15/02/2025
പി.എം.എസ്.എ ജില്ലാ സഹകരണ ആശുപത്രി
കരുവാരക്കുണ്ട് ശാഖ ഉദ്ഘാടനം 17ന്
മലപ്പുറം: സാധാരണക്കാര്‍ക്കും മികച്ച ചികിത്സാ സൗകര്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ അത്യാധുനിക സൗകര്യങ്ങളോടെ കരുവാരക്കുണ്ടില്‍ ഒരുങ്ങിയ പി.എം.എസ്.എ മെമ്മോറിയല്‍ മലപ്പുറം ജില്ലാ സഹകരണ ആശുപത്രി 17ന് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. 150 കിടക്കകളുള്ള സൂപ്പര്‍സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടെയുള്ള ആശുപത്രിയാണ് കരുവാരക്കുണ്ടില്‍ പ്രവര്‍ത്തന സജ്ജമാകുന്നത്. ഉച്ചക്ക് 2.30 ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. ആശുപത്രി സംഘം പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ സ്വാഗതം പറയും. എ.പി അനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. സംഘം സെക്രട്ടറി സഹീര്‍ കാലടി പ്രൊജക്ട് വിശദീകരണം നടത്തും. ഒ.പി ആന്റ് ഓപ്പറേഷന്‍ തീയറ്റര്‍ ഉദ്ഘാടനം പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ നിര്‍വഹിക്കും. ഐ.സി.യു ബ്ലോക്ക് ഉദ്ഘാടനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, കാര്‍ഡിയാക് ബ്ലോക്ക് ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവവ്വറലി ശിഹാബ് തങ്ങള്‍, ട്രോമാകെയര്‍ വിഭാഗം ഉദ്ഘാടനം പി.വി അബ്ദുല്‍ വഹാബ് എം.പി, ഫാര്‍മസി ഉദ്ഘാടനം അബ്ദുല്‍ ഹമീദ് എം.എല്‍.എ, ഗൈനക്കോളജി ആന്റി നിയോനാറ്റല്‍ ബ്ലോക്ക് ഉദ്ഘാടനം യു.എ ലത്തീഫ് എം.എല്‍.എ, ലബോറട്ടറി ആന്റ് റേഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്ഘാടനം പി.കെ ബഷീര്‍ എം.എല്‍.എ, ഓഡിയോളജി ആന്റ് സ്പീച്ച് തെറാപ്പി ഉദ്ഘാടനം നജീബ് കാന്തപുരം എം.എല്‍.എ, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ സുരേന്ദ്രന്‍ ചെമ്പ്ര, ഫിസിയോ തെറാപ്പി ആന്റ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം സഹകരണ സംഘം മഞ്ചേരി അസി. രജിസ്ട്രാര്‍ (ജനറല്‍) നൗഷാദ് എ.പി എന്നിവര്‍ ഉദ്ഘാടനം ചെയ്യും. കുറഞ്ഞ നിരക്കില്‍ ആധുനിക ചികിത്സ മലപ്പുറം ജില്ലയുടെ മലയോര മേഖലയിലേക്ക് കൂടി എത്തിക്കുക ലക്ഷ്യമിട്ടാണ് പി.എം.എസ്.എ ജില്ലാ ആശുപത്രി ഭരണസമിതി മൂന്നാമത്തെ ശാഖ കരുവാരക്കുണ്ടില്‍ തുടങ്ങാന്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ 24 മണിക്കൂറും വെന്റിലേറ്റര്‍ സംവിധാനത്തോടെയുള്ള ട്രോമാകെയര്‍, അത്യാഹിത വിഭാഗം, ഓര്‍ത്തോ, ഗൈനക്കോളജി, ജനറല്‍ സര്‍ജറി, പീഡിയാട്രിക്, പള്‍മണോളജി, കണ്ണ് രോഗ വിഭാഗം, ദന്തല്‍, റേഡിയോളജി. കൂടാതെ ഫിസിയോ തെറാപ്പി, ആന്റ് റീ ഹാബിലിറ്റേഷന്‍ സെന്റര്‍, ഓഡിയോളജി ആന്റ് സ്പീച്ച് തെറാപ്പി സെന്റര്‍, ഒപ്റ്റിക്കല്‍, ഓട്ടോമാറ്റിക് മെഷിനറിയോടെയുള്ള ലബോറട്ടറി, 4 കെ ക്യാമറയോടെയുള്ള ലാപ്രോസ്‌കോപിക് സര്‍ജറി യൂണിറ്റോടെയുള്ള രണ്ട് ഓപ്പറേഷന്‍ തീയറ്റര്‍, എയര്‍കണ്ടീഷന്‍ഡ് ലേബര്‍ റൂം, നിയോനാറ്റല്‍ ഐ.സി.യു, മെഡിക്കല്‍ ഐ.സി.യു, അള്‍ട്രാ സൗണ്ട് സ്‌കാനിങ്, ഡിജിറ്റല്‍ എക്സ്റേ, ഫാര്‍മസി എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ആറുമാസത്തിനകം കാത്ത്ലാബ് സൗകര്യത്തോടെയുള്ള കാര്‍ഡിയാക്ക് സെന്റര്‍, സി.ടി സ്‌കാനിങ് യൂണിറ്റ്, ഡയാലിസിസ് സെന്റര്‍, മറ്റ് സൂപ്പര്‍ സ്പെഷാലിറ്റി വിഭാഗവും ആരംഭിക്കും. ആശുപത്രി സംഘം കരുവാരക്കുണ്ടില്‍ സ്വന്തമായി വാങ്ങിയ 104 സെന്റ് സ്ഥലത്ത് 50000 ചതുരശ്ര അടി വിസ്ത്രിതിയില്‍ 16 കോടിയോളം രൂപ ചെലവഴിച്ചാണ് ആധുനിക രീതിയില്‍ ആശുപത്രി കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ 150 കിടക്കകളുള്ള ആശുപത്രിയും, മലപ്പുറം മൂന്നാംപടിയില്‍ 100 കിടക്കകളുള്ള കുട്ടികളുടെയും സ്ത്രീകളുടേയും ആശുപത്രിയും 50 ബെഡ് ആയുര്‍വേദ ആശുപത്രിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതോടെ ആശുപത്രി 450 കിടക്കകളുള്ളതായി മാറും. 1985 ല്‍ വാടകക്കെട്ടിടത്തില്‍ ആരംഭിച്ച ആശുപത്രി നിലവില്‍ 30 ചികിത്സാ വിഭാഗവും 65 ഡോക്ടര്‍മാരും 385 ജീവനക്കാരുമുണ്ട്. നിലമ്പൂര്‍ കേന്ദ്രീകരിച്ച് 150 കിടക്ക സൗകര്യമുള്ള ആശുപത്രി നിര്‍മാണത്തിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മലപ്പുറത്ത് സൗജന്യ ഡയാലിസിസ് കേന്ദ്രം ആരംഭിക്കാനിരിക്കുകയാണ്. കോവിഡ്കാല സൗജന്യ ചികിത്സ, നിര്‍ധനര്‍ക്ക് ചികിത്സാ സഹായം ഉള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനവും മൂന്ന് വര്‍ഷത്തിനിടെയുണ്ടാക്കിയ നേട്ടങ്ങളും മികച്ച സേവനവും പരിഗണിച്ച് 2024 ല്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ സഹകരണ ആശുപത്രിക്കുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2022-23, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി ഉടമകള്‍ക്ക് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഡിവിഡന്റ് നല്‍കിയ ആശുപത്രിയെന്ന നേട്ടവും ജില്ലാ സഹകരണ ആശുപത്രിക്ക് സ്വന്തം. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ, വൈസ്പ്രസിഡന്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സെക്രട്ടറി സഹീര്‍ കാലടി പങ്കെടുത്തു.