12/05/2022
⭕സര്‍ക്കാര്‍ അവഗണന: ഫാം ഡി പഠനം പൂര്‍ണമായും സ്വകാര്യ മേഖലയിലേക്ക്⭕
നിര്‍ത്തിവെച്ച ഫാം.ഡി കോഴ്സ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഫാം.ഡി ഡോക്ടേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളജിനുമുന്നില്‍ പഞ്ചദിന നിരാഹാര സത്യഗ്രഹം
പരിയാരം: ഫാം ഡി കോഴ്സിന് സംസ്ഥാന സര്‍ക്കാര്‍ അവഗണന. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ കോഴ്സ് ആരംഭിക്കാന്‍ നടപടിയില്ലാത്തതിനാല്‍ കോഴ്സ് പൂര്‍ണമായും സ്വകാര്യ മേഖലയില്‍ മാത്രമായി.
നേരത്തെ സഹകരണ മേഖലയിലായിരുന്നപ്പോള്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ കോഴ്സ് ഉണ്ടായിരുന്നുവെങ്കിലും 2018ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഉടന്‍ അത് നിര്‍ത്തലാക്കി. 2012ലാണ് പരിയാരത്ത് 30 സീറ്റുള്ള കോഴ്സ് ആരംഭിച്ചത്.
പ്രവേശനം നല്കിയ രണ്ടു ബാച്ചുകൂടി പുറത്തിറങ്ങുന്നതോടെ ഈ കോഴ്സ് പൂര്‍ണമായും പരിയാരത്ത് ഇല്ലാതാവും. കേരളത്തില്‍ സര്‍ക്കാര്‍ കോളജുകളില്‍ എവിടെയും ഈ കോഴ്സ് ഇല്ലെന്ന കാരണം പറഞ്ഞാണ് പരിയാരത്ത് കോഴ്സ് നിര്‍ത്തലാക്കിയത്. എന്നാല്‍, ഇതര ഡോക്ടര്‍മാര്‍ക്ക് സമാനമായ കോഴ്സ് നടത്തുന്നതിലുള്ള ഐ.എം.എയുടെ എതിര്‍പ്പാണ് ആരോഗ്യ വകുപ്പ് ഈ പഠനശാഖയെ തഴയാന്‍ കാരണമെന്ന് പറയപ്പെടുന്നു.
പരിയാരം മെഡിക്കൽ കോളേജിൽ കോഴ്സ് നിർത്തിയതോടെ കേരളത്തില്‍ 21 സ്വാശ്രയ കോളജുകളില്‍ മാത്രമാണ് ഈ കോഴ്സുള്ളത്. സൗകാര്യ കോളെജുകളിൽ ഭീമമായ തുകയാണ് ഈ കോഴ്സ് പഠിക്കാൻ ഈടാക്കുന്നത്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പഴയങ്ങാടിയിലെ ഒരു സ്വാശ്രയ സ്ഥാപനത്തില്‍ മാത്രമാണ് പഠന സൗകര്യമുള്ളത്. ആറുവര്‍ഷത്തെ പാഠ്യപദ്ധതിയില്‍ നീണ്ട അഞ്ചുവര്‍ഷം 27ലധികം വിഷയങ്ങളും അതിന്റെ പ്രായോഗിക പഠനവും രണ്ടാം വര്‍ഷം മുതല്‍ തുടങ്ങുന്ന ഹോസ്പിറ്റല്‍ പോസ്റ്റിങ്, അഞ്ചാം വര്‍ഷത്തിലുള്ള തീസിസ്, ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന നിര്‍ബന്ധിത സേവനം എന്നിങ്ങനെയാണ് പഠനം. ആറാം വര്‍ഷം ജനറല്‍ മെഡിസിന്, സര്‍ജറി, ശിശുരോഗ വിഭാഗം എന്നിവയില്‍ പ്രാക്ടീസ് നടത്തുകയും ചെയ്യുന്നുണ്ട്.
സർക്കാരിൻ്റെ അവഗണനക്കെതിരെ ഫാം ഡി വിദ്യാര്‍ഥികള്‍ നടത്തുന്ന പഞ്ചദിന നിരാഹാര സത്യഗ്രഹം തുടരുകയാണ്.ണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നിര്‍ത്തിവെച്ച ഫാം.ഡി കോഴ്സ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഫാം.ഡി ഡോക്ടേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളജിനുമുന്നില്‍ പഞ്ചദിന നിരാഹാര സത്യഗ്രഹം നടന്നുകൊണ്ടിരിക്കുയാണ്. അസോസിയേഷന് കേരള ബ്രാഞ്ച് പ്രസിഡന്റ് സൈമണ്‍ ജോഷ്വ ഉദ്ഘാടനം ചെയ്തു.
ഡോ. ലയ രാഘവന്, എ. കുഞ്ഞഹമ്മദ്, നഫീസ അഷ്റിന്, ടി.കെ. രാഘവന് എന്നിവര്‍ സംസാരിച്ചു. കെ.വി. മൃദുല്‍, ടി.പി. അജിനാസ്, അലീന ബെന്നി, സി. ഗോപിക, ശ്വേത ബാബുരാജ്, ഷീര്‍ഷ കമലാക്ഷന്‍, കാവ്യ പവിത്രന്, മുഹമ്മദ് റയീസ്, മുഹമ്മദ് ഫാരിസ് എന്നിവര്‍ നേതൃത്വം നല്കി. സത്യഗ്രഹം 13ന് സമാപിക്കും.
PharmD Doctors Association-India (IPDA)