29/11/2025
പങ്കാളി അരികിൽത്തന്നെയുണ്ടെങ്കിലും എന്തുകൊണ്ടാണ് അകൽച്ച അനുഭവപ്പെടുന്നത്?
ചില സായാനന്തനങ്ങളിൽ, നിങ്ങൾ പ്രിയപ്പെട്ട പങ്കാളിയുടെ അരികിൽത്തന്നെ ഇരിക്കുകയാകും, അതേ പരിചിതമുഖം, അതേ സ്വരം, അതേ മുറി എങ്കിലും,
നിങ്ങൾക്കിടയിൽ മൗനഭരിതമായ ഒരു അകലമുണ്ടാകും.
അയാൾ സംസാരിക്കുന്നു, നിങ്ങൾ തലയാട്ടുന്നു, അപ്പോഴും എന്തോ ഒന്നിന്റെ അഭാവം മനസ്സിലാകുന്നു. നിങ്ങൾക്ക് കോപമില്ല, പിൻവലിഞ്ഞു പോയിട്ടില്ല, വിചിത്രമായ ഒരു അകൽച്ച മാത്രം.
"എല്ലാം ശരിയായി കാണപ്പെടുമ്പോഴും എന്തുകൊണ്ടാണെനിക്ക് അകൽച്ചയനുഭവപ്പെടുന്നത്?" നിങ്ങൾ ആലോചിക്കുന്നു.
പ്രണയം അഥവാ സ്നേഹം മാഞ്ഞുപോയി എന്നതിന്റെ ലക്ഷണമല്ല ഈ അനുഭവം. പൂർണ്ണമായും അതിൽ മുങ്ങിത്താഴ്ന്നിരിക്കുന്നു എന്നു നിങ്ങളുടെ ശരീരം മന്ത്രിക്കുന്നതാണത്.
വൈകാരിക അകൽച്ചയുടെ ശാസ്ത്രം
മനുഷ്യമസ്തിഷ്കം അടുപ്പത്തെ വായിക്കുന്നത് യുക്തിചിന്തയിലൂടെയല്ല, മറിച്ച് താളക്രമത്തിലൂടെയാണ്.
സ്വരം, സ്പർശം, ശ്വാസം എന്നിവയുടെ താളക്രമത്തിലൂടെ.
രണ്ടു വ്യക്തികൾ ഏകാത്മകരായിരിക്കുമ്പോൾ അവരുടെ നാഡീവ്യൂഹം വാസ്തവത്തിൽ പരസ്പരം പ്രതിഫലിപ്പിക്കുന്നു.
നിങ്ങളുടെ ഹൃദയമിടിപ്പ്, മുഖഭാവങ്ങൾ, സൂക്ഷ്മചലനങ്ങൾ എല്ലാം അല്പാല്പമായി പൊരുത്തത്തിലാകുന്നു.
പക്ഷേ സമ്മർദ്ദമോ ക്ഷീണമോ ഉണ്ടാകുമ്പോൾ, ഈ സഹയോജനം തകർന്നുപോകുന്നു.
ഇത്തരം സന്ദർഭങ്ങളിൽ അമിഗ്ഡല(amygdala) നിയന്ത്രണമേറ്റെടുക്കുന്നു, മസ്തിഷ്കത്തിന്റെ ആന്തരിക അപായ അറിയിപ്പു സംവിധാനമാണ് അമിഗ്ഡല.
അത് വ്യക്തികൾ തമ്മിലുള്ള അടുപ്പത്തിനു ശ്രദ്ധ നൽകുന്നില്ല, മറിച്ച് സുരക്ഷയ്ക്കു മാത്രം പ്രാധാന്യം നൽകുന്നു.
അത് സ്വയരക്ഷയിലേയ്ക്കു മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിങ്ങളുടെ സ്വരം നിർവികാരമാകുന്നു, കണ്ണുകൾ തമ്മിൽ അകലുന്നു, നിങ്ങളുടെ ശരീരം അദൃശ്യമായ ചുവരുകൾ സൃഷ്ടിക്കുന്നു.
ഇത് തിരസ്കരണമല്ല സ്വയരക്ഷയിലേയ്ക്ക് വഴി മാറുന്ന ജീവശാസ്ത്രമാണ്.
നിങ്ങളുടെ പങ്കാളിയുടെ നാഡീ വ്യവസ്ഥ ഉടനടി അത് മനസ്സിലാക്കുന്നു. അവർ മൗനം, ഈർഷ്യ, അല്ലെങ്കിൽ പിൻവാങ്ങൽ എന്നിവയിലൂടേ അതിനോടു പ്രതികരിക്കുന്നു.
ഒരിക്കൽ ഒരേ ഈണത്തിലായിരുന്ന രണ്ടു ശരീരങ്ങൾ ഇപ്പോൾ വ്യത്യസ്തങ്ങളായ താളങ്ങൾ സൃഷ്ടിക്കുന്നു.
അടുപ്പം ഇല്ലാതാകുന്നു, രണ്ടുപേരും പരസ്പരം അദൃശ്യരാകുന്നു, അത് ബന്ധത്തിന്റെ അതിജീവനത്തിനു സമാധാനം ആവശ്യമായതുകൊണ്ടാണ്. പ്രണയം അവിടെ പരാജയ പെട്ടിട്ടില്ല.
വളരെ നല്ല ബന്ധങ്ങളിൽപ്പോലും എന്തുകൊണ്ടാണിതു സംഭവിക്കുന്നത്
വൈകാരിക അകൽച്ചകൾ പലപ്പോഴും സംഭവിക്കുന്നത് ബന്ധത്തിനു സ്ഥിരതയുള്ള കാലത്താണ്. ജീവിതം മുൻകൂട്ടി കാണാനാകുന്ന സമയത്ത്, നിങ്ങളുടെ മസ്തിഷ്കം സംവേദനക്ഷമത കുറയ്ക്കുന്നതിലൂടെ ഊർജ്ജം സമ്പാദിക്കുന്നു.
പുതുമയുടെ രാസവസ്തൂക്കളായ ഡോപ്പമിൻ (dopamine) കുറയുന്നു, ശ്രദ്ധ ആന്തരികമായി ദിശമാറുന്നു. അതുകൊണ്ടാണ് ദൈനംദിന കൃത്യങ്ങൾക്കു, സമാധാനപരമായവ പോലും, കാലം ചെല്ലുമ്പോൾ ബന്ധങ്ങളെ വിരസമാക്കുവാൻ കഴിയുന്നത്.
നിങ്ങൾ കലഹിക്കുകയില്ലായിരിക്കാം, പക്ഷേ നിങ്ങൾക്ക് ആഴത്തിലുള്ള അടുപ്പവും അനുഭവപ്പെടുകയില്ല. ഇത് വിമുഖതയല്ല; അദ്ധ്വാനങ്ങളെ സംരക്ഷിച്ചുവയ്ക്കുന്നതിനുള്ള മസ്തിഷ്കത്തിന്റെ മാർഗ്ഗമാണ്.
നിങ്ങളുടെ ഇന്ദ്രിയവ്യൂഹം, അതിനു നേരത്തെതന്നെ അറിയാവുന്നവയോട് രമ്യതയിലാകുന്നു. അതിനാൽ നിങ്ങൾക്കരികിലുള്ള പരിചിതനായ വ്യക്തി നിങ്ങളുടെ ആന്തരികലോകത്തിന്റെ പശ്ചാത്തലമായി മാറുന്നു.
ക്ഷീണമോ പറയാത്ത വേദനകളോ കുമിഞ്ഞുകൂടുമ്പോൾ, നിങ്ങളുടെ ശരീരം, സ്നേഹത്തെ അല്പം വിദൂരമാക്കി നിർത്തിക്കൊണ്ട് ലഘുവായഒരു ജാഗ്രതയിൽ വർത്തിക്കുന്നു, സുരക്ഷിതത്വം പുനസ്ഥാപിക്കപ്പെടുന്നതുവരെ ഈ അവസ്ഥ തുടരുന്നു.
എന്താണു നിങ്ങളുടെ ശരീരം പറയുവാൻ ശ്രമിക്കുന്നത്?
അകൽച്ച തോന്നുന്നു എന്നത് ബന്ധത്തിലെ വീഴ്ചയല്ല- നിങ്ങളുടെ നാഡീവ്യവസ്ഥ നൽകുന്ന ഒരു സൂചനയാണത്, "എനിക്ക് ശ്വാസോച്ച്വാസം ചെയ്യുവാൻ ഇടം ആവശ്യമാണ്," എന്നാണത് സൂചിപ്പിക്കുന്നത്.
മനസ്സ്, പൂർത്തീകരിക്കാത്ത അനവധി ചിന്തകളെ വഹിക്കുമ്പോൾ, വൈകാരിക ശ്രേണികൾ ഇടറുവാൻ തുടങ്ങും. നിങ്ങളുടെ ശരീരം സ്വയം പ്രതിരോധിക്കുന്നതിൽ വ്യഗ്രത പൂണ്ടിരിക്കുമ്പോൾ , ബന്ധങ്ങൾ ചേർത്തുപിടിക്കുവാൻ നിങ്ങൾക്കാകില്ല.
നിങ്ങളുടെ മുഖം, ഹൃദയം, ദഹനേന്ദ്രിയം എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന വാഗസ് നാഡി (വാഗ്‌സ് nerve) ഇതിൽ ഒരു സവിശേഷ പങ്കു വഹിക്കുന്നു.
നിങ്ങൾ സ്വസ്ഥമായിരിക്കുന്ന സമയങ്ങളിൽ അത് ശബ്ദത്തെ സൗമ്യമാക്കുന്നു, മുഖഭാവങ്ങളെ തുറന്നു കാട്ടുന്നു, വൈകാരികമായ സുരക്ഷിതത്വം അനുഭവിക്കുവാൻ സഹായിക്കുന്നു.
സമ്മർദ്ദത്തിലോ പരിഭ്രാന്തിയിലോ ആയിരിക്കുമ്പോൾ അത് നിങ്ങളുടെ ഭാവത്തെ കടുത്തതാക്കുന്നു, സഹാനുഭൂതിയെ അടക്കിനിർത്തുന്നു. അതിന്റെ ഫലമോ? രണ്ടുപേർക്കും വിശദീകരിക്കുവാനാകാത്ത പൊള്ളയായ ഒരു നിശബ്ദത രൂപപ്പെടുന്നു.
തിരിച്ചുപോക്ക്
രണ്ടു വ്യക്തികൾക്കിടയിലെ ദൂരം മീറ്ററിൽ അളക്കുന്നത് അപൂർവ്വമാണ്, അത് സമ്മർദ്ദത്തിലാണ് അളക്കുന്നത്.
ആ ദൂരത്തെ ബന്ധിപ്പിക്കുന്നതിനു ദീർഘസംഭാഷണങ്ങളോ നാടകീയ നീക്കങ്ങളോ ഒന്നും ആവശ്യമില്ല.
ചിലപ്പോൾ, ഒരു പുനക്രമീകരണത്തിനുള്ള താൽക്കാലിക വിരമാമായിരിക്കും ബന്ധം ആവശ്യപ്പെടുന്നത്.
തമ്മിൽ പങ്കിടുന്ന എന്തെങ്കിലും, നടത്തമോ വാക്കുകളില്ലാത്ത മൗനമായ ഒരു നിമിഷമോ ആകാം അത്.
സ്പർശനം സാഹയകമാകും, പക്ഷേ ആവശ്യപ്പെട്ടിട്ടുള്ളതോ നിർബന്ധിതമായതോ ആയ സ്പർശനമല്ല വേണ്ടത്, മറിച്ച് "നാം വീണ്ടും സുരക്ഷിതരായിരിക്കുന്നു,: എന്ന് സൂചിപ്പിക്കുന്ന സൗമ്യവും സാവധാനവുമായ ഒന്ന്.
താളാത്മകമായ ചലനങ്ങൾ, സംഗീതം അല്ലെങ്കിൽ ചിരി എന്നിവ ശാരീരികതാളത്തെ പുനസ്ഥാപിക്കുന്നു.
ശരീരം ശാന്തമാകുമ്പോൾ ഹൃദയവും ആ വഴിയ്ക്കു വരുന്നു.
ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കുവാൻ തിരക്കിടരുത്.
വീണ്ടും സ്നേഹിക്കുവാൻ പ്രാപ്തമാകുന്നതുവരെ സംതുലനാവസ്ഥ പാലിക്കുവാനുള്ള ജൈവശാസ്ത്രപരമായ ആവശ്യം മാത്രമാണത്.
വൈകാരിക യാഥാർത്ഥ്യം
അടുപ്പം അപ്രത്യക്ഷമാകുന്നില്ല, അത് സമ്മർദ്ദത്തിനു പിന്നിൽ മറഞ്ഞിരിക്കുകയാണ്.
സ്നേഹം അഥവാ പ്രണയം മരിക്കുന്നില്ല, ശരീരത്തിനു സുരക്ഷിതത്വം അനുഭവപ്പെടുന്നതുവരെ അത് നിശബ്ദമായി ഒതുങ്ങി ഇരിക്കുന്നുവെന്നേയുള്ളു.
നിങ്ങൾ വിശ്രമിക്കുകയോ ക്ഷമിക്കുകയോ അല്ലെങ്കിൽ സ്വാഭാവികമായി അരികിൽ ഇരിക്കുകയോ ചെയ്യുന്ന അവസരങ്ങളിലെല്ലാം ഒരിക്കൽ അനുസ്യൂതം ഒഴുകിയിരുന്ന അതേ താളം നിങ്ങൾ പുനസൃഷ്ടിക്കുന്നു.
ഒരു ദിവസം നിങ്ങൾ പങ്കാളിയെ നോക്കി അവർ മാറിയിട്ടേയില്ല എന്നു തിരിച്ചറിയും.
അവരെ വ്യക്തമായി കാണുവാൻ നിങ്ങളെ പ്രാപ്തമാക്കുന്ന ഉൾപ്രശാന്തിയിലേയ്ക്ക് തിരികെയെത്തുക എന്നതു മാത്രമേ ആവശ്യമാകുന്നുള്ളു.
രണ്ടു നാഡീവ്യവസ്ഥകൾ ഒരുമിച്ച് ശാന്തമാകുമ്പോൾ തമ്മിലുള്ള അകലം ഇല്ലാതാകുന്നു. പ്രണയം വീണ്ടും ജീവശ്വാസമെടുക്കുന്നു.
മാനസിക സമ്മർദ്ദത്തിൽ, അമിഗ്ഡല (amygdala) വിനിമയശൃംഖലയെ അടിച്ചമർത്തി അതിലൂടെ സഹാനുഭൂതിയും കണ്ണുകളുടെ പരസ്പരസമ്പർക്കവും കുറയ്ക്കുന്നു.
കുറയുന്ന വാഗൽ ടോൺ (vagal tone) സാമൂഹ്യ ഇടപെടലുകളെയും വൈകാരിക പാരസ്പരികതയെയും പരിമിതപ്പെടുത്തുന്നു.
കുറഞ്ഞതെങ്കിലും നിരന്തരമായ മാനസിക സമ്മർദ്ദം ഡോപമിൻ, ഓക്സിറ്റോസിൻ (dopamine and oxytocin) എന്നിവയെ കുറയ്ക്കുന്നു. അതിന്റെ ഫലമായി ബന്ധത്തിന്റെ വൈകാരികതയും കുറയുന്നു.
ഒത്തുചേർന്ന് നടത്തുന്ന പരിഹാര പ്രക്രിയകൾ—സ്പർശം, ശബ്ദം, ഏകാത്മകമായ ചലനം എന്നിവയിലൂടെ പങ്കിടുന്ന ശാന്തി—നാഡീ ഏകത്വത്തെയും ബന്ധത്തിന്റെ ഊഷ്മളതയെയും പുനസ്ഥാപിക്കുന്നു.
Prasad Amore