15/09/2024
ഹോസ്പിറ്റലിൽ ഒരു ദിവസം എന്നാണ് കരുതിയത്. പക്ഷേ, ദിവസങ്ങൾ ഒന്ന് രണ്ടായും, രണ്ട് മൂന്നൊക്കെയായി അങ്ങിനെ നീണ്ടു. ജീവിത ചര്യ ഹോസ്പിറ്റൽ മുറിയിൽ ആയി. വൈകീട്ട് ഒരു ചായ കുടിക്കുക, അതിനൊപ്പം കടിക്കാൻ എന്തെങ്കിലും ഉണ്ടാവുക, എവിടെ ആയാലും മറക്കാറില്ല. ചായ വാങ്ങാൻ തൊട്ടടുത്ത ഹോട്ടലിൽ പോയപ്പോൾ ആണ് തമാശ. കറി പാർസലായി നൽകുന്ന കവറിൽ ആണ് ചായ നൽകിയത്. ആദ്യാനുഭവം ആയിരുന്നു. എന്തായാലും മൂന്നാം നിലയിലേക്ക് ചായ കൊണ്ടുപോകാൻ നല്ല സൗകര്യം ആയിരുന്നു ആ അലുമിനിയം കവർ. രണ്ടാം ദിവസം ഫ്ലാസ്ക് ഉപയോഗത്തിലെത്തി.
ആശുപത്രിയിലെ മുറിയിൽ നഴ്സുമാരുടെ സന്ദർശനവും, ഡോക്റ്ററുടെ സന്ദർശനവും മാത്രമേ ഉണ്ടായുള്ളൂ. പലരും വൈറൽ പനിയുടെ പിടിയിലായത് കൊണ്ടും, വൈറലിനെ അനുഭവിക്കാൻ ആഗ്രഹമില്ലാത്തത് കൊണ്ടും ആയിരിക്കണം സന്ദർശകരുടെ പാദസ്പർശം ഉണ്ടായില്ല. അതുകൊണ്ട് വായന സുഗമമായി നടന്നു. റൂമിനകത്ത് നെറ്റ് വർക്കിന് തടസ്സം നേരിട്ടെങ്കിലും വായനക്ക് തടസ്സം നേരിട്ടില്ല. പ്രിയതമയാകട്ടെ ഭക്ഷണം കഴിക്കുന്നു, മരുന്ന് കഴിക്കുന്നു, ഉറങ്ങുന്നു. അത്രയും ശക്തമായിരുന്നു വൈറൽ ആക്രമണം. രണ്ടു ദിവസം കഴിഞ്ഞപ്പോൾ വളരെ ചെറിയ ആശ്വാസം ഉണ്ടായി. എന്നാലത് നീണ്ടുനിന്നില്ല, വീണ്ടും ഉറക്കം തന്നെ. വായനയും, ചില കമ്പ്യൂട്ടർ പണികളുമൊക്കെയായി സമയം നീങ്ങി.
പതിവുപോലെ അന്നും ചായ വാങ്ങാൻ പോയപ്പോൾ അവരുണ്ടായിരുന്നു കാനായി സ്വദേശിയായ സ്ത്രീ. അവരുടെ മുഖത്ത് കണ്ണീരിറങ്ങിയ വഴി കാണാനുണ്ടായിരുന്നു. കയ്യിലെ തൂവാല കൊണ്ട് മൂക്ക് തുടക്കുന്നുണ്ട്. സാധാരണ ചിരിച്ച മുഖവുമായി കാണാറുള്ള അവരെ കണ്ണീരിൽ കണ്ടപ്പോൾ ചോദിച്ചു. എന്തുപറ്റി, ഭർത്താവിന് എന്തെങ്കിലും?
ഒന്നൂല്ല. സുഖമുണ്ട്.
പിന്നെന്താ...... അർദ്ധോക്തിയിൽ വാക്ക് മുറിഞ്ഞപ്പോൾ അവർ എൻ്റെ കണ്ണിലേക്ക് നോക്കി.
ലിഫ്റ്റ് ബേസ്‌മെൻ്റിൽ എത്തിയപ്പോൾ അവർ പറയാൻ തുടങ്ങി. സാറിനെ ഞാൻ നേരത്തെ കണ്ടിട്ടുണ്ട്.
ഞാൻ പറഞ്ഞു. അതെ, നമ്മൾ ചായ വാങ്ങിക്കാൻ വരുന്ന നേരത്ത് ലിഫ്റ്റിൽ വെച്ച് കണ്ടിട്ടുണ്ട്.
അല്ല, എൻ്റെ കുട്ടി പഠിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് സാറിൻ്റെ സംസാരം കേട്ടിട്ടുണ്ട്. മോൾക്ക് അന്നത് നന്നായി ഫലിച്ചിരുന്നു.
ആഹാ അങ്ങിനെയാണല്ലേ.
സാറേ, കഴിഞ്ഞ അഞ്ച് ദിവസമായി കുട്ടിടെ അച്ഛനെ ഞാൻ ഈ ഹോസ്പിറ്റലിൽ ഒരു കുഞ്ഞിനെയെന്ന പോലെ പരിചരിക്കുന്നു. അവർ ഉറങ്ങിയാലേ എനിക്ക് ഉറക്കം വരൂ. അവർ കഴിച്ച്, മരുന്ന് കൊടുത്ത ശേഷമേ ഞാൻ ഭക്ഷണം കഴിക്കാറുള്ളൂ. അങ്ങേർക്ക് ഇഷ്ടമാണ് എന്നറിയാവുന്ന ഭക്ഷണങ്ങൾ ഞാൻ എന്നും വാങ്ങികൊടുക്കും. ഈ പരിസരത്ത് വേറെ ഒന്നും കിട്ടില്ലേ എന്ന് ഇന്ന് ചോദിച്ചപ്പോൾ, ചേട്ടൻ ഒന്നും പറഞ്ഞില്ലല്ലോ എന്ന് തിരിച്ച് ചോദിച്ചു.
അതൊക്കെ എന്നാ പറയാനാ എന്നായി ചേട്ടൻ.
പറഞാൽ കൊണ്ട് വരുമായിരുന്നല്ലോ. ഈ കാര്യങ്ങള് ഒക്കെ ചേട്ടന് വേണ്ടി ചെയ്യാമെങ്കിൽ പിന്നെ ഇത് ചെയ്യുന്നതിലും സന്തോഷമല്ലേ ഉള്ളൂ. അപ്പോള് അങ്ങേര് എന്നോട് പറഞ്ഞത് ഇതൊക്കെ "ഒരു ചടങ്ങ് പോലെ" ചെയ്തു പോരുന്നതല്ലേ. സങ്കടം കൊണ്ട് എനിക്ക് വല്ലാതായി. ഞാനുടനെ ഫ്ലാസ്കുമായി ചായക്ക് വേണ്ടിയിറങ്ങി.
ഓ അതാണോ. അതിനിത്രയൊക്കെ സങ്കടപ്പെടണോ. ഇതൊക്കെ എളുപ്പം പരിഹരിക്കാവുന്നതല്ലേ.
അതല്ല സർ. ആത്മാർത്ഥമായി ഒരു കർമ്മം ചെയ്യുമ്പോൾ അതിനെ നിസ്സാരമായി കാണുകയും, അത് അവഗണിക്കപ്പെടുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന സങ്കടം പറയാൻ കഴിയുന്നില്ല. സാറിനോട് പറഞ്ഞു കഴിഞ്ഞപ്പോഴൊരു ആശ്വാസമായി.
മാഡം, ഇതൊക്കെ ജീവിതത്തിൽ സാധാരണ ഉള്ളതാ. സങ്കടം വരാതിരിക്കാൻ നമുക്ക് ചെയ്യാൻ സാധിക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് വിശ്വാസിയാണെങ്കിൽ ദൈവം പ്രതിഫലം തരും എന്ന് കരുതുക. ഏറ്റവും എളുപ്പം. ഒരാള് കാണുന്നുണ്ടല്ലോ എന്ന ചിന്ത ശാന്തി നൽകും. മനുഷ്യനെ സേവിക്കുന്നത് ദൈവത്തെ സ്നേഹിക്കുന്നതിന് തുല്യമാണെന്നാണ് മതങ്ങൾ പറയുന്നത്. അതല്ലെങ്കിൽ ഏറ്റവും നല്ലത്, നമ്മുടെ മനസ്സിൻ്റെ കുളിര് മറ്റുള്ളവരെ സ്നേഹിക്കുക എന്നതാണ്. ഗുരു പറഞ്ഞ പോലെ നമ്മുടെ ആത്മസുഖം എന്നത് അപരൻ്റെ സുഖമായിരിക്കണം. അതിനെ തിരിച്ച് വിവക്ഷിച്ചാൽ അതായത് രോഗിയായ അങ്ങയുടെ ഭർത്താവിന് നൽകിയ സേവനം എൻ്റെ ആത്മസുഖത്തിനാണ് എന്നും, അദ്ദേഹം സുഖപ്പെടുക എന്നത് എൻ്റെ ലക്ഷ്യമെന്നും, ഒരാളുടെ വേദന കുറക്കാൻ സാധിക്കുന്നതിലൂടെ ഒരു നല്ല കർമ്മം ചെയ്യാൻ അവസരം കിട്ടിയല്ലോ, ജീവിതം പാഴല്ല എന്നും വിചാരിച്ചാൽ എല്ലാം മംഗളമാകും. എല്ലാ പ്രതിസന്ധികളും ഇല്ലാതാകും.
പിന്നെ നിങ്ങടെ ഭർത്താവ് പറഞ്ഞത് കാര്യാക്കണ്ട, ഒരു കട്ടിലിൽ കിടന്ന് മേൽപ്പോട്ട് നോക്കി കിടക്കുമ്പോൾ ഫാനിൻ്റെ കറക്കം എത്രനേരം കാണാൻ സാധിക്കും എന്നാലോചിച്ചാൽ, കയ്യിൽ കുത്തിയ ഐവിയുടെ സൂചി വേദന നമ്മിലേക്ക് മാറ്റിയാൽ തീരും എല്ലാ സങ്കടവും. അപ്പോഴാണ്, റൂമി പറഞ്ഞ പ്രകാരം
സ്നേഹം ഒരു ഭാഷയാണ്
അത് പറയാനോ
കേൾക്കാനോ കഴിയില്ല എന്ന് മനസ്സിലാവുക. സെൻ ഗുരുക്കന്മാർ പറയാറുണ്ട് ഒരുവന് ജീവിതം എത്രമാത്രം ആദരിച്ചിരിക്കുന്നു എന്നതിൻറെ പതക്കങ്ങളാണ് അയാളുടെ മുറിപ്പാടുകൾ. ആശ്വാസത്തിൻ്റെ, ചിരിയോടെ അവരത് കേട്ട്, കെട്ടൊഴിഞ്ഞ മനസ്സോടെ പിന്നെ മകളുടെ കുറെ വിശേഷങ്ങളും പറഞ്ഞു ചായയുമായി നടന്ന് നീങ്ങി.
കേൾക്കാൻ ഒരാളുണ്ടെങ്കിൽ, കേട്ട് കഴിഞ്ഞ് പറയാൻ സാന്ത്വനമായി രണ്ടു വാക്കുകൾ ഉണ്ടെങ്കിൽ എത്രയോ പേരുടെ ജീവൻ രക്ഷിക്കാൻ നമുക്ക് കഴിയും. ഒരാളുടെ മനസ്സിൽ ദുഃഖം നിറയ്ക്കാൻ അല്ല സന്തോഷിപ്പിക്കാൻ നമുക്ക് സാധിക്കേണ്ടത്. കരയിക്കാൻ വലിയ മിടുക്ക് വേണ്ട, ചിരിപ്പിക്കാൻ പക്ഷേ, നമുക്ക് നല്ല പ്രയത്നം വേണം. അങ്ങിനെ ചെയ്യുമ്പോഴാണ് നമുക്ക് സംതൃപ്തി ലഭിക്കുന്നത്. നമ്മുടെ പാദങ്ങൾ അടയാളമാകുന്നത്. അങ്ങിനെയെത്ര മനുഷ്യർ നമുക്കു ചുറ്റും. ഞാനും ചായയുമായി നടന്നു.
എനിക്ക് നിന്റെ പനിനീർ തോട്ടത്തിൽ കടക്കണമെന്നുണ്ടെങ്കിൽ; ആദ്യം മുള്ളുകളുമായി കരാറുണ്ടാക്കേണ്ടതുണ്ട്.!!
-റൂമി