23/02/2022
ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് എന്ന പേരിലറിയപ്പെടുന്ന അസുഖങ്ങൾ നമ്മുടെ തന്നെ ശരീരത്തിലെ പ്രതിരോധത്തിൻറെ ചുമതലയുള്ള കോശങ്ങൾ , മറ്റു അസുഖങ്ങൾ ഉണ്ടാക്കുന്ന വൈറസ് ,ബാക്ടീരിയ എന്നിവയെ ആക്രമിക്കുന്നത് പോലെ നമ്മുടെ തന്നെ ശരീരത്തിലെ മറ്റു കോശങ്ങളെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന അസുഖങ്ങൾ ആണ് .നമ്മളിൽ പലർക്കും തൈറോയ്ഡ് ഗ്രന്ഥിയിലെ അസുഖങ്ങൾ വ്യാപകമാണ് എന്ന് അറിയാം .ഇന്ന് നമ്മുടെ നാട്ടിൽ കൂടുതൽ ആയി കണ്ടു വരുന്നത് ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡിറ്റിസ് എന്ന ഒരു അസുഖമാണ് .ഇതിൽ ശരീരത്തിലെ കോശങ്ങൾ തന്നെ തൈറോയ്ഡ് ഗ്രന്ഥിയിലെ ചില കോശങ്ങളെ ആക്രമിച്ചു അവയുടെ പ്രവർത്തനത്തെ കുറക്കുന്നു , അല്ലെങ്കിൽ പ്രവർത്തിക്കുന്ന കോശങ്ങളെ നശിപ്പിക്കുന്നു . ഇതിന്റെ ഫലമായി തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ ശരീരത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു . ഒരു പാട് സ്ത്രീകൾക്ക് ഈ ഒരു അസുഖം സാധാരണയായി കണ്ടു വരുന്നുണ്ട് .
ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങൾ ഏകദേശം 80 എണ്ണം ഉണ്ട് .സാധാരണയായി കണ്ടുവരുന്നവ ആണ് Addison’s disease, autoimmune hemolytic anemia, Autoimmune Thrombocytopenia Purpura, Celiac disease,
Dermatomyositis, Graves’ disease, Hashimoto’s thyroiditis, idiopathic myocarditis,
Idiopathic pulmonary fibrosis, Insulin-dependent diabetes mellitus,
Irritable Bowel Disease, Multiple Sclerosis, Myasthenia Gravis,
Pernicious anemia, Psoriasis, Rheumatoid Arthritis, Scleroderma, Sjogren disease,
Systemic Lupus Erythematosus, Vitiligo, and Wegener’s granulomatosis.
നമ്മൾ ഇതിന്റെ bodily mechanism അഥവാ ശാരീരികമായ കാരണങ്ങളെക്കാൾ മാനസികമായ , വൈകാരികമായ കാരണങ്ങളെക്കുറിച്ചു ആണ് സംവദിക്കുവാൻ ഉദ്ദേശിക്കുന്നത് .മുഖ്യ ധാര മെഡിക്കൽ രീതികളിൽ നിന്നും കുറച്ചു മാറി ചിന്തിച്ചു നോക്കാം നമ്മൾക്ക്.
ഓട്ടോഇമ്മ്യൂൺ രോഗങ്ങളുടെ പ്രധാന കാരണങ്ങൾ genetic , environmental ,Gut /Digestion system functioning errors,Hormonal response ,Immune response എന്നിങ്ങനെ ഏകദേശം നമ്മൾക്ക് വേർതിരിക്കുവാൻ സാധിക്കും . ജനിതകമായ കാരണങ്ങൾ പലപ്പോഴും നമ്മൾക്ക് മാറ്റുവാൻ ആകില്ല .എന്നാൽ ഈ ജനിതകമായ കാരണങ്ങൾ ഒരു രോഗാവസ്ഥയിലേക്കു എത്തുന്നതിനു കാരണം പലപ്പോഴും പരിസ്ഥിതി അഥവാ ഒരു വ്യക്തിയുടെ സാമൂഹ്യ വ്യവസ്ഥയെ അല്ലെങ്കിൽ അവസ്ഥയെ ആശ്രയിച്ചിരിക്കുന്നു . ഇവ നമ്മൾക്ക് സ്വാധീനിക്കുവാൻ പറ്റുന്ന ഒന്നാണ് . അതോടൊപ്പം പ്രധാനമാണ് ഒരു വ്യക്തിയുടെ വികാര വിചാരങ്ങളും ചിന്തകളും . ഈ വികാര വിചാരങ്ങളും ചിന്തകളുമാണ് ഒരാളുടെ ദഹനത്തെയും ഹോർമോൺ വ്യവസ്ഥയെയും പ്രതിരോധ ശേഷി വ്യസ്ഥയെയും സ്വാധീനിക്കുന്നത് .ഇതെല്ലം നമ്മുടെ ബ്രയിനിലൂടെയും നാഡീവ്യവസ്ഥയിലൂടെയും സ്വാധീനിക്കുമ്പോഴാണ് ജനിതകമായി ഒരു predisposition അഥവാ രോഗാവസ്ഥ വരുവാൻ സാധ്യത ഉള്ള ആൾക്ക് രോഗലക്ഷണങ്ങളും അവയവങ്ങളിൽ ഉള്ള ദോഷകരമായ മാറ്റങ്ങളും വരുന്നത് .
കാനഡയിലെ ഡോക്ടറായ ഗാബോർ മാതെ ഇതിനെപ്പറ്റി എഴുതിയിട്ടുള്ളതിൽ , ഇത്തരം അസുഖങ്ങൾ വരുന്നവരിൽ ഉള്ള ചില സ്വഭാവ വിശേഷങ്ങൾ പറയുന്നുണ്ട്.
ഇവരിൽ പലരും ദുർഘട സാഹചര്യങ്ങളിൽ പോലും വികാരങ്ങൾ പ്രകടിപ്പിക്കില്ലന്നോ പരാതിപെടില്ലന്ന തീരുമാനിച്ചുറച്ച വ്യക്തികളാണ് . In short , persons exhibiting an extreme degree of stoicism . അതോടൊപ്പം മിതഭാഷികളും സഹായം അത്യാവശ്യമായ ഘട്ടങ്ങളിൽ പോലും എല്ലാം സ്വയം പരിഹരിക്കുവാൻ ശ്രമിക്കുന്നു . ഇവരിൽ പലരും നിശബ്ദമായി , ഒരു പരാതിയും ആരോടും പറയാതെ , സ്വന്തം വിഷമങ്ങൾ ആരോടും പറയാതെ നിശബ്ദമായി വേദനകൾ സഹിക്കുന്നവരാണ് ." എനിക്ക് എല്ലാം സഹിക്കുവാനുള്ള ശക്തി ഉണ്ട് , ഞാൻ എല്ലാം സഹിക്കേണ്ട ആളാണ് " എന്ന ചിന്താഗതി ഇവരിൽ രൂഢമൂലമാണ് , ആ ചിന്ത വളരെ ശക്തമാണ് .പലപ്പോഴും വേദന കുറയ്കുവാനുള്ള മരുന്നുകൾ കഴിക്കുന്നതിലും ഇവർ വളരെ വിമുഖത പ്രകടിപ്പിക്കുന്നു .
ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ , പ്രത്യേകിച്ച് തൈറോയ്ഡ് സംബന്ധിയായ പല അസുഖങ്ങളും നമ്മുടെ നാട്ടിൽ സ്ത്രീകളുടെ ഇടയിൽ വളരെ കൂടുതലാണ് .മുകളിൽ പറഞ്ഞ പല ഗുണങ്ങളും നമ്മുടെ നാട്ടിലെ സ്ത്രീകളിൽ , അമ്മമാരിൽ കാണാൻ കഴിയും . ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങൾ അതിൽ പലതും , മിക്കവാറും 80% രോഗികളും സ്ത്രീകളാണ് എന്നാണ് അമേരിക്കയിൽ നിന്നുള്ള ഒരു പഠനം കാണിക്കുന്നത് .
എന്തുകൊണ്ടാണ് സ്ത്രീകളിൽ ഇത് കൂടുതലായി കാണപ്പെടുന്നത് ?
അതിനു മുൻപ് ഒരു ചോദ്യം - എത്ര സ്ത്രീകൾക്ക് , എത്ര പെൺകുട്ടികൾക്ക് , എത്ര അമ്മമാർക്ക് അവരുടെ ദേഷ്യവും നീരസവും പരസ്യമായി അവരുടെ തന്നെ കുടുംബങ്ങളിൽ പ്രകടിപ്പിക്കുവാൻ സാധിക്കുന്നുണ്ട് ?
പലപ്പോഴും അമ്മമാർക്കും പെണ്മക്കൾക്കും ഭാര്യമാർക്കും അവരുടെ ദേഷ്യം , നീരസം, ഈർഷ്യ എന്നിവ കടിച്ചമർത്തേണ്ടി വരുന്നു . അവരുടെ ദേഷ്യവും ഈർഷ്യയും കടിച്ചമർത്തി ജീവിക്കേണ്ടി വരുന്നു , കാരണം അത് പ്രകടിപ്പിച്ചാൽ അവർ സ്വന്തമായി /സ്വന്തമെന്ന് കരുതുന്നവർ അവരെ തിരസ്കരിച്ചാലോ എന്ന ഭയം കാരണം ഇതെല്ലം ഉള്ളിലേക്കമർത്തുന്നു , സ്വയം കുറ്റപ്പെടുത്തുന്നു , "ഇതെല്ലാം ഞാൻ അനുഭവിക്കേണ്ട ആളാണ് " , "ഇതെല്ലാം എന്റെ കുറ്റമാണ് " എന്ന് അവർ സ്വയം ഏറ്റെടുക്കുന്നു . ഇവിടെയാണ് അഹത്തെയും അന്യനെയും പറ്റിയുള്ള ഒരു വേർതിരിവ് നഷ്ടമാകുന്നത് . ഈയൊരു കൺഫ്യൂഷൻ അവരുടെ ഇമ്മ്യൂൺ സിസ്റ്റത്തിലും പ്രതിഫലിക്കുന്നു . ഒരു ജീവിതകാലം മുഴുവൻ ഇങ്ങനെയുള്ള അനുഭവങ്ങൾ വീണ്ടും വീണ്ടും നേരിടേണ്ടി വരുമ്പോൾ അതിന്റെ ഫലങ്ങൾ ശരീരത്തിൽ കണ്ടു വരുന്നു . അവരുടെ ശരീരത്തിന്റെ പ്രതിരോധത്തിനുള്ള മാർഗ്ഗങ്ങൾ ശരീരത്തിന് എതിരായി തന്നെ തിരിയുന്നു .
എന്താണ് ഇതിനു കാരണം ? എങ്ങനെയാണ് ഇത് സംഭവിക്കുന്നത് ?
നമ്മുടെ ശരീരത്തിലെ വികാരവിചാരങ്ങൾ നമ്മുടെ brain , nervous system , immune system അഥവാ പ്രതിരോധ വ്യവസ്ഥ , hormonal system എന്നിവയുമായി കൂടിചേർന്നാണ് പ്രവർത്തിക്കുന്നത് . ഇത് താരതമ്യേന ഒരു പുതിയ മേഖല ആണ് . Psycho -Neuro -Immunology അല്ലെങ്കിൽ Psycho -Neuro- Endocrino -Immunology എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത് . ചുരുക്കപ്പേര് - PNI System .
ശരീരത്തിലെ Psychological system എന്നത് ഒരു Emotional system കൂടി ആണ് .ഇതിന്റെ മുഖ്യമായ ഭാഗമാണ് നമ്മുടെ വികാരങ്ങൾ അഥവാ Emotions . നമ്മുടെ വികാരങ്ങൾ നമ്മുടെ ശരീരത്തെയും മനസ്സിനെയും അതിന്റെ സുരക്ഷയെയും കാത്തു സൂക്ഷിക്കുവാനായി പരിണാമത്തിലൂടെ വന്ന ഒരു survival skill കൂടി ആണ് . ഇതിൽ പ്രധാനപ്പെട്ടത് ആണ് ദേഷ്യം അഥവാ Anger . ഒരു ജീവി തൻറെ പ്രധാനമായ ആവശ്യങ്ങൾക്കു ഭീഷണി നേരിടുകയോ ആ ആവശ്യങ്ങൾക്കുള്ള പ്രവൃത്തി വിഘ്നപ്പെടുകയോ ചെയ്താൽ ആണ് ദേഷ്യം പ്രകടിപ്പിക്കുന്നത് . ദേഷ്യം വരുമ്പോൾ ഒരു ജീവി ആക്രമണോത്സുകനായി പോരാട്ടത്തിന് തയ്യാറെടുക്കുന്നു . എന്നാൽ തുറന്ന സംഘട്ടനത്തിനു മുതിരുന്നത് ഇരുവർക്കും നഷ്ടം വരുത്തുന്ന ഒന്നാണെന്ന് ബോധ്യം വരുമ്പോൾ ദേഷ്യത്തിന്റെ പ്രകടനങ്ങൾ നടത്തി , പലപ്പോഴും കൂടുതൽ ദേഷ്യം പ്രകടിപ്പിക്കുന്ന മൃഗത്തിന് ഒരു യുദ്ധം കൂടാതെ തന്നെ ജയം നേടാനാകുന്നു. പിൻവാങ്ങുന്നയാൾ വേറൊരു ദിവസം ആകാം ഇനി അങ്കം എന്നു തീരുമാനിച്ചു സ്ഥലം വിടുന്നു . ആർക്കും പരിക്കോ ജീവന് അപകടമോ ഇല്ലാതെ സംഭവങ്ങൾ പര്യവസാനിക്കുന്നു .
ഇങ്ങനെ ശുഭ പര്യവസായിയായി കാര്യങ്ങൾ നടക്കണമെങ്കിൽ ഒരു ജീവിക്ക് ഒരു യഥാർത്ഥ ഭീഷണിയും അതല്ലാത്തതിൽ നിന്നും തിരിച്ചറിയുവാനുള്ള കഴിവ് വേണം. അതായത് സ്വന്തം കഴിവിന്റെ അതിരുകൾ വ്യക്തമായി മനസ്സിലാക്കി , യഥാർത്ഥത്തിലുള്ള ഒരു ഭീഷണി എന്താണ് എന്ന് തിരിച്ചറിയുവാനുള്ള ഒരു കഴിവ് വേണം . അപകടവും സുരക്ഷിതത്വും വ്യക്തമായി തിരിച്ചറിയുന്ന ഒരു വ്യക്തി /ജീവിക്കു അതിനനുസരിച്ചു പ്രതികരിക്കുവാൻ സാധിക്കും .
ഒരു വ്യക്തിക്ക് അപകടം തിരിച്ചറിയുവാനായി അതിന്റെ ഓർമ്മ അഥവാ മെമ്മറി വളരെ പ്രധാനമാണ് . നാഡീ വ്യൂഹത്തിനു മെമ്മറി ഉള്ള പോലെ തന്നെ പ്രതിരോധ വ്യൂഹത്തിനും ഒരു മെമ്മറി ഉണ്ട് . ഇതാണ് ഹിതകരവും ദോഷകരവും ആയ കോശങ്ങളെ തമ്മിൽ തിരിച്ചറിയുന്നതിനു പ്രതിരോധ വ്യൂഹത്തെ സഹായിക്കുന്നത് .എന്നാൽ ഓട്ടോ ഇമ്മ്യൂൺ ഡിസീസ് വരുമ്പോൾ ഈ തിരിച്ചറിവ്നഷ്ടപ്പെടുന്നു . സ്വന്തവും അന്യവും തമ്മിലുള്ള വേർതിരിവ് നഷ്ടപ്പെടുന്ന പ്രതിരോധ കോശങ്ങൾ സ്വന്ത ശരീരത്തിലെ തന്നെ കോശങ്ങളെ സാരമായി പരിക്കേൽപ്പിക്കുന്നു .
സ്വരച്ചേർച്ചയില്ലാത്ത ഒരു കുടുംബത്തിന്റെ ഉദാഹരണം എടുക്കാം. അതിലെ ഒരംഗം എപ്പോഴും മറ്റുള്ളവരെ കാരണം കൂടാതെ വിമർശിക്കുന്നു , വഴക്കു പറയുന്നു , ചിലപ്പോൾ മർദ്ദിക്കുന്നു . അന്യർ പോലും പറയുവാൻ മടിക്കുന്ന വാക്കുകൾ ഉപയോഗിക്കുന്നു . ആ കുടുംബത്തിലെ അംഗങ്ങൾക്ക് ആകെ ഒരു
ആശയകുഴപ്പം . കാര്യം ആ അംഗവും മറ്റുള്ളവരും ഒരേ മേൽക്കൂരയ്ക്ക് കീഴിൽ കഴിയേണ്ടവരാണ് , ആ അംഗം ഇവരെ സംരക്ഷിക്കുവാൻ ബാദ്ധ്യസ്ഥൻ ആണ് എന്ന മറ്റുള്ളവരുടെ വിശ്വാസം തെറ്റാണോ എന്ന് അവർ ചിന്തിക്കുന്നു . എന്നാൽ അങ്ങനെ അല്ല എന്ന് അവർ സ്വയം വിശ്വസിപ്പിക്കുവാൻ ശ്രമിക്കുന്നു .ഈ ആശയസംഘട്ടനത്തിന് ഇടയിൽ ആ അംഗം ഇവരുടെ സ്വന്തം ആണോ എന്ന് പോലും അവർ ചിന്തിക്കുന്നു. കാരണം അന്യന്മാർ പോലും ചെയ്യാൻ മടിക്കുന്ന കാര്യങ്ങളാണ് ആ അംഗം മറ്റുള്ളവരോട് ചെയ്യുന്നത് . മറ്റുള്ളവർ ഒരു വികാരപരമായ ആശയകുഴപ്പത്തിലൂടെ കടന്നു പോകുന്നു. ഇത് ദിനം പ്രതി തുടരുമ്പോൾ അവരുടെ ശരീരത്തിലും മനസ്സിലും വരുന്ന മാറ്റങ്ങൾ എന്തെല്ലാം ആയിരിക്കും?
ഇത്തരം ഒരു സ്ഥിതി ആണ് ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങൾ ബാധിച്ച ഒരു ശരീരത്തിൽ ഉണ്ടാകുന്നത് .ഇതിന്റെ ഉത്ഭവം ജനിതക കാരണങ്ങൾ ഉള്ള വ്യക്തികളിൽ , അവരുടെ മനസ്സിൽ കുടുംബ -സാമൂഹിക പരിതസ്ഥികൾ മൂലം ഉണ്ടാകുന്ന മാറ്റങ്ങൾ കൂടി ആണ് .ഇത്തരം വ്യക്തികളിൽ എല്ലാം സഹിക്കാനും , സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ അവഗണിക്കുവാനും മറ്റുള്ളവരുടെ ഇഷ്ടങ്ങൾ , അവ ഹിതകരം ആയി തോന്നുന്നില്ലെങ്കിൽ പോലും അതിനെ പിന്തുണച്ചു ജീവിക്കുവാനുള്ള ഒരു പ്രവണത കണ്ടിട്ടുണ്ട്.ഇതോടൊപ്പം തന്നെ എപ്പോഴും സമ്മർദ്ദത്തിലുള്ള ഒരു ജീവിതത്തിലൂടെ പോകുന്നത് കാരണം ഇത്തരക്കാരുടെ സ്ട്രെസ് ഹോർമോൺ അഥവാ കോർട്ടിസോൾ ക്രമമല്ലാത്തതാകുന്നു .ഇമ്മ്യൂൺ സിസ്റ്റം ഒരു വശത്തു കൂടുതൽ പ്രവർത്തിക്കുന്നു , എന്നാൽ ആവശ്യമുള്ളപ്പോൾ അതിന്റെ ധർമം നിറവേറ്റുന്നുമില്ല . ഇതെല്ലം കാണിക്കുന്നത് ഒരു വ്യക്തിയുടെ സ്ട്രെസ് നിയന്ത്രിക്കുവാനുള്ള ശരീരത്തിന്റെ വ്യവസ്ഥിതിയുടെ സമതുലിതാവസ്ഥ നഷ്ടപ്പെട്ടു എന്നതാണ് . ഇതിനു കാരണമാകട്ടെ കൃത്യമായി അവർക്കു നിര്ണയിക്കുവാൻ പറ്റാത്ത മാനസിക സമ്മർദ്ദവും . കാരണം ഇവർക്ക് "NO" എന്ന് പറയേണ്ടിടത്തു അത് പറയുവാൻ സാധിക്കുന്നില്ല , അല്ലെങ്കിൽ അതിനുള്ള ഒരു ധൈര്യമോ പരിസ്ഥിതിയോ ഇല്ല - പലപ്പോഴും കാരണം ഭയം ആകാം - അവരുടെ സ്വന്തക്കാർ എന്ന് അവർ കരുതുന്നവർ തന്നെ അവർക്കു വേദന ഉളവാക്കുന്ന കാര്യങ്ങൾ ചെയ്തു, അത് അനുഭവിച്ചിട്ടുള്ളത് കൂടെ കൊണ്ട് ആകാം ഇത്തരമൊരു അവസ്ഥ.
80% ഓട്ടോഇമ്മ്യൂൺ അസുഖങ്ങളും സ്ത്രീകളിലാണ് കണ്ടുവരുന്നത് !
എന്താണ് ഇതിനു കാരണം ?
സ്ത്രീകളിലെ "സ്ത്രീത്വം " നൽകുന്ന ഹോർമോൺ ഈസ്ട്രജൻ ആണ് . പുരുഷന്മാരിൽ ഇതിന്റെ തത്തുല്യമായ ഹോർമോൺ ആണ് ടെസ്റ്റോസ്റ്റിറോൺ . ഈ രണ്ടു ഹോർമോണുകളും സ്റ്റീറോയ്ഡ് കുടുംബത്തിലെ തന്നെ ആണെങ്കിലും , സ്ട്രെസ്സ് ഉണ്ടാകുമ്പോൾ ശരീരം ഉത്പാദിപ്പിക്കുന്ന ഹോർമോൺ ആയ GLUCOCORTICOIDS വ്യത്യസ്ത രീതിയിലുള്ള മാറ്റങ്ങളാണ് സ്ത്രീകളിലും പുരുഷന്മാരിലും പ്രകടിപ്പിക്കുന്നത്.
ഈസ്ട്രജൻ അതിൻറെ പ്രത്യേകതയിലൂടെ സ്ട്രെസ് ഹോർമോണിന്റെ പ്രഭാവം അഥവാ EFFECT വർദ്ധിപ്പിക്കുന്നു . ടെസ്റ്റോസ്റ്റിറോൺ ആകട്ടെ ആ EFFECTS ഒന്ന് കുറയ്ക്കുകയോ മയപ്പെടുത്തുകയോ ചെയ്യും. അതുകൊണ്ടു ഒരേ അനുഭവം സ്ത്രീകൾക്ക് വളരെയധികം മാനസിക സമ്മർദ്ദം ഉണ്ടാക്കുമ്പോൾ പുരുഷന്മാർക്ക് അത് അത്ര അനുഭവപ്പെടുകയില്ല . ഇത് രണ്ടു കൂട്ടരുടെയും PHYSIOLOGY ,NEUROBIOLOGY എന്നിവയിലുള്ള വ്യത്യാസങ്ങൾ കാരണമാണ് .അതുകൊണ്ടു പുരുഷന്മാർ നിസ്സാരമായി തള്ളിക്കളയുന്ന പല സംഭാഷണങ്ങളും അനുഭവങ്ങളും പെരുമാറ്റങ്ങളും സ്ത്രീകളിൽ കടുത്ത വികാര വിക്ഷോഭങ്ങൾ ഉണ്ടാക്കുന്നുണ്ട് , അതിനു കാരണം ശാരീരികവും ഹോർമോണുകളിലും ഉള്ള വ്യത്യാസങ്ങൾ ആണ് .
പലപ്പോഴും സ്ത്രീകൾക്ക് വിഷമം വരുത്തുന്ന അനുഭവങ്ങൾ പുരുഷന്മാർ നിസ്സാരവൽക്കരിക്കുന്നു. അതിനു കാരണം ഈ ഒരു വ്യത്യാസമാണ് . എന്നാൽ ആ ഒരു സ്ട്രെസ് സ്ത്രീ ശരീരത്തിലും മനസ്സിലും ഉണ്ടാക്കുന്ന വ്യത്യാസങ്ങളും വ്യതിയാനങ്ങളും വീണ്ടും വീണ്ടും ദിവസങ്ങൾ , മാസങ്ങൾ കടന്നു വര്ഷങ്ങളായി ഇതേ അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോൾ , അവ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾക്ക് ഒരു കാരണമാകുന്നു . ഇത്തരം സന്ദർഭങ്ങളിലാണ് പരിശീലനം സിദ്ധിച്ച ഒരു മാനസികാരോഗ്യ കൗൺസിലർ കൂടി ചികിത്സക്ക് ആവശ്യമായി വരുന്നത് , കാരണം എങ്ങിനെയാണ് ഇത് ആരംഭിച്ചത് എന്ന് അറിയുവാൻ ഒരു വ്യക്തിക്ക് ആ കൗൺസിലറോടൊപ്പം അവരുടെ ഭൂതകാലത്തിലേക്ക് സഞ്ചരിക്കേണ്ടി വരും ...
ഇങ്ങനെയുള്ള ഘട്ടങ്ങളിൽ ആണ് ഓട്ടോ ഇമ്മ്യൂൺ ഡിസീസ് പോലെ ഉള്ളവയിൽ കൗൺസിലിംഗ് എന്നതിന്റെ പ്രസക്തി . വേദനക്കും മറ്റു ശാരീരികമായ പ്രശ്നങ്ങൾക്കും ഉള്ള മരുന്നുകളും മറ്റു മാര്ഗങ്ങളും തുടരുന്നതിനോടൊപ്പം തന്നെ കൗൺസിലിംഗ് ഇത്തരം അസുഖങ്ങളിൽ വളരെയധികം സഹായകരം ആണ് . ആദ്യമായി എന്താണ് ഒരു വ്യക്തിയുടെ HIDDEN STRESS ന്റെ കാരണം എന്ന് കൗൺസിലിംഗിലൂടെ അവർ മനസ്സിലാക്കുന്നു .പലപ്പോഴും ചില കാരണങ്ങൾ നമ്മൾക്ക് മാറ്റുവാൻ കഴിയുകയില്ല . എന്നാൽ കൗൺസിലിംഗിലെ പല മാര്ഗങ്ങളിലൂടെ അതിനെ വേറൊരു രീതിയിൽ മനസ്സിലാക്കുവാനും സ്വീകരിക്കുവാനും എന്നാൽ അതോടൊപ്പം സ്ട്രെസ് ഇല്ലാതെ തന്നെ തന്റേതായ അതിരുകൾ (BOUNDARIES ) നിശ്ചയിക്കുവാനും ആ വ്യക്തിക്ക് സാധിക്കും .CBT അഥവാ COGNITIVE BEHAVIOURAL THERAPY ഇതിനു വളരെ സഹായകമാണ് .ഇതിലൂടെ ശാരീരികമായ ലക്ഷണങ്ങളെ കുറക്കുവാനും ,ഒരു പരിധി വരെ ഇല്ലായ്മ ചെയ്യുവാനും സാധിക്കും എന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട് .
ഒരു ഡോക്ടറും കൗൺസിലറും തമ്മിലുള്ള മുഖ്യ വ്യത്യാസം , ഡോക്ടർ നമ്മുടെ ശരീരത്തിൽ എന്താണ് കുറവുള്ളത് , അല്ലെങ്കിൽ തകരാറിലായിട്ടുള്ളത് എന്ന് നിർണ്ണയിച്ചു അതിനുള്ള പ്രതിവിധി നിർദേശിക്കുന്നു . കൗൺസിലിംഗിലും ഇത് ഒരു പ്രധാന ഘടകം തന്നെ ആണ് . എന്നാൽ ,അതിലുപരി , എന്താണ് ഒരു വ്യക്തിയുടെ ജീവിതത്തിൽ നല്ല രീതിയിൽ , അഥവാ ശരിയായ രീതിയിൽ നടക്കുന്നത് എന്ന് കൂടി ഒരു കൗൺസിലർ ചൂണ്ടി കാണിക്കുന്നു . കൗൺസിലിംഗ് പലപ്പോഴും മുന്നോട്ടു പോകുന്നത് ഒരു Strength Based Cognitive Conceptualization എന്ന രീതി അവലംബിച്ചു കൊണ്ടാണ് . CBT അഥവാ COGNITIVE BEHAVIOR THERAPY എന്ന ചികിത്സ രീതി അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത ഒരു രീതിയാണിത് . മനഃശാസ്ത്ര വിദഗ്ദ്ധരായ CHRISTENE PADESKY ,KATHLEEN MOONEY എന്നിവർ ചേർന്ന് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്ത ഈ രീതിയിൽ ഒരു വ്യക്തിയുടെ ഗുണങ്ങളെ ഉപയോഗപ്പെടുത്തി എങ്ങിനെ ആ വ്യക്തിയിൽ ആരോഗ്യകരമായ ഒരു സഹനശക്തി വളർത്തിയെടുക്കാം എന്നതാണ് ലക്ഷ്യമാക്കുന്നത് . ഇങ്ങനെ ഒരു വീക്ഷണ രീതി ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ബാധിച്ച വ്യക്തികൾക്ക് പലപ്പോഴും അത്യന്താപേക്ഷിതമാണ് , കാരണം അവർ പലപ്പോഴും രോഗബാധിതരാകുന്നത് സഹനത്തെ ഒരു തെറ്റായ രീതിയിലൂടെ വളർത്തിയെടുക്കുന്ന കൊണ്ടാണ് .പലപ്പോഴും അത് അവരുടെ നിസ്സഹായാവസ്ഥ മൂലവും ആകാം.
പലപ്പോഴും മനസ്സിന് "NO " എന്ന് പറയുവാൻ ആഗ്രഹമുണ്ടെങ്കിലും അത് സാധിക്കുന്നില്ല . ഇത് മനസ്സിലാക്കുന്ന ശരീരം "NO " എന്ന് പറയുന്നതാണ് രോഗലക്ഷണങ്ങൾ ആയി പുറത്തു വരുന്നത് . ശരീരത്തിന്റെ "NO " നമ്മൾ അവഗണിക്കും തോറും അത് ഒരു പൂർണ രോഗമായി മാറുന്നു . ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വളരെ സത്യമാണ് എന്നാണു പല പഠനങ്ങളും തെളിയിക്കുന്നത് .