06/10/2023
നൻമ തിരൂർ...❣️
ആഴമേറിയ ഒരു സൗഹൃദത്തിന്റെ ചിന്തകളുടെയും കർമ്മങ്ങളുടെയും ഗുണഫലം സമൂഹത്തിലേക്ക് കൂടി പ്രസരിപ്പിക്കപ്പെടണം എന്ന ഉദ്ദേശത്താൽ 2008 ൽ സ്ഥാപിതമായി. വ്യത്യസ്തമായ എന്നാൽ സമൂഹത്തിന് ഗുണകരമായ, ഫലപ്രദമായ ചില പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കണമെന്ന് തീരുമാനിക്കപ്പെടുന്നു. കഴിഞ്ഞ 16 വർഷക്കാലത്തിനിടെ ചെറുതും വലുതുമായ നിരവധി പ്രവർത്തനങ്ങളാൽ തിരൂരിന്റെ കർമ്മവീഥിയിൽ നിശബ്ദ പ്രയാണം തുടർന്നു കൊണ്ടിരിക്കുന്നു.
അംഗസംഖ്യ തുടക്കത്തിൽ 15 ഉം, പിന്നീട് 18 ഉം ശേഷം 21 ഉം ആയി ഉയർന്നു. നിലവിൽ വനിതാവിങ് , ഗൾഫ് വിങ്, ചൈൽഡ് വിങ് ഉൾപ്പെടെ 80 ഓളം അംഗങ്ങൾ. 2016 ൽ സൊസൈറ്റി രജിസ്‌ട്രേഷനും, നെഹ്റു യുവകേന്ദ്ര അഫിലിയേഷനും ലഭിച്ചു. ദൈവാനുഗ്രഹത്താൽ 2008 മുതൽ തുടർച്ചയായി പതിനഞ്ച് വർഷക്കാലം ഈ കൂട്ടായ്മയുടെ പ്രസിഡന്റ് / ജനറൽ സെക്രട്ടറി / ട്രഷറർ പദവികൾ വഹിക്കാനും, അത് വഴി അനേകം മനസ്സുകൾ ഓർമ്മിക്കുന്ന ഒരുപിടി പ്രവർത്തനങ്ങളുടെ ഭാഗമാകാനും ഈയുള്ളവന് അവസരം ലഭിച്ചു.
വാർഷിക റിലീഫ് പദ്ധതി, നൻമ ഡ്രസ്സ് ബാങ്ക് പ്രൊജക്ട്, ഭക്ഷ്യ ധാന്യ കിറ്റ് വിതരണം, വാർഷിക ഇഫ്താർ സംഗമം, പെരുന്നാൾ കിറ്റ്, ജാലകം ഹെൽപ് ഡെസ്ക്, ഫൈറ്റ് against കോവിഡ് പ്രോജക്ട്, ശാന്തി ഭവനം സഹായ പദ്ധതി, ബഡ്‌സ് സ്‌കൂൾ സഹായ പദ്ധതി, ചികിത്സാ ധനസഹായ പദ്ധതികൾ, പരിസ്ഥിതി ദിന പരിപാടികൾ, സന്നദ്ധ രക്തദാന പദ്ധതികൾ, ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ, ക്യാൻസർ ബോധവൽക്കരണ സെമിനാർ, വിവാഹ ധനസഹായം, ഭവന നിർമ്മാണ ധനസഹായം, കൃത്രിമ അവയവ ധന സഹായം, മെഡിക്കൽ ക്യാമ്പുകൾ, ട്രൈബൽ മേഖലകളിലെ ക്ഷേമ പ്രവർത്തനങ്ങൾ, വയോജനങ്ങൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ക്ഷേമ പ്രവർത്തനങ്ങൾ, പരിസ്ഥിതി സൗഹൃദ പഠന യാത്രകൾ, കുടുംബ സംഗമങ്ങൾ എന്നിവ കഴിഞ്ഞ കാലങ്ങളിൽ നടത്തിയ ചില പ്രവർത്തനങ്ങളാണ്. 2022 മുതൽ ഇ. പി. ആയിഷ സ്‌മാരക എന്ഡോവ്മെന്റ് ഏർപ്പെടുത്തി. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് SSLC, HSE പരീക്ഷകളിൽ മികച്ച വിജയം നേടുന്ന കുട്ടികൾക്ക് വേണ്ടി നടപ്പിലാക്കിയ പദ്ധതിയാണിത്. പ്രഥമ ഇ.പി. ആയിഷ endowment ന് SSLC , HSE വിഭാഗത്തിൽ നിന്ന് രണ്ട് പേർ വീതം അർഹരായി.
നൻമയുടെ ചരിത്രത്തിലെ സുപ്രധാന തീരുമാനമായ ആശ്രയ- 2023 പദ്ധതിക്ക് ഈ വർഷം തുടക്കമായി. സ്ഥിരമായി മരുന്ന് കഴിക്കുന്ന മാരക രോഗങ്ങളാൽ പ്രയാസപ്പെടുന്ന നിർധനരായ രോഗികൾക്ക് അവരുടെ മെഡിസിൻ ചെലവിലേക്ക് എല്ലാ മാസവും പെൻഷൻ മാതൃകയിൽ നിശ്ചിത തുക നൽകുന്ന പദ്ധതിയാണിത്. 2023 വർഷത്തിൽ ആശ്രയ പദ്ധതിയുടെ ഗുണഭോക്താക്കളായി കിഡ്നി, ഹൃദ്രോഗം, ക്യാൻസർ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ നിന്ന് ആറു പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ആശ്രയ പദ്ധതി ഗുണഭോക്താക്കൾക്കുള്ള മെഡിസിൻ വൗച്ചർ വിതരണവും രണ്ടാമത് ഇ.പി. ആയിഷ എന്ഡോവ്മെന്റ് വിതരണവും , നൻമ തിരൂർ കുടുംബ സംഗമവും ദൈവാനുഗ്രഹത്താൽ 02.10.2023 ന് ഗാന്ധിജയന്തി ദിനത്തിൽ ഭംഗിയായി നടക്കുകയുണ്ടായി.
ആരംഭിച്ച പ്രവർത്തനങ്ങൾക്ക് തുടർച്ച ഉണ്ടാകണം. പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കപ്പെടണം. ഒരുപാട് ദൂരം ഇനിയും മുന്നോട്ട് പോകാൻ ഉണ്ട്. കഴിഞ്ഞ കാലങ്ങളിൽ ലഭിച്ച നിങ്ങൾ ഓരോരുത്തരുടെയും സ്നേഹവും, പ്രാർത്ഥനയും, പിന്തുണയും വരും വർഷങ്ങളിലും ഈ കൂട്ടായ്മ പ്രതീക്ഷിക്കുകയാണ്....
സ്നേഹപൂർവ്വം
✍️ പി.എം.ഫൈസൽ