Ayurveda Thoughts

Ayurveda Thoughts Ayurveda Thoughts is a page, where I would like to share my Thoughts to Change the systems

13/02/2022
01/02/2022
28/01/2022
20/01/2022
08/12/2021
12/05/2020
10/04/2019

ആരും പറയാത്തത്
--------------------------
(ഇത് ആയുർവേദക്കാർക്കുള്ള പോസ്റ്റ്‌ ആണ് )
ആയുർവേദശാസ്ത്രത്തിന്റെ ഇന്നത്തെ അവസ്ഥയിൽ എന്നെപ്പോലുള്ളവർ ദുഃഖിതരാണ്. ആയുർവേദരംഗത്ത് ഒട്ടനവധി മേഖലകളിൽ പ്രവർത്തിക്കുന്ന അനേകം മനുഷ്യർക്ക് അഭയമാകേണ്ട ഈ ശാസ്ത്രം ഇന്ന് സങ്കടക്കടലിന്റെ നടുക്ക് ചുഴിയിൽ അകപ്പെട്ട് നട്ടം തിരിയുകയാണ്. ആധുനികലോകം നേടിയെടുത്ത സാങ്കേതിക മികവ് ആയുർവേദശാസ്ത്രത്തിലേക്ക് ഫലപ്രദമായി സന്നിവേശിപ്പിക്കാൻ കഴിയാത്തത് തന്നെയാണ് അതിൽ ഏറ്റവും വലിയ പോരായ്മ.
ആയുർവേദവിദ്യാർത്ഥി പഠിക്കേണ്ടിവരുന്ന ഗ്രന്ഥങ്ങളുടെ പേരുകേട്ടാൽ കിളി പോകും. അഷ്ടാംഗസംഗ്രഹം, സുശ്രുതം, ചരകം, മാധവനിദാനം എന്നിവക്കുപുറമെ Anatomy, physiology, prevantive &social medicine എന്നിവയെല്ലാം അതിൽ പെടും. ഹോ !മാരകം തന്നെ. എന്തിനാണിതെല്ലാം വാരിവലിച്ചു പഠിപ്പിക്കുന്നത്? ശരീരശാസ്ത്രസംബന്ധമായി Anatomy, physiology എന്നിവ മാത്രം പഠിപ്പിച്ചു അവയുമായി ബന്ധപ്പെട്ട് വരുന്ന സംസ്‌കൃതശാസ്ത്രീയ നാമങ്ങൾ ഇതോടൊന്നിച്ചു വിശദീകരിച്ചു കൊടുത്താൽ പോരെ?മേല്പറഞ്ഞ ഗ്രന്ഥങ്ങളിൽ ശരീരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വളരെ ആഴത്തിലും വ്യക്തമായും പ്രതിപാദിക്കുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ അതെല്ലാം മനസ്സിലാക്കുവാനും കണ്ടുപഠിക്കാനും കുട്ടികൾക്ക് അവസരവും ഉണ്ട്. അതിനിടയിൽ ആയുർവേദ "രചനാശാരീരം ","ക്രിയാശാരീരം "എന്നെല്ലാം പറഞ്ഞു കുട്ടികളെ പ്രതിസന്ധിയിലാക്കേണ്ട കാര്യമെന്ത്?
ഒരുദാഹരണം പറയാം. "ഓജസ്സ് "എന്നൊരു ഘടകത്തെ കുറിച്ച് ആയുർവേദം പറയുന്നു. അത് 8തുള്ളിയാണെന്നും അല്ല അഞ്ചലിപ്രമാണം (ഒരു കൈക്കുടന്ന )ആണെന്നും അഭിപ്രായവും ഉണ്ട്. ഓജസ്സിനെ കുറിച്ച് വലിയ രീതിയിലുള്ള വിവരണം തന്നെ ഗ്രന്ഥങ്ങളിൽ കാണുന്നു. വിസ്താരഭയത്താൽ എഴുതുന്നില്ല. വിചിത്രം എന്ന് പറയട്ടെ, എന്താണ് ഓജസ്സ് എന്നാർക്കും അറിഞ്ഞുകൂടാ. ഓജസ്സിനെ ശരീരത്തിലെ ഏതെങ്കിലും തത്വമായി ബന്ധപ്പെടുത്താൻ ആരും ശ്രമിച്ചിട്ടില്ല. കഴിഞ്ഞിട്ടുമില്ല. സപ്തധാതുക്കളുടെ പരമമായ തേജസ്സാണ് ഓജസ്സെന്നും, ഓജസ്സ് നശിച്ചാൽ നാം ഇല്ലാതാകും എന്നുമാണ് ശാസ്ത്രത്തിന്റെ കാഴ്ചപ്പാട്. അപ്പോഴതെന്തായിരിക്കും?
1)രക്തത്തിലെ ചുകന്ന രക്താണുക്കളെ നീക്കം ചെയ്‌താൽ കിട്ടുന്ന അല്പം മഞ്ഞയും ചുകപ്പും കലർന്ന പ്ലാസ്മയാണോ ഓജസ്സ്? ആയിരിക്കാൻ തരമില്ല. ആയിരുന്നെങ്കിൽ അത് 8തുള്ളിയോ ഒരു കൈക്കുടന്നയോ കണ്ടാൽ പോരാ.
2)നാഡീഞരമ്പുകളുടെ ആഗ്രഭാഗത്തു പ്രത്യേക സാഹചര്യങ്ങളിൽ ഉണ്ടാകുന്ന nor adrinalin, acetyl colin എന്നിവയാണോ അത്?
3)Hypothalamus ഉം pitutary gland ഉം ഉത്പാദിപ്പിക്കുന്ന സ്രവം ആയിരിക്കുമോ അത്?
4)നമുക്ക് കാണാൻ കഴിയാത്തതും എന്നാൽ ശരീരം മൊത്തം വ്യാപിച്ചു നിൽക്കുന്നതുമായ രോഗപ്രതിരോധ ശക്തിയാണോ ഓജസ്സ്?
5)അതോ ശരീരത്തിലെ പല അവയവങ്ങളും പല സന്ദർഭങ്ങളിലായി ഉത്പാദിപ്പിക്കുന്ന പലവിധ സ്രവങ്ങളെ സാമാന്യവത്കരിച്ചുകൊണ്ട് പറയുന്ന പേരാണോ ഓജസ്സ്?
അതൊന്നും നമുക്കറിഞ്ഞുകൂടാ. ഇനിയുമുണ്ട് രസകരമായ കാര്യങ്ങൾ. ആയുർവേദം "ത്രിദോഷ "സിദ്ധാന്തത്തിൽ അധിഷ്ഠിതമാണ്. a)വാതം b)പിത്തം c)കഫം എന്നിവയാണ് ത്രിദോഷങ്ങൾ. അതുകൂടാതെ a)രസം (അന്നസാരം )b)രക്തം c)മാംസം d)മേദസ്സ് e)അസ്ഥി f)മജ്ജ g)ശുക്ലം എന്നിങ്ങനെ സപ്തധാതുക്കളെ കുറിച്ചും ആയുവേദം പറയുന്നു. ദോഷങ്ങളും ധാതുക്കളും വർധിച്ചാലും ക്ഷയിച്ചാലും അത് രോഗാവസ്ഥയാണ്. എന്നാൽ ഓജസ്സിന് അത്തരം ഒരു അവസ്ഥ അതായത് ഓജസ്സിന്റെ സാധാരണനിലയിൽ നിന്നും വിട്ട് വർധിക്കുന്ന ഒരു അവസ്ഥയെ കുറിച്ച് ശാസ്ത്രം പറഞ്ഞുകാണുന്നില്ല.
1)8തുള്ളിയായിരിക്കേണ്ട ഓജസ്സ് പെട്ടന്ന് 20 തുള്ളിയായി കൂടുമോ? അങ്ങനെ കൂടിയാൽ അയാൾ രോഗിയായി തീരുമോ? അതോ അയാളുടെ ആരോഗ്യം കൂടുമോ?
2)മൃഗങ്ങളിൽ ഓജസ്സ് ഉണ്ടോ? ഉണ്ടെങ്കിൽ അതിന്റെ അളവും 8തുള്ളി ആണോ?
3)ഓജസ്സിന് വിസ്രസം, വ്യാപത്ത്‌, ക്ഷയം എന്നിങ്ങനെ മൂന്ന് അവസ്ഥകൾ ഉള്ളതായി ശാസ്ത്രം പറയുന്നു. എന്നാൽ ഓജസ്സ് വർധിക്കുന്ന ഒരു അവസ്ഥ ശാസ്ത്രം പറഞ്ഞു കാണുന്നുമില്ല. അങ്ങനെയെങ്കിൽ ഈ മൂന്നും ഓജക്ഷയമായി കണ്ടാൽ പോരെ?
4)ധാതുക്കളുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്ന് നമുക്കറിയാം. താരതമ്യേന ഉയരവും തൂക്കവും കൂടുതൽ ഉള്ളവരിൽ ധാതുക്കളുടെ അളവ് കൂടിയിരിക്കും. ഇപ്രകാരം ഒരു വ്യത്യാസം ഓജസ്സിനുണ്ടോ? അതോ ഈ വ്യത്യാസങ്ങൾ ഒന്നും ബാധകമല്ലാത്ത വിധം ഓജസ്സിന്റെ അളവ് എല്ലാവരിലും 8 തുള്ളി തന്നെയാണോ?
സത്യത്തിൽ ഈ ചോദ്യങ്ങൾ ഉന്നയിച്ചത് ഉത്തരം കിട്ടുവാനല്ല. അതിന്റെ ആവശ്യം ഇല്ലതാനും. അതുതന്നെയാണ് എനിക്ക് പറയുവാനുള്ളത്. നമുക്ക് കാണുവാനോ, ശരീരത്തിലെ ഏതെങ്കിലും ഘടകവുമായി താരതമ്യപ്പെടുത്തുവാനോ, ചികിത്സയിൽ കാര്യമായ പ്രയോജനമോ ഇല്ലാത്ത ഓജസ്സിനെ കുറിച്ച് ഇത്രയും ആഴത്തിൽ പഠിപ്പിക്കേണ്ടതുണ്ടോ? ഓജസ്സ് എന്നൊരു തത്വത്തെ കുറിച്ച് ആചാര്യൻ പറയുന്നു എന്ന് ഒറ്റവാക്കിൽ പറയേണ്ട കാര്യമേയുള്ളൂ. പറഞ്ഞുവന്നാൽ ത്രിദോഷങ്ങളും സാങ്കല്പിക കഥാപാത്രങ്ങൾ തന്നെ (hypothesis ). എന്നാൽ ഓജസ്സിനെക്കാൾ കുറേക്കൂടെ മെച്ചപ്പെട്ട രീതിയിൽ ത്രിദോഷങ്ങളെ ശാസ്ത്രം വിശദീകരിക്കുന്നുണ്ട്. മാത്രമല്ല അവയുടെ ഏറ്റക്കുറച്ചിലുകൾ ശരീരത്തിൽ ഉണ്ടാക്കുന്ന പല തരത്തിലുള്ള അവസ്ഥകൾ, വൈഷമ്യങ്ങൾ നമുക്ക് ലക്ഷണങ്ങളിലൂടെ മനസ്സിലാക്കുവാനും കഴിയും. അവ സാങ്കല്പിക കഥാപാത്രങ്ങൾ ആണെങ്കിലും അവയെ അവഗണിക്കാൻ നമുക്ക് കഴിയുകയില്ല. എന്നാൽ ത്രിദോഷങ്ങൾ ശരീരവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു അല്ലെങ്കിൽ അവയെ ശരീരത്തിലെ ഏതെല്ലാം ഘടകങ്ങളുമായി താരതമ്യപ്പെടുത്താം എന്നിങ്ങനെയുള്ള കാര്യങ്ങൾ ഒന്നും തന്നെ ശാസ്ത്രം പറഞ്ഞു കാണുന്നില്ല. അതിനാൽ തന്നെ ശരീരവുമായി ഒരു നിലക്കും ബന്ധപ്പെടാത്ത മറ്റേതോ തലത്തിൽ നിൽക്കുന്ന തത്വങ്ങൾ ആയാണ് ത്രിദോഷങ്ങൾ വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുന്നത്. അതുകൊണ്ട് പഠിതാവിന് എന്താണ് ഗുണം. ത്രിദോഷങ്ങൾ, പഞ്ചഭൂതങ്ങൾ എന്നിവയെ കുറിച്ച് രണ്ടു പോസ്റ്റുകൾ ഞാൻ എന്റെ പ്രൊഫൈലിൽ എഴുതി. ത്രിദോഷങ്ങൾ എന്താണെന്ന് അറിഞ്ഞില്ലെങ്കിലും ചികിതസിക്കാൻ ഒരു പ്രശ്നവുമില്ലെന്ന് ആയുർവേദസമൂഹത്തിലെ ചിലർ നിലപാടെടുത്തപ്പോൾ ഇതിലൊന്നും പെടാത്ത വേറെ ചിലർ വളരെ ക്രിയാത്മകമായി അതിനോട് പ്രതികരിച്ചു എന്നതാണ് കാര്യം. എന്നെ എതിർത്തവരും അനുകൂലിച്ചവരും ഒക്കെയുണ്ടായിരുന്നു. പക്ഷെ അത്തരം കമന്റുകളെയെല്ലാം സമഭാവനയോടെ മാത്രമേ കാണാറുള്ളൂ. ഞാൻ എഴുതിയത് കുറ്റമറ്റതാണ് എന്നോ പൂർണമാണെന്നോ ഉള്ള അവകാശവാദം എനിക്കില്ല. പക്ഷെ എന്നെ അമ്പരപ്പിച്ച ഒരു കാര്യം പറയാം. ഇതരവൈദ്യശാസ്ത്രശാഖകളിൽ പെട്ട ചില വ്യക്തികൾ വാട്സ്ആപ്പിലൂടെയും, ഫോണിലൂടെയും എന്നെ വിളിക്കുകയും ത്രിദോഷങ്ങൾക്ക് ഞാൻ കൊടുത്ത വ്യാഖ്യാനത്തെ അഭിനന്ദിക്കുകയും ചെയ്തു എന്നതാണ്. അതിന്റെ കാരണം എനിക്ക് തോന്നുന്നതിപ്രകാരം ആണ്. ആയുർവേദത്തിന്റെ അടിസ്ഥാനസിദ്ധാന്തം ത്രിദോഷങ്ങൾ ആണ് എന്ന് മിക്കവർക്കും അറിയാം. വാതം, പിത്തം, കഫം. എന്തോന്ന് വാതം, പിത്തം, കഫം? ഇതായിരുന്നു പൊതുസമൂഹത്തിന്റെ നിലപാട്. എന്നാൽ അതങ്ങനെ അല്ലെന്നും, ത്രിദോഷങ്ങളെ മനുഷ്യശരീരത്തിലെ ചില തത്വങ്ങളുമായി വളരെ ഫലപ്രദമായി ഇഴചേർക്കാൻ കഴിയും എന്ന ചിന്ത ഈ പോസ്റ്റുകളിലൂടെ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ചിലർക്കെങ്കിലും ഉണ്ടായി എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. വാസ്തവം പറഞ്ഞാൽ അങ്ങനെ ഒരു impact ഞാൻ പ്രതീക്ഷിച്ചില്ല. കാരണം ആയുർവേദക്കാരെ മാത്രം ഉദ്ദേശിച്ചുകൊണ്ട് ഇട്ട പോസ്റ്റുകളായിരുന്നു അവ.
ആയുർവേദവിദ്യാർത്ഥികൾക്ക് പഠിക്കുവാൻ ഏറ്റവും ശ്രേഷ്ഠമായ ഗ്രന്ഥം "അഷ്ടാംഗഹൃദയം "തന്നെയാണ്. ഏവർക്കും ഹൃദ്യസ്ഥമാക്കാൻ കഴിയും വിധം വളരെ ലളിതമായി ശ്ലോകരൂപത്തിലാണ് അത് എഴുതപ്പെട്ടിട്ടുള്ളത്. അഷ്ടാംഗസംഗ്രഹത്തെ വീണ്ടും ചുരുക്കിയതാണ് ഹൃദയം. അതിൽത്തന്നെ ആവശ്യമില്ലാത്ത ഒരു വരിയെങ്കിലും ഉണ്ടെങ്കിൽ അതുപോലും എടുത്തുമാറ്റണം.
രോഗങ്ങളെക്കുറിച്ചു ആധുനികശാസ്ത്രത്തിന്റെ വെളിച്ചത്തിൽ വളരെ ആഴത്തിലുള്ള പഠനം തന്നെ വേണം. ഒരു ആയുവേദഡോക്ടർ രോഗികളെ ചികിത്സിക്കേണ്ടത് ഇന്നത്തെ സാഹചര്യങ്ങൾക്ക് അനുരൂപമായി വേണം എന്ന ബോധ്യം ആയുർവേദതമ്പുരാക്കന്മാർക്കുണ്ടാകണം. അതോടൊപ്പം തന്നെ രോഗങ്ങളെ ത്രിദോഷങ്ങളുടെ കേവലസംസർഗ്ഗസന്നിപാതകോപങ്ങളെ ബന്ധപ്പെടുത്തി പഠിപ്പിക്കുകയും വേണം.
എന്നാൽ ചികിത്സയുടെ കാര്യം വരുമ്പോൾ എനിക്ക് മറ്റൊരു രീതിയാണ് പറയാനുള്ളത്. ഇന്ന് മാർകറ്റിൽ ഔഷധങ്ങളുടെ ബാഹുല്യം ഭയാനകമാണ്. ഏതു വൈദ്യസമ്പ്രദായം ആയാലും അക്കാര്യത്തിൽ മാറ്റമൊന്നുമില്ല. ഔഷധങ്ങളെ നാം കഴിക്കുന്നതിനു പകരം ഔഷധങ്ങൾ നമ്മെ വിഴുങ്ങുന്ന സാഹചര്യം ആണ് കാണുന്നത്. അതിന് കാരണം എന്താണ് ചികിത്സ?, എന്തിനാണ് ചികിത്സ?, എങ്ങിനെയാണ് ചികിത്സ? എന്നൊന്നും നമുക്കറിയാത്തതുകൊണ്ടാണ്. നോക്കൂ സുഹൃത്തുക്കളെ, നമ്മുടെ ശരീരത്തിലെ ജീവനീയങ്ങളായ സകല കർമ്മങ്ങളും അനുനിമിഷം നിറവേറ്റിക്കൊണ്ടിരിക്കുന്നത് "രക്തം "എന്ന ധാതു മാത്രമാണ്. അതിനാൽ രക്തത്തെ ശുദ്ധീകരിക്കുക, വീര്യവത്താക്കുക, ആരോഗ്യമുള്ള രക്താണുക്കളുടെ വർദ്ധനവുണ്ടാക്കുക എന്നീ മൂന്ന് കാര്യങ്ങൾ ആണ് അടിസ്ഥാനപരമായ ചികിത്സ.രോഗാവസ്ഥക്കനുസരിച്ചുള്ള ഔഷധങ്ങളെ കൊടുക്കുമ്പോഴും ഈ അടിസ്ഥാനചികിത്സയെ മറക്കാതിരിക്കുക. ചുരുങ്ങിയ പക്ഷം മാരകരോഗങ്ങളിലെങ്കിലും. ഇക്കാര്യങ്ങളെ കുറിച്ചെല്ലാം വളരെ ആഴത്തിൽ "ഹം കിസി സെ കം നഹീം "എന്ന എന്റെ പോസ്റ്റിൽ ഞാൻ കുറിച്ചിട്ടുള്ളതിനാൽ വീണ്ടും എഴുതി ബോറടിപ്പിക്കുന്നില്ല.
ശരീരത്തിലെ കോശങ്ങളെ ഉൾപ്പടെയുള്ള സകലമാന തത്വങ്ങളെയും പരസ്പരം ബന്ധിപ്പിച്ചു നിറുത്താൻ രക്തം എന്ന ഘടകത്തിന് കഴിയുന്നുണ്ടെങ്കിൽ ലോകത്തുള്ള സകലമാന ആരോഗ്യശാസ്ത്രങ്ങളെയും പരസ്പരം ബന്ധിപ്പിച്ചു നിറുത്താനും രക്തം എന്ന ഈ ഘടകം മാത്രം മതി. അതിന്റെ മഹനീയമായ പ്രവർത്തനങ്ങളെ നിരാകരിക്കാൻ ഒരു വൈദ്യശാസ്ത്രസമ്പ്രദായത്തിനും കഴിയുകയുമില്ല. അതിനാൽ രക്തത്തെ പ്രഥമഗണനീയമായ സ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ടും ത്രിദോഷങ്ങളെ അതിന് തൊട്ടുതാഴെ നിൽക്കുന്ന തത്വങ്ങളായി കരുതിക്കൊണ്ടും നൂതനമായ ഒരു ആരോഗ്യദർശനം ഉയർന്നു വരേണ്ടതുണ്ട്. കാണുവാനും, തൊട്ടുനോക്കുവാനും, രുചിച്ചുനോക്കുവാനും, മണത്തുനോക്കുവാനും, പരീക്ഷിച്ചറിയാനും, പരീക്ഷണങ്ങൾ ചെയ്തുനോക്കുവാനും കഴിയുന്ന രക്തധാതു ചില്ലറസംഭവമല്ല. ജീവന്റെ ഉറവിടം ഒന്നായതിനാൽ ചികിത്സയും ഒന്നേയുള്ളൂ. ഒന്നേ പാടുള്ളൂ. എന്താ അങ്ങനെയല്ലേ? നമുക്ക് വരുന്ന സകലമാന രോഗങ്ങൾക്കുമുള്ള ഔഷധങ്ങൾ സസ്യങ്ങളുടെ രൂപത്തിലും ധാതുലവണങ്ങളുടെ രൂപത്തിലും ഈശ്വരൻ സൃഷ്ടിച്ചിട്ടുണ്ട്. മനുഷ്യനിർമിതമായവ എന്തായാലും അവയോളം വരില്ല. "ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത് ".പക്ഷെ നാം അവയെ കാലാനുസൃതമായും, ഫലപ്രദമായും, ആപൽരഹിതമായും ഉപയോഗിക്കുവാൻ പഠിക്കണം. രോഗങ്ങൾക്ക് താത്കാലിക ഉപശാന്തി തരികയും എന്നാൽ കാലാന്തരത്തിൽ നമ്മെ രോഗികളാക്കി കൊന്നുകളയുകയും ചെയ്യുന്ന ഔഷധങ്ങളെ വലിച്ചെറിഞ്ഞു കളയുക തന്നെ വേണം.
മധുരം, കയ്പ്, ചവർപ്പ്, preservative ഉകൾ എന്നിവ ഔഷധങ്ങളിൽ നിന്നും പാടെ ഒഴിവാക്കേണ്ടതുണ്ട്. വളരെ എളുപ്പത്തിൽ കഴിക്കാവുന്നതും, കൊണ്ടുനടക്കാവുന്നതും, ഒട്ടുംതന്നെ പാർശ്വഫലങ്ങൾ ഇല്ലാത്തതും, എന്നാൽ ഏറ്റവും ഫലപ്രദവുമായ രൂപത്തിലേക്ക് ആയുർവേദ ഔഷധങ്ങളെ മാറ്റേണ്ടതുണ്ട്. വായ് തുറക്കുവാനോ, അനങ്ങുവാനോ കഴിയാതെ, അല്ലെങ്കിൽ അബോധാവസ്ഥയിൽ കഴിയുന്ന രോഗികളിലേക്ക് നമ്മുടെ ഔഷധങ്ങളെ എത്തിക്കുവാൻ യാതൊരു മാർഗ്ഗവും ഇന്നില്ല. ആയുർവേദ ഔഷധങ്ങളെ ഇൻജെക്ഷൻ ആയും ഡ്രിപ് ആയും മാറ്റേണ്ടത് അനിവാര്യമാണ്. ചില മരുന്ന് നിർമ്മാതാക്കൾ അപ്രകാരം ചെയ്തതായി കേട്ടിട്ടുണ്ട്. പക്ഷെ അവയൊന്നും മാർകറ്റിൽ പിടിച്ചുനിന്നില്ല. ഗുണനിലവാരത്തിൽ കുറവായിരുന്നു എന്ന് പറയാമെങ്കിലും ആയുവേദസമൂഹത്തെപ്പോലും വിശ്വാസത്തിൽ എടുക്കാൻ അവർക്ക് കഴിഞ്ഞില്ല എന്നാണെന്റെ പക്ഷം. എന്നാൽ ആയുർവേദസമൂഹത്തെ മാത്രമല്ല ആരോഗ്യശാസ്ത്രങ്ങളെ മുഴുവനായും വിശ്വാസത്തിൽ എടുക്കാൻ നമുക്ക് കഴിയണം. ഇതരവൈദ്യശാസ്ത്രസംബ്രദായങ്ങളിൽ ഉള്ളവരും നമ്മുടെ ഔഷധങ്ങൾ ഉപയോഗിച്ചേക്കും. ഉപയോഗിക്കട്ടെ. അതല്ലേ വേണ്ടത്. അപ്പോഴല്ലേ ആയുർവേദത്തിന്റെ മഹത്വം ലോകം തിരിച്ചറിയൂ. പാർശ്വഫലങ്ങൾ ഇല്ലാത്തതും അമൃതിന് തുല്ല്യവുമായ ആയുർവേദ ഔഷധങ്ങളുടെ നന്മ ലോകത്തെ അറിയിക്കാതിരിക്കുന്നതല്ലേ വലിയ അപരാധം?കേരളം എന്ന ഈ ഇട്ടാവട്ടം സ്ഥലത്തുകിടന്നു തിരിഞ്ഞിട്ട് എന്ത് കിട്ടാനാണ്?
ശല്യതന്ത്രം (സർജറി )MD കഴിഞ്ഞ കുറെ പേർ ഉണ്ട്. പക്ഷെ സ്വന്തം നിലക്ക് ഒരു ഓപ്പറേഷൻ തീയേറ്റർ സജ്ജീകരിച്ചു ഒരു കുരു കീറി തുന്നിക്കെട്ടാൻ കഴിവുള്ള എത്ര പേർ ഉണ്ട്? ഒരു ശലാഘ എടുത്തു തീയിൽ പഴുപ്പിച്ചു അരിമ്പാറയിൽ വക്കുക, കുറച്ചു ക്ഷാരം എടുത്ത് അരിമ്പാറയുടെ മുകളിലും താഴെയും വക്കുക, വൃണത്തിൽ അട്ടയെ പിടിപ്പിക്കുക, തീർന്നു നമ്മുടെ സർജറി. ഇതിനു വേണ്ടിയാണ് ഒരു ആയുർവേദ വിദ്യാർഥി തന്റെ ജീവിതത്തിലെ നിർണായകമായ മൂന്ന് വർഷങ്ങൾ ഹോമിക്കുന്നത്. ശസ്ത്രക്രിയ എന്ന ചികിത്സാരീതിയെ വിജയകരമായി പ്രാവർത്തികമാക്കുകയും, സർവാത്മനാ പിന്തുണക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്ത ലോകത്തിലെ ഏക പുരാതന വൈദ്യശാസ്ത്രമാണ് ആയുർവേദം എന്നോർക്കണം. ശുശ്രുതാചാര്യൻ ശസ്ത്രക്രിയയിൽ അഗ്രഗണ്യനായിരുന്നു എന്ന് ശാസ്ത്രവും ചരിത്രവും പറയുന്നു. ആ ശാസ്ത്രത്തിന്റെ പിന്മുറക്കാരാണ് നാം. ഇന്ന് ശാസ്ത്രക്രിയാരംഗത്ത് കുലപതികൾ എന്നവകാശപ്പെടുന്ന ആധുനിക വൈദ്യശാസ്ത്രം അന്ന് ജനിച്ചിട്ടില്ല എന്ന് മാത്രമല്ല ബീജാപാവം പോലും സംഭവിച്ചിട്ടില്ല. ശസ്ത്രക്രിയാരംഗത്ത് ആയുർവേദത്തിന്റെ ദയനീയാവസ്ഥയെക്കുറിച്ചു ഇതിൽ കൂടുതൽ എന്ത് പറയാനാണ്. നിങ്ങൾ നിങ്ങളുടെ ആന്റിബയോട്ടിക്‌സ്, വേദനാസംഹാരികൾ, അനസ്‌തേഷ്യ എന്നിവ ഞങ്ങൾക്ക് തരുമോ? ഞങ്ങളും സർജറി ചെയ്യട്ടെ എന്നാണ് നാം പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാൽ മേല്പറഞ്ഞവ ഉപയോഗിച്ച് സർജറി ചെയ്യാൻ ഞങ്ങൾക്കറിയാം. അതിനു നിങ്ങളുടെ സഹായം എന്തിനാണ് എന്ന മറുചോദ്യം ആണവർ ചോദിക്കുന്നത്. അതിനു പ്രത്യുത്തരിക്കാൻ നമുക്ക് കഴിയുന്നില്ല. ശസ്ത്രക്രിയാരംഗത്തേക്ക് ആനുകാലിക ആയുർവേദത്തിന്റെ സംഭാവന എന്തെന്ന് ചോദിച്ചാൽ "വട്ടപ്പൂജ്യം "ആണ്. പ്രിയ സുഹൃത്തുക്കളെ ഇതൊരു കൊടുക്കൽ വാങ്ങൽ രീതിയാണ്. ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ?
നമുക്ക് പല്ലുവേദന വന്നാൽ നാം എന്താണ് ചെയ്യുക? ക്ളോവ് ഓയിൽ വാങ്ങി അതിൽ പഞ്ഞി മുക്കി പല്ലിനിടയിൽ വക്കും. ആ ഭാഗം തരിക്കുകയും കുറെ സമയത്തേക്ക് നമുക്ക് വേദന അറിയാതിരിക്കുകയും ചെയ്യും. നനവുള്ള സ്ഥലങ്ങളിൽ എന്റെ ചെറുപ്പകാലത്ത് കാതിപ്പൂ പോലെ മഞ്ഞ നിറത്തിൽ ഒരുതരം കൊച്ചു പൂവ് ഞാൻ കണ്ടിട്ടുണ്ട്. പേര് ഓർക്കുന്നില്ല. ഈ പൂ കടിച്ചാലും ഇതേ അനുഭവം ഉണ്ടാകാറുണ്ട്. ചക്കരക്കൊല്ലി പ്രമേഹത്തിന് ഏറ്റവും നല്ല ഔഷധം ആണെന്ന് പറയുന്നു. എന്നാൽ ചക്കരക്കൊല്ലി കഴിച്ചാൽ മധുരം മാത്രമല്ല മറ്റ് രസങ്ങൾ ഒന്നും തന്നെ അറിയില്ല. എന്നുവച്ചാൽ അത്‌ കുറച്ചു സമയത്തേക്ക് നമ്മുടെ നാഡികളെ മരവിപ്പിക്കുകയും നമുക്ക് സ്വാദ് അനുഭവപ്പെടാതിരിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള സസ്യങ്ങളിൽ നിന്നും ലോക്കൽ അനസ്തെഷ്യ ഉണ്ടാക്കി എടുക്കാൻ കഴിയുമോ എന്ന് ശ്രമിക്കാവുന്നതല്ലേ?
മയക്കമുണ്ടാക്കുകയും, ഉറക്കമുണ്ടാക്കുകയും ചെയ്യുന്ന അനേകം മരുന്നുകൾ നമുക്കുണ്ട്. കറുപ്പും, കഞ്ചാവും, സോമലതയും ഒക്കെ അതിൽ പെടും. ഒരു കാലത്ത് കറുപ്പിൽ നിന്നും എടുക്കുന്ന മോർഫിൻ ആണ് ആധുനിക വൈദ്യശാസ്ത്രം ബോധം കെടുത്താനായി ഉപയോഗിച്ചിരുന്നത്. ഇപ്പറയുന്നവയിൽ നിന്നും ജനറൽ അനസ്തേഷ്യ ഉണ്ടാക്കാൻ ശ്രമിക്കാത്തതെന്ത്? ആൻറ്റിബയോട്ടിക് ആയും വേദനാസംഹാരിയായും ഉപയോഗിക്കാവുന്ന അനവധി മരുന്നുകൾ ആയുർവേദത്തിലും സിദ്ധവൈദ്യത്തിലും ഉണ്ട്. പക്ഷെ അവയൊന്നും ഇന്നത്തെ രീതിയിൽ ഉപയോഗിച്ചാൽ ഇപ്പറയുന്ന ആവശ്യങ്ങളെ നിറവേറ്റാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ മേല്പറഞ്ഞവ പ്രാവർത്തികമാക്കാൻ കഴിഞ്ഞാലോ അത്യാഹിതവിഭാഗവും സർജിക്കൽ വാർഡും ഒക്കെയുള്ള ആയുർവേദ ആശുപത്രി യാഥാർഥ്യമാക്കുവാൻ കഴിയും. സ്വപ്‌നങ്ങൾ കാണുവാനും മുകളിലേക്ക് പറന്നുയരുവാനുമുള്ള ആഗ്രഹമാണ് നമുക്കുണ്ടാകേണ്ടത്. പക്ഷെ നമുക്ക് അതൊന്നുമില്ല. വേനൽക്കാല രോഗങ്ങൾ, മഴക്കാലരോഗങ്ങൾ, ജീവിതശൈലീരോഗങ്ങൾ, സുഖചികിത്സ, അവാർഡുകൾ എന്നിവയൊക്കെയാണ് നമ്മുടെ അജണ്ടയിലുള്ളത്. വെറും തൊലിപ്പുറമെയുള്ള ചികിത്സ. സ്വസ്ഥനെ കുറിച്ചാണ് നമുക്ക് വേവലാതി. ആതുരനെക്കുറിച്ചു ഒരു ആകുലതയും നമുക്കില്ല. അതിനു വേറെ ആമ്പിള്ളേർ ഉണ്ടല്ലോ. പിന്നെ അവാർഡുകൾ. ധന്വന്തരി അവാർഡ്, പതഞ്ജലി അവാർഡ്, ആത്രേയ അവാർഡ്, സമഗ്രസംഭാവനക്കുള്ള അവാർഡ്. എന്റെ പൊന്നേ ബോധം പോകും. കുറച്ചു വാതരോഗങ്ങളെയും ത്വക്ക് രോഗങ്ങളെയും ചികിത്സിക്കുവാനുള്ള സംവിധാനം ആണ് ആയുർവേദം എങ്കിൽ പഠനകാലാവധി 51/2 വർഷം എന്നത് ഒന്നോ ഒന്നരയോ ആക്കി ചുരുക്കുന്നതാണ് നല്ലത്. എന്തിനാണ് വെറുതെ 5കൊല്ലം പാഴാക്കുന്നത്. സമൂഹത്തിൽ കടന്നുവരുന്ന ആരോഗ്യപ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും ഔഷധങ്ങൾ കൊണ്ടോ ശസ്ത്രക്രിയ വേണ്ടിടത്ത് ആ രീതി കൊണ്ടോ പരിഹാരം കണ്ടുകൊണ്ട് മുന്നോട്ട് പോകാൻ കഴിയുമ്പോൾ മാത്രമേ ഒരു ശാസ്ത്രം സമ്പൂർണ ആരോഗ്യശാസ്ത്രമായി മാറുന്നുള്ളൂ.
അതുപോലെ നാം ഉപയോഗിക്കുന്ന അതേ ഔഷധങ്ങൾ മൃഗങ്ങൾക്കും ഉപയോഗിക്കാം. എന്റെ ഗുരുനാഥനായ മോഹനൻ വൈദ്യർ (അദ്ദേഹം ജീവിച്ചിരിപ്പില്ല )വീട്ടിൽ വളർത്തിയിരുന്ന നായ്ക്കും, ആടുകൾക്കും ഇതേ ഔഷധങ്ങൾ തന്നെയാണ് കൊടുത്തിരുന്നത്. ഔഷധങ്ങൾ തയ്യാറാക്കുമ്പോൾ കേടായാൽ ഒരിക്കലും പുറത്തേക്ക് കളയരുത് എന്നാണ് അദ്ദേഹം പറയാറ്. നിങ്ങൾ താമസിക്കുന്ന തൊടിയിൽ തന്നെ അത് വിതറിയിടണം എന്ന് പറയും. മണ്ണിനെ ശുദ്ധീകരിക്കാനും ഫലഭൂയിഷ്ഠമാക്കാനും ഔഷധങ്ങൾക്ക് കഴിവുണ്ടെന്ന് സാരം. അതുപോലെ ജൈവകീടനാശിനികളും ജൈവവളങ്ങളും ധാരാളമായി ഉണ്ടാക്കിയെടുത്താൽ ബഡിങ്, ഗ്രാഫ്റ്റിങ് പോലുള്ള സസ്യപ്രജനന പ്രക്രിയകൾ ചെയ്യാമല്ലോ. ആയുർവേദ രീതിയിലുള്ള മൃഗസംരക്ഷണവകുപ്പും, കാർഷികവകുപ്പും പ്രാവർത്തികമാക്കാൻ എന്താണ് ബുദ്ധിമുട്ട്?അതുപോലെ ദന്തസംരക്ഷണത്തിന് ഉപയോഗിക്കാവുന്ന അനേകവിധ പാൽപൊടികളും, റ്റൂത് പേസ്റ്റുകളും നമുക്കുണ്ട്. ഒരു കാലത്ത് ആചാര്യന്മാർ "സുർക്കി "ഉപയോഗിച്ച് പല്ലിലെ ദ്വാരങ്ങൾ അടച്ചിരുന്നതായി പറയുന്നു. ചുണ്ണാമ്പും ശർക്കരയും ഒരു പ്രത്യേക അനുപാതത്തിൽ കൂട്ടി ചേർക്കുന്ന ഒരു മിശ്രിതമാണ് സുർക്കി എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. സിമന്റിനെക്കാളും നൂറുമടങ്ങു ഉറപ്പാണത്രെ അതിനു. എന്റെ അറിവ് ശരിയാണെങ്കിൽ ഭാരതത്തിന്റെ പ്രഗൽഭനായ എഞ്ചിനീയർ വിശ്വേശ്വരയ്യ കർണാടകത്തിലെ വൃന്ദാവൻ അണക്കെട്ട് നിർമിച്ചത് സുർക്കി കൊണ്ടാണ്. എന്തിന് ഇത്രയേറെ പ്രളയവും കോലാഹലങ്ങളും ഒക്കെയുണ്ടായിട്ടും മുല്ലപ്പെരിയാർ അണക്കെട്ട് വലിയ പ്രശ്നമില്ലാതെ നിലനിൽക്കുന്നത് സുർക്കിയുടെ ബലത്തിൽ മാത്രമാണ്. നല്ല രീതിയിൽ ശുദ്ധിചെയ്ത് തയ്യാറാക്കുന്ന സുർക്കി ഉപയോഗിച്ച് പല്ലിന്റെ ദ്വാരം അടക്കാൻ ശ്രമിച്ചാൽ എന്താണ് പ്രശ്നം?ഒരു ആയുർവേദ ഡെന്റൽ കോളേജ് അസാധ്യമായ കാര്യമൊന്നുമല്ല. അതിമോഹം എന്ന് ചിലരെങ്കിലും മനസ്സിൽ പറയുന്നുണ്ടാകാം. പക്ഷെ ആത്മാർത്ഥമായി പരിശ്രമിച്ചാൽ ഇതെല്ലാം നടപ്പിലാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇക്കാര്യങ്ങളെല്ലാം വളരെ വിസ്തരിച്ചു "സ്വപ്‌നങ്ങൾ പൂവണിയട്ടെ "എന്ന എന്റെ പുസ്തകത്തിൽ ഞാൻ എഴുതിയിട്ടുണ്ട്. പക്ഷെ അതെല്ലാം ഇത്രയും ചെറിയ സ്ഥലത്ത് എഴുതുക പ്രയാസം ആയതിനാൽ നിറുത്തട്ടെ. നന്ദി. നമസ്കാരം.
---------------*---------------

08/03/2019

യൂണിവേഴ്സൽ ടെയിസ്‌റ്റ്
----------------------------------------------------
ആയുർവേദം ആറു തരം രസങ്ങളെ കുറിച്ചാണ് പറയുന്നത്. മധുരം, പുളി, ഉപ്പ്, കയ്പ്, എരിവ്, ചവർപ്പ് എന്നിവയാണവ. വാസ്തവം പറഞ്ഞാൽ രുചിയും രുചിഭേദങ്ങളും ആസംഖ്യം ആണ്. വാഴപ്പഴവും, ചക്കപ്പഴവും, മാമ്പഴവും, ആപ്പിളും, മുന്തിരിയും ഒക്കെ പറഞ്ഞുവന്നാൽ മധുരം ആണ്. പക്ഷെ കണ്ണുകെട്ടി അവ നമ്മുടെ വായിലേക്കിട്ടു തന്നാൽ രുചികൊണ്ട് അവ ഏതാണെന്ന് തിരിച്ചറിയാൻ നമുക്ക് കഴിയും. വാഴപ്പഴത്തിന്റെ കാര്യം മാത്രം എടുത്താൽ മതി, പാളെങ്കോടൻ പഴത്തിന്റെ മധുരമല്ല പൂവൻപഴത്തിന്. നേന്ത്രപ്പഴത്തിന്റെയും കദളിയുടെയും ഒക്കെ സ്വാദ് വ്യത്യസ്തമാണ്. അപ്പോൾ രസങ്ങൾ അസംഖ്യം തന്നെയാണ്. ഇപ്രകാരം തന്നെയാണ് മറ്റ് രസങ്ങളുടെയും കാര്യം. നമുക്ക് മനസ്സിലാക്കുവാനും പഠിക്കുവാനും എളുപ്പത്തിന് വേണ്ടി രസങ്ങളെ ആറായി വിഭജിച്ചു എന്നേയുള്ളൂ. ഈ രസങ്ങളിൽ "യൂണിവേഴ്സൽ ടയ്സ്റ്റ് "ഏതാണെന്ന് ചോദിച്ചപ്പോൾ അത് "മധുരം "ആണെന്ന് ഭാര്യ മറുപടി പറഞ്ഞു. ആസ്വാദ്യതയുടെ കാര്യത്തിൽ ആണെങ്കിൽ അവൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. കാരണം നാം ഏറ്റവും അധികം ആസ്വദിക്കുന്നത് മധുരരസം തന്നെയാണ്. പക്ഷെ എന്റെ ചോദ്യം ആസ്വാദ്യതയുടെ അടിസ്ഥാനത്തിൽ ആയിരുന്നില്ല. ഏതൊരു ഭക്ഷണസാധനവും, അത് ചോറാകട്ടെ, പച്ചക്കറികൾ കൊണ്ടുള്ള കറികൾ ആകട്ടെ, മൽസ്യമാംസങ്ങൾ കൊണ്ടുള്ള കറികൾ ആകട്ടെ, അതുമല്ലെങ്കിൽ മധുരമുള്ള പഴങ്ങൾ ആകട്ടെ അഴുകിത്തുടങ്ങിയാൽ പരിണമിച്ചു എത്തിച്ചേരുന്നത് "പുളി "രസത്തിലേക്കാണ്. ആ സാഹചര്യത്തിൽ കറി "വളിച്ചുപോയി "അല്ലെങ്കിൽ "പുളിച്ചുപോയി "എന്ന് നാം പറയും. അത് എരിവ്രസം കൂടുതലുള്ള കറി ആയാലും, മധുരം കൂടുതലുള്ള പഴങ്ങൾ ആയാലും ഏറ്റവും ഒടുവിൽ പരിണമിച്ചു എത്തിച്ചേരുന്നത് പുളിരസത്തിലേക്ക് തന്നെയാണ്. ആ പുളിരസം ആകട്ടെ നമുക്ക് ഒട്ടുംതന്നെ ആസ്വാദ്യമല്ല താനും. പറഞ്ഞുവരുമ്പോൾ ഞാൻ ചെറുപ്പത്തിൽ കേട്ട ഒരു കഥ ഓർമ്മവരികയാണ്. സായിപ്പ് ഭക്ഷണത്തിനിരുന്നപ്പോൾ പാചകക്കാരൻ ഭക്ഷണത്തോടൊപ്പം തൈരും വിളമ്പി. തൈര് കണ്ടിട്ട് സായിപ്പ് "what is this "?എന്ന് ചോദിച്ചു. തൈരിന്‌ എന്താണ് ഇംഗ്ലീഷിൽ പറയുക എന്നറിയാതിരുന്ന പാചകക്കാരൻ ഒന്നാലോചിച്ച ശേഷം ഇങ്ങനെ പറഞ്ഞു. "Sir, yesterday's milk today ".തമാശക്കഥയാണെങ്കിലും അവിടെയും പാല് പുളിച്ചാണ് തൈരുണ്ടാകുന്നത് എന്ന് തന്നെയാണ് പാചകക്കാരൻ പറഞ്ഞതിന്റെ സാരം. അങ്ങനെ വരുമ്പോൾ യൂണിവേഴ്സൽ ടെയ്സ്റ്റ് എന്ന് പറയുന്നത് പുളിയാണ് എന്നാണെന്റെ അഭിപ്രായം.
നാം കഴിക്കുന്ന ആഹാരത്തിന്റെ കാര്യവും അങ്ങനെ തന്നെ. ആഹാരം ദഹിക്കുക എന്നാൽ അത് ഒരിനം അഴുകൽ തന്നെയാണ്. അനേകവിധ ദഹനരസങ്ങളും, നമ്മുടെ ശരീരത്തിന് ഗുണകരവും, ദഹനത്തെ സഹായിക്കുന്നവയുമായ ഒട്ടനവധി ബാക്റ്റീരിയകളും ഒത്തുചേർന്നാണ് ദഹനപ്രക്രിയ പുരോഗമിക്കുന്നത്. അവിടെയും ഏറ്റവും ഒടുവിലത്തെ പരിണാമം പുളിരസം തന്നെ. പോരെങ്കിൽ ദഹനരസങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് പുളിയിലെ രാജാവായ ഹൈഡ്രോക്ലോറിക് ആസിഡും. പോരെ പൂരം.
ആയുർവേദം വിപാകരസത്തെ കുറിച്ച് പറയുന്നു. മധുരവും ഉപ്പും വിപാകത്തിൽ മധുരമായി മാറുന്നു. അമ്ലം അമ്ലം തന്നെ. കയ്പ്, എരിവ്, ചവർപ്പ് എന്നിവ വിപാകത്തിൽ എരിവായി മാറുന്നു എന്നുമാണ് ആയുർവേദമതം. എന്നാൽ വിപാകരസം നമുക്ക് നാക്കുകൊണ്ട് അറിയാൻ കഴിയുന്ന ഒന്നല്ല. കാരണം അത് ധാത്വഅഗ്നി, ഭൂതാഗ്നി എന്നീ തലങ്ങളിൽ വരുന്ന ഒന്നാണ്. (കോശസമൂഹങ്ങളിലും, കോശങ്ങളിലും നടക്കുന്ന മെറ്റബോളിസം എന്ന പ്രക്രിയ ആയി മനസ്സിലാക്കിയാൽ മതി )
എന്നാൽ ദഹനപ്രക്രിയ ഞാൻ നേരത്തെ പറഞ്ഞതുപോലെ ഒരിനം അഴുകൽ തന്നെയാണ്. അവിടെ ഏറ്റവും ഒടുവിലത്തെ പരിണാമമായി വരുന്നത് പുളിരസം തന്നെ ആയിരിക്കുകയും ചെയ്യും. ബാക്റ്റീരിയകളുടെ പ്രവർത്തനം മൂലം പാല് പുളിച്ചിട്ടാണല്ലോ തൈരുണ്ടാകുന്നത്. അപ്പോൾ വിപാകരസം ആകപ്പാടെ ഒന്നല്ലേയുള്ളൂ? അത് പുളിരസം അല്ലേ? ചുമ്മാ ചോദിച്ചെന്നേയുള്ളൂ. തല്ലണ്ട. ഞാൻ നന്നായിക്കോളാം.
------------*------------

30/11/2018

വികസനവിശേഷങ്ങൾ
------------------------
(ഇത് എന്റെ മാത്രം സ്വപ്‌നങ്ങൾ ആണ് )
മനസ്സുണ്ടെങ്കിൽ ചെയ്യാവുന്നതും എന്നാൽ മനസ്സില്ലാത്തതുമായ ചില കാര്യങ്ങൾ എഴുതണം എന്ന് തോന്നി .എഴുതുന്നു .അത്രയേ ഉള്ളൂ .
ഞാൻ ദിവസേന മണ്ണുത്തിയിലൂടെ യാത്ര ചെയ്യുന്ന വ്യക്തിയാണ് .മണ്ണുത്തി പള്ളിക്ക് മുന്നിലാണ് വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ ഫാം .ഏക്കറുകളോളം നീണ്ടു കിടക്കുന്ന ഫാം .അവിടെ നിന്നും അല്പം കൂടെ മുന്നോട്ട് പോയാൽ തോട്ടപ്പടി ആണ് .കാർഷിക സർവകലാശാലയുടെ ഭൂമി .പലവിധ ഫലവൃക്ഷങ്ങളുടെ ഗവേഷണങ്ങളും അവയെ നട്ടുവളർത്താനുള്ള കൃഷിസ്ഥലങ്ങളും .എന്നാൽ ഭാരതത്തിന്റെ വിശേഷിച്ചും കേരളത്തിന്റെ തനതായ ചികിത്സാപദ്ധതിയായ ആയുർവേദശാസ്ത്രത്തിന് ഔഷധസസ്യങ്ങൾ കൃഷി ചെയ്യുവാൻ ഒരു തുണ്ട് ഭൂമിയോ ഒരു യൂണിവേഴ്സിറ്റിയോ ഇല്ല എന്നത് വിരോധാഭാസം അല്ലെ ?
അതിലൂടെ യാത്ര ചെയ്യുമ്പോൾ കാണുന്ന മറ്റൊരു ദൃശ്യം ആണ് മണ്ണുത്തി പോലീസ് സ്റ്റേഷൻ .അവിടെ പിടിച്ചിട്ടിരിക്കുന്ന ബൈക്കുകൾ ,കാറുകൾ ,ലോറികൾ എല്ലാം പൊടിപിടിച്ചു കാട് കയറി കിടക്കുകയാണ് .കേരളത്തിലെ ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകളുടെയും സ്ഥിതി ഇതു തന്നെ .ഇപ്രകാരം പിടിച്ചെടുക്കുന്ന വാഹനങ്ങൾ 6മാസം വരെ സൂക്ഷിച്ച് അതിന് ശേഷം പേപ്പറുകൾ ശരിയാക്കി മാന്യമായ വിലക്ക് ജനങ്ങൾക്ക് കൊടുക്കാൻ ശ്രമിക്കാത്തത് എന്തുകൊണ്ടാണ് ?ഇപ്രകാരമുള്ള വാഹനങ്ങൾ വിറ്റാൽ തന്നെ കോടിക്കണക്കിനു രൂപ സർക്കാരിലേക്ക് മുതൽകൂട്ടാം .ഇപ്രകാരം കിടക്കുന്ന വാഹനങ്ങൾ നഗരങ്ങളുടെ വികൃതമുഖവും ,ദേശീയ നഷ്ടവുമാണ് .
ജന്തുജങ്ങളായ ഔഷധങ്ങൾ പലതും ഇന്ന് മാർകറ്റിൽ ലഭ്യമല്ല .ലഭ്യമായവ തന്നെ പ്രയോജനപ്പെടുത്തുവാൻ വളരെയേറെ പരിമിതികളും ഉണ്ട് .ഞാൻ ഒല്ലൂർ ആയുർവേദ കോളേജിൽ പഠിക്കുന്ന കാലത്ത് തൃശൂർ R.V.D.A യിൽ ക്ലിനിക്കൽ പഠനങ്ങൾക്കായി വരുമ്പോൾ ഔഷധിയിൽ പൂവണക്കുന്ന രണ്ട് വെരുകുകളെ കണ്ടതോർക്കുന്നു .ഞങ്ങളുടെ പഠനം കഴിഞ്ഞു പോകുമ്പോഴേക്കും അവ രണ്ടും ചത്തുപോകുകയും ചെയ്തു .വെരുകിൻപുഴു ഇപ്പോഴും മാർക്കറ്റിൽ ലഭിക്കുന്നുണ്ട് .അത് ഒർജിനൽ തന്നെ ആണോ ?ആർക്കറിയാം ?കസ്തൂരി ,ഗോരോചനം എന്നിവയുടെ കാര്യം പറയാനുമില്ല .സർക്കാർ വക പുറമ്പോക്ക് ഭൂമികൾ ,ആരും കൃഷി ചെയ്യാത്ത സ്ഥലങ്ങൾ ,ആരാധനാലയങ്ങൾ ,സ്കൂളുകൾ ,സർക്കാർ സ്ഥാപനങ്ങൾ എന്നിവയെ കേന്ദ്രീകരിച്ചു ഔഷധസസ്യങ്ങളും ,പച്ചക്കറിത്തോട്ടങ്ങളും വച്ചുപിടിപ്പിച്ചാൽ എന്താണ് കുഴപ്പം ?കേരളത്തിൽ മാത്രമുള്ള ഔഷധനിർമാതാക്കൾ ഇവ ന്യായവിലയ്ക്ക് വാങ്ങുകയാണെങ്കിൽ ലക്ഷക്കണക്കിന് വരുന്ന തൊഴിൽ രഹിതർക്ക് അതൊരു വരുമാനമാർഗം ആണ് .ഔഷധ നിർമാതാക്കൾക്ക് നല്ല ഔഷധങ്ങൾ ഉപയോഗിക്കുകയും ചെയ്യാം .മാത്രമല്ല ഔഷധസസ്യങ്ങൾ കണ്ടാൽ മനസ്സിലാക്കുവാനുള്ള പരിജ്ഞാനം സാധാരണ ജനങ്ങൾക്ക് ലഭിക്കുകയും ചെയ്യും .
ഔഷധ സസ്യങ്ങൾ ,പച്ചക്കറികൾ ,ഏലം ,ജാതി ,ഗ്രാമ്പൂ പോലുള്ളവയും പുറമ്പോക്ക് ,ആരാധനാലയങ്ങൾ ,സ്കൂളുകൾ ,ധാരാളം കോമ്പൗണ്ട് ഉള്ള സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എല്ലാം ഇപ്രകാരം കൃഷി ചെയ്യാവുന്നതാണ് .സർക്കാർ സ്ഥാപനങ്ങളിൽ വരുന്നവരുടെ വാഹനങ്ങൾ പാർക്ക്‌ ചെയ്യുവാനും ,ഉത്സവങ്ങളും പെരുന്നാളുകളും നടത്തുവാനും ,വാഹനങ്ങൾ പാർക്ക്‌ ചെയ്യുവാനും കുറച്ചു സ്ഥലം മാറ്റിവച്ചാൽ മതിയാകും .ഉത്സവം പെരുന്നാൾ എന്നിവ വർഷത്തിൽ ഒരിക്കൽ മാത്രം വരുന്നതാണ് .അതിന് വേണ്ടി പള്ളിപറമ്പ് ,അമ്പലപറമ്പ് എന്നിവ ഒരു കൊല്ലം മുഴുവൻ ഒഴിച്ചിടേണ്ട യാതൊരു ആവശ്യവുമില്ല .വിശ്വാസികളും, പുരോഹിതൻമാരും ,ആരാധനാലയ ഭാരവാഹികളും ചേർന്ന് ഇത്തരത്തിലുള്ള കൃഷികൾ നടത്തിയാൽ രാസവളം ചെർക്കാത്തതും കീടനാശിനികൾ ഉപയോഗിക്കാത്തതുമായ പച്ചക്കറികളും ,മറ്റ് ഉത്പന്നങ്ങളും സമൃദ്ധമായി വിളയിക്കുവാൻ നമുക്ക് കഴിയും .ആരാധനാലയങ്ങളെ കേന്ദ്രീകരിച്ചാകുമ്പോൾ യാതൊരു ഭയവും കൂടാതെ അവയെ വാങ്ങുവാൻ ജാതിമതഭേദമന്യേ ജനങ്ങൾ തയ്യാറാകുകയും ചെയ്യും .അതിൽനിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം ആരാധനാലയത്തിനും ,അതിനുവേണ്ടി അദ്ധ്വാനിച്ച വിശ്വാസികൾക്കും ,അടുത്തവർഷത്തെ വിളകൾ തയ്യാറാക്കുന്നതിനുമായി മാറ്റിവക്കുകയും ചെയ്യാം .കേരളത്തിൽ ജാതിമതഭേദമന്യേ മിക്കവാറും എല്ലാ ആരാധനാലയങ്ങൾക്കും ഇപ്രകാരം ധാരാളം ഭൂമിയുണ്ട് .അത് നല്ല രീതിയിൽ പ്രയോജനപ്പെടുത്തിയാൽ ആപ്രദേശത്തുള്ള ജനങ്ങൾക്ക് അത് വലിയൊരു അനുഗ്രഹം തന്നെയാണ് .ഉദാഹരണത്തിന് തൃശൂർ തേക്കിൻകാട് മൈതാനം തന്നെ നോക്കാം .പൂരം നടത്തുവാനും ,എക്സിബിഷൻ നടത്തുവാനും വർഷത്തിൽ മൂന്നുമാസം മാറ്റിവച്ചാൽ ശേഷിക്കുന്ന മാസങ്ങളിൽ അവിടെ പാവലും ,പടവലവും ,കോവലും ,തക്കാളിയും ,വഴുതനയും ,വെണ്ടയും ,വാഴയും ,കാബ്ബജ്ഉം ,കോളിഫ്ലവറും കൃഷിചെയ്യാം .ഇത്തരം പച്ചക്കറികളെല്ലാം വിളഞ്ഞു നിൽക്കുന്ന തേക്കിൻകാട് മൈതാനം കാണാൻ എന്ത് ഭംഗിയായിരിക്കും .തൃശൂരിലെ ജനങ്ങളുടെ പച്ചക്കറിക്ഷാമം പരിഹരിക്കുവാനുള്ള അത്രയും പച്ചക്കറികൾ അവിടെ ഉത്പാദിപ്പിക്കുവാൻ കഴിയും എന്നാണ് എനിക്ക് തോന്നുന്നത് .ഇപ്പോഴവിടെ നടക്കുന്ന ഏക കൃഷി "ചീട്ടുകളി "മാത്രമാണ് .തേക്ക് ,ചന്ദനം പോലുള്ള വിലപിടിപ്പുള്ള മരങ്ങളും നമുക്ക് കൃഷി ചെയ്യാവുന്നതാണ് .അതിന്റെ സംരക്ഷണച്ചുമതല അത് കൃഷി ചെയ്യുന്നവർ തന്നെ ഏറ്റെടുക്കണം എന്നുമാത്രം .അതുപോലെതന്നെ കൃഷി ചെയ്യാവുന്നവയാണ് ഗ്രാമ്പൂ ,ജാതി ,ഇലവർ ങ്ങം ,ഏലം മുതലായവയും .ഇവയെല്ലാം തന്നെ ഔഷധനിർമ്മാണത്തിന് വളരെ ഏറെ ആവശ്യമുള്ളവയാണ് .
ഇന്നൊരു തത്തമ്മയെ വളർത്തുവാൻപോലും ഏറെ കടമ്പകൾ ഉണ്ട് .വനം വകുപ്പുകാരുടെ കയ്യിൽ പെട്ടുപോയാൽ കാര്യം "കട്ടപ്പുക " തന്നെ .ഒരു കൊച്ചു കൂട്ടിൽ അവയെ വളർത്തുന്നതിനോട് താല്പര്യം ഇല്ല .എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ചില നിബന്ധനകളുടെയും ,നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ വന്യജീവികളെ വളർത്തുവാൻ നാം പരിശ്രമിക്കണം എന്ന് തന്നെയാണ് തോന്നുന്നത് .മാനും ,മയിലും ,മലയണ്ണാനും ,മുയലും ,വെരുകും മറ്റ് പലയിനം പക്ഷികളും പോലെ സാധാരണക്കാർക്ക് വളർത്താവുന്ന നിരുപദ്രവകാരികളായ ജീവികളെ താല്പര്യമുള്ളവർ വളർത്തട്ടെ .വളർത്തുന്നവർ അവയെ കൊന്നുതിന്നുമെന്നായിരിക്കും .തിന്നട്ടെ ,അതിനെന്താണ് ?സർക്കാർ നിർദ്ദേശിക്കുന്ന നിശ്ചിത എണ്ണത്തിൽ കൂടുതലുള്ളവയെ കൊല്ലുകയോ ,തിന്നുകയോ ,മാംസക്കച്ചവടം നടത്തുകയോ ചെയ്യുന്നതിൽ എന്താണ് തെറ്റ് ?വളർത്തുന്നവർക്ക് അതിൽനിന്നും ഒരു വരുമാനം വേണമല്ലോ .മാൻകൊമ്പ് ,മയിൽ‌പീലി ,മുല്ലൻപന്നിയുടെ മുള്ള് ,വെരുകിൻപുഴു എന്നിവയെല്ലാം മരുന്ന് നിർമാണത്തിന് പ്രയോജനകരങ്ങൾ ആണ് .നിശ്ചിതഎണ്ണം ജീവികൾ കൂടുകളിൽ നിലനിർത്തപ്പെടേണം എന്ന നിർദേശം കർശനമായി പാലിക്കപ്പെടണം .ഇത്തരത്തിൽ വളർത്തുന്ന ജീവികളുടെ കൃത്യമായ എണ്ണം കൃഷി ഓഫീസിൽ രേഖപ്പെടുത്തി വക്കുകയും മാംസത്തിന് വേണ്ടി അവയെ കൊല്ലുമ്പോൾ കൃഷി ഓഫീസുകളിൽ നിന്നും സമ്മതപത്രം വേണമെന്ന് നിർദ്ദേശിക്കുകയും ചെയ്‌താൽ മതി .കൃഷി ഓഫീസുകൾക്കും മൃഗസംരക്ഷണവകുപ്പിനും ഇവയുടെ സംരക്ഷണനിയന്ത്രണച്ചുമതലകൾ ഉണ്ടായിരിക്കുകയും വേണം .സിംഹം ,കടുവ ,പുലി ,കരടി എന്നിവയെ മൃഗശാലകളിലെ വളർത്താൻ പറ്റൂ .ഇവയിൽനിന്നും ലഭിക്കുന്നവയും ഔഷധനിർമ്മാണത്തിൽ പ്രയോജനകരങ്ങൾ തന്നെ .ഔഷധനിർമാണത്തിൽ ഉപകരിക്കുമെന്ന് മാത്രമല്ല ലോകത്തുള്ള വന്യജീവികളിൽ ഏതാണ്ട് മുക്കാൽ ഭാഗവും ഗുരുതരമായ വംശനാശഭീഷണി നേരിടുകയാണ് .ഈ മിണ്ടാപ്രാണികളെ രക്ഷിക്കുവാൻ മനുഷ്യരായ നാമല്ലാതെ പിന്നെ ആരുണ്ട് ?
അലങ്കാരമൽസ്യങ്ങളുടെയും ,വർണപ്പകിട്ടുള്ള പക്ഷികളുടെയും ,നായ്ക്കൾ പൂച്ചകൾ എന്നിവയുടെയും ലോകം നമ്മെ ശരിക്കും അമ്പരപ്പിക്കുന്നതാണ് .ഇവയുടെ ഉത്പാദനവും വിപണനവും തീർച്ചയായും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ് .വ്യക്തികളെയും ആരാധനാലയങ്ങളെയും കേന്ദ്രീകരിച്ചു നടക്കുന്ന ഇത്തരത്തിലുള്ള കൃഷികൾക്കു വിള ഇൻഷുറൻസ് ഏർപ്പെടുത്താവുന്നതാണ് .ഒരു വർഷത്തെ ആയുസ്സ് മാത്രമുള്ള പച്ചക്കറികൾ തൊട്ട് വിലകൂടിയ മൃഗങ്ങൾ വരെ ഉള്ളവയുടെ മൂല്യം നിർണയിച്ചു ഒരു വർഷത്തേക്ക് കർഷകൻ പ്രീമിയം അടക്കുമ്പോൾ മോഷണത്തിന് ഒഴികെയുള്ള നഷ്ടത്തിന് സർക്കാർ കർഷകന് നഷ്ടപരിഹാരം നൽകേണ്ടതാണ് .തന്റെ വിളകളെ മോഷ്ടാക്കളിൽ നിന്നും സംരക്ഷിക്കേണ്ടത് കർഷകന്റെ കടമയാണ് .എന്നാൽ അതിവൃഷ്ടി മൂലമുള്ള വിളനാശം ,വരൾച്ച ,സാംക്രമിക രോഗങ്ങൾ ,എന്നിവ മൂലം പക്ഷികളും മൃഗങ്ങളും ചത്തുപോകുക ഇതൊന്നും കർഷകന് തടയാനാകില്ല .അങ്ങനെ വരുമ്പോൾ പ്രസ്തുത വിളകളുടെ മൂല്യത്തിന്റെ നാലിലൊന്നെങ്കിലും കർഷകന് ലഭിക്കുന്ന വിധത്തിൽ ഒരു സംവിധാനം ആണ് വിള ഇൻഷുറൻസുകൊണ്ടു ഉദ്ദേശിക്കുന്നത് .സർക്കാരിന് ഇതൊരു വരുമാനം ആണ് .വർഷാവർഷം കർഷകനിൽനിന്നും ഇത് പിരിച്ചെടുക്കാം .കർഷകനാണെങ്കിൽ തനിക്ക് നഷ്ടപ്പെട്ടതിന്റെ നാലിലൊന്നെങ്കിലും സർക്കാരിൽ നിന്നും ലഭിക്കുമെന്ന് ആശ്വസിക്കുകയും ആകാം .
വ്യക്തിപരമായി മൃഗങ്ങളെ വളർത്തുവാൻ കഴിയുന്നതോടൊപ്പം തന്നെ നമ്മുടെ മൃഗശാലകൾ പക്ഷിമൃഗാദികൾ ,വളർത്തുമൽസ്യങ്ങൾ ,അലങ്കാരമൽസ്യങ്ങൾ ,പൂച്ചെടികൾ ,ഔഷധസസ്യങ്ങൾ ,ഫലവൃക്ഷങ്ങൾ എന്നിവയാൽ വർണാഭമാകട്ടെ .ജീവികളെയും മത്സ്യങ്ങളെയും വളർത്തുവാൻ ആഗ്രഹിക്കുന്നവർക്ക് മൃഗശാലകളിൽ അതിനുള്ള സൗകര്യം കൊടുക്കാവുന്നതാണ് .അലങ്കാരപ്പക്ഷികൾ ,മുന്തിയ ഇനത്തിൽപെട്ട നായ്ക്കൾ ,പൂച്ചകൾ ,മുയലുകൾ ,കോഴികൾ ,താറാവുകൾ ,വളർത്തുമൽസ്യങ്ങൾ ,അലങ്കാരമൽസ്യങ്ങൾ എന്നിങ്ങനെ ഉള്ളവയെയെല്ലാം മൃഗശാലകളിൽ വളർത്താം .അവയെ വളർത്തുന്നവരിൽ നിന്നും അധികൃതർക്ക് വാടകയായി പണം ഈടാക്കാം .മൃഗശാലകളിൽ സന്ദർശനത്തിന് വരുന്നവർക്ക് ആവശ്യമുള്ളവയെ വാങ്ങുകയും ആകാം .ഇത്രയേറെ വിഭവങ്ങൾ ഉള്ളതിനാൽ സന്ദർശകരിൽ നിന്നും സർക്കാരിന് മാന്യമായ തുക സന്ദർശനഫീസ് ആയി വാങ്ങാം .നയനാനന്ദകരമായ അനേകം കാഴ്ചകൾ കാണുവാനും ,നമുക്ക് ഇഷ്ടപ്പെട്ടവയെ വാങ്ങുവാനും സന്ദർശകർക്ക് അവസരം ലഭിക്കുകയും ചെയ്യും .സുഖമായി സ്വകാര്യപങ്കാളിത്തത്തോടെ ചെയ്യാവുന്ന ഒരു കാര്യമാണിത് .
തൃശൂരിൽനിന്നും കൊരട്ടിവരെ യാത്ര ചെയ്യേണ്ട ഒരു സന്ദർഭത്തിൽ എനിക്ക് യാത്ര ചെയ്യേണ്ടിവന്നത് ഒരു ഫാസ്റ്റ് പാസഞ്ചർ ലിമിറ്റഡ് സ്റ്റോപ്പ്‌ KSRTC ബസ്സിൽ ആണ് .ദേശസാൽകൃത റൂട്ട് ആയതിനാൽ KSRTC യെ ആശ്രയിക്കുകയെ നിർവാഹമുള്ളൂ .കണ്ടക്ടർ അങ്കമാലി വരെയുള്ള ചാർജ് ആണ് എന്നിൽ നിന്നും ഈടാക്കിയത് .ഇങ്ങനെയൊക്കെ യാത്രക്കാരെ "പിഴിഞ്ഞിട്ടും "KSRTC നഷ്ടത്തിലാണ് .ഒരു KSRTC ബസ്സിൽ ആകെ രണ്ടു ജീവനക്കാരേയുള്ളൂ .എന്നാൽ ഒരു പ്രൈവറ്റ് ബസ്സിൽ ഡ്രൈവറും ,കണ്ടക്ടറും ,ക്‌ളീനറും ഉൾപ്പടെ മൂന്ന് ജീവനക്കാരുണ്ട് .KSRTC ചെയ്യുന്ന പോലെ അധികചാർജ് ഈടാക്കുവാനൊന്നും പ്രൈവറ്റ് ബസ്സുകാരെ യാത്രക്കാർ അനുവദിക്കില്ല .എന്നിട്ടും പ്രൈവറ്റ് ബസ് ലാഭത്തിലാണ് .10പേരിൽനിന്നും 100രൂപ വച്ച് വാങ്ങുന്നതും 100പേരിൽ നിന്നും 10രൂപവച്ചു വാങ്ങുന്നതും ഫലത്തിൽ ഒന്ന് തന്നെയല്ലേ ?പ്രൈവറ്റ് ബസ് വാങ്ങുന്നതിൽ നിന്നും കിലോമീറ്ററിന് അല്പം കുറവ് വാങ്ങിയാൽ KSRTC ബസ്സുകളിൽ തീർച്ചയായും ജനം കയറും .പാട്ടുകേൾക്കലൊന്നും അത്യാവശ്യമല്ല .ആരാണോ കുറഞ്ഞ പൈസക്ക് കൊണ്ടുപോകുന്നത് അതിൽ ജനങ്ങൾ കയറും .അതുപോലെ കൂടുതൽ ആളുകളെ കയറ്റാൻ ശ്രമിക്കുന്ന ബസ് ജീവനക്കാർക്ക് ബത്ത ഏർപ്പെടുത്തുകയും ആകാം .പച്ചക്കറി ,പലചരക്കു ,വസ്ത്രവ്യാപാരരംഗങ്ങൾ ഇവയിലെല്ലാം സർക്കാരിന് ഇത് പരീക്ഷിക്കാം .സപ്ലൈകോ പോലുള്ള സ്ഥാപനങ്ങളുടെ സേവനം ഇപ്പോൾ തന്നെ ഉണ്ടെങ്കിലും എല്ലാ വിഭാഗത്തിൽ പെട്ട ജനങ്ങൾക്കും അതിന്റെ പ്രയോജനം ശരിക്കും ലഭിക്കുന്നുണ്ടോ എന്ന് സംശയം ആണ് .വെനസ്വേലയിലെ ഹ്യുഗോഷാവേസ്‌ എന്ന ഭരണാധികാരി ഏതാണ്ട് ഇതിനോട് സമാനമായ ഭരണപരിഷ്കാരങ്ങൾ ആണ് ഏർപ്പെടുത്തിയത് .സ്വകാര്യമേഖലയിൽ ഉണ്ടായിരുന്ന പല സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങളോട് അടിച്ചുനിൽക്കാനും പിന്നെ പിടിച്ചുനിൽക്കാനും കഴിയാതെ വന്നപ്പോൾ അവർ സ്വമേധയാ സർക്കാർ യന്ത്രത്തിന്റെ ഭാഗമായിത്തീർന്നു .ലോകത്തിന്റെ നാനാഭാഗങ്ങളിൽ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കപ്പെട്ടപ്പോൾ ഷാവേസിന്റെ നാട്ടിൽ പല സ്വകാര്യസ്ഥാപനങ്ങളും ദേശസാത്കരിക്കപ്പെടുകയാണുണ്ടായത് .ബൊളീവിയയിലെ ഇവാ മൊറേൽസ് എന്ന ഭരണാധികാരി എന്താണ് ചെയ്തതെന്നറിയാമോ ?അദ്ദേഹത്തിന്റെ നാട്ടിലെ ജനങ്ങൾ പട്ടിണിപ്പാവങ്ങളും കർഷകരും ആണ് .പക്ഷെ അവിടെ ധാരാളം പച്ചക്കറികൾ ഉണ്ടാകും .അദ്ദേഹം തന്റെ നാട്ടിലെ കർഷകരെ കൊണ്ട് ധാരാളം പച്ചക്കറികൾ ഉത്പാദിപ്പിച്ചു .അത് വെനസ്വെലക്ക് കയറ്റി അയച്ചു .വെനസ്വെലയാകട്ടെ പച്ചക്കറിക്കുപകരം ബൊളീവിയക്ക് ആവശ്യമുള്ള "ക്രൂഡ്ഓയിൽ "കൊടുത്തു .പ്രാകൃത രീതിയിലുള്ള "ബാർട്ടർ "സമ്പ്രദായം തന്നെ .എന്താ ,എന്തെങ്കിലും കുഴപ്പമുണ്ടോ സുഹൃത്തേ ?ഒരു കുഴപ്പവും ഇല്ല .നമുക്ക് കാര്യം നടന്നാൽ പോരെ .
ഓരോ പഞ്ചായത്തിലെയും പുറമ്പോക്കുകൾ ആയ താഴ്ന്ന പ്രദേശങ്ങൾ തിരഞ്ഞെടുത്ത് അവിടെ കുളങ്ങൾ കുഴിക്കാവുന്നതാണ് .പഞ്ചായത്ത് ഭരണസമിതി ആ പ്രദേശത്തുള്ള ആരാധാനാലയങ്ങളിലെ പുരോഹിതന്മാർ ,സാംസ്കാരിക പ്രവർത്തകർ ,പൗരപ്രമുഖർ എന്നിവർ ചേർന്ന് കമ്മറ്റി ഉണ്ടാക്കി പകുതി സർക്കാരിന്റെ പണവും ,ബാക്കി ജനപങ്കാളിത്തവും ചേർന്ന് നിർമ്മിക്കപ്പെടുന്ന ഈ കുളങ്ങൾ ഒരു നാടിന്റെ ജലസ്രോതസ്സ് തന്നെ ആയിരിക്കും .പ്രസ്തുത കുളത്തിന്റെ 2കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിൽ ജലക്ഷാമം ഉണ്ടാകുകയില്ല .ജലത്തിൽ ധാരാളം മൽസ്യസമ്പത്ത് വളർത്തിയെടുക്കാം .കുളം വൃത്തിയായി സൂക്ഷിക്കുകയാണെങ്കിൽ ജലലഭ്യത ഇല്ലാത്ത പ്രദേശങ്ങളിലേക്ക് ഇവിടെനിന്നും വെള്ളം എത്തിക്കുകയും ആകാം .ഓരോ പഞ്ചായത്തിലും ഇപ്രകാരം സ്കൂളുകൾ ,ആശുപത്രികൾ ,പ്ലേ ഗ്രൗണ്ട് ,ഓഡിറ്റോറിയങ്ങൾ എന്നിവ പണിയാവുന്നതാണ് .അതുപോലെ പുഴകളിൽ 2കിലോമീറ്റർ പരിധിയിൽ തടയണകൾ പണിയാം .വർഷക്കാലത്ത് ജലം ഒഴുക്കിക്കളയുവാനും വേനൽക്കാലത്ത് കെട്ടിനിറുത്തുവാനും ഇതുവഴി നമുക്ക് കഴിയും .
എനിക്ക് തൃശൂരിനെ കുറിച്ച് പറയുവാനേ അറിയൂ .തൃശൂർ പട്ടണത്തിന്റെ പരിധിയിൽ വരുന്ന പുതൂർക്കര എന്ന ഗ്രാമപ്രദേശത്താണ് ഞാൻ താമസിക്കുന്നത് .എന്റെ വീട് കഴിഞ്ഞാൽ പിന്നെ പുഴയ്ക്കൽ പാടശേഖരം ആണ് .പുഴയ്ക്കൽ പാടശേഖരം വലിയൊരു ജലസംഭരണി തന്നെയാണ് .വടക്ക്കിഴക്കേ ഭാഗത്ത് ഏകദേശം തിരൂർ എന്ന സ്ഥലം വരെയും തെക്കുപടിഞ്ഞാറ് ഏനാമാവ് മണലൂർ എന്നിങ്ങനെയുള്ള സ്ഥലങ്ങൾ വരെയും നീണ്ടുകിടക്കുന്ന ഒന്നാണത് .വർഷക്കാലത്ത് തൃശൂരിന്റെ പലഭാഗത്തുനിന്നും ജലം പുഴയ്ക്കൽ പാടത്തേക്ക് ഒഴുകിയെത്തുന്നു .തൃശൂരിനെ ജലസമൃദ്ധമാക്കുന്നതിൽ ഈ പാടശേഖരം വലിയ പങ്കാണ് വഹിക്കുന്നത് .എന്നാൽ തൃശൂർ പട്ടണത്തിൽ വിവിധങ്ങളായ വികസനപ്രവർത്തനങ്ങൾ നടക്കുകയും വേണം .അതിനായി പാടം നികത്തുക എന്നത് തൃശൂർ പട്ടണത്തിന്റെ താളം തെറ്റിക്കുമെന്നത് സംശയമില്ലാത്ത കാര്യമാണ് .അതിന് പരിഹാരമായി എന്താണ് ചെയ്യാനാകുക ?എനിക്ക് തോന്നുന്ന രണ്ടു വഴികൾ പറയാം .
1)ആറേക്കറോളം വിസ്തൃതിയുള്ള 7കുളങ്ങൾ പുഴയ്ക്കൽ പുഴയുടെ ഓരം ചേർന്ന് പലസ്ഥലങ്ങളിലായി നിർമ്മിക്കുക .തൃശൂരിന്റെ പലഭാഗത്തുനിന്നും ഒഴുകിയെത്തുന്ന വെള്ളം മാലിന്യമില്ലാതെ ശേഖരിച്ചുനിറുത്തുവാൻ കഴിയുന്നവിധത്തിൽ ആയിരിക്കണമത് .അതിൽ ധാരാളം മൽസ്യങ്ങൾ ,താമര ,ആമ്പൽ ,ഭക്ഷ്യയോഗ്യമായ ചിലയിനം പായലുകൾ എന്നിവയെയെല്ലാം വളർത്തിയെടുക്കാം .കുളത്തിൽ വെള്ളം കുറയുമ്പോൾ പുഴയിൽനിന്നും കുളത്തിലേക്കും ,കൂടുമ്പോൾ കുളത്തിൽനിന്നും പുഴയിലേക്കും വെള്ളം തിരിച്ചുവിടാനുള്ള സംവിധാനവും വേണം .
2)ഇന്ന് പില്ലറുകളിൽ കെട്ടിടങ്ങളും മറ്റും പണിതുയർത്തുന്ന കാലമാണ് .തറനിരപ്പിൽ നിന്നും 5അടിയോളം ഉയരത്തിൽ പില്ലറുകൾ നിർമ്മിച്ച് അതിൽ വീടുകൾ പണിതാൽ അടിയിൽ ശേഖരിക്കപ്പെടുന്ന ജലത്തിന് ഒരു പ്രശ്നവും ഉണ്ടാവുകയില്ല .ഇത്തരത്തിൽ കൊച്ചുകൊച്ചുവീടുകളും കച്ചവടസ്ഥാപനങ്ങളും പണിയാം .ഓരോവീടിനും അടുക്കളത്തോട്ടം വേണമെന്ന് നിഷ്കർഷിക്കാം .ഇന്നിപ്പോൾ ടെറസ്സിനുമുകളിൽ പച്ചക്കറികളും ചെറുഫലവൃക്ഷങ്ങളും ഗ്രോബാഗുകളിൽ വളർത്തുന്ന സമ്പ്രദായം ഉണ്ടല്ലോ .കുടിക്കാനുപയോഗിക്കുന്ന വെള്ളം ശുദ്ധീകരിച്ചുമാത്രമേ ഉപയോഗിക്കാവൂ .മുൻപറഞ്ഞ രണ്ടുരീതികളും കൂട്ടിച്ചേർത്തു പരീക്ഷിക്കാവുന്നതുമാണ് .അതുപോലെ ജൈവമാലിന്യങ്ങൾ വളമാക്കി മാറ്റുവാനും അജൈവമാലിന്യങ്ങളെ ചിലകേന്ദ്രങ്ങളിൽ സംഭരിച്ചു സംസ്കരിച്ചു വീണ്ടും ഉപയോഗപ്പെടുത്തുകയും വേണം .ഇങ്ങനെയായാൽ പാടശേഖരങ്ങൾ നമുക്ക് കാർഷികമായും ,വ്യാവസായികമായും ,വാസയോഗ്യമായും ഉപയോഗപ്പെടുത്താമെന്ന് തോന്നുന്നു .അതുപോലെ നെൽവയലിൽ നെല്ലുമാത്രമേ കൃഷിചെയ്യാവൂ എന്ന നിയമത്തിനുപകരം ഒരു വർഷമോ രണ്ടുവർഷമോ മാത്രം ആയുസ്സുള്ള പാവൽ ,പടവലം ,പച്ചപ്പയർ ,കോവൽ ,വെണ്ട ,വഴുതന ,അമര ,വാഴ ,കേബേജ് ,കോളിഫ്‌ളവർ ,കൂർക്ക ,ചേമ്പ് ,ചേന ,കാച്ചിൽ ,തുവരപ്പരിപ്പ് ,കപ്പ മുതലായവയും കൃഷിചെയ്യാമെന്ന വ്യവസ്ഥയും വേണമെന്നാണ് തോന്നുന്നത് .ആരാധനാലയങ്ങളുടെയും വീടുകളുടെയും മുറ്റത്തു ടൈൽസ് വിരിക്കുന്ന ഒരു രീതി ഇന്ന് കണ്ടുവരുന്നു .ടൈൽസ് വിരിക്കുമ്പോൾ ഭൂമിയിലേക്ക് വെള്ളം ഇറങ്ങുവാനുള്ള സാധ്യത കുറയുകയാണ് .അതിനാൽ വെള്ളം സുഗമമായി ഭൂമിയിലേക്ക് താഴ്ന്നുപോകാൻതക്കവിധം സുഷിരങ്ങളുള്ള ടൈൽസ് നിർമിക്കാൻ ശ്രദ്ധിക്കേണ്ടതാണ് .ഭാവനാസമ്പന്നരായ ഭരണാധികാരികൾ ഉണ്ടെങ്കിൽ രാഷ്ട്രം അതിവേഗം പുരോഗമിക്കും .അതുപോലെ പൊതുസ്ഥലങ്ങൾ വൃത്തികേടാക്കുക ,പൊതുകുളങ്ങൾ മലിനപ്പെടുത്തുക ,ധനകാര്യസ്ഥാപനങ്ങളിൽനിന്നും ലോൺ എടുത്ത് അത് തിരിച്ചടയ്ക്കാതെ ധൂർത്തടിക്കുക മുതലായ കുറ്റകൃത്യങ്ങളെ കൊലക്കുറ്റത്തിന് തുലാമായിക്കണ്ടു ശിക്ഷ വിധിക്കണമെന്നാണ് എനിക്ക് പറയാനുള്ളത് .
ഇന്ന് ബീവറേജസ് കോർപറേഷൻ വഴിയും ബാറുകൾവഴിയും വില്പനനടത്തുന്നത് ശരീരത്തിന് അങ്ങേയറ്റം ദോഷം ചെയ്യുന്ന വിഷസമാനമായ പദാർത്ഥമാണ് .അതുവരുത്തിവക്കുന്ന വിനകൾ ദിവസേന നാം പത്രത്തിൽ വായിക്കാറുണ്ട് .എന്തുകൊണ്ട് പഴങ്ങളിൽ നിന്നും നമുക്ക് മദ്യം നിർമ്മിച്ച് വിതരണം ചെയ്തുകൂടാ ?കശുമാങ്ങ ,കരിമ്പ് ,മുന്തിരി ,പൈനാപ്പിൾ ,ചെറുപഴം എന്നിവയിൽനിന്നെല്ലാം ഇപ്രകാരം മദ്യം നിർമ്മിക്കാം .ആയുർവേദത്തിൽ അരിഷ്ടം കെട്ടുന്നതുപോലെ ഈ പഴങ്ങളുപയോഗിച്ചു ആസവങ്ങളുണ്ടാക്കാം .എന്നിട്ടവയില്നിന്നും ലഹരിപദാർത്ഥമായ അൽക്കോഹോൾ മാത്രം വാറ്റിയെടുക്കാതെ പിഴിഞ്ഞരിച്ചെടുക്കുന്ന മൊത്തം ദ്രാവകം aqua guard പോലുള്ള ഫിൽറ്ററിൽ അരിച്ചെടുത്താൽ അരിഷ്ടത്തെപ്പോലെ ഏതാണ്ട് 16%മാത്രം ആൽക്കഹോൾ അടങ്ങിയ ഒരു പാനീയം ലഭിക്കും .കാര്യമായ ലഹരിയില്ലാത്ത ഇത് പഴസത്തു കൂടിച്ചേർന്നതായതിനാൽ വീഞ്ഞുപോലെതന്നെ ആന്തരാവയവങ്ങൾക്കു ഹാനികരമായിരിക്കുകയില്ല .മാത്രമല്ല ചെറിയ അളവിലിത് നല്ലതുപോലെ വിശപ്പും ദഹനവും ഉണ്ടാക്കുകയും ചെയ്യും .മാദ്യപാനികൾക്കു മാത്രമല്ല ആർക്കുംകഴിക്കാവുന്ന ഒരു ലഘുപാനീയം ആയിരിക്കുമിത് .ഇനി അല്പംകൂടി വീര്യം കൂട്ടണമെന്നുണ്ടെങ്കിൽ ഇത് അരിച്ചെടുക്കുന്നതിനുമുമ്പേ കുറച്ചുഭാഗം ഡിസ്റ്റിൽ ചെയ്തെടുത്താൽ ആൽക്കഹോൾ ലഭിക്കും .ഇങ്ങനെ ലഭിക്കുന്ന ആൽക്കഹോൾ മുൻപറഞ്ഞപ്രകാരം അരിച്ചെടുത്ത പഴച്ചാറിൽ ചേർത്താൽ 25--30%വരെ വീര്യമുള്ള മദ്യമാക്കി മാറ്റാം .വീര്യം 30%ത്തിനു അപ്പുറത്തേക്കുപോകാത്തതാണ് ഉത്തമം .ഇത് മദ്യംതന്നെ ആകയാൽ ബീവറേജ് വഴിമാത്രമേ വിതരണം ചെയ്യാനാകൂ .അതിന്റെ ഗുണങ്ങൾ
1)30%ആൽക്കഹോൾ ഒഴിച്ചാൽ ശേഷിക്കുന്ന 70%പഴസത്തു ആയതിനാൽ കരൾ കേടാകുക ,വൃക്ക കേടാകുക തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കാം .
2)ലഹരിയുടെ അംശം താരതമ്യേന കുറവായതിനാൽ മദ്യം കഴിച്ചു വഴിവക്കിൽ വീണുകിടക്കുക ,വാഹനമോടിച്ചു അപകടമുണ്ടാക്കുക ,വീട്ടിൽവന്നു ഭാര്യയുടെ മുടികുത്തിപ്പിടിച്ചു അടിക്കുക മുതലായ ക്രിമിനൽവാസനകളെ വലിയ അളവുവരെ ഒഴിവാക്കാം .
3)സർക്കാരിനിതൊരു നല്ലവരുമാനമാർഗം എന്നതിനോടൊപ്പംതന്നെ വിതരണം ചെയ്യുന്നത് "കൊടുവിഷം "അല്ലെന്നാശ്വസിക്കുകയും ചെയ്യാം .
4)കശുമാങ്ങ ,കരിമ്പ് ,പൈനാപ്പിൾ മുതലായവ കൃഷിചെയ്യുന്ന കർഷകന് നല്ലൊരു വരുമാനമാർഗം ആയിരിക്കുകയും ചെയ്യും .
5)നമ്മുടെ നാട്ടിൽതന്നെ ഉണ്ടാകുന്ന പഴങ്ങളിൽനിന്നും തയ്യാറാക്കുന്നവ ആയതിനാൽ താരതമ്യേന ചെറിയവിലക്കു ജനങ്ങൾക്ക്‌ കൊടുക്കാം
കള്ള് മുതലായ പ്രകൃതിജന്യ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നതും കൊള്ളാം .അവ മായംചേർക്കാതെ വിതരണം ചെയ്യുന്നത് ആരോഗ്യത്തിനു പ്രശ്നമുണ്ടാക്കില്ല എന്നുമാത്രമല്ല ചെത്തുതൊഴിലാളികൾക്കു അതൊരനുഗ്രഹവുമാണ്
ഞാനൊരു മദ്യപാനിയല്ല .എങ്കിൽപ്പിന്നെ കേരളത്തിലെ ജനങ്ങളെ മദ്യപാനികളാക്കാൻ വേണ്ടിയാണോ ഇപ്രകാരം എഴുതുന്നത് എന്ന ചോദ്യം വരാം .ഒരിക്കലുമല്ല .പക്ഷെ കേരളസർക്കാർ "ചാരായം "നിരോധിച്ചപ്പോൾ എന്താണ് സംഭവിച്ചത് എന്ന്‌ നാം കണ്ടു .വിദേശമദ്യഷോപ്പുകൾ വ്യാപകമായി .നിസ്സാരവിലക്ക് ചാരായം വാങ്ങിക്കഴിച്ചിരുന്നവർ വലിയവിലകൊടുത്തു വീര്യംകൂടിയ വിഷം വാങ്ങിക്കഴിക്കുവാൻ തുടങ്ങി .ആനിലക്കു വീര്യംകുറഞ്ഞതും ,വിലകുറഞ്ഞതും ,ഔഷധഗുണമുള്ളതും ,വീഞ്ഞിനു സമാനമായതുമായ മദ്യം വിളമ്പുന്നതല്ലേ നല്ലത് .
[10/20, 3:30 PM] Nirmal: വലിയൊരു അസമത്ത്വത്തെ കുറിച്ചുള്ള കഥ പറയാം .ഇന്ന് കൂലിപ്പണി ചെയ്യുന്നവന് മാന്യമായ കൂലി ഉണ്ട് .ഒരു വീട്ടിൽ തന്നെ ഇപ്രകാരം പണി എടുക്കുന്ന രണ്ടോ മൂന്നോ പേർ കാണും .അങ്ങനെ ഏതാണ്ട് 2000 മോ അതിലധികമോ കൂലി വാങ്ങുന്ന കുടുംബങ്ങളും ഉണ്ട് .പക്ഷെ ഇവരുടെ ജീവിതനിലവാരം ഉയരുന്നില്ല .കാരണം കിട്ടുന്നതിന്റെ നല്ലൊരു പങ്ക് ഇവർ ബാറുകളിൽ ചിലവഴിക്കും .ചെറിയൊരു ഭാഗം മാത്രമേ വീട്ടുചെലവിനായി വീടുകളിൽ എത്തൂ .എന്നാൽ ഇവർ സർക്കാർ വരച്ചിരിക്കുന്ന അദൃശ്യരേഖക്ക്‌ താഴെ ആയതിനാൽ BPL എന്ന പേരിൽ ഉള്ള ആനുകൂല്യം ലഭ്യമാണ് .ആശാരിമാർ ,കല്പണിക്കാർ ,ഇലക്ട്രീഷ്യന്മാർ ,പ്ലംബർമാർ ,വർക്‌ഷോപ് പണിക്കാർ എന്നിവർ എന്ത് കൂലിയാണോ പറയുന്നത് അത് അവർക്ക് കൊടുക്കണം .എന്താണിത്ര എന്ന് ചോദിക്കാൻ ഉപഭോക്താവിന് അവകാശം ഇല്ല .സർക്കാർജീവനക്കാർക്ക് മാന്യമായ വേതനം ലഭിക്കുന്നുണ്ട് .കച്ചവടക്കാരും വൻവ്യവാസായികളും നല്ല രീതിയിൽ ലാഭം ഉണ്ടാക്കുന്നവരും ആണ് .മുൻപറഞ്ഞവരെ ഉൾപ്പെടുത്തി നാം കണക്കെടുത്താൽ അതൊരു ന്യൂനപക്ഷം മാത്രമാണ് .മധ്യവർഗം എന്ന് പറയുന്ന മഹാഭൂരിപക്ഷത്തിന്റെ സ്ഥിതി എന്തെന്ന് പറയാം .അത്യാവശ്യം വിദ്യാഭ്യാസവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ട് .ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നു .ഇതേ വിദ്യാഭ്യാസ യോഗ്യത ഉള്ള സർക്കാർ ഉദ്യോഗസ്ഥൻ വാങ്ങുന്നതിന്റെ മൂന്നിലൊന്നാണ് ശമ്പളം .മറ്റ് ആനുകൂല്യങ്ങൾ ഒന്നും ഇല്ല .ഇദ്ദേഹം മാത്രമാണ് ആ വീടിന്റെ ആശ്രയം .അച്ഛൻ ,അമ്മ ,ഭാര്യ ,രണ്ടു കുട്ടികൾ .ഇവർ സംഘടിതർ അല്ല .നാളെമുതൽ ജോലിക്ക് വരേണ്ടെന്ന് മുതലാളി പറഞ്ഞാൽ ആ ജോലിയും തീർന്നു .പിന്നെ മറ്റൊന്ന് കണ്ടുപിടിക്കണം .കൃഷി ചെയ്യാൻ അറിയില്ല .അതിന് തക്ക ഭൂമിയുമില്ല .കിട്ടുന്ന പണം അനാവശ്യമായി ചിലവഴിക്കാതെ വളരെ സൂക്ഷിച്ചു ഉപയോഗിച്ചതിനാൽ ഒരു കൊച്ചു ടെറസ്സ് വീട് പണിയുവാൻ കഴിഞ്ഞു .അതിനാൽ BPL ആനുകൂല്യങ്ങളും ഇല്ല .ഇവർ വീട്ടുസാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ പോയാൽ ഇയാളുടെ സ്ഥിതി ഇതൊക്കെയാണ് .എങ്കിൽപിന്നെ ഇയാൾക്ക് സാധനങ്ങൾ വിലകുറച്ചു കൊടുക്കാമെന്നു ആരെങ്കിലും കരുതുമോ ?സർക്കാരുദ്യോഗസ്ഥനും വ്യവസായിയും കൊടുക്കുന്ന അതേ വില തന്നെ ഇയാളും കൊടുക്കണം .വസ്ത്രവ്യാപാര ശാലകൾ ,ഇന്ഗ്ലീഷ്‌ --- ആയുർവേദ മരുന്ന് കടകൾ ,ബേക്കറി ,ചെരുപ്പ് കടകൾ ,ഹാർഡ്വെയർ കടകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരുടെ കഥയാണ് ഞാൻ പറഞ്ഞത് .ഇത് ഭാരതത്തിലെ മഹാഭൂരിപക്ഷത്തിന്റെ കഥയാണ് .ഈ അസമത്ത്വം ഒഴിവാക്കാൻ ഭരണകർത്താക്കളുടെ കയ്യിൽ "മാന്ത്രികവടി "വല്ലതും ഉണ്ടോ ?പ്രിയപ്പെട്ട രാഷ്ട്രീയക്കാരെ ഇവരും വലിയ ഒരു "വോട്ട് ബാങ്ക് "തന്നെയാണ് കേട്ടോ ?
യഥാർത്ഥത്തിൽ മദ്ധ്യവർഗത്തെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് ഒരു സെൻസസ് വേണമെന്നാണ് തോന്നുന്നത് .അവരുടെ വരുമാനത്തിന്റെ തോതനുസരിച്ചു പച്ച നിറത്തിലും ഓറഞ്ച് നിറത്തിലും ഉള്ള കാർഡുകൾ വിതരണം ചെയ്യുകയും ആകാം .പച്ച കാർഡുള്ളവർക്കു സാധനങ്ങളുടെ വിലയുടെ നാലിലൊന്നും ഓറഞ്ച് കാർഡുള്ളവർക്ക് പകുതിയും കൊടുത്താൽ മതി എന്ന സംവിധാനം ഉണ്ടാക്കാം .കടയുടമക്ക് മുഴുവൻ പണവും കിട്ടാനുള്ള സൗകര്യം ബാങ്കുവഴിക്കു ചെയ്തുകൊടുക്കുകയും വേണം .ആശുപത്രി രംഗത്തും വസ്ത്രവ്യാപാര രംഗത്തും ഒക്കെതന്നെ ഈ രീതി അവലംബിക്കാവുന്നതാണ് .മാത്രമല്ല ഓരോ വ്യക്തിക്കും ഇത്രവച്ചു മാത്രമേ ഒരു മാസത്തേക്ക് വസ്തുവകകൾ വാങ്ങാവൂ എന്ന് റേഷൻ ഏർപ്പെടുത്തുകയും വേണം .ഇതിനുള്ള പണം സർക്കാർ എങ്ങിനെ കണ്ടെത്തും എന്നല്ലേ ?എന്റെ കൊച്ചുബുദ്ധിയിൽ തോന്നുന്ന ചില കാര്യങ്ങൾ പറയാം .
1)ഇന്നൊരാൾ സ്ഥലം വിറ്റു എന്നിരിക്കട്ടെ .ആ പണം അയാൾ ബാങ്കിൽ നിക്ഷേപിച്ചാൽ അതിൽനിന്നും ഏതാണ്ട് 20%ടാക്സ് ആയി പോകുമെന്നാണ് അറിയുവാൻ കഴിയുന്നത് .
2)അതുപോലെ സ്ഥലം വാങ്ങുമ്പോഴും സ്റ്റാമ്പ് ഫീസ് ആയി കനത്ത ടാക്സ് ആണ് വാങ്ങുന്നത് .
ഇപ്രകാരം മറ്റ് പലവിധ ടാക്സുകളും ഉണ്ട് എന്ന് നമുക്കറിയാം .ഇപ്രകാരം വാങ്ങുന്ന ടാക്‌സുകൾ നാടിന്റെ പുരോഗതിക്കു വേണ്ടി പലവിധത്തിൽ ചിലവഴിക്കപ്പെടുന്നുണ്ടാകാമെങ്കിലും സാധാരണക്കാരന് അതുകൊണ്ട് കാര്യമായ പ്രയോജനം ലഭിക്കുന്നില്ല എന്നാണ് ഞാൻ കരുതുന്നത് .എന്നാൽ അതിനുപകരം ഇപ്രകാരം വരുന്ന പണം ചെറിയ ഒരു ടാക്സ് മാത്രം ഈടാക്കിക്കൊണ്ടു ബാങ്കിൽ നിക്ഷേപിക്കാനുള്ള ഒരു സംവിധാനം ഉണ്ടാക്കിയാൽ എന്താണ് കുഴപ്പം ?ബാങ്ക്കളിൽ ധാരാളം പണം വരും .ആ പണം വ്യവസായസ്ഥാപനങ്ങൾക്കും മറ്റും ലോൺ ആയി കൊടുക്കാം .അത് സർക്കാരിന് വരുമാനമാർഗം തന്നെയല്ലേ ?പോരെങ്കിൽ 25 ലക്ഷത്തിനു മുകളിലുള്ള തുകക്ക് ബാങ്ക് പലിശ കൊടുക്കേണ്ടതുമില്ല .ജനങ്ങൾക്ക് അതിൽ യാതൊരു പ്രശ്നവും ഉണ്ടാകുമെന്ന് കരുതുന്നില്ല .കാരണം തങ്ങൾ നിക്ഷേപിക്കുന്ന പ്രിൻസിപ്പൽ എമൗണ്ട് യാതൊരു പ്രശ്നവുമില്ലാതെ ബാങ്കിൽ ഉണ്ടായിരിക്കുമല്ലോ ?അതുപോലെ സ്ഥലം വാങ്ങുമ്പോഴുള്ള ടാക്സ് പരമാവധി കുറയ്ക്കുന്നതാണ് നല്ലത് .വരുമാനം കുറഞ്ഞാലും ഭൂമിക്കച്ചവടം നടക്കുമല്ലോ ?KSRTC ബസ്സിലെ ബസ്ചാർജിന്റെ കാര്യം പറഞ്ഞതുപോലെ ആണ് കാര്യം .അതുകൊണ്ട് കള്ളപ്പണം കുറയുമെന്ന് മാത്രമല്ല ടാക്സ് ഗണ്യമായി കുറയുന്നതിനാൽ ഇപ്പറയുന്ന ചെറിയ ടാക്സ് കൃത്യമായി നൽകുവാൻ ജനങ്ങൾ തയ്യാറാകുകയും ചെയ്യും .പലവിധ ടാക്‌സുകൾ ലഘൂകരിക്കുകയാണ് വേണ്ടത് എന്ന അഭിപ്രായം ആണ് എനിക്കുള്ളത്.അത് ഗവണ്മെന്റിന്റെ നികുതിവരുമാനം വർദ്ധിപ്പിക്കുകയേ ഉള്ളു എന്നാണ് ഞാൻ കരുതുന്നത് .ഇപ്രകാരം വന്നുചേരുന്ന പണം വ്യവസായവത്കരണത്തിനും ,കാർഷികോത്പാദനത്തിനും ഉപയോഗിക്കാം .അതിൽനിന്നും ഒരു ഭാഗം മേല്പറഞ്ഞ മദ്ധ്യവർഗത്തിന്റെ ഉന്നമനത്തിനായും പ്രയോജനപ്പെടുത്താം .വ്യവസായികളെ ഈ സംവിധാനത്തിലേക്ക് ഉദാരമായി സംഭാവന ചെയ്യാൻ പ്രേരിപ്പിക്കാം .ഇന്നിപ്പോൾ പലരും ബാങ്കിൽ പണം നിക്ഷേപിക്കാൻ മടിക്കുകയാണ് .ബാങ്കുകളിൽ പണം വരട്ടെ .സാധാരണജനങ്ങൾ സർക്കാരിനെ ഭയപ്പെടാതിരിക്കട്ടെ .കള്ളപ്പണത്തിനും കരിംചന്തക്കും വളം വച്ചുകൊടുക്കുന്നതെന്തിനാണ്
[10/24, 3:43 PM] Nirmal: കള്ളപ്പണവും കള്ളനോട്ടും തമ്മിൽ ഏറെ വ്യത്യാസം ഉണ്ട് .കള്ളപ്പണം അഥവാ കറുത്ത പണം രേഖയിൽ ഇല്ലാത്ത പണം ആണ് .അത് നല്ല പണത്തിന് സമാന്തരമായി നാടിന്റെ വിവിധ ഭാഗങ്ങളിൽ ഒഴുകുന്നുണ്ട് .അതിനെ പിടിച്ചുകെട്ടാൻ ഭരണാധികാരികൾ ശ്രമിക്കുന്നുണ്ടെങ്കിലും വേണ്ടവിധം ഫലപ്രദം ആകുന്നുണ്ടെന്നു കരുതുന്നില്ല .ഈ പണം നാടിന്റെ പല ഭാഗത്ത് കൂടെ ഒഴുകുന്നുണ്ടെങ്കിലും അതുകൊണ്ട് പാവപ്പെട്ടവന് ഒരു ഗുണവും ഉള്ളതായി തോന്നുന്നില്ല .അതിനെ ഇപ്രകാരത്തിൽ പിടിച്ചുകെട്ടുന്നതിനു പകരം ഒരു ടാക്‌സും കൊടുക്കാതെ ബാങ്കിൽ നിക്ഷേപിക്കുവാനുള്ള ഒരു സംവിധാനം ഉണ്ടാക്കുന്നത് നല്ലതല്ലേ എന്ന് തോന്നാറുണ്ട് .കള്ളപ്പണം സൂക്ഷിക്കുന്നവർക്ക് യാതൊരു നിയമനടപടിയും നേരിടാതെ അത് ബാങ്കിൽ സൂക്ഷിക്കുവാൻ കഴിഞ്ഞാൽ വലിയ കാര്യമല്ലേ ?അതുകൊണ്ട് എന്താണ് ഗുണം എന്ന് ചോദിച്ചാൽ
a)കള്ളപ്പണം എത്രയുണ്ട് എന്ന ഒരു കൃത്യമായ കണക്ക് ലഭിക്കുന്നു .
b)അത് സൂക്ഷിക്കുന്നവർക്ക് ഉറക്കം നഷ്ടപ്പെടാതെ ബാങ്കുകളിൽ സൂക്ഷിക്കാം
c)ചുരുങ്ങിയത് ഒരു വർഷത്തേക്കെങ്കിലും അത് ബാങ്കിൽ നിക്ഷേപിക്കണമെന്നും പലിശ ലഭിക്കുന്നതല്ല എന്നും സർക്കാരിന് വ്യവസ്ഥ വക്കാം .ഈ പണം 12%പലിശക്ക്‌ ലോൺ ആയി കൊടുക്കാം .നാട്ടിൽ ഏറെ പുരോഗമനപ്രവർത്തനങ്ങൾ നടത്തുവാൻ ഇത് ഉപകരിക്കും .
ഒരു പ്രത്യേക വരുമാനത്തിന് കീഴെയുള്ള വ്യക്തികൾക്ക് സ്ഥലം വാങ്ങുവാനും വീടുവക്കുവാനും 4--5%പലിശക്ക് പണം കൊടുക്കാം .പണം അടച്ചുവീട്ടുന്ന മുറക്ക് സ്ഥലവും വീടും ആ വ്യക്തിയുടേതാകും .അടച്ചുവീട്ടാൻ കഴിയാത്ത പക്ഷം അയാളെ വാടകക്കാരനായി കാണാം .സ്ഥലവും വീടും ആ വ്യക്തിയുടെ സ്വന്തം ആകുന്നത് വരെ കൈമാറ്റം പാടില്ല എന്ന വ്യവസ്ഥ ആകാം .ഇനി അതുമല്ല കൃത്യമായി പലിശ അടക്കുന്ന വ്യക്തിക്ക് നാല്പതു വർഷത്തിനു ശേഷം അത് സ്വന്തമായി കൊടുക്കാം .കള്ളപ്പണം കൊണ്ട് സ്ഥലം വാങ്ങി കൂട്ടുന്നതിന് തടയിടാൻ കഴിയണം .ഭൂമിയുടെ പ്രാധാന്യം അനുസരിച്ച് ഇത്ര ഭൂമിയെ ഒരാൾക്ക്‌ പാടുള്ളൂ എന്ന് വ്യവസ്ഥ ഉണ്ടാക്കണം .സംസ്ഥാനത്തിന് പുറത്തും ,വിദേശരാജ്യങ്ങളിലും ,സ്ഥലം വാങ്ങുന്നതും ,വിദേശബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതും തടയാൻ നിയമം ഉണ്ടാകണം .ആഭ്യന്തരഉൽപാദനം, വിപണനം ,വിദേശനാണ്യം എന്നീ രൂപങ്ങളിൽ ഭാരതത്തിൽ എത്തിചേരുന്നു പണം ഭാരതത്തിന്റെ "കളം "വിട്ടുപോകാതെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ അത് നമ്മുടെ ധനകാര്യസംവിധാനത്തിന്റെ പാപ്പരത്ത്വം തന്നെയല്ലേ ?ഒരു വിഭാഗം ജനങ്ങൾ വലിയ മാളികകളിൽ ജീവിക്കുമ്പോൾ മറുഭാഗത്ത് അടച്ചുറപ്പ് ഇല്ലാത്ത ഭവനങ്ങളിൽ താമസിക്കുന്ന എത്രയോ പേരുണ്ട് .പെരുമ്പാവൂരിലെ ജിഷ എന്ന സഹോദരിക്ക് ഉണ്ടായ ദുരന്തം നാം പത്രങ്ങളിലൂടെ വായിച്ചറിഞ്ഞതാണ് .അവർക്ക് അടച്ചുറപ്പുള്ള ഒരു വീടുണ്ടായിരുന്നെങ്കിൽ കൊലയാളിക്ക് ഇത്തരം ഒരു കൃത്യം നടത്തുവാൻ കഴിയുമായിരുന്നോ ?ഒരു പൗരന്റെ അടിസ്ഥാന അവകാശങ്ങൾ ആയ ഭക്ഷണം ,പാർപ്പിടം ,വസ്ത്രം എന്നിവ ഏറ്റവും ചെറിയ തോതിലെങ്കിലും കൊടുക്കുവാൻ സർക്കാരിന് ചുമതലയുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത് .ഒരു നാടിന്റെ വികസനപ്രവർത്തനങ്ങൾ ഏറ്റുഎടുത്തു നടത്തുന്നതിനോടു ഒപ്പം തന്നെ വളരെ സൗമ്യവും ശാന്തവും ആയ രീതിയിൽ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം പരമാവധി കുറക്കാനും സർക്കാരിന് കഴിയണം എന്നാണ് തോന്നുന്നത് .അതിനു മേല്പറഞ്ഞ പണം ഉപകരിക്കുകയില്ലേ എന്നാണ് എന്റെ സംശയം .എന്നുവച്ചാൽ ഉള്ളവനീൽ നിന്നും ഒരു കൈ കൊണ്ട് വാങ്ങുകയും മറുകൈകൊണ്ട് പാവപ്പെട്ടവന് അത് കൊടുക്കുകയും ചെയ്യുന്ന ഒരു ഏജൻസി ആയും സർക്കാരിന് പ്രവർത്തിക്കാമല്ലോ .
കള്ളപ്പണം പലവിധത്തിൽ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത് .നി

Address

Thrissur

Alerts

Be the first to know and let us send you an email when Ayurveda Thoughts posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share