09/29/2025
കാവൽക്കാരാ, രാത്രി എന്തായി?
ഈ വാക്യത്തിലെ രാത്രി പുറത്തെ അന്ധകാരമല്ല. ഭയം, അനീതി,രോഗം, വിരഹദുഃഖം, ആത്മീയ ആശയക്കുഴപ്പം... തുടങ്ങിയ ജീവിതത്തിലെ ഇരുട്ടുകളെപ്പറ്റിയാണ്.
ഈ പ്രതിസന്ധികൾ ആകുന്ന ഇരുട്ട് എന്ന് അവസാനിക്കും എന്ന് പരിഹാരം ഉണ്ടാകും എന്നാണ് ഈ ചോദ്യത്തിന് അർത്ഥം.
ചില രാത്രികൾ സുദീർഘവും, ചില പ്രഭാതങ്ങൾ വളരെ വളരെ അകലെയുമാണ് എന്നുള്ള സത്യം നമ്മൾ അംഗീകരിച്ചേ പറ്റൂ.
ആഗ്രഹിക്കുന്നത് എല്ലാം നിമിഷങ്ങൾക്കും ഉള്ളിൽ ലഭിക്കുന്ന ഹൈടെക് കൾച്ചറിൽ പ്രഭാതത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് ദുസഹമാണ്.
പക്ഷേ, ഇരുട്ടിന്റെ ഏകാന്തതയിലും ഭയാശങ്കകളിലും ആയിരിക്കുമ്പോഴും നമ്മൾ അനാഥരും അവഗണിക്കപ്പെട്ടവരും അല്ല എന്നതാണ് ആശ്വാസം.
ഏശയ്യാ 21ൽ, എല്ലാവരും ഉറങ്ങുമ്പോൾ നഗരം കാത്ത് ഉറങ്ങാതിരിക്കുന്ന ഒരു കാവൽക്കാരൻ ഉണ്ട്.
അദ്ദേഹത്തിന്റെ ജോലി ലളിതമാണെന്ന് തോന്നിയേക്കാം, പക്ഷേ വളരെ നിർണായകമാണ്.
ജാഗ്രതയോടെ കാവൽ നിൽക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യേണ്ട ചുമതലയാണ് അദ്ദേഹത്തിന് ഉള്ളത്. പട്ടണം മുഴുവൻ സമാധാനത്തോടെ ഉറങ്ങുമ്പോൾ അയാൾ ഉറങ്ങാതെ കാത്തിരിക്കുന്നു. മറ്റുള്ളവർ കാണാതെ പോകുന്നത് അയാളുടെ കണ്ണുകൾ കാണുന്നു.
തങ്ങൾക്ക് വേണ്ടി ഒരു കാവൽക്കാരൻ ജാഗ്രതയോടെ കാത്തിരിക്കുന്നു എന്നത് പട്ടണ നിവാസികൾക്ക് സുരക്ഷിത ബോധവും ആശ്വാസവും ആണ്.
പ്രഭാതം എപ്പോൾ വരുമെന്നും അപകടസാധ്യതകൾ എന്തൊക്കെയാണെന്നും കാവൽക്കാരന് അറിയാം.
ഈ തിരുവചനം നമുക്ക് നൽകുന്ന ഒരു പ്രത്യാശ ദൂതുണ്ട്:
യേശു കർത്താവാണ് നമ്മുടെ കാവൽക്കാരൻ.
അവൻ നമ്മുടെ ഉറങ്ങാത്ത കാവൽക്കാരനാണ്.
അവന് നമ്മുടെ രാത്രികളെയും രാത്രിയിലെ ഭയാശങ്കകളെയും അറിയാം.
ഇരുട്ടിൽ നമുക്ക് നേരെ വരുന്ന അപകടസാധ്യതകളെ അവന് അറിയാം.
നമ്മുടെ വിമോചനത്തിന്റെ, സൗഖ്യത്തിന്റെ, പ്രശ്നപരിഹാരത്തിന്റെ, വിജയത്തിന്റെ, അനുരഞ്ജനത്തിന്റെ, നിത്യതയിലേക്കുള്ള മടക്കയാത്രയുടെയൊക്കെ പ്രഭാതം എപ്പോഴാണെന്നും എത്ര അകലെ ആണെന്നും നമ്മുടെ കാവൽക്കാരനായ സ്നേഹ ഇടയന് അറിയാം.
He is not only watching, but he's working while we wait.
'ഇസ്രായേലിന്റെ പരിപാലകന്‍മയങ്ങുകയില്ല; ഉറങ്ങുകയുമില്ല.
കര്‍ത്താവാണു നിന്റെ കാവല്‍ക്കാരന്‍;നിനക്കു തണലേകാന്‍ അവിടുന്നുനിന്റെ വലത്തുഭാഗത്തുണ്ട്.'
സങ്കീര്‍ത്തനങ്ങള്‍ 121 : 4
നമ്മുടെ ഭാവി ശൂന്യവും ഇരുളടഞ്ഞതും ഭയാനകവുമായി നമുക്ക് തോന്നുമ്പോഴും, തുടക്കവും ഒടുക്കവും വ്യക്തമായി നമ്മുടെ കർത്താവ് കാണുന്നുണ്ട്. അവൻ നമ്മുടെ ഗമനവും ആഗമനവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു.
നമുക്കുള്ള ഭയാശങ്കകളും പാനിക് ഫീലിംഗ്സും നമ്മുടെ കർത്താവിനില്ല. നമ്മുടെ സുരക്ഷാ കോട്ടയുടെയും ചുറ്റുമതിലിന്റെയും ജാഗ്രതയുള്ള കാവൽക്കാരനായി അവൻ എന്നും എപ്പോഴും നിൽക്കുകയാണ്.
വലിയൊരു അപകടത്തിൽ മാരകമായി മുറിവേറ്റ മകന്റെ ആശുപത്രി കിടക്കക്കരിയിൽ കരഞ്ഞുലഞ്ഞ ഹൃദയവുമായി ഒരമ്മ ഇരിക്കുകയാണ്.
മകൻ അബോധാവസ്ഥയിലാണ്.
ശരീരത്തിന്റെ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുന്ന യന്ത്രങ്ങളുടെ ശബ്ദം, ഡോക്ടേഴ്സ് വന്നുപോകുന്നു, പാരാമെഡിക്കൽ ടീം മെഡിക്കൽ ടെക്നോളജിയുടെ പരീക്ഷണ നിരീക്ഷണങ്ങളുമായി തിക്കി തിരക്കുന്നു.
മണിക്കൂറുകൾ പിന്നിട്ടിട്ടും ശുഭകരമായ ഒരു മാറ്റവും സംഭവിക്കുന്നില്ല.
സമയം കടന്നു പോകുമ്പോൾ ഗദ്ഗദ ശബ്ദത്തിൽ, ഹൃദയ അൾത്താരയിലെ പ്രാണനാഥനോട് അമ്മ ചോദിച്ചു:
' കർത്താവേ പ്രഭാതം എപ്പോൾ വരും?'
സൂര്യോദയത്തെക്കുറിച്ചല്ല അവൾ ചോദിച്ചത്. അവൾക്ക് വേണ്ടത് സമാധാനമാണ്, അൽഭുത സൗഖ്യമാണ്.
ഒടുവിൽ പ്രഭാതം വന്നു. ആകാശത്തിലല്ല, അവളുടെ ഹൃദയത്തിൽ.
മകൻ കണ്ണുതുറക്കുന്നതിനു മുൻപ്, അവളുടെ പ്രാർത്ഥനയിൽ വ്യാപരിച്ച പരിശുദ്ധാത്മാവ് അവളുടെ വിശ്വാസ കണ്ണു തുറന്നു.
അവൾക്ക് വലിയൊരു ഉൾക്കാഴ്ച ലഭിച്ചു.
എന്തായിരുന്നു അത്?
ഈ രാത്രിയിൽ ഞാൻ തനിച്ചല്ല.
ജീവന്റെ തമ്പുരാൻ, സൗഖ്യദായകൻ, സർവ്വശക്തൻ എന്റെ അടുത്തുണ്ട്.
അത് ദൈവത്തിലുള്ള പ്രത്യാശയിൽ മനസ്സിന്റെ നങ്കുരം ഉറച്ചപ്പോഴുണ്ടായ തിരിച്ചറിവ് ആയിരുന്നു.
അവൾ പിന്നീട് ആ കറുത്ത രാത്രിയിലെ അനുഭവത്തെപ്പറ്റി സാക്ഷ്യം പറഞ്ഞു:
എന്റെ കർത്താവ് അടുത്ത്, തൊട്ടടുത്ത് തന്നെയുണ്ടെന്ന തിരിച്ചറിവ് എനിക്ക് ആശ്വാസം നൽകി.
സർവശക്തനും സൗഖ്യദായകനും അടുത്തുള്ളപ്പോൾ ഞാൻ എന്തിന് ഭയപ്പെടണം, അവൻ കാര്യങ്ങൾ എല്ലാം ഏറ്റെടുത്തിരിക്കുന്നു എന്ന് ധൈര്യം മനസ്സിൽ ഉണ്ടായി.
അവന്റെ ഇഷ്ടം എന്തായാലും ഭയപ്പെടേണ്ടതില്ല, എന്ന ഉറപ്പ് എനിക്ക് ലഭിച്ചു. സകല ബുദ്ധിയെയും കവിയുന്ന സ്വർഗീയ സമാധാനം എന്റെ ചിന്തകളെയും ഹൃദയത്തെയും ക്രിസ്തുയേശുവിൽ കാത്തു.
അതിനുശേഷം എപ്പോൾ പ്രഭാതം വരുമെന്ന് ഞാൻ ചോദിച്ചില്ല. ആകാംക്ഷപെട്ടില്ല.
കാരണം ക്രിസ്തു പ്രഭാത സൂര്യനായി എന്റെ ഹൃദയത്തിൽ ഉദിച്ചുയർന്നു നിൽക്കുകയായിരുന്നു. അത് ഇന്നും ഇപ്പോഴും തുടരുന്നു.
ഈ പ്രത്യാശയാണ് മരണത്തിൽ ഭയമില്ലെന്ന് പാടുവാൻ ഒരു ഭക്ത കവിയെ പ്രേരിപ്പിച്ചത് :
'എന്‍ ജീവന്‍ പോയെന്നാലും എനിക്കതില്‍ ഭാരമില്ല
എന്‍റെ ആത്മാവിനു നിത്യജീവന്‍എന്‍റെ
യേശു ഒരുക്കിയല്ലോ-യേശുവേ...'
നമ്മുടെ വിശ്വാസ ജീവിതത്തിലെ പ്രധാന പ്രതിസന്ധി നീണ്ടുപോകുന്ന രാത്രികൾ അല്ല, ഒരു പ്രഭാതം വരുമെന്ന് ഉറച്ചു വിശ്വസിക്കാൻ കഴിയാതെ പോകുന്നതാണ്.
നമ്മൾ മറുപടിക്കു വേണ്ടി കാത്തിരിക്കുമ്പോൾ, മറുപടിക്ക് പകരം ദൈവം തന്നെ നമ്മുടെ അടുത്ത് വരും.
ദുരന്തങ്ങളുടെ കറുത്ത രാത്രികളിൽ അവന്റെ സാന്നിധ്യബോധം വിസ്മയകരമായ അനുഭവമാണ്.
'... യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.'
മത്തായി 28 : 20
യോഹന്നാൻ എട്ടാം അധ്യായത്തിൽ നമ്മുടെ സുരക്ഷിത കാവൽക്കാരനായ കർത്താവിന്റെ ഒരു വിസ്മയ പ്രോമിസ് ഉണ്ട്:
'യേശു വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്‌ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും.'
യോഹന്നാന്‍ 8 : 12
എല്ലാ ദുരന്തങ്ങളുടെ ഇരുട്ട് കർത്താവ് കൂടെയുള്ളതുകൊണ്ട് മാഞ്ഞുപോകും എന്നല്ല കർത്താവ് പറയുന്നത്. ഇരുട്ടിലും നമ്മൾ വെളിച്ചത്തിലൂടെ നടക്കും എന്നാണ് ഈ വാഗ്ദത്തം.
മരുഭൂ യാത്രയിൽ ഇസ്രായേൽ മക്കൾ രാത്രിയിൽ വെളിച്ചത്തിൽ നടന്നു - ദീപസ്തംഭമായി ദൈവം അവർക്കു മുൻപിൽ ഉണ്ടായിരുന്നു.
പ്രിയ സഹോദരങ്ങളെ, നിങ്ങൾ വിവിധ സഹനങ്ങളുടെയും രോഗങ്ങളുടെയും ശത്രുക്കളുടെയും കറുത്ത രാത്രിയിലാണോ ഇപ്പോൾ?
ഭയപ്പെടേണ്ട. പ്രവാചകനെപ്പോലെ ഉറക്കെ വിളിക്കുക:
കാവൽക്കാരാ, രാത്രി എന്തായി?
അതിനുശേഷം നിശബ്ദമായി കാത്തിരിക്കുക.
പ്രഭാത സൂര്യനായി ക്രിസ്തു ജീവിതത്തിലേക്കും ഹൃദയത്തിലേക്ക് കടന്നുവരും.
☆
-ഫാ. ഡോ. ഏ. പി. ജോർജ്