30/04/2021
ഓക്‌സിജന് പകരം ഹോമിയോപ്പതിക് മരുന്നോ?
കോവിഡ് ഒന്നാം തരംഗത്തില്‍ ഇമ്മ്യൂണ്‍ ബൂസ്റ്ററുമായി നിറഞ്ഞു നിന്ന ഹോമിയോപ്പതി, ഇപ്പോൾ ഒരു വനിതാ ഡോക്ടറുടെ അഭിപ്രായപ്രകടനത്തിലൂടെ വീണ്ടും വാര്‍ത്തയില്‍ ഇടംപിടിക്കുന്നു. കഴിഞ്ഞ ദിവസം ഒരു മലയാളപത്രത്തിലാണ് ഇത്തരത്തിൽ ഒരു റിപ്പോര്‍ട്ട് വന്നത്. ഓക്‌സിജന്‍ ഒന്നേയുള്ളൂ, ഹോമിയോപ്പതിയില്‍ മരുന്നുണ്ട് ഇത്തരത്തിലായിരുന്നു തലക്കെട്ട്. പലരും ഇതിലെ സത്യാവസ്ഥ അറിയാനായി വിളിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശങ്ങളയയ്ക്കുകയും ചെയ്തു. വാർത്ത വായിച്ച പലരും ഗ്രഹിച്ചത് ഹോമിയോപ്പതിക് മരുന്ന് ശരീരത്തിൽ ഓക്സിൻ ഉൽപ്പാദിപ്പിയ്ക്കുമെന്നാണ്. ശരിക്കും ഓക്‌സിജന്‍ കുറയുന്നതിന് ഹോമിയോപ്പതിയില്‍ പരിഹാരമുണ്ടോ?
ശരീരകലകളിലെ കോശങ്ങള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതെ വരുന്ന അവസ്ഥയാണ് അനോക്‌സിയ. കലകള്‍ക്ക് ഓക്‌സിജന്‍ നിഷേധിക്കുമ്പോള്‍, അവയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നു. അനോക്‌സിയ നീണ്ടുനിന്നാല്‍ അത് കലകളുടെ നാശത്തിനും മരണത്തിന് തന്നെയും ഇടയാക്കിയേക്കാം.
കോശ-ഉപാപചയത്തിന് ഓക്‌സിജന്‍ ആവശ്യമാണ്. കോശങ്ങള്‍ക്ക് ഓക്‌സിജന്‍ എത്തിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിനാണ്. ശ്വാസകോശങ്ങളിലെ അറകളായ അൽവിയോളയിൽ ശ്വസനത്തിലൂടെ എത്തുന്ന വായുവിലെ ഓക്സിജൻ, രക്തലോമികകളുടെ ലോലമായ ഭിത്തിയിലൂടെ രക്തത്തിലെ ഹീമോഗ്ലോബിനുമായി സംയോജിക്കുകയാണ് ചെയ്യുന്നത് ' ഹീമോഗ്ലോബിനുമായി സംയോജിക്കുന്ന ഓക്‌സിജന്റെ അളവ് ആശ്രയിച്ചിരിക്കുന്നത് ശ്വസനവായുവിലെ ഓക്‌സിജന്‍ മര്‍ദ്ദം, വായുകോശഭിത്തികളുടെ ആരോഗ്യം, ഹീമോഗ്ലോബിന്റെ സാന്ദ്രത എന്നിവയെ ആണ്.
കോവിഡ് രോഗികളില്‍ ശ്വാസകോശങ്ങള്‍ക്ക് ഓക്‌സിജനെ കടത്തിവിടാനുള്ള കഴിവ് നഷ്ടപ്പെടുന്നു. ശ്വാസകോശത്തിന് അണുബാധ, കോവിഡ് വൈറല്‍ ന്യൂമോണിയ എന്നിവയൊക്കെയാണ് വില്ലനാവുന്നത്. ശ്വാസകോശ അറകളിലെ ഓക്സിജൻ പെർമിയബിലിറ്റി തടയുന്ന കഫം അടിയൽ, നീര് വീഴ്ച എന്നിവ കാരണമാണ് ഓക്സീ ഹീമോഗ്ലോബിൻ കുറവ് വരുന്നത്.
രോഗത്തിന്റെ നിജസ്ഥിതി മനസ്സിലാക്കി, പരിഹരിച്ചാല്‍ മാത്രമേ രക്തത്തിലേക്ക് ഓക്‌സിജന് കൂടുതലായി കടന്നു ചെല്ലാൻ കഴിയൂ. ശ്വാസകോശത്തിലേക്ക് കൂടുതല്‍ ആനുപാതികമർദ്ദത്തിൽ ഓക്‌സിജന്‍ നല്‍കുന്നത് വഴി രക്തത്തില്‍ ഓക്‌സിജന്റ അളവ് പരിധി വിടാതെ കാക്കാനും, രോഗി കൂടുതല്‍ അപകടാവസ്ഥയിലേക്ക് പോവുന്നത് തടയാനുമാവും.. അടിസ്ഥാനപരമായി രോഗിയുടെ ശ്വാസകോശത്തിലെ അണുബാധയും കഫക്കെട്ടും മാറാതെ വെന്റിലേറ്ററിലാണെങ്കിൽപ്പോലും രക്തത്തിലെ ഓക്‌സിജന്‍ അളവ് വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ല. രോഗത്തെയും രോഗലക്ഷണങ്ങള്‍ക്കും അനുസരിച്ച് കൃത്യമായി ചികിത്സിച്ചാല്‍ മാത്രമേ രക്തത്തിലെ ഓക്‌സിജന്റെ അളവ് അനുക്രമമായി കൂട്ടാന്‍ സാധിക്കൂ. അല്ലാതെ ഓക്‌സിജന് പകരമായി ഒരു ദിവ്യ ഔഷധമോ, അത് കഴിച്ചാല്‍ രോഗിക്കുണ്ടാവുന്ന ഓക്‌സിജന്‍ കുറവ് പരിഹരിക്കപ്പെടുകയോ ഇല്ല. എന്നാല്‍, ശരിയായ ചികിത്സയും കൃത്യമായ മരുന്നുമാണെങ്കില്‍ ശ്വാസകോശത്തിലുള്ള രോഗാണുവിനെയും അതുണ്ടാക്കുന്ന ന്യുമോണിയ അടക്കമുള്ള രോഗാവസ്ഥയെയും ഇല്ലാതാക്കി, രോഗി ഓക്‌സിജന്‍ കുറയുന്ന അവസ്ഥയിലേക്ക് എത്താതിരിക്കാനും, അത്തരം പ്രയാസങ്ങളുള്ളവര്‍ക്ക് ലക്ഷണങ്ങള്‍ അനുസരിച്ച് കൃത്യമായി ഹോമിയോ മരുന്ന് നല്‍കുന്നത് ഓക്‌സിജന്റെ സഹായമില്ലാതെ രോഗിയ്ക്ക് സുഖം പ്രാപിക്കാനും കഴിയും.
ചുരുക്കത്തില്‍ ഹോമിയോപ്പതിയില്‍ രക്തത്തിന്റെ ഓക്‌സിജന്‍ ആഗീരണ ശേഷി, വാഹകശേഷി എന്നിവ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഔഷധങ്ങള്‍ ലഭ്യമാണ് എന്നതാണ് വസ്തുത. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ അനാവശ്യ വിവാദങ്ങളല്ല, മറിച്ച് വിവിധ വൈദ്യശാസ്ത്ര ശാഖകളുടെ സാദ്ധ്യകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ചികിത്സയ്ക്കും വേണ്ടി ഉപയുക്തമാക്കുകയാണ് വേണ്ടത്.
രോഗത്തെ നേരിടാൻ രോഗിയെ പ്രാപ്തമാക്കുകയാണ് ഹോമിയോപ്പതിക് മരുന്നുകൾ ചെയ്യുന്നത്. ആയതിനാൽത്തന്നെ
ഒരു രോഗത്തിന് ഒരു മരുന്ന് എന്ന രീതിയുമായി ആരും സോഷ്യൽ മീഡിയ സന്ദേശങ്ങൾ കേട്ട് ഹോമിയോപ്പതിക് ഡോക്ടറുടെ നിർദ്ദേശമില്ലാതെ സ്വയം ചികിൽസയ്ക്ക് ഇറങ്ങിത്തിരിയ്ക്കരുത്.
[ഇന്നത്തെ [30' O4.'21]
കലാകൗമുദി പത്രത്തിലെ
എഡിറ്റോറിയൽ പിക്ക്.]