടികളും മറ്റുള്ളവരെ പ്പോലെ പരീക്ഷ എഴുതി ജയിക്കണമെന്നുള്ള മോഹം. ഒരു ഇൻക്ലൂസീവ് സമൂഹത്തിൽ അവരെ മാറ്റിനിർത്താൻ കഴിയില്ലല്ലോ. .എന്തിനാ ഇവരെ പരീക്ഷ എഴുതിക്കുന്നതെന്ന് ചോദിക്കാൻ ഒരു സ്പെഷ്യൽ എഡ്യുക്കേറ്റേഴ്സിനും കഴിയില്ല . കാരണം അവരെ ഏറ്റവും അടുത്തറിയുന്ന ഒരു അധ്യാപക സമൂഹമാണിത് . കുട്ടികളെ സഹായിച്ചതിന് കോമ്പൗണ്ടിന് പുറത്താക്കിയതും ശകാരം കേട്ടതും കാര്യ-കാരണം എഴുതി നല്കേണ്ടി വന്നതും അപമാനിക്കപ്പെട്ടതും സ്പെഷൽ എഡ്യുക്കേറ്റർമാർ. BLI സർട്ടിഫിക്കറ്റുകൾ കുന്നു കൂടിയതിനെപ്പറ്റ ആർക്കും ചിന്തയില്ല. ഭിന്നശേഷിക്കാരെ സഹായിക്കാൻ പാടില്ല എന്ന് കർശനം പറയുന്ന ചില ഡെപ്യൂട്ടി ചീഫുകളും, ചില ഇൻവിജിലേറ്റർമാരും ഒരു വശത്തും ശയ്യാവലംബിയായാലും എൻ്റെ കുട്ടിയെ സഹായിക്കണെ എന്നപേക്ഷിക്കുന്ന രക്ഷിതാക്കൾ മറുവശത്തും.......... സ്പെഷ്യൽ എഡ്യുക്കേറ്റർമാർ എന്നും മുൾമുനയിൽ ? ഇതിനൊരു പരിഹാരം ഉണ്ടായേ മതിയാകൂ. പരീക്ഷയിലൊ മൂല്യ നിർണ്ണയത്തിലൊ ആവശ്യമായ കരുതലോടു കൂടിയ മാറ്റം അനിവാര്യമാണ്. അല്ലാതെ സ്പെഷ്യൽ എജ്യൂക്കേറ്റർമാരെ നേരെ മാത്രം കൈ ചൂണ്ടപ്പെടുന്നതിനുള്ള കാരണം ?
ഒന്നു പറഞ്ഞോട്ടെ എല്ലാ യോഗ്യതയും ഉള്ള അധ്യാപകർ തന്നെയാണ് സ്പെഷ്യൽ എഡ്യുക്കേറ്റർമാർ.
തരംതാഴുന്നതിന് ഒരു പരിധിയുണ്ട് എന്നു കൂടി പറഞ്ഞോട്ടെ.