29/01/2025
ഇരുപത്തഞ്ച് വർഷങ്ങൾക്ക് മുമ്പ് നാഗമാണിക്യം തേടി നാടുവിട്ട എനിക്ക് കാലം കാത്തു വെച്ചത് ഒരു മാണിക്യത്തിനെ തന്നെയായിരുന്നു!
ദാരിദ്ര്യത്തിൻ്റെ കടുത്ത വറുതിയിൽ, ഒരു നേരം എങ്കിലും വിശപ്പടക്കുക എന്നത് ആഢംഭരമായിരുന്ന ദിനങ്ങൾ... 28 വർഷങ്ങൾക്ക് മുമ്പ്, ഒരു മകര മാസത്തിൽ, വിശപ്പിൻ്റെ വേവലാതിയിൽ ഓടി തുടങ്ങിയ ഞാൻ ചെന്നെത്തി നിന്നത് തമിഴ്നാട്ടിലെ തോട്ടം മേഖലയായ വാൽപ്പാറയിൽ ആയിരുന്നു.
വിശപ്പിന് ദേശ ഭാഷാ വിത്യാസം ഇല്ലെന്ന് ഞാനന്ന് മനസിലാക്കി! വിശപ്പിന് എവിടെയും ഒരു മുഖം മാത്രം!
അറിയാത്ത മുഖങ്ങളും, അറിയാത്ത വഴികളും, അപരിചിതമായ ഭാഷയും കടന്ന് എൻ്റെ ജീവിതം അങ്ങിനെ മുമ്പോട്ട് പോയി.
പലപ്പോഴും പട്ടിണി സഹിക്ക വയ്യാതെ തമിഴ്നാട്ടിലെ മൃതദ്ദേഹം സംസ്ക്കരിക്കുന്ന
ചടങ്ങിൽ ആചാരത്തോടനുബന്ധിച്ച് വിതറുന്ന ചില്ലറ തുട്ടുകൾ പറക്കിയെടുത്ത് പട്ടിണി മാറ്റിയിട്ടുണ്ട്.
മുഴു പട്ടിണിയിൽ വയറ് പൊരിഞ്ഞടങ്ങുമ്പോൾ പലപ്പോഴും എനിക്ക് താങ്ങാവുന്നത് വാൽപ്പാറ മാർക്കറ്റിലെ ബർക്കത്ത് ഹോട്ടലായിരുന്നു.
വല്ലപ്പോഴും ലഭിക്കുന്ന പണിയും കഴിഞ്ഞ് അന്നത്തെ കൂലിയായ 100 രൂപയും പോക്കറ്റിൽ വെച്ച്, ലോകം വെട്ടിപ്പിടിച്ച മട്ടിൽ ഹോട്ടലിലേക്ക് കയറി ചെല്ലുമ്പോൾ, ഹോട്ടലിൻ്റെ പിന്നിലെ വാതിലിനിടയിൽ നിന്ന് രണ്ട് കണ്ണുകൾ എന്നെ ഉറ്റു നോക്കുമായിരുന്നു.
ചോറിനിടയിൽ ആരും കാണാതെ മീൻ പൊരിച്ചത് എനിക്കായി മാത്രം ഒളിപ്പിച്ച് വെച്ച് തന്നവൾ! ഒരു വേള അതിരപ്പിള്ളി വെള്ളചാട്ടത്തിൽ തീരേണ്ടിയിരുന്ന എൻ്റെ ജീവിതം തിരികെ പിടിച്ചു തന്നവൾ! എന്നിൽ ആത്മവിശ്വാസം നിറച്ചവൾ! എന്നെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചവൾ!
അന്നത്തെ ആ നോട്ടം തന്ന കരുത്തും ആത്മ വിശ്വാസവുമാണ് ഇന്നീ കാണുന്ന ഷബീർ മാടായികോണം എന്ന ഷബീർ വൈദ്യൻ ഞാൻ! എൻ്റെ കുട്ടികളുടെ അമ്മയായി ഇന്നും എൻ്റെ കരുത്തായി എന്നോടൊപ്പം,എൻ്റെ നിഴലായുള്ള എൻ്റെ പ്രിയപ്പെട്ട മാണിക്ക്യത്തിന് ഇരുപത്തഞ്ചാം വിഹാഹ വാർഷിക ദിനാശംസകൾ!