12/09/2025
📖കാന്തമലചരിതം 3 - യുദ്ധകാണ്ഡം
✍🏻വിഷ്ണു എം.സി
പല ഭാഗങ്ങളായി എഴുതുന്ന അല്ലെങ്കിൽ രചിക്കുന്ന ഒരു നോവലോ അല്ലെങ്കിൽ സിനിമയോ പോലെയുള്ള കലാസൃഷ്ടികളുടെ വിഷയത്തിൽ നേരിടേണ്ടി വരുന്ന വലിയൊരു വെല്ലുവിളിയാണ് ആദ്യഭാഗങ്ങൾക്കൊപ്പമോ അല്ലെങ്കിൽ ആദ്യഭാഗങ്ങളെക്കാളോ തുടർഭാഗങ്ങൾ മികച്ചതാക്കുക എന്നത്. കാന്തമല സീരീസിലെ മൂന്നാമത്തേതും അവസാനത്തേതുമായ പുസ്തകമായ യുദ്ധകാണ്ഡത്തിലേക്ക് വരുമ്പോൾ അങ്ങനെയൊരു വെല്ലുവിളി എഴുത്തുകാരൻ അനായാസേന മറികടന്നു എന്ന് തന്നെ പറയാം. ആദ്യഭാഗം കാന്തമലയുടെ നിഗൂഢ ലോകത്തേക്കുള്ള ഒരു പടിവാതിൽ ആയിരുന്നെങ്കിൽ രണ്ടാം ഭാഗം ആദ്യത്തേതും അവസാനത്തേതും ഭാഗങ്ങൾക്കിടയിലുള്ള ഒരു പാലം പോലെ ആയിരുന്നു എനിക്ക് അനുഭവപ്പെട്ടത്. അവസാനഭാഗത്തിലേക്ക് വന്നാൽ, എല്ലാത്തിനും ഒരു മികച്ച conclusion സൃഷ്ടിക്കുന്നതിൽ പലരും പരാജയപ്പെടുന്നിടത്ത് കാന്തമലയുടെ രചയിതാവ് വിജയിച്ചിട്ടുണ്ട്. ആദ്യഭാഗം മുതൽ വായനക്കാരിൽ വിത്തുപാകിയ ആകാംക്ഷ അടുത്ത രണ്ട് ഭാഗങ്ങളിലും കഥാവസാനം വരെയും നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. പല കാലഘട്ടങ്ങളിലൂടെയും പല ദേശങ്ങളിലൂടെയും പല ആളുകളിലൂടെയും പറഞ്ഞ് പോകുന്ന കഥക്ക് വിശദമായ detailing തന്നെ മൂന്നാം ഭാഗത്തിൽ കൊടുത്തിട്ടുണ്ട്.
ആദ്യഭാഗങ്ങളുടെ വായനാക്കുറിപ്പുകളിൽ കഥാതന്തു സൂചിപ്പിച്ചിട്ടുള്ളത് കൊണ്ട് അത് വീണ്ടും ഇവിടെ ആവർത്തിച്ച് എഴുതി വലിച്ച് നീട്ടുന്നില്ല. ഹോളിവുഡ് സിനിമകളിൽ മാത്രം കണ്ട് വന്നിട്ടുള്ള ടൈം ട്രാവൽ പോലെയുള്ള ആശയങ്ങൾ ഈ നോവലിൽ സന്നിവേശിപ്പിച്ചപ്പോൾ ഒരു സിനിമാറ്റിക് വായനാനുഭവം തന്നെ വായനക്കാർക്ക് ലഭിക്കുന്നുണ്ട്. സിനിമാമേഖലയിൽ കണ്ട് വരുന്ന ഒരു പ്രവണതയാണ് പല സിനിമകളെ ഒന്നിച്ച് ചേർത്ത് കൊണ്ട് സിനിമാറ്റിക് യൂണിവേഴ്സ് രൂപപ്പെടുത്തുക എന്നത്. ഈ ആശയത്തിന് എന്നും ജനങ്ങൾക്കിടയിൽ സ്വീകാര്യത ലഭിച്ചിട്ടുമുണ്ട്. അത്തരത്തിൽ ഒരു ആശയം "Era Universe" എന്ന പേരിൽ ഈ നോവലുമായി ബന്ധപ്പെടുത്തിക്കൊണ്ട് രൂപപ്പെടുത്തിയത് സാഹിത്യമേഖലയിൽ ഒരു പുതുമയുള്ള ചുവടുവെയ്പായി തോന്നി. അതുകൊണ്ട് തന്നെ ഈ യൂണിവേഴ്സിൽ ഇനി ഇറങ്ങാൻ ഇരിക്കുന്ന നോവലുകൾ വായിക്കാനുള്ള ആകാംക്ഷ ഏറുകയും ചെയ്തു.
©Dr.Jeevan KY