03/04/2024
ജീവനെടുക്കുന്ന
പ്രണയപ്പക .
പ്രിയരെ,
പ്രണയത്തിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങളും , ആത്മഹത്യകളുമെല്ലാം യഥാർത്ഥത്തിൽ പ്രണയം മൂലമോ ?
അതോ മനോവൈകല്യമോ ?
എന്തെന്നാൽ നടുക്കുന്ന വാർത്തകളാണ് ഓരോ ദിവസവും നാം കേൾക്കേണ്ടി / കാണേണ്ടി വരുന്നത്.
പ്രണയം എന്ന വികാരം പുരുഷനു സ്ത്രീയോടും ,നേരെ മറിച്ചും തോന്നുന്ന ഒന്നു മാത്രമാണോ ?
ഒന്നിനോട് തോന്നുന്ന ആകർഷണം , ഇഷ്ടം , സ്നേഹം, താത്പ്പര്യം എന്നതൊക്കെ മിക്കവാറും ഉപരിപ്ലവവും , ശാരീരികവും ,ലൈംഗികപരവുമൊക്കെ ചേർന്ന് കൂടി പിണഞ്ഞു കിടക്കുന്ന ഒരവസ്ഥയെ നാം പ്രണയം എന്ന വാക്കുപയോഗിച്ച് ,സ്വകാര്യമായി ദുരുപയോഗിക്കുകയാണ് .
ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോട് യഥാർത്ഥ പ്രണയമുണ്ടെങ്കിൽ പ്രണയിക്കുന്ന വ്യക്തിയുടെ നന്മ / സന്തോഷം / ഉയർച്ച എന്നതു മാത്രമായിരിക്കും ആഗ്രഹിക്കുന്നത്. ( ആത്മ വേദനയുണ്ടെങ്കിൽപ്പോലും). ബഹുമാനത്തോടെയും സ്നേഹത്തോടെയും മാത്രമെ പെരുമാറൂ. ശാരീരികമോ മനസ്സികമോ ആയി വേദനിപ്പിക്കാനുമാവില്ല
മറിച്ച് ,
ഇങ്ങനെയുള്ള സാഹചര്യത്തിൽ എന്റെ താലപര്യത്തിനനുസരിച്ച് ചിന്തിച്ചില്ല, പ്രവർത്തിച്ചില്ല ,പെരുമാറിയില്ല എന്നതിന്റെ പേരിൽ ആരെയാണോ ഇതുവരെ നാം ഏറ്റവുമധികം സ്നേഹിച്ചത് ,അവരെ യാതൊരുവിധ തത്വദീക്ഷയുമില്ലാതെ അപായപ്പെടുത്താനും , ചുട്ടെരിക്കാനും ,അതുമല്ലെങ്കിൽ സ്വയം ഹത്യ ചെയ്യാനുമൊക്കെ തോന്നുന്നതും, ചെയ്യുന്നതുമെല്ലാം ശരിയല്ലാത്ത അഥവാ അനാരോഗ്യകരമായ മാനസ്സികാവസ്ഥയുള്ളവരിലും ശരിയായ പ്രണയമില്ലാത്തവരിലുമാണ് എന്നതാണ് സത്യം .
പകയും ദുഖവും സങ്കടവും സംശയവും , അപകർഷതാ ബോധവും അസൂയയുമെല്ലാം ഇത്തരം സന്ദർഭങ്ങളിൽ പശ്ചാത്തല സംഗീതമെന്ന കണക്കെ കൂടെയുണ്ടാവാം.
സ്നേഹവും ഇഷ്ടവുമെല്ലാം ഉണ്ടാവുന്നത് സ്വാഭാവികമെന്നതു പോലെ തന്നെ , ഇതേ സ്നേഹവും ഇഷ്ടവുമെല്ലാം കുറയുകയോ ഇല്ലാതാവുകയോ എന്നതും ചിലപ്പോൾ സ്വാഭാവികമായിത്തന്നെ ജീവിതത്തിൽ സംഭവിക്കാറുണ്ട്.
ഇങ്ങനെയൊക്കെ സംഭവിക്കാൻ
മറ്റ് പല ഘടകങ്ങൾ , മാറുന്ന ജീവിത സാഹചര്യങ്ങൾ , കാഴ്ചപ്പാടുകൾ എന്നതൊക്കെയാണ് പൊതുവെ മനസ്സിലാക്കാവുന്നത്.
ഒരു കാര്യം പ്രത്യേകം നാം ഓർക്കുക - ഒന്നിനോട് തോന്നുന്ന ഭ്രമം (Infatuation) ഒരിക്കലും പ്രണയമല്ല എന്നതാണ് .
എതിർലിംഗത്തോട് തോന്നുന്ന അഭിനിവേശം ലൈംഗികപരമായ വളർച്ചയിലെത്തുമ്പോൾ നമ്മുടെ മസ്തിഷ്ക്കത്തിലെ ചില ജൈവരാസതന്മാത്രകളുടെയും (Phenyle ethyle Amine ) , ലൈംഗിക ഹോർമോണുകളുടെയും ഒറ്റക്കും കുട്ടമായുമുള്ള ചില "കളി"കളാണ് എന്നതാണ് ഈ യവസ്ഥയുടെ ജൈവരസതന്ത്രം (Biochemistry) അഥവാ യഥാർത്ഥ്യം.
ഇതു ചിലരിൽ ഏറിയും കുറഞ്ഞുമിരിക്കും എന്നു മാത്രം . ഇതു കൂടാതെ വിവേചനപരമായി ,പക്വതയോടെ തീരുമാനമെടുക്കാനുള്ള കഴിവ് നാം നേടിയെടുക്കുന്നത് നമ്മുടെ മസ്തിഷ്ത്തിന്റെ മുൻഭാഗമായ പ്രീ ഫോണ്ടൽ കോർട്ടക്സ് ശരിയായ രീതിയിൽ വളർച്ച പ്രാപിച്ചതിനു ശേഷം മാത്രവുമായിരിക്കും. ഇതിനു് ചുരുങ്ങിയത് 25 വർഷമെങ്കിലും വേണ്ടിവരും. അതായത് പക്വമായി പ്രണയിക്കാൻ ചുരുങ്ങിയത് 25 വയസ്സെങ്കിലും ആവണമെന്നർത്ഥം.
അതിനാൽ അതിനു മുമ്പെടുക്കുന്ന ഇത്തരം പ്രണയം പലപ്പോഴും അപക്വവും അതിവൈകാരികവും ആയിരിക്കും എന്ന് തിരിച്ചറിയുക. (വളയ്ക്കുക / വളയുക/ ലൈനടിക്കുക എന്നീ വാക്കുകൾ തെളിയിക്കുന്നതും കൗമാര - യൗവ്വനകാലത്ത് വളക്കാൻ എളുപ്പമാണ് എന്നതു തന്നെയാണ് അർത്ഥമാക്കുന്നത്. )
ഈ പ്രായത്തിൽ ഏഴയലത്തുപോലും യഥാർത്ഥത്തിൽ പ്രണയമല്ല മറിച്ച് അവിടെ അത്തരം സാഹചര്യങ്ങളിൽ കാമമാണ് (S*x) മുന്നിൽ നിൽക്കുന്നത്.
ആദ്യമായി അറിഞ്ഞും അറിയാതെയും ഇതിൽപ്പെടുമ്പോൾ കിട്ടുന്ന 'സുഖം' വീണ്ടും വീണ്ടും അനുഭവിക്കാൻ മസ്തിഷ്കം പ്രേരണ നൽകും. കുറെക്കഴിഞ്ഞ് ഇങ്ങനെയുള്ള ബന്ധത്തിൽ മടുപ്പനുഭവപ്പെടുകയോ ,
ശരി തെറ്റുകൾ തിരിച്ചറിയപ്പെടുമ്പോഴോ ഇതിൽ നിന്നും പിന്മാറാൻ ശ്രമി മിക്കുമ്പോൾ മറു ഭാഗം ഭീഷണിയും സെന്റിമെന്റ്സുമൊക്കെ ഇടകലർത്തി ഇരയെ വീണ്ടും സ്വാധീനിക്കും , ഇതിൽ പരാജിതനായ വ്യക്തി പെട്രോളും കത്തിയും ബ്ലെയ്ഡും കയറുമൊക്കെ (മദ്യം/മയക്കുമരുന്നുകൾ )അനേഷിക്കലാവും അടുത്തപടി. അതാണല്ലോ ഇതിന്റെയൊരു ക്ലിഷേ .
ഒരു നിമിഷത്തെ എടുത്തു ചാട്ടം പല ജീവനുകളായിരിക്കും ചിലപ്പോൾ തകർക്കുന്നതു്.
ഇതിനെ നമുക്കെങ്ങനെ പ്രതിരോധിക്കാം. ?
മേൽപ്പറഞ്ഞ "പ്രണയം" ( പ്രേമം / സ്നേഹം / ഇഷ്ടം ..... നിങ്ങൾക്ക് ഇഷ്ടമുള്ള വാക്കുകൾ ചേർത്തോളൂ ) എന്നത് കുട്ടിക്കുണ്ടായി എന്നറിഞ്ഞാൽ അത് പ്രായത്തിന്റെ സ്വഭാവികമായ മേൽപ്പറഞ്ഞ പരിണാമങ്ങൾ മൂലമാണെന്ന് അച്ഛനമ്മമാരും, കുടുംബത്തിലുള്ളവരും ,അദ്ധ്യാപകരും ആദ്യം പക്വതയോടെ മനസ്സിലാക്കുക. എന്നിട്ടാവാം കുട്ടിയെ ഇതിന്റെ പേരിൽ വലിയൊരപരാധം ചെയ്തു എന്ന രീതിയിൽ ശിക്ഷിക്കുന്നത് / കുറ്റവിചാരണ നടത്തുന്നത്.
ഈ രീതിയിൽ എന്തെങ്കിലും സംഭവിച്ചാൽപ്പോലും വീട്ടിൽ തുറന്നു പറയാനുള്ള സ്വാതന്ത്ര്യം കുട്ടിക്ക് ഉണ്ടായിരിക്കണം.
(മാതാപിതാക്കളോടും മറ്റുള്ളവരോടും പറയാതെ ഒളിച്ചുവയ്ക്കുന്നത് പേടിയോ നാ ണമോ മൂലമായിരിക്കും.)
ചെറുപ്രായത്തിൽ കുട്ടികൾ സ്വാധീനിക്കപ്പെടാനോ ചൂഷണത്തിന് അടിപ്പെടാനോ ഉള്ള സാധ്യതകൾ വീട്ടുകാരും സ്കൂൾ അധികൃതരും മുൻകൂട്ടി കാണണം.
എങ്ങനെ തിരിച്ചറിയാം ?
കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റങ്ങൾ , ഒറ്റപ്പെട്ട് നടക്കൽ ,
നിഷേധസ്വരങ്ങൾ , പഠനത്തിൽ താൽപ്പര്യം കുറയൽ ,പെട്ടെന്നു പൊട്ടിത്തെറിക്കൽ ,അകാരണമായ ആകാംക്ഷ തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കിൽ ആയതിന്റെ കാര്യകാരണങ്ങൾ കനിവോടെ ,ആർദ്രതയോടെ , അനുതാപത്തോടെ ചോദിച്ചു മനസ്സിലാക്കാം.
മാതാപിതാക്കളും അദ്ധ്യാപകരും കുട്ടിയുടെ കളിക്കൂട്ടരാവട്ടെ ,എങ്കിൽ അവർ നിങ്ങളിൽ നിന്ന് ഒന്നും മറയ്ക്കില്ല - അഥവാ തെറ്റായ വഴികളിൽ പോയിട്ടുണ്ടെങ്കിൽ പോലും അവർ തന്നെ വഴി മാറി നടക്കും.
എന്നിട്ടും നിങ്ങൾ തോറ്റെങ്കിൽ ഒരു അംഗികൃത മാനസ്സിക ആരോഗ്യ വിദഗ്ദ്ധന്റെ സേവനം തേടാം.
വാൽക്കഷണം. :-
"വീഴ്ചയിൽ താങ്ങാവുമ്പോഴാണ് യഥാർത്ഥ പ്രണയം ജനിക്കുന്നത്. "
പ്രണയം സ്ത്രീ പുരുഷ ബന്ധമെന്ന രീതിയിൽ ചുരുക്കി കാണേണ്ട ഒന്നല്ല - അതു്
സ്വന്തം കുടുംബത്തോടാവാം - സമൂഹത്തോടാവാം - ജോലിയോടാവാം -
പ്രകൃതിയോടാവാം എന്തിനോടുമാവാം...
|By
Dr.Karamchand Mallan
Prof:&Head,
Dr.PMHMC Medical College, Chottanikkara
Mob:9447109918