20/09/2019
*പല്ലു വെളുക്കാൻ പൊടിക്കൈകൾ*
'ബേക്കിംഗ് പൗഡറും നാരങ്ങാനീരും നിശ്ചിതാനുപാതത്തിൽ എടുത്ത് പല്ലിൽ തേച്ചു പിടിപ്പിച്ചാൽ പല്ലുകൾ വെളുപ്പിക്കാം'.
കർക്കിടകമാസത്തോടനുബന്ധിച്ച് ആരോഗ്യസംരക്ഷണമാർഗ്ഗങ്ങൾക്കൊപ്പം വന്ന ഒരു വാട്സ്ആപ്പ് മെസ്സേജ് ആണ് ഇത്.
ഇങ്ങനെയൊരു മെസ്സേജ് കണ്ടാൽ പരീക്ഷിച്ചു നോക്കാത്തവർ കുറവായിരിക്കും. പ്രത്യേകിച്ച് അത് തികച്ചും 'ഹോംലി 'ആകുമ്പോൾ. പ്രകൃതിദത്തം അല്ലെങ്കിൽ ഈ ഹോംലി എന്ന പേരിൽ പറഞ്ഞാൽ ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന ധാരണയിൽ ചാടിക്കയറി ഉപയോഗിക്കുന്നവരാണ് നമ്മൾ പലരും. പണ്ടൊക്കെ മനോരമയിലോ മംഗളത്തിലോ ഏതെങ്കിലുമൊരു കോണിൽ നുറുങ്ങുവിദ്യകളായി വന്നു കൊണ്ടിരുന്ന ഈ പൊടിക്കൈകൾ വല്യ നാശനഷ്ടം വരുത്താതെ വന്നും പോയിക്കൊണ്ടിരുന്നു. എന്നാൽ, മെസ്സേജിന് പിന്നാലെ രണ്ടു മൂന്നു പേര് പല്ലു പുളിപ്പും വായ്പ്പുണ്ണുമായി കയറിവന്നപ്പോൾ നിസ്സാരമായി തള്ളിക്കളയേണ്ട ഒന്നല്ല ഇതെന്ന് മനസിലായി.
ബേക്കിംഗ് സോഡ അഥവാ സോഡിയം ബൈകാർബോണറ്റ് പല്ലിൽ തേച്ചു പിടിപ്പിക്കുമ്പോൾ പല്ലു വെളുക്കില്ലെന്ന് മാത്രമല്ല ഇനാമലിനെ ദ്രവിപ്പിക്കുകയും ചെയ്യുന്നു.
(പാവം ബാക്റ്റീരിയകൾ മാസങ്ങളോളം പണിയെടുത്ത് പല്ലിന്റെ പുറമെയുള്ള ആവരണം -ഇനാമൽ- കളയുന്നത് ഇവൻ ഒറ്റക്ക് കുറച്ചു ദിവസം കൊണ്ട് ചെയ്തു തരുമെന്ന് സാരം ) ഇനി അതിന്റെ കൂടെ ഉപയോഗിക്കാൻ പറയുന്ന വസ്തുവാണ് നാരങ്ങ നീര് അഥവാ സിട്രിക് ആസിഡ്.ബേക്കിംഗ് പൗഡറിന് പ്രവർത്തനം ഒന്ന് കൂടെ ഉഷാറാക്കിക്കൊടുക്കും ഇവൻ. ഇത് രണ്ടും കെമിക്കൽ റിയാക്ഷന് നടന്നു കാർബൺ ഡൈഓക്‌സൈഡ് ഉണ്ടാകുന്നതിനാൽ കുറച്ചു പതയും ഉണ്ടാകും എന്നൊഴിച്ചാൽ പ്രത്യേകിച്ച് ഉപകാരമൊന്നുമില്ല.
എന്നാൽ ഇത് കൊണ്ടുണ്ടാകുന്ന ദോഷങ്ങൾ നോക്കാം.
1)ഇനാമൽ പോകുന്നതോടെ അസഹനീയമായ പുളിപ്പും ചിലപ്പോൾ വേദനയും.
2) ശരീരത്തിലെ എറ്റവും ബലമുള്ള ഇനാമൽ ദ്രവിച്ചുപോകുമെന്ന് പറയുമ്പോൾ ഈ രാസമിശ്രിതം പല്ലിനു ചുറ്റുമുള്ള മൃദുവായ മാംസളഭാഗമായ മോണയെയും സാരമായി ബാധിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ഇങ്ങനെ മോണയിൽ മുറിവുകൾ ( വായ്പുണ്ണ് ) ഉണ്ടായേക്കാം.
3 ) ഇനാമൽ ദ്രവിച്ചു പോകുമ്പോൾ അതിനു താഴെയുള്ള ഡെന്റിന് എന്ന പാളി അനാവരണം ചെയ്യപെടുന്നതോടെ പല്ലിനു മഞ്ഞനിറം കൂടും. (ഡെന്റിന് നേരിയ മഞ്ഞനിറമാണ് )
ഇങ്ങനെ "വെളുക്കാൻ തേച്ചത് പുളിപ്പായി" എന്ന അവസ്ഥയിലേക്കെത്തിച്ചേരും.
ആരോഗ്യമുള്ള പല്ലുകളുടെ സ്വാഭാവികനിറം നേരിയ മഞ്ഞയാണ്.എന്നാൽ പുകവലി, പല്ലിലും മോണയിലും പറ്റിപിടിക്കുന്ന അഴുക്ക് എന്നിവ കാരണം പല്ലിന് നിറവ്യത്യാസം വന്നിട്ടുണ്ടെങ്കിൽ അത് ഡെന്റിസ്റ്റിനെ കണ്ടു ക്ലീൻ ചെയ്ത് മാറ്റാവുന്നവയും ആണ്.
എന്താണ് ബ്ലീച്ചിങ്?
മങ്ങിയ നിറമുള്ള അഥവാ മഞ്ഞനിറം കൂടുതലായുള്ള പല്ലുകൾ വെളുപ്പിച്ചെടുക്കുന്ന രീതിയാണ് ബ്ലീച്ചിങ്. പല്ലുകളിൽ മിക്കവാറും പുറമെനിന്നുള്ള കറകൾ ( ഭക്ഷണപദാർത്ഥങ്ങൾ, പാനീയങ്ങൾ, ചില ആയുർവേദ മരുന്നുകൾ, അയേൺ അടങ്ങിയ ചില കഫ് സിറപ്പുകൾ, പുകവലി എന്നിവ കാരണമുണ്ടാകുന്ന കറകൾ മുതലായവ ) അൾട്രാസോണിക് സ്കെലെർ അല്ലെങ്കിൽ എയർ പോളിഷ്ർ /സാന്ഡ് ബ്ലാസ്റ്റർ എന്ന ക്‌ളീനിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് കളയാൻ സാധിക്കും.എന്നാൽ എത്ര ക്ളീനിങ് ചെയ്താലും പോകാത്ത തരം കറകൾ ഉണ്ട്. Chromatophores എന്ന തരം നിറമുള്ള ബാക്ടീരിയകൾ, പല്ലിൽ കട്ടിയുള്ള എന്തെങ്കിലും വസ്തുക്കൾ ഏല്പിച്ച കനത്ത ആഘാതം കൊണ്ട് കാലക്രമേണ വരുന്ന നിറവ്യത്യാസം, എന്നിവയൊക്കെ ബ്ലീച്ചിങ് മുഖേനയാണ് കളയുന്നത്.
30 മുതൽ 60 മിനിറ്റ് വരെ സമയത്തെ ഒറ്റത്തവണ ബ്ലീച്ചിങ് കൊണ്ടുതന്നെ പല്ലുകളുടെ നിറം മെച്ചപ്പെടും. പല്ലുകൾക്ക് പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാവാതെ എത്രത്തോളം വെളുപ്പിക്കാമെന്നുള്ളത് ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും. എത്ര തവണ ബ്ലീച്ചിങ് ചെയ്യണം , എത്ര സമയത്തേക്ക് ബ്ലീച്ചിങ് ചെയ്യാം എന്നുള്ളതെല്ലാം പരിശോധനക്ക് ശേഷം ഡോക്ടർ ആണ് തീരുമാനിക്കുക. ഡെന്റൽ ക്ലിനിക്കിൽ നിന്ന് ചെയ്യുന്നതു കൂടാതെ വീട്ടിൽ കൊണ്ടുപോയി ബ്ലീച്ചിങ് ചെയ്യാവുന്ന home bleaching kit, വേണമെങ്കിൽ പല്ലുവെളുപ്പിക്കുന്ന പേസ്റ്റുകൾ എന്നിവ നിങ്ങൾക്കനുയോജ്യമായത് ഡോക്ടറോട് ചോദിച്ചു വാങ്ങാവുന്നതാണ്.
അപ്പോൾ പറഞ്ഞു വന്നത്,
വിനാഗിരിയും നാരങ്ങാനീരും ഉപ്പും ബേക്കിംഗ് പൗഡറുമെല്ലാം നിത്യോപയോഗസാധനങ്ങളെന്ന രീതിയിൽ നിസ്സാരമായി കാണാതെ ഇവ ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചും ബോധമുള്ളവരായിരിക്കുക. കാരണം, തേഞ്ഞ പല്ലിനേക്കാൾ നല്ലത് മഞ്ഞപ്പല്ല് തന്നെ !!
(വാൽക്കഷ്ണം : മരുന്നുകളിലെയും പേസ്റ്റിലെയും രാസവസ്തുക്കളെ പറ്റി ഘോരഘോരം പ്രസംഗിക്കുന്നവരൊന്നും നാരങ്ങാനീരിലെ ആസിഡിനെപ്പറ്റിയും ബേക്കിംഗ് പൗഡറിന്റെ അബ്രസിവ് ( ചെറിയ, എന്നാൽ hard ആയ തരികൾ കാരണം ഉണ്ടാവുന്ന അരം ) പ്രോപ്പർട്ടിയെ പറ്റിയും മിണ്ടില്ല. പറയുന്നോര്ക്കറിയില്ലല്ലോ അനുഭവിക്കുന്നവരുടെ വേദന 😏
തയ്യാറാക്കിയത് Reshma M