15/07/2025
അനേകം പേര് ചുറ്റുമുണ്ടെങ്കിലും, ഒറ്റപ്പെട്ടുപോയെന്ന തോന്നലിൽ ജീവിക്കുന്ന അനേകായിരം മനുഷ്യരുടെ ഇടയിലാണ് നാമെല്ലാം ജീവിക്കുന്നത്. അഭ്രപാളികളിലും , സാമൂഹിക മാധ്യമങ്ങളിലും കാണുന്നതാണ് ജീവിതമെന്നും, അവിടെ ഒരുപാട് ഫോളോവേഴ്സും, ഫ്രണ്ട്സുമെല്ലാം ഉണ്ട്, പക്ഷെ തനിച്ചിരിക്കുമ്പോൾ ഒറ്റപ്പെടൽ എന്ന ഭീകരായ യാഥാർഥ്യം ഇടക്കെങ്കിലും ഇത് വായിക്കുന്ന നിങ്ങൾക്കും അനുഭവപ്പെടാറുണ്ടെന്നുള്ളതാണ് സത്യം. വിട്ടുമാറാത്ത ഏകാന്തത എന്നത് ഒറ്റക്കിരിക്കുന്നതു മാത്രമല്ല, മറ്റുള്ളവരോടൊപ്പമായിരിക്കുമ്പോഴും മാനസീകമായി തളർത്തുന്ന, ദീർഘകാലം നീണ്ടുനിൽക്കുന്ന മാനസീക പിരിമുറുക്കം എന്നതാണ്. ഒരാളുടെ സാമൂഹ്യബന്ധങ്ങളിൽ തനിക്ക് വേണ്ടത്ര അടുപ്പമുള്ള ബന്ധം ലഭിക്കാത്തതിലുള്ള അതൃപ്തി ആണ് ഇതിന്റെ അടിസ്ഥാനം. ഈ മാനസീക ശൂന്യത ശരീരത്തെ പോലും പൂർണമായി ബാധിക്കുന്നു. ഒരുപാട് കാലം ഇത്തരത്തിലുള്ള ഒറ്റപ്പെടൽ അനുഭവപ്പെടുമ്പോൾ, തലച്ചോറിന് ഇതൊരു വ്യക്തിയുടെ അതിജീവനത്തിനോടുള്ള ഭീഷണിയായി തോന്നുന്നു. അതിനാൽ അത് 'ഫൈറ്റ് ഓർ ഫ്‌ലൈറ്റ്' എന്ന മാനസികാവസ്ഥയിലേക്ക് എത്തിക്കുന്നു . ഇതിന്റെ ഫലമായി കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവുയരുകയും, ഇത് കൂടുതൽ സമ്മർദമുണ്ടാകുകയും, പലതരത്തിലുള്ള അണുബാധക്കും, രോഗങ്ങൾക്കും കാരണമാകുന്ന തരത്തിൽ ജനിതക ഘടനയെയും, അതിന്റെ പ്രവർത്തനങ്ങളെയും ബാധിക്കുന്നു.
മനശ്ശാസ്ത്രപരമായി ഡിപ്പ്രഷൻ, ഉത്കണ്ഠ, ചിന്താശേഷിയിലെ കുറവ് എന്നിവയുമായി നേരിട്ട് ബന്ധമുള്ളതാണ്. സാമൂഹികമായുള്ള ഒറ്റപ്പെടൽ വരുമ്പോൾ , സാമൂഹികമായുള്ള ഉത്തരവാദിത്തം കുറയുകയും, ഇത് വ്യക്തികളുടെ ഓർമ്മ, പഠനം, തീരുമാനമെടുക്കൽ തുടങ്ങിയ മേഘലകളെ ബാധിക്കുന്നു, വയസ്സായവരിൽ ഇത് ഡിമെൻഷ്യയുടെ ആരംഭം വേഗത്തിലാകുന്നതിനും കാരണമാകുന്നു. മാനസികമായി ഇതുമൂലം ഉണ്ടാകുന്ന വേദന , ശാരീരിക വേദന അനുഭവപ്പെടുന്ന തലയോട്ടിയിലെ അതേ ഭാഗങ്ങളിൽ പ്രതികരണമുണ്ടാക്കുന്നു എന്നത് അതിന്റെ ഗൗരവം വ്യക്തമാക്കുന്നുചില പഠനങ്ങൾ അനുസരിച്ച്, ഹൃദ്രോഗം, സ്റ്റ്രോക്ക്, നേരത്തെയുള്ള മരണം തുടങ്ങിയവയുടെ സാധ്യതകൾ ഇതുമൂലം വർധിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ദിവസേന 5 സിഗരറ്റ് വലിക്കുന്നതിന് തുല്യമായ ആരോഗ്യ പ്രശ്നമാണ് ഇതുണ്ടാക്കുന്നത്. വേറൊരാള്ക്കും മനസ്സിലാക്കാൻ സാധിക്കാത്ത , ഈ മാനസികാവസ്ഥ , ശാന്തമായി വ്യക്തികളെ പതിയെപ്പതിയെ ഇല്ലാതാക്കുന്നു. ശാരീരികാരോഗ്യത്തെ തകർക്കുന്ന, മാനസീക വ്യക്തതയെ കുറക്കുന്ന, ആത്മബലം കുറക്കുന്ന ഒരു ദുരന്തമായി ഇതിനെ കണക്കാക്കാം. ഇന്നത്തെ ഡിജിറ്റൽ ലോകത്തു ഒറ്റക്കിരിക്കുന്നതിനേക്കാളും ആരും മനസ്സിലാക്കാതെ ഏകാന്തത അനുഭവപ്പെടുന്നതാണ് ഏറ്റവും അപകടകരം.
ഒച്ചയും, ബഹളങ്ങളും, ജനസാന്ദ്രതയും നിറഞ്ഞ നാഗരിക ജീവിതം കൂടുതൽ ഒറ്റപ്പെടലിലേക്കാണ് മനുഷ്യനെ നയിക്കുന്നത്, പണ്ടുകാലത്തേക്കാളും ജനങ്ങൾ കണക്റ്റഡ് ആണ് , പക്ഷെ അതിനിടക്കും അവരനുഭവിക്കുന്ന മാനസീകമായ ഏകാന്തത ഒരു വിരോധാഭാസമായി തോന്നാം. നഗരങ്ങൾ വികസിച്ച് ഉയർന്ന കെട്ടിടങ്ങൾ ഉയരുമ്പോൾ, പരസ്പരം ഇടപെടുന്നതിനുള്ള സാമൂഹിക ഇടങ്ങൾ കുറയുന്നു. അവസരങ്ങൾ ഉണ്ടെങ്കിലും ഒഴിവുകഴിവുകൾ പറഞ്ഞു തന്നിലേക്ക് തന്നെ ചുരുങ്ങാനാണ് പലരും ശ്രമിക്കുന്നത്. മനുഷ്യർക്കിടയിലെ സ്വാഭാവിക ഇടപെടലുകളും ആത്മബന്ധങ്ങളും അപ്രത്യക്ഷമാകുന്നു. പരസ്പരം അടുത്തറിഞ്ഞിരുന്ന അയല്പക്കങ്ങളുടെ വ്യാപ്തി ഇന്ന് അജ്ഞാത വാടക ഫ്ലാറ്റുകളും ഗേറ്റഡ് കമ്മ്യൂണിറ്റികളും ആയി മാറിയിരിക്കുന്നു. വർഷങ്ങളായി അടുത്തടുത്ത ജീവിച്ചാലും, ഒരു നേരിയ പരിചയം പോലുമില്ലാതെ, പരസപരം മതിലുകൾ തീർത്തു ജീവിതം ജീവിച്ചു തീർക്കുന്നു. സ്നേഹബന്ധങ്ങൾ ഇടപെടലുകൾ എന്നതിനേക്കാളും, ഇടപാടുകൾ എന്ന ആശയത്തിലേക്ക്ക് ചുരുങ്ങുന്നു. കഫേകളിലോ കോ-വർക്കിങ് സ്പേസുകളിലോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ നടക്കുന്ന പെട്ടെന്നുള്ളതും ചുരുങ്ങിയ കാലത്തേക്ക് നീണ്ടു നിൽക്കുന്നതുമായ സംഭാഷണങ്ങളിലേക്കു മാത്രമായി. നഗരത്തിന്റെ നിരന്തരമായ ശബ്ദം, വേഗം, അത്യാകര്ഷണം എന്നിവ മനസ്സിനും ഹൃദയത്തിനും വിശ്രമിക്കാൻ പോലും അവസരം നൽകുന്നില്ല, അതിലൂടെ ആളുകൾ മാനസീകമായി പലതരത്തിലുള്ള അസ്വസ്ഥതയിലേക്കും, ക്ഷീണത്തിലേക്കും എത്തിച്ചേരുന്നു.
ഇന്നത്തെ മാത്സര്യം നിറഞ്ഞ ഈ കാലത്തു "ഹസ്സിൽ കൾച്ചർ" എന്നത് ഒരു അഭിമാനച്ചിഹ്നമായി മാറിയിട്ടുണ്ട്.
സ്ഥിരമായി തിരക്കിലാണ് എന്ന് കാണിക്കുന്നത് ആരെങ്കിലുമൊക്കെ ആയിത്തീരാൻ ഉള്ള യോഗ്യതയായും വിജയത്തിനുള്ള അടയാളമായും കണക്കാക്കപ്പെടുന്നു.ഈ പ്രശംസ നേടുന്നതിനായി സ്വന്തം ക്ഷേമത്തെക്കാൾ, തങ്ങളുടെ പ്രവർത്തന മേഖലയിലെ പ്രവർത്തക്ഷമതയെ മെച്ചപ്പെടുത്താനും, അതിനെ അടിസ്ഥാനമാക്കി സ്വയം വിലയിരുത്താൻ വ്യക്തികളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. പക്ഷെ ഇതിന്റെ ഫലമായി അർത്ഥവത്തായ ബന്ധങ്ങൾ നശിക്കപ്പെടുന്നു. ദീർഘമായ ജോലി സമയം, വീടിനെയും ഓഫീസിനെയും വേർതിരിക്കുന്ന അതിരുകൾ ഇല്ലാതാക്കുന്ന റിമോട്ട് ജോലികൾ, എപ്പോഴും ലഭ്യമായിരിക്കേണ്ടതിന്റെ മാനസീക സമ്മർദ്ദവും, വൈകാരിക തളർച്ചയും വ്യക്തികളിൽ സൃഷ്ടിക്കുന്നു.
ജോലിസ്ഥലങ്ങൾ കൂടുതൽ ടാസ്ക് ഓറിയന്റഡ് ആകുമ്പോഴും, മാനുഷീകബന്ധങ്ങൾ ദുർബലമാകുമ്പോഴും മുൻപൊക്കെ ജോലിയോട് വ്യക്തികൾക്കുണ്ടായിരുന്ന ആത്മബന്ധം കുറയുന്നതിന് കാരണമാകുന്നു. ചായ മേശക്കു ചുറ്റുമുള്ള കൊച്ചു വർത്തമാനങ്ങളും, ടീമംഗങ്ങൾ തമ്മിലുള്ള ഇഴയടുപ്പവും, പരസ്പരം ശക്തിപ്പെടുത്തുന്നതുമെല്ലാം, ഇമെയിലുകളും, ചാറ്റുകളും, ഷെഡ്യൂൾ ചെയ്‌ത സൂം മീറ്റിംഗുകളും ആയി മാറിയതിലൂടെ ഔപചാരികത തൊഴിലിടങ്ങളിലെ സൗഹൃദങ്ങളിൽ പോലും ശക്തമായി പിടിമുറുക്കിയിരിക്കുന്നു. ഇവ ജോലിയിലെ ഉത്തരവാദിത്തങ്ങൾ കാര്യക്ഷമമാക്കുമെങ്കിലും, യദാർത്ഥ മാനുഷീക ബന്ധങ്ങൾക്ക് തുല്യമാകില്ല. ഡിജിറ്റൽ സ്പേസിൽ ജോലി ചെയ്യുമ്പോൾ ബന്ധങ്ങൾ എല്ലാം വെറും കാഴ്ചയായി മാറുന്നു. സംഭാഷണം കൂടുതലുണ്ടെങ്കിൽ പോലും, ആത്മ ബന്ധം കുറയുന്നു.
കൂട്ടു കുടുംബങ്ങളിൽ നിന്നും അണു കുടുംബങ്ങളിലേക്കുള്ള മാറ്റം, സമൂഹത്തിന്റെ മാനസിക ബന്ധങ്ങളുടെ ഘടനയിൽ നിർണ്ണായകമായ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നു . ഒരുകാലത്ത് പ്രകടമായ ഐക്യവും സുരക്ഷിതത്വവും നൽകിയിരുന്ന തലമുറകളിലുടനീളമുള്ള ബന്ധങ്ങൾ ഇന്ന് പതിയെ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. ജോലി, മറ്റു ജീവിതസാഹചര്യങ്ങൾ എന്നിവ പ്രധാനം ചെയ്യുന്നതിനുവേണ്ടി അതിവേഗമോടുന്ന ആളുകൾക്ക് ജീവിതത്തിലെ വിലയേറിയ ബന്ധങ്ങളിൽ പോലും വലിയ വിടവേർപ്പെടുന്നു. ഉദാഹരണത്തിന്, ഭൗതീകമായ സാഹചര്യങ്ങളെല്ലാം കുറവുകളില്ലാതെ തങ്ങളുടെ കുട്ടികൾക്ക് പ്രദാനം ചെയ്യുന്ന മാതാപിതാക്കൾക്ക്, വൈകാരികമായും, മാനസികമായും വേണ്ടുന്നതെല്ലാം കൊടുക്കാൻ കഴിയ്ക്കാതെ പോകുന്നു. ഇതിന്റെ ഫലമായി, മാർഗനിർദ്ദേശമോ സ്നേഹ പരിലാണകളോ ഇല്ലാതെ പല കുട്ടികളും മാനസീകമായി അവഗണിക്കപ്പെടുന്ന ചുറ്റുപാടുകളിൽ കഴിയുന്നതിനിടയാകുന്നു. അതിന്റെ മറുവശത്ത്, മുതിർന്നവരും, വാർദ്ധക്യത്തിലുള്ളവരും ഇക്കാലത്തു അവരുടെ മക്കളുടെയും കൊച്ചുമക്കളുടെയും ജീവിതങ്ങളിൽ നിന്ന് അകന്ന്, ഏകാന്തതയിലായി അലസമായി ഫ്ലാറ്റുകളിലും വയോജന പരിചരണ കേന്ദ്രങ്ങളിലും കഴിയേണ്ടി വരുന്നു. ഒരിക്കൽ കുടുംബങ്ങളെ ഐക്യത്തിലേർപ്പെടുത്തിയിരുന്ന പരമ്പരാഗത പരിചരണ രീതികൾ ഇന്ന് അന്യം നിന്ന് പോകുകയാണ്. സ്നേഹവും കരുതലും നൽകി പരിചരിക്കേണ്ട മക്കൾക്ക് പകരം വരുന്നത് ശമ്പളത്തിന് വേണ്ടി ജോലി ചെയ്യുന്ന പരിചാരകരും, വല്ലപ്പോഴുമൊരിക്കൽ തങ്ങളുടെ തിരക്കുകൾ കുറയുമ്പോൾ വീഡിയോ കോളിൽ വരുന്ന മക്കളുമാണ്. അണുകുടുംബങ്ങൾ സ്വകാര്യതയും സ്വാതന്ത്ര്യവും നൽകുന്നുണ്ടെങ്കിലും,മാനസീകമായി വ്യക്തികളെ തമ്മിൽ അകറ്റുകയും, ബന്ധങ്ങളുടെ അരക്ഷിതാവസ്ഥക്കു കാരണമാകുകയും ചെയ്യുന്നു.
പ്രദേശങ്ങളിൽ നിന്ന് തിരക്കുള്ള നഗരങ്ങളിലേക്കോ, മറ്റു രാജ്യങ്ങളിലേക്കോ കുടിയേറുന്നതിനു പുറകിൽ ഭൗതീകമായ നേട്ടങ്ങൾ ലക്‌ഷ്യം വെക്കുന്നുണ്ടെങ്കിലും, അതിനു പുറകിൽ അദൃശ്യമായ ഒരു മാനസീക വേർപാടിന്റെ വേദന കൂടെ അടങ്ങിയിരിക്കുന്നു. സാമ്പത്തിക അവസരങ്ങൾ അല്ലെങ്കിൽ സുരക്ഷിതത്വം നൽകുന്നുവെന്ന വാഗ്ദാനമുണ്ടായാലും, ചിലപ്പോൾ ഇത് സ്വയം തിരിച്ചറിയാലിനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തുന്നു. തങ്ങൾ ശീലിച്ചു വന്ന ഭാഷക്കും, സാമൂഹികചുറ്റുപാടുകൾക്കും, വ്യക്തിബന്ധങ്ങൾക്കുമെല്ലാം ഒരു വിലങ്ങു തടിയായി കുടിയേറ്റം മാറുന്നു. പുതിയ ചുറ്റുപാടുകളിലേക്ക് ചെല്ലുമ്പോൾ , പലപ്പോഴും സ്വന്തം സംസ്കാരം അപരിഷ്‌കൃതമായും, അപരിചിതമായുമൊക്കെ അവർക്കു അനുഭവപ്പെടുന്നു, അത്തരത്തിലുള്ള സാഹചര്യത്തിൽ വിശ്വാസം മുതൽ, ആഹാരരീതികൾ വരെ തെറ്റിദ്ധരിക്കപ്പെടുകയോ, അവഗണിയപ്പെടുകയോ ചെയ്യുന്നു. ഇത്രയും നാൾ ചുറ്റിനുമുണ്ടായിരുന്ന ബന്ധുബലമില്ലാതെ, നിത്യ ജീവിതത്തിലെ മാനസീക പിരിമുറുക്കങ്ങളിൽ അവര്ക് ഒട്ടും പരിചയമില്ലാത്ത ജീവിതസാഹചര്യങ്ങളിൽ കൂടെ അവർ കടന്നു പോകേണ്ടി വരുന്നു, ഭാഷയുടെയും, സാമൂഹിക ചുറ്റുപാടുകളുടെയും വ്യത്യാസങ്ങൾ അവരിൽ ഏകാന്തത കൂടുതൽ ശക്തിപ്പെടുന്നതിനു കാരണമാകുന്നു. പലരും അവരുടെ ബുദ്ധിമുട്ടുകൾ പ്രകടമാക്കാതെ ജീവിച്ചു പോരുന്നു. പുറമെ ശ്കതരും, സന്തോഷവാന്മാരുമായി തോന്നിച്ചാലും ഉള്ളിൽ അനുഭവപ്പെടുന്ന ഏകാന്തത, ഉത്കണ്ഠ, സമ്മർദം, മറ്റുപല മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു. പുതിയ ലോകത്തിന്റെ ഭാഗമാകാനോ പഴയതിലേക്ക് മടങ്ങാനോ കഴിയാതെ അവർ ബുദ്ധിമുട്ടുന്നു.
നോട്ടിഫിക്കേഷനുകളും ന്യൂസ്‌ഫീഡുകളും ആധിപത്യം സ്ഥാപിച്ച ഈ കാലഘട്ടത്തിൽ, സോഷ്യൽ മീഡിയ മാനുഷീക ബന്ധങ്ങളിൽ ഭ്രമം സൃഷ്ടിക്കുന്നു. പക്ഷേ യഥാർത്ഥ സൗഹൃദത്തിന്റെയോ ആത്മബന്ധത്തിന്റെയോ ആഴവും സത്യസന്ധതയും അതിൽ തീരെയുണ്ടാകില്ല. ഒരു വെർച്വൽ “ലൈക്ക്” അല്ലെങ്കിൽ കമന്റ് താൽക്കാലികമായി അംഗീകാരം ലഭിച്ചുവെന്നതിന്റെ സംതൃപ്തി നൽകുമെങ്കിലും , അത് യഥാർത്ഥ സംഭാഷണത്തിന്റെയു, ആഴമുള്ള ബന്ധത്തിന്റെയോ അനുഭവം നൽകില്ല. മറ്റുള്ളവർ തങ്ങളുടെ സാമൂഹിക മാധ്യമ പേജുകളിൽ പങ്കു വെക്കുന്ന ചിത്രങ്ങൾ ഉപയോക്താക്കൾ സ്ഥിരമായി അവരുടെ വിജയത്തിന്റെ, സന്തോഷത്തിന്റെ, സൗന്ദര്യത്തിന്റെ എഡിറ്റ് ചെയ്‌ത കാഴ്ചപ്പാടുകൾ ആയി പരിഗണിക്കുന്നു. ഇവയുമായുള്ള താരതമ്യം അപര്യാപ്തതയുടെ, മാനസിക ശൂന്യതയുടെ, ഏകാന്തതയുടെ മാനസികാവസ്ഥ കൂടുതൽ ശക്തമാക്കുന്നു. ഇതിനൊപ്പം, "ഡൂംസ്‌ക്രോളിങ്" എന്നത് നിരന്തരമായി നെഗറ്റീവ് വാർത്തകളും അസഹ്യമായ ഉള്ളടക്കങ്ങളും ആവർത്തിച്ച് കാണുന്നതിനും ഇത് മാനസിക ക്ഷീണത്തിന്റെയും സംവേദനാശൂന്യതയുടെയും കാരണവുമായി തീരുന്നു . സോഷ്യൽ മീഡിയ ഉടനടിയുള്ള അംഗീകാരവും, വ്യത്യസ്തവുമായ അനുഭവങ്ങളും തേടുന്നതിനുള്ള സ്വാധീനം തലച്ചോറിൽ ചെലുത്തുന്നു, അതിനാൽ സ്വയമായി, മറ്റുള്ളവരുമായും ആരോഗ്യകരമായ ബന്ധം നിലനിർത്താൻ കഴിയാതെ വരുന്നു. ആരംഭത്തിൽ മനുഷ്യരെ ബന്ധിപ്പിക്കാൻ ഉദ്ദേശിച്ചിരുന്ന സാമൂഹിക മാധ്യമം, ഇപ്പോൾ അര്‍ത്ഥവത്തായ മനുഷ്യബന്ധങ്ങളെ മാറ്റിസ്ഥാപിച്ച്, ഉപരിപ്ലവമായ ഇടപെടലുകളുടെയും, കൃത്രിമസാനിധ്യങ്ങളുടെയും അനുഭവങ്ങളിലേക്ക്ക്ക് നമ്മെ തള്ളിവിടുകയാണ്.
മാനസിക ഒറ്റപ്പെടൽ താൽക്കാലത്തേക്കുള്ള അനുഭവം മാത്രമല്ല, ഒരു പൊതുജനാരോഗ്യ ഭീഷണിയായി ശാസ്ത്രം തിരിച്ചറിഞ്ഞിരിക്കുന്നു. വിട്ടു മാറാത്ത ഏകാന്തത നിലനിൽക്കുമ്പോൾ അത് ജീവൻ തന്നെ അപഹരിക്കുന്ന തരത്തിലുള്ള ശാരീരിക, മാനസീക വെല്ലുവിളികൾ വ്യക്തികളിൽ സൃഷ്ടിക്കുന്നു. രോഗപ്രതിരോധശേഷി കുറയുന്നു, കൂടാതെ ശരീരത്തിൽ അണുബാധയും ആന്തരിക വേദനയും വർദ്ധിപ്പിക്കുന്നതായുള്ള 'ഇൻഫ്ലമേഷൻ' ഉയരുന്നു. ഇതിലൂടെ ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, വാര്ധക്യത്തിലുള്ളവർക്കു ഡിമെൻഷ്യ പോലുളള പ്രശ്ങ്ങൾക്ക് കാരണമാകുന്നു. ഏകാന്തത അനുഭവിക്കുന്നവർ ആൽക്കഹോളോ മയക്കുമരുന്നുകളോ വഴി മാനസിക ശൂന്യത നിറയ്ക്കാൻ ശ്രമിക്കുന്ന പതിവുണ്ട്, ഇത് പലപ്പോഴും ഉയർന്ന രീതിയിൽ ലഹരിസാധനങ്ങൾ ഉപയോഗിക്കുന്നതിലേക്കും, ആത്മഹത്യാശ്രമത്തിലേക്കുമൊക്കെ നയിച്ചേക്കാം. ഇവർക്ക് ചെറിയ ശാരീരിക അസ്വസ്ഥതകൾ പോലും കൂടുതൽ വേദനാജനകമാണ്, ദാരുണമായും തോന്നുന്നു. അതുപോലെ ഉറക്കത്തെയും ഇത് വലിയ തോതിൽ ബാധിക്കുന്നു. ശാരീരിക രോഗങ്ങൾ പോലെ ഗുരുതരമായ ലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും മാനസീക പ്രയാസം, മനസിനെ ഉള്ളിൽ നിന്നും തകർക്കുന്നു, അതേപോലെ ശരീരത്തെയും ക്ഷയിപ്പിക്കുന്നു. ഇതിനെ നേരത്തെ തന്നെ തിരിച്ചറിയാതെ പോവുകയാണെങ്കിൽ, അത് ജീവിതം തന്നെ നശിക്കുന്നതിനു ഇടയാക്കുന്നു.
അപ്രത്യക്ഷമായ വിട്ടുമാറാത്ത ഏകാന്തത എന്ന ഗുരുതര പ്രശ്നത്തെ നേരിടുക എന്നത് പരസ്പരമുള്ള മനസ്സിലാക്കലും, ആവശ്യമെങ്കിൽ ചികിത്സയും, വ്യക്തിപരമായുള്ള ശാക്തീകരണവും ചേർന്നുള്ള ഒരവസ്ഥയാണ്. പരസ്പരം കണ്ടുമുട്ടാനും, സൗഹൃദം, സ്നേഹം എന്നിവ പങ്കുവെക്കാവുന്ന ഇടങ്ങൾ, നടന്ന് പോകാവുന്ന പരിസരങ്ങൾ, പാർക്കുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവയിലൂടെ മാനുഷികബന്ധങ്ങൾക്ക് പുനരധിവാസം നൽകാൻ കഴിയും. ഇവ ആളുകൾ തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പരസ്പരമുള്ള ഇടപെടലിനും കാരണമാകുന്നു. ഇതിന്റെയെല്ലാ അടിസ്ഥാനം എന്ന് പറയുന്നത് മനസ്സ് തുറന്നു സംസാരിക്കുക, മുൻവിധികളില്ലാതെ കേൾക്കുക എന്നതാണ്. അത്തരത്തിൽ ഒരാളുടെ മാനസീക ബുദ്ധിമുട്ടുകൾ തുറന്നു പറയാനും, സഹാനുഭൂതി നിറഞ്ഞ സംഭാഷണങ്ങൾക്കുമായി ഇടം തയ്യാറാക്കുക. മാനസികാരോഗ്യ ജാഗ്രതയോടൊപ്പം, ഒറ്റപ്പെടലിന്റെ പ്രധാനപ്പെട്ട ഒരു പൊതുജനാരോഗ്യ പ്രശ്നമായി പരിഗണിക്കണം. അതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, ജോലിസ്ഥലങ്ങളിൽ, പൊതുപരിപാടികൾ തുടങ്ങിയവയിലൂടെ അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്.
വേഗത, വിജയം, സ്വയംപര്യാപ്തത തുടങ്ങിയവ മാനുഷീക നേട്ടങ്ങളുടെ പര്യായം ആകുമ്പോൾ വ്യക്തികളിലെ വിട്ടുമാറാത്ത ഒറ്റപ്പെടൽ ദൂരവ്യാപകമായ ഫലങ്ങൾ സൃഷ്ടിക്കുന്നു. കുടുംബഘടനകളിലെ മാറ്റങ്ങൾ, കഠിനമായ ജോലിയുടെയും കരിയറിന്റെയും സമ്മർദ്ദങ്ങൾ, കുടിയേറ്റം , ഡിജിറ്റൽ ബന്ധങ്ങളുടെ കൃത്രിമത്വം എന്നിവ ഉണ്ടാക്കിയ ഒറ്റപ്പെടൽ മനുഷ്യജീവിതത്തിന്റെ ഒട്ടുമിക്ക മേഖലകളെയും ബാധിച്ചിരിക്കുന്നു. ഇത് ശരീരത്തിനെ ക്ഷയിപ്പിക്കുകയും, മനസ്സിനെ അസന്തുലിതാവസ്ഥയിൽ എത്തിക്കുകയും, ആത്മാവിനെ നിശബ്ദമാക്കുകയും ചെയ്യുന്നു. എന്നാൽ ഇത് വ്യക്തിപരമായ പരാജയം അല്ല, മറിച് സമൂഹം സൃഷ്‌ടിച്ച ഒരവസ്ഥയാണ്. അതിനാൽ സഹാനുഭൂതിയോടെയുള്ള , ബോധപൂർവമായ ഇടപെടലുകൾ ഈ അവസ്ഥക്ക് മാറ്റം കൊണ്ടുവരാൻ സഹായിക്കുന്നു. സമൂഹബന്ധങ്ങളെ തിരിച്ചുപിടിക്കുക, മനസ്സുതുറന്ന സംഭാഷണങ്ങൾക്ക് വിലമതിക്കുക, മാനസികാരോഗ്യത്തെ പ്രാധാന്യത്തോടെ കാണുക, വ്യക്തിസൗഹൃദ തൊഴിലിടങ്ങളും, പൊതുസ്ഥലങ്ങളും നടപ്പിലാക്കുക എന്നീ പ്രവത്തനങ്ങൾ മനുഷ്യ ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിൽ ഫലപ്രദമാണ്. പരസ്പരം വീണ്ടും കേൾക്കാനും, കരുതാനും നാം തയ്യാറെടുക്കുമ്പോൾ , അതിലൂടെ സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ഉറപ്പാക്കുക മാത്രമല്ല, മനുഷ്യനായിരിക്കുക കൂടെയാണ് ചെയ്യുന്നത്.
Athma My Mind My Care�
Contact number: +91 90371 72850, +91 6238 098 221
Website- https://mymindmycare.com/
Mail ID: info@mymindmycare.com
facebook- https://www.facebook.com/mymindmycare
instagram- https://www.instagram.com/athmamymindmycare/
YouTube: https://youtube.com/