14/12/2022
നാല് മാസങ്ങൾക്കു മുമ്പ് ഒരു രാത്രി . വളരെ അവിചാരിതമായി ഒരു ഫോൺ വന്നു.തുടരെ വന്നപ്പോഴാണ് കാര്യം തിരക്കി അങ്ങോട്ട് വിളിച്ചത്.കണ്ണൂര് നിന്ന് സുഹൃത്തായ സുലൈഖ.സ്ട്രോക് വന്ന് തളർന്നു പോയി ശരീരമെന്ന അവളുടെ മറുപടിക്ക് തൊട്ടുമുന്നെയാണ് എത്രകാലമായെടോ വിളിച്ചിട്ട് എന്ന എന്റെ ചോദ്യം ഉയർന്നത്. ചോദ്യത്തെ ഉത്തരം വിഴുങ്ങിയ ഒരേ നിൽപ്പിൽ ഞാൻ ഒന്നും പറയാനാവാതെ കുഴങ്ങി.കണ്ണൂർ AKG ഹോസ്പിറ്റലിലെ 15 ദിവസത്തെ ചികിത്സ കൊണ്ട് മാറ്റമൊന്നുമില്ല എന്നവൾ വിക്കിയതോർക്കുന്നു. ധൈര്യമായി വരൂ നമുക്ക് എല്ലാം ശരിയാക്കാം എന്ന് എന്റെ മറുപടിയിൽ കിട്ടിയ കരുത്തിന്റെ നിറവിലായിരിക്കാം രണ്ടുദിവസത്തിനു ശേഷം അവൾ വന്നു. ഞാനൊരിക്കലും കാണരുതെന്ന് കരുതിയ നിസ്സഹായാവസ്ഥയിൽ അവളെ കണ്ടപ്പോളുണ്ടായ അങ്കലാപ്പ് ഒരു കള്ള മാസ്കിട്ടു മൂടി,ഇനി നമുക്കിവിടെ കുറച്ചു നാളങ്ങനെ അടിച്ചുപൊളിച്ചു
കഴിയാമെന്ന് ധൈര്യം കൊടുത്തു.ആ ഊർജം അവളുടെ മുഖത്ത് പ്രത്യാശയുടെ പുഞ്ചിരിയായി . അന്നുമുതൽ സുലൈഖ എന്റെ അനുസരണയുള്ള രോഗിയായി ഞാൻ 'വലിയ' ഉത്തരവാദിത്വമുള്ള ഡോക്ടറും.പിന്നീടങ്ങോട്ട് വെല്ലുവിളികൾ നിറഞ്ഞ നാളുകൾ.... അനക്കമറ്റശരീരം,നട്ടെല്ലിന്റെ ഫ്രാക്ചർ,മൂത്രത്തിലെ അണു ബാധ, പിടിയിലൊതുങ്ങാത്ത പ്രമേഹം, സോഡിയം കുറയുന്നതിന്റെ പരിഭ്രാന്തി, ബോധത്തിനും അബോധത്തിനും ഇടയിലെ ചാഞ്ചാട്ടം, പൊട്ടിയൊലിച്ച ശയ്യാ വ്രണങ്ങൾ ഇനിയും കേസ് ഷീറ്റിൽ ഒതുങ്ങാത്ത കംപ്ലൈന്റ്സ്.അവളെ ജീവിതത്തിന്റെ പച്ചയിലേക്ക് കൊണ്ട് വരിക എന്നത് എന്റെ ഒരു വാശിയായി.അവൾ ഉറങ്ങും വരെ ഉറങ്ങാതിരുന്ന രാത്രികൾ, IP യിൽ നിന്നുള്ള വിളികൾ പ്രതീക്ഷിച്ച് പാതിയുറങ്ങിയ മയക്കങ്ങൾ .ജീവിതത്തിൽ ഒരേ കിതപ്പിൽ തിരിച്ചു വന്ന എത്രയോ രോഗികളുടെ കഥപറച്ചിലുമായി നീണ്ട പകലുകൾ. സഹതപിക്കാൻ വന്നവരെ കർശനമായി വിലക്കി. മനോധൈര്യം തെല്ലും ചോരാൻ സമ്മതിക്കാതെ കൂടെ നിന്നു.കുറുമ്പും വാശിയും അസുഖത്തിന്റെ ഭാഗമായി കാണുവാനുള്ള ക്ഷമയുണ്ടായി.കണിശമായ നീണ്ട ചികിത്സാകാലം.ആദ്യമായി കാൽ വിരൽ ഒന്നനങ്ങിയപ്പോളുണ്ടായ സന്തോഷം ആദ്യപ്രസവത്തിലെ കുഞ്ഞിന്റെ ഇളക്കം പോലെ തോന്നിയത് എന്ത് കൊണ്ടാണെന്നറിയില്ല.പിന്നീട് ഓരോ ദിവസവും ഓരോ പുതിയ അദ്ധ്യായം പോലെ.വിരലിൽ നിന്ന് കാലിലേക്ക് കാലിൽ നിന്ന് കയ്യിലേക്ക് പിന്നെ ശരീരം മുഴുവൻ ജീവന്റെ തുടിപ്പ് പടർന്നു കയറി.അടിവയറ്റിൽ നിന്ന് പൂമ്പാറ്റകൾ പറക്കും പോലെ. എല്ലാം ഞാൻ ആസ്വദിച്ചു. അവൾ ജീവിതത്തിന്റെ പച്ചയിലേക്ക് മെല്ലെ കാൽ വച്ചു.ഡോക്ടർ നിങ്ങളാണിനി എല്ലാം എന്ന് പൂർണമായി വിശ്വസിച്ചേല്പിച്ച അവളുടെ റഫിയാക്ക, മക്കളായ റിൻസിയും റൂഫിയും 'ഡോക്ടർമമ്മ' എന്ന് വിളിച്ചു മനസിലേക്ക് ഓടിക്കയറിയ പേരമക്കളായ അയ്നയും നയ്മയും.എത്രമേൽ ഇഴയടുപ്പമുള്ള എന്റെ പ്രിയപ്പെട്ട മനുഷ്യർ. അവരുടെ കൈകളിലേക്ക് അവരുടെ ഉമ്മയെ പൂർണ ആരോഗ്യവതിയായി തിരികെ ഏല്പിക്കുമ്പോൾ അവരുടെ കണ്ണുകളിലെ തിളക്കം..അതായിരുന്നു ഞാനേറ്റവും വിലമതിക്കുന്ന പ്രതിഫലം. നാല് മാസത്തെ ചികിത്സക്ക് ശേഷം ആശുപത്രിയുടെ പടികൾ ഇറങ്ങുമ്പോൾ.,ഒരു യാത്രപറച്ചിലിന്റെ വേദനയെ മറികടന്നത് പറഞ്ഞറിയിക്കാനാവാത്ത ചാരിതാർഥ്യം.കനൽ വഴികളിൽ കൂടെനിന്ന ഒരുപാട്പേർ.ഇടക്കിടെ വിളിച്ച് ഉപദേശം തേടാറുള്ള Dr ജമാൽ, മഞ്ചേരി മലബാർ ഹോസ്പിറ്റലിലെ ഫിസിഷ്യൻ Dr ഹിസാനത്ത്,
സ്നേഹവും കാർക്കശ്യവും കൊണ്ട് സുലൈഖയെ പരിചരിച്ച ഹോംനഴ്സ് മിനി, തെറാപ്പിസ്റ്റുകളായ നൂർജഹാൻ, അനിമോൾ, ഫിസിയോ തെറാപ്പിസ്റ്റ് ഷിബിൽ, മാനസിക പിന്തുണയുമായി കൂടെ നിന്ന എന്റെ നല്ല സുഹൃത്തുക്കൾ, വീട്ടുകാർ എന്തിനും മീതെ ഈയൊരു ദൗത്യത്തിന് എന്നെ നിയോഗിച്ച സർവ്വശക്തൻ. നന്ദി വാക്കുകളിൽ ഒതുങ്ങുന്നില്ല.🙏