17/09/2025
ശംഖുപുഷ്പം
ശാസ്ത്രീയ നാമം :Clitoria ternatea
ഇംഗ്ലീഷ് :Butterfly pea flower, Winged leaved Clitoria
തമിഴ് :ശങ്കുപൂ,നീല കാക്കണംപൂ
ഹിന്ദി :അപരാജിത
വിവരണം
ഉപയോഗിക്കാവുന്ന ഭാഗങ്ങൾ : ഇല, വിത്ത്, വേര്
രസം :കയ്പ്പ്, ഇനിപ്പ്, തുവർപ്പ്
വീര്യം :ഉഷ്ണ വീര്യം
ഇതു സാധാരണയായി വേലിയോരങ്ങളിൽ കണ്ടുവരുന്ന ഒരിനം വള്ളിച്ചെടിയാണ്.ഇത് ഇന്ത്യയിൽ ഉടനീളം കാണുവാൻ സാധിക്കും.ഇതിലെ പുഷ്പങ്ങളുടെ നിറ വ്യത്യാസം മൂലം ഈ ചെടിയെ രണ്ടായി തരം തിരിക്കാം.നീലയോ വെള്ളയോ നിറമുള്ള പയർ വർഗ്ഗത്തിന് സമാനമായ പൂക്കളും ശംഖിന്റെ ആകൃതിയിലുള്ള കായ്കളും ഇതിലുണ്ട്.
ഔഷധ ഉപയോഗങ്ങൾ:
പരമ്പരാഗത ആയുർവേദ വൈദ്യത്തിൽ, മെമ്മറി വർദ്ധിപ്പിക്കൽ, നൂട്രോപിക്,ആന്റിസ്ട്രെസ്, ആന്റീഡിപ്രസന്റ് എന്നിവയുൾപ്പെടെ പല ഗുണങ്ങൾ ഇതിനുണ്ടെന്ന് പറയപ്പെടുന്നു.
പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയവ നിയന്ത്രിക്കാനും ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും സഹായിക്കുന്ന ആന്റി ഓക്സിഡന്റുകൾ ഇതിലുണ്ട്.
ഇതിന്റെ ഇലച്ചാറും ഇഞ്ചിച്ചാറും സമ അളവിൽ എടുത്ത് സേവിച്ചാൽ ക്ഷയരോഗത്തിൽ കണ്ടുവരുന്ന അമിത വിയർപ്പ് കുറയ്ക്കാൻ സാധിക്കും.
ഇല ഉപ്പ് ചേർത്തരച്ച് കട്ടികൾക്ക് വച്ച് കെട്ടിയാൽ വീക്കം കുറയും.
ഇതിന്റെ ഇലകൾ കഷായം വെച്ച് വ്രണങ്ങൾ കഴുകാൻ ഉപയോഗിക്കാം.
പൂവ് തിളപ്പിച്ച വെള്ളം കട്ടൻചായ പോലെ ഉന്മേഷദായകമായ ഒരു പാനീയമായി ഉപയോഗിക്കാറുണ്ട്.
നാലോ അഞ്ചോ പൂവ് വെളിച്ചെണ്ണയിൽ ചാലിച്ച് ശരീരത്തിൽ തേക്കുന്നത് സ്കിന്നിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു.
മുടിയുടെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ശംഖുപുഷ്പം. മുടി വളര്‍ച്ചയ്ക്കും മുടി നരയ്ക്കുന്നതിനും കൊഴിയുന്നതിനുമെല്ലാം ഏറെ നല്ലതാണിത്. ഇത് മുടിയുടെ കോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി മുടിയ്ക്കു വളര്‍ച്ച നല്കുന്ന ഒന്നാണിത്.
തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ശംഖുപുഷ്പം. ഇതിലെ അസൈറ്റല്‍കൊളീന്‍ എന്ന ഘടകം ബ്രെയിന്‍ നല്ല രീതിയില്‍ പ്രവര്‍ത്തിയ്ക്കുവാനും ഇതുവഴി ഓര്മ ശക്തി വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കും. പ്രായമായവരിൽ ഉള്ള ഓര്‍മക്കുറവ് പോലുള്ള പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ ഇത് ഏറെ ഉത്തമമാണ്.